2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ദക്ഷയാഗം പതിനേഴാം രംഗം

രംഗത്ത്-ദക്ഷന്‍‍, സതി

ശ്ലോകം-രാഗം:സാരംഗം
“യജ്ഞാലോകനകൌതുകാല്‍ സ്വയമനാദ്ദൃത്യൈവപത്യുര്‍ഗ്ഗിരം
 പ്രസ്ഥായ പ്രമഥൈസ്സമം നിജപുരീമാഭ്യാഗതാം താം സതീം
 ദൃഷ്ട്വാ ഹൃഷ്ടസുരാഗനാഭിരഭിതോജുഷ്ടാം സ ദക്ഷോധികം
 രുഷ്ടോ ഘൂര്‍ണ്ണിതദ്ദൃഷ്ടിനിഷ്ഠുരതരം വ്യാചഷ്ട ദുഷ്ടാശയ”
{യജ്ഞം കാണുന്നതിലുള്ള കൌതുകത്താല്‍ പതിയുടെ വാക്കിനെ വകവെയ്ക്കാതെ സ്വയം പുറപ്പെട്ട് ഭൂതഗണങ്ങളോടുകൂടി തന്റെ പുരിയില്‍ വന്നവളും, സന്തുഷ്ടകളായ ദേവസ്ത്രീകളാല്‍ ചുറ്റപ്പെട്ടവളുമായ ആ സതിയെ കണ്ടിട്ട് ദുഷ്ടബുദ്ധിയായ ദക്ഷന്‍ അതിയായ കോപത്തോടെ കണ്ണുകള്‍ ഉരുട്ടി മിഴിച്ചുകൊണ്ട് ഏറ്റവും ക്രൂരമായി പറഞ്ഞു.}

ഇടതുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന സതി സന്തോഷത്തോടെ യാഗശാലയിലെ അലങ്കാരങ്ങള്‍ കണ്ടാസ്വദിച്ചും ദേവസ്ത്രീകളെ കണ്ടും മുന്നോട്ട് നീങ്ങുന്നു. തുടര്‍ന്ന് വലതുവശത്തായി വലംകാല്‍ പീഠത്തില്‍ വെച്ചുകൊണ്ടും വില്ല് കുത്തിപ്പിടിച്ചുകൊണ്ടും പ്രസന്നഭാവത്തില്‍ നില്‍ക്കുന്ന ദക്ഷനെ കണ്ട് മുട്ടുകുത്തി വന്ദിക്കുന്നു. അപ്രതീക്ഷിതമായി സതിയെ കാണുന്ന ദക്ഷന്‍ പെട്ടന്ന് കോപാവേശിതനായി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ട് വരുന്നു. അച്ഛന്റെ ഓര്‍ക്കാപ്പുറത്തുള്ള ഭാവമാറ്റം കണ്ട് സതി ഭയന്ന് പകച്ചുനില്‍ക്കുന്നു.
ദക്ഷന്‍:‘എടീ, നീ ഇവിടെ വന്നതെന്തിന്? വേഗം തിരിച്ചുപൊയ്ക്കോ’
സതി സങ്കടപ്പെട്ട് തലതാഴ്ത്തി നില്‍ക്കുന്നു. ദക്ഷന്‍ ‘എന്നാല്‍ കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടി എടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ദക്ഷന്റെ പദം-രാഗം:സാരംഗം, താളം:മുറിയടന്ത
(ദ്രുതകാലം)
പല്ലവി:
“യാഗശാലതില്‍നിന്നു പോക ജവാല്‍ ഭൂതേശ ദയിതേ”
അനുപല്ലവി:
“ആഗമിപ്പതിനാരു ചൊന്നതു ഹന്ത നിന്നൊടു കുടിലശീലേ”
(“യാഗശാലതില്‍നിന്നു പോക ജവാല്‍ ഭൂതേശ ദയിതേ”)
ചരണം1:
“പ്രീതിനിന്നിലെനിക്കു നഹി ഗത-
 നീതിയാം തവ പതിയില്‍ നിന്നൊരു
 ഭീതി തെല്ലുമില്ല നിന്നുടെ താതനും ഞാനല്ല സമ്പ്രതി”
(“യാഗശാലതില്‍നിന്നു പോക ജവാല്‍ ഭൂതേശ ദയിതേ”)
{ഭൂതേശന്റെ പ്രിയതമേ, ഉടനെ യാഗശാലയില്‍ നിന്നും പോവുക. ദുഷ്ടശീലേ, നിന്നോട് വരുവാന്‍ ആരുപറഞ്ഞു? എനിക്ക് നിന്നില്‍ പ്രീതിയില്ല. മര്യാദകെട്ടവനായ നിന്റെ പതിയില്‍ ഒട്ടും ഭീതിയുമില്ല. ഇനി ഞാന്‍ നിന്റെ അച്ഛനുമല്ല.

