2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

കല്യാണസൌഗന്ധികം എട്ടാം രംഗം

രംഗത്ത്-ഭീമന്‍, പാഞ്ചാലി

ശ്ലോകം-രാഗം:സുരുട്ടി
“പരിതാപമിതാ: പരന്തപാസ്തേ
 പരമാരണ്യഗതാശ്ചിരം ചരന്ത:
 തരുമൂലതലേ നിഷേദുരാര്‍ത്താ
 ഹരിണാക്ഷീ നിജഗാദ ഭീമസേനം“
{ശത്രുക്കളെ പീഡിപ്പിക്കുന്നവരായ പാണ്ഡവര്‍ കൊടുംകാട്ടിലൂടെ വളരെ സഞ്ചരിക്കുകയാല്‍ ക്ഷീണിതരായി ഒരു വൃക്ഷച്ചുവട്ടില്‍ വിശ്രമിച്ചു. അപ്പോള്‍ മാന്‍‌മിഴിയാളായ പാഞ്ചാലി ഭീമസേനനോട് പറഞ്ഞു.}

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന ദു:ഖിതയായ പാഞ്ചാലി സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി ഗദകുത്തിപ്പിടിച്ചുകൊണ്ട് പീഠത്തിലിരിക്കുന്ന ഭീമസേനനെ കാണുന്നതോടെ പദാഭിനയം ആരംഭിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍”
അനുപല്ലവി:
“മുല്ലസായകനോടു തുല്യന്മാരാകുമെന്റെ
 വല്ലഭന്മാരേ കേള്‍പ്പിന്‍ മെല്ലവെ സല്ലാപങ്ങള്‍”
(“അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍”)
ചരണം1:
“ഉത്തമവിപ്രന്മാര്‍ക്കു നിത്യസഞ്ചാരം ചെയ്‌വാന്‍
 അത്തല്‍ കണ്ടീടുകയാല്‍ ഉള്‍ത്താരിലെനിക്കേറ്റം”
(“അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍”)
ചരണം2:
“ആതപംകൊണ്ടുടലില്‍ ആധി വളര്‍ന്നീടുന്നു
 പാദചാരം ചെയ്‌വാനും പാരമരുതായ്കയാല്‍”
(“അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍”)
{ഉള്ളില്‍ വല്ലാതെ സങ്കടം വളര്‍ന്നീടുന്നല്ലോ. കാമതുല്യന്മാരായ എന്റെ വല്ലഭന്മാരേ, എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടാലും. ബ്രാഹ്മണോത്തമന്മാര്‍ക്ക് ഇങ്ങിനെ നിത്യം സഞ്ചരിക്കുവാനുള്ള വിഷമം കാണുകയാല്‍ എന്റെ ഉള്ളില്‍ ഏറ്റവും സങ്കടം. വെയിലുകൊണ്ട് ഉടലില്‍ ആധി വളരുന്നു. നടക്കുവാന്‍ തീരെ വയ്യാത്തതിനാലും സങ്കടമേറുന്നു.}

ഭീമന്റെ മറുപടിപ്പദം-രാഗം:സുരുട്ടി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
“അത്തലിതുകൊണ്ടു നിന്‍ ചിത്തതാരിലരുതേ
 മത്തഭഗമനേ കേള്‍ സത്വരമുണ്ടുപായം”
പല്ലവി:
“അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളില്‍”
ചരണം2:
“ശക്തന്‍ ഘടോത്കചന്‍ എന്നുത്തമനായിട്ടൊരു
 നക്തഞ്ചരനുണ്ടവനത്ര വന്നീടും പാര്‍ത്താല്‍”
(“അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളില്‍”)
ചരണം3:
“വാഞ്ഛിതദിക്കുകളില്‍ ബാധയകന്നു നമ്മെ
 സഞ്ചരിപ്പിക്കുമവന്‍ സാദരമറിഞ്ഞാലും”
(“അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളില്‍”)
{അതുകൊണ്ട് നിന്റെ ചിത്തത്തില്‍ വിഷമം അരുതേ. മദയാനയെപ്പോലെ ഗമിക്കുന്നവളേ, കേള്‍ക്കു. ഉടനെ ഉപായമുണ്ട്. വല്ലാതെ ഉള്ളില്‍ ഒട്ടും ദുഃഖമുണ്ടാകരുത്. ശക്തനും ഉത്തമനുമായി ഘടോത്കചന്‍ എന്നൊരു രാക്ഷസനുണ്ട്. വിചാരിച്ചാല്‍ അവന്‍ ഇവിടെ വന്നീടും. ആഗ്രഹിക്കുന്ന ദിക്കുകളിലെല്ലാം പ്രയാസമില്ലാതെ അവന്‍ നമ്മെ സഞ്ചരിപ്പിക്കുമെന്ന് സാദരം അറിഞ്ഞാലും.}

ശേഷം ആട്ടം-
ഭീമന്‍:‘എന്നാല്‍ ഇനി വേഗം പുത്രനെ സ്മരിക്കട്ടെ. അവന്‍ ഉടനെ വരും. എന്നാല്‍ പോരെയോ?’
പാഞ്ചാലിയുടെ അനുസരണകേട്ട് അവളെ ആലിംഗനം ചെയ്ത് വലത്തുഭാഗത്തേയ്ക്ക് മാറ്റിനിര്‍ത്തിയശേഷം ഭീമന്‍ പുത്രനെ സ്മരിച്ച് ഇരിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: