ശ്ലോകം-രാഗം:മാരധനാശി
“മഹാസുരോ വീക്ഷ്യ വിപശ്ചിതസ്താന്‍
മഹീസുരാകാര തിരോഹിതാത്മാ
വിഹീയമാനായുരുവാച ഗത്വാ
മഹീയമാനാനതി മോഹയംസ്താന്‍“
{ആയുസ്സറ്റവനായ ആ മഹാസുരന്‍ വിദ്വാന്മാരും പൂജ്യരുമായ പാണ്ഡവരെ കണ്ട് ബ്രാഹ്മണാകാരത്താല്‍ സ്വരൂപം മറച്ച് അടുത്തുചെന്ന് അവരെ മോഹിപ്പിക്കവണ്ണം ഇങ്ങിനെ പറഞ്ഞു.}
ധര്‍മ്മപുത്രന്‍ വലതുഭാഗത്തായി പീഠത്തിലിരിക്കുകയും പാഞ്ചാലി അദ്ദേഹത്തിനരികില്‍ വലതുവശത്തായി നില്‍ക്കുകയും ചെയ്യുന്നു. ഇടത്തുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശികുന്ന കപടബ്രാഹ്മണനെ കാണുന്നതോടെ ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് വന്ദിച്ച്, ഇരിക്കുവാന്‍ പറഞ്ഞിട്ട് വീണ്ടും പീഠത്തില്‍ ഇരിക്കുന്നു. ബ്രാഹ്മണന്‍ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.
പദം-രാഗം:മാരധനാശി, താളം:ചെമ്പട(രണ്ടാം കാലം)
ബ്രാഹ്മണന്‍:
പല്ലവി:
“മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍ മാമകവചനം”
ചരണം1:
“മാന്യരാം നിങ്ങളോടൊത്തു മന്നിലെല്ലാം സഞ്ചരിപ്പാന്‍
മാനസമതിലാഗ്രഹം മന്നവരെ വളരുന്നു”
(“മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍ മാമകവചനം”)
{രാജാക്കന്മാരേ, എന്റെ വചനത്തെ കേട്ടാലും. രാജാക്കന്മാരേ, മാന്യരായ നിങ്ങളോടോത്ത് ഭൂമിയിലെല്ലാം സഞ്ചരിക്കുവാന്‍ മനസ്സില്‍ ആഗ്രഹം വളരുന്നു.}
ധര്‍മ്മപുത്രന്‍:
ചരണം2:
“അന്തണര്‍കുലദീപമേ എന്തിഹ സന്ദേഹമതി-
നന്തരമില്ലല്ലോ ഭവാന്‍ അന്തികേ വന്നാലുമിപ്പോള്‍”
പല്ലവി:
“സന്തോഷം വളരുന്നു നിന്നെ സൌമ്യ കാണ്‍കയാല്‍”
{ബ്രാഹ്മണകുലദീപമേ, എന്താണിവിടെ സംശയം? ഇതിന് തടസമില്ലല്ലോ, ഭവാന്‍ ഇപ്പോള്‍ അടുത്തുവന്നാലും. സൌമ്യാ, നിന്നെ കാണ്‍കയാല്‍ സന്തോഷം വളരുന്നു.}
ബ്രാഹ്മണന്‍:
ചരണം3:
“എത്രയും നിപുണനഹമസ്ത്രശസ്ത്രങ്ങളിലെല്ലാം
അത്രയുമല്ലല്ലോ മന്ത്രശക്തിമാനെന്നറിഞ്ഞാലും”
(“മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍ മാമകവചനം”)
{അസ്ത്രശസ്ത്രവിദ്യകളിലെല്ലാം ഞാന്‍ ഏറ്റവും നിപുണനാണ്. മാത്രമല്ല മന്ത്രശക്തിമാനും ആണന്ന് അറിഞ്ഞാലും.}
ധര്‍മ്മപുത്രന്‍:
ചരണം4:
“ബാഡവേന്ദ്ര വിദ്യകളില്‍ പാടവമുള്ളോരു ഭവാന്‍
കൂടവേ സഞ്ചരിച്ചാലും ഊഢമോദത്തോടു നിത്യം”
(“സന്തോഷം വളരുന്നു നിന്നെ സൌമ്യ കാണ്‍കയാല്‍”)
{ബ്രാഹ്മണേന്ദ്രാ, വിദ്യകളില്‍ പാടവമുള്ള ഭവാന്‍ സന്തോഷത്തോടുകൂടി നിത്യവും കൂടെ സഞ്ചരിച്ചാലും.}
ശേഷം ആട്ടം-
ബ്രാഹ്മണന്‍:‘എന്നാല്‍ ഇനി നമ്മള്‍ വേഗം പുറപ്പെടുകയല്ലേ?’
ധര്‍മ്മപുത്രന്‍:‘അങ്ങിനെതന്നെ’
കപടബ്രാഹ്മണന്‍ വാത്സല്യഭാവത്തില്‍ വലംകൈകൊണ്ട് ധര്‍മ്മപുത്രനേയും ഇടംകൈകൊണ്ട് പാഞ്ചാലിയേയും പിടിച്ച് പിന്നിലേയ്ക്കുമാറി തിരിയുന്നു. ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു. ജടാസുരന്‍ പ്രവേശിച്ച് വലംകൈയ്യാല്‍ ധര്‍മ്മപുത്രനേയും ഇടംകൈയ്യാല്‍ പാഞ്ചാലിയേയും പിടിച്ചുകൊണ്ട് രംഗത്തേയ്ക്ക് ഓടിവന്ന് ഇടത്തുഭാഗത്തായി രൌദ്രഭാവത്തില്‍ നില്‍ക്കുന്നു. ധര്‍മ്മപുത്രനും പാഞ്ചാലിയും ഭയചികിതരായി നില്‍ക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഈ ശ്ലോകത്തോടേ രംഗം ആറില്‍ നിന്നും ഏഴിലേയ്ക്ക് സംങ്ക്രമിക്കുന്നു.
ശ്ലോകം-രാഗം:വേകട
“സഹജാന്‍ ദനുജേന നീയമാനാന്‍
സഹദേവാദവഗമ്യ വായുസൂനുഃ
സഹസേതി വദന്‍ ഗദാസഹായോ
നൃഹരിര്‍ദ്ദൈത്യമിവാദ്യയാല്‍ സരോഷ”
{സഹോദരന്മാരെ അസുരന്‍ തട്ടികൊണ്ടുപോകുന്നതായി സഹദേവനില്‍നിന്നും അറിഞ്ഞ് ഭീമസേനന്‍ പെട്ടന്ന് കോപിച്ച് ഗദയെടുത്തു് നരസിംഹം ഹിരണ്യകശിപുവിനെ എന്നപോലെ എതിര്‍ത്തിട്ട് പറഞ്ഞു.}
ശ്ലോകാവസാനത്തില്‍ വലത്തുഭാഗത്തുകൂടി ഗദാധാരിയായി പ്രവേശിക്കുന്ന ഭീമന്‍ ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് ജടാസുരനെ കണ്ട്, നിന്ദിക്കുന്നു.
ഭീമന്‍:‘എടാ, കപടവേഷം ധരിച്ചുവന്ന് ഇവരെ അപഹരിച്ച നിന്നെ ഉടനെ യമപുരിയിലേയ്ക്ക് അയയ്ക്കുന്നുണ്ട്. കണ്ടുകൊള്‍ക’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം ആടുന്നു.
യുദ്ധപദം-രാഗം:വേകട, താളം:മുറിയടന്ത(ദ്രുതകാലം)
ഭീമന്‍:
പല്ലവി:
“നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ”
ചരണം1:
“നില്ലു നില്ലെടാ വീര നല്ലതല്ലിതു തവ
മെല്ലെ ഇവരെ വെടിഞ്ഞല്ലാതെ ഗമിക്കൊല്ല”
(“നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ”)
{നില്ലെടാ, അസുരാധമാ, നില്ലുനില്ലെടാ. വീരാ, നില്ലുനില്ലെടാ. നിനക്കിതു നല്ലതല്ല. മെല്ലെ, ഇവരെ വിട്ടിട്ടല്ലാതെ പോകരുത്.}
ഭീമന്‍ ബലം പ്രയോഗിച്ച് ധര്‍മ്മപുത്രനേയും പാഞ്ചാലിയേയും മോചിപ്പിച്ച് വലതുവശത്താക്കി, ധര്‍മ്മപുത്രനെ വണങ്ങുന്നു. ഭീമനെ അനുഗ്രഹിച്ച് ധര്‍മ്മപുത്രനും ഒപ്പം പാഞ്ചാലിയും നിഷ്ക്രമിക്കുന്നു. ഭീമന്‍ വട്ടംവച്ചുകലാശമെടുത്തിട്ട് പദാഭിനയം തുടരുന്നു.
ഭീമന്‍:
ചരണം2:
“എല്ലുകള്‍ നുറുങ്ങുമാറു തല്ലുകൊണ്ടു യമലോകേ
ചെല്ലു നീയന്തകനോടു ചൊല്ലുകയെന്‍ ഭുജവീര്യം”
(“നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ”)
{എല്ലുകള്‍ നുറുങ്ങുമാറുള്ള തല്ലുകൊണ്ട് യമലോകത്തുചെന്ന് നീ അന്തകനോട് എന്റെ കൈബലത്തെപ്പറ്റി പറയുക.}
ജടാസുരന്‍:
ചരണം3:
“ബാലനായ ഹിഡിംബനും ബകനുമല്ലെടാ നിന്റെ
കാലനായ ജടാസുരന്‍ കല്യനെന്നറിഞ്ഞാലും”
പല്ലവി:
“നില്ലെടാ മാനുഷാധമ നില്ലെടാ നില്ലുനില്ലെടാ”
{ബാലനായ ഹിഡിംബനോ ബകനോ അല്ലടാ. നിന്റെ കാലനായ ഈ ജടാസുരന്‍ കരുത്തനാണന്ന് അറിഞ്ഞാലും.}
ഭീമന്‍:
ചരണം4:
“അല്പവീര്യനെന്നപോലെ വിപ്രവേഷം ധരിച്ചുവ-
ന്നിപ്രകാരം ചതിച്ചതിനിപ്പോഴെ കൊല്ലുവന്‍ നിന്നെ”
(“നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ”)
{വീര്യമില്ലാത്തവനെപ്പോലെ ബ്രാഹ്മണവേഷം ധരിച്ചുവന്ന് ഇപ്രകാരം ചതിച്ചതിന് നിന്നെ ഇപ്പോള്‍ത്തന്നെ കൊല്ലുന്നുണ്ട്.}
ജടാസുരന്‍:
ചരണം5:
“വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉള്‍ത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും”
(“നില്ലെടാ മാനുഷാധമ നില്ലെടാ നില്ലുനില്ലെടാ”)
{ദേവേന്ദ്രന്‍ തന്നെയോ കുബേരന്‍ തന്നെയോ വന്നാലും എനിക്ക് ഉള്ളില്‍ ഒട്ടും ഭയമില്ലെന്ന് അറിഞ്ഞാലും.}
ഭീമന്‍:
ചരണം6:
“വീരവാദങ്ങളെക്കൊണ്ടു വൃഥാ കാലംകളയാതെ
പോരിനാളെങ്കിലൊ വന്നു ഭീതിവെടിഞ്ഞെതിര്‍ത്താലും”
(“നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ”)
{വീരവാദങ്ങള്‍ കൊണ്ട് വൃഥാ കാലംകളയാതെ പോരിന് ആളാണെങ്കില്‍ ഭയം വെടിഞ്ഞ് വന്ന് എതിര്‍ത്താലും.}
ശേഷം യുദ്ധവട്ടം-
ഭീമനും ജടാസുരനും ക്രമത്തില്‍ പോരുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ മുഷ്ടിചുരുട്ടി മാറിലേയ്ക്ക് തുടര്‍ച്ചയായി ഇടിച്ച് ഭീമന്‍ ജടാസുരനെ വീഴ്ത്തുന്നു. വീണ്ടും മര്‍ദ്ദിച്ച് അവനെ വധിക്കുന്നു.
ഭീമന്‍:‘ഇനി സഹോദരന്മാരോടും പാഞ്ചാലിയോടും കൂടി തീര്‍ത്ഥാടനം തുടരുക തന്നെ’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേദാരഗൌഡം
“ഹത്വാ ജടാസുരമമും നിജമുഷ്ടിപാതൈര്‍
ഗത്വാ സുദൂരമഥ ദാരസഹോദരാദ്യൈഃ
നീത്വാ നദീശ്ച ബഹുശൈലവാദി ഭൂയഃ
പ്രാപ്തോ മഹദ്വനമസൌ പവനാത്മജന്മാ”
{തന്റെ മുഷ്ടിപ്രഹരത്താല്‍ ജടാസുരനെ വധിച്ചിട്ട് ഭാര്യയുടേയും സഹോദരാദികളുടേയും അടുത്തെത്തിയ വായുപുത്രന്‍ അവരോടൊത്ത് പുണ്യനദികളില്‍ സ്നാനംചെയ്തുകൊണ്ട് പര്‍വ്വതങ്ങള്‍, വനങ്ങള്‍ ആദിയായ വളരേ പ്രദേശങ്ങള്‍ സഞ്ചരിച്ച് മഹദ്വവനത്തില്‍ എത്തിചേര്‍ന്നു.}
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