“യാഗശാലതില്‍നിന്നു പോക ജവാല്‍”(ദക്ഷന്‍-കലാ:വാസുപ്പിഷാരോടി)
സതിയുടെ മറുപടിപ്പദം- രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“അഷ്ടമൂര്‍ത്തിയെ നിന്ദചെയ്‌വതു
 കഷ്ടമെന്തിതു തോന്നിയതു ഹൃദി
 വിഷ്ടപേശവിരോധമിഹ തവ
 ദിഷ്ടദോഷവശേന വന്നിതു”

“കഷ്ടമെന്തിതു തോന്നിയതു” (ദക്ഷന്‍-സദനം കൃഷ്ണന്‍‌കുട്ടി, സതി-കലാ:ഷണ്മുഖന്‍)
പല്ലവി:
“താത ദുര്‍മ്മതി നല്ലതല്ലിതു തേ
 കേള്‍ക്ക മേ വചനം താത”
{അഷ്ടമൂര്‍ത്തിയെ നിന്ദചെയ്യുന്നത് കഷ്ടമാണ്. ലോകനാഥനോട് മനസ്സില്‍ ഇപ്പോഴെന്തേ വിരോധം തോന്നിയത്? ഇത് അങ്ങയുടെ കഷ്ടകാലം കൊണ്ട് വന്നതാണ്. അച്ഛാ, ഈ ദുര്‍മ്മതി അങ്ങേയ്ക്ക് നല്ലതിനല്ല. എന്റെ വാക്കുകള്‍ കേട്ടാലും പിതാവേ.}
“താത ദുര്‍മ്മതി” (ദക്ഷന്‍-കലാ:ഗോപാലകൃഷ്ണന്‍)
ദക്ഷന്‍:
ചരണം2:
“ഇത്തരം മദമോടു നിന്നുട-
 നുത്തരം പറയുന്ന നിന്നെ
 സത്വരം ഭൃത്യരെകൊണ്ടു പു-
 റത്തിറക്കുവനെന്നതറിക”
(“യാഗശാലതില്‍നിന്നു പോക ജവാല്‍ ഭൂതേശ ദയിതേ”)
{ഇങ്ങിനെ അഹങ്കാരത്തോടുകൂടി മുന്നില്‍ നിന്ന് ഉടനെ ഉത്തരം പറയുന്ന നിന്നെ പെട്ടന്നുതന്നെ ഭൃത്യരെക്കൊണ്ട് പിടിച്ച് പുറത്താക്കുന്നുണ്ട് എന്ന് നീ അറിയുക.}

ശേഷം ആട്ടം-
ദക്ഷന്‍:‘അതിനാല്‍ നീ വേഗം പൊയ്ക്കോ’
സതി:(സങ്കടത്തോടെ)‘കഷ്ടം! അങ്ങേയ്ക്ക് ഇത്ര ദയയില്ലയോ? ഞാന്‍ അങ്ങയുടെ പുത്രി അല്ലയോ?’
ദക്ഷന്‍:(പുച്ഛത്തോടെ) ‘അല്ല. നിന്നെ കാളിന്ദിയില്‍ നിന്നും എടുത്ത് വളര്‍ത്തുവാന്‍ തോന്നിയത് എന്റെ കാലദോഷമാണ്. അതുകാരണം ഞാന്‍ വളരെ അപമാനം സഹിച്ചു. ഇനി എന്റെ മുന്നില്‍ നില്‍ക്കാതെ പോ. പോവില്ലെ? എന്നാല്‍ കണ്ടോ’
ദക്ഷന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതിനൊപ്പം സതിയെ കഴുത്തില്‍ പിടിച്ചുതള്ളി അയയ്ക്കുന്നു. സതി നിഷ്ക്രമിക്കുന്നു.
ദക്ഷന്‍:(കൃതാര്‍ത്ഥതയോടെ) ‘ഇനി യാഗകാര്യങ്ങള്‍ വഴിപോലെ തുടര്‍ന്നു നടത്തുകതന്നെ’
ദക്ഷന്‍ വീണ്ടും നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് അമ്പും വില്ലും കൂട്ടി പുറകുവശത്തുപിടിച്ച് അഹങ്കാരത്തോടെ പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: