2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

കല്യാണസൌഗന്ധികം ആറാം രംഗം

രംഗത്ത്-ജടാസുരന്‍‍(ഇടത്തരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:കേദാരഗൌഡം
“ജടാസുരോനാമ വനേത്ര കശ്ചില്‍
 ശഠാന്തരാത്മാ സമവേക്ഷ്യ പാര്‍ത്ഥാന്‍
 കഠോരചേഷ്ടാ യമവോചദേവം
 ഹഠാദിമാന്‍ ഹര്‍ത്തുമനാഃ പടീയാന്‍‍“
{ജടാസുരന്‍ എന്നുപേരായ ദുഷ്ടാത്മാവും ക്രൂരകര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായ ഒരുവന്‍ ആ വനത്തില്‍ വെച്ച് പാണ്ഡവരെ കണ്ടിട്ട് യമനാല്‍ പ്രേരിപ്പിക്കപ്പെട്ട് അവരെ ബലാല്‍ അപഹരിക്കുവാന്‍ ആഗ്രഹിച്ചു.}

ജടാസുരന്റെ തിരനോട്ടം-
ജടാസുരന്റെ തന്റേടാട്ടം-

തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തുന്ന ജടാസുരന്‍ ഉത്തരീയം വീശി ഇരിക്കുന്നു.
ജടാസുരന്‍:(എഴുന്നേറ്റ് രംഗം വന്ദിച്ചശേഷം) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്? (ചിന്തിച്ചിട്ട്) ‘ഉണ്ട്, മനസ്സിലായി. ഈ ലോകത്തില്‍ എന്നേപ്പോലെ പരാക്രമിയായി ആരാണുള്ളത്? ആരും ഇല്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’ (താടിയും മീശയും തടവി, ഉത്തരീയം വീശി പീഠത്തില്‍ ഇരിക്കവെ ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘ഈ കൊടുംകാട്ടില്‍ മനുഷ്യരുടെ ശബ്ദം കേള്‍ക്കുവാന്‍ കാരണമെന്ത്? അവര്‍ എവിടെയെന്ന് അന്യൂഷിക്കുകതന്നെ.’ (എഴുന്നേറ്റ് ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് മുന്നില്‍ പലരേയും കണ്ട്) ‘ഹോ! ഇതാ കുറേ മനുഷ്യര്‍ ഒരു സ്ത്രിയോടുകൂടി വരുന്നു. ഇവര്‍ ഇവിടെ വന്നത് ഭാഗ്യം തന്നെ. ഇനി എവരെ പിടിച്ചുകൊണ്ടു വരുവാനുള്ള വഴി ആലോചിക്കുകതന്നെ.’
ജടാസുരന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ജടാസുരന്റെ ചിന്താപദം-രാഗം:കേദാരഗൌഡം, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“മര്‍ത്ത്യരിഹ വന്നതതിചിത്രതരമോര്‍ത്താല്‍‍”      [വട്ടംവെച്ചുകലാശം]
ചരണം1:
“മൃത്യു വരുമെന്നുള്ളൊരത്തല്‍ കൂടാതെ
 വനവര്‍ത്മമതില്‍ നാരിയോടൊത്തു ധൈര്യേണ” [കലാശം]
ചരണം2:
“ധര്‍മ്മസുതനാദിയാം ധരണിപന്മാരിവരില്‍
 ഭീമനിവനെത്രയും ഭീമബലവാനല്ലോ”‍                 [കലാശം]
ചരണം3:
“പോരിലിവരോടിന്നു നേരിടുവതിനു ഭുവി
 ആരുമില്ലിവരുടയ വീര്യമതു പാര്‍ത്താല്‍”             [കലാശം]
ചരണം4:(ദ്രുതകാലം)
“ഭൂമിസുരനായിച്ചെന്നു ഭീമനറിയാതെ ഞാന്‍
 ഭൂപതികളെ കൊണ്ടുപോരുവനിദാനീം‍”               [കലാശം]
ചരണം5:
[“രഭസമൊടിവരുടയ” എന്ന് ചൊല്ലിവട്ടം തട്ടിയാൽ ജടാസുരൻ വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് ചരണമാടുന്നു.]
“രഭസമൊടിവരുടയ രമണിയെ കൈക്കൊണ്ടു
 നഭസി പോന്നീടുവന്‍ നിര്‍ണ്ണയമിദാനീം‍‍‍”
{മരണഭയം കൂടാതെ ധൈര്യത്തോടെ സ്ത്രീയോടൊത്ത് മര്‍ത്ത്യര്‍ വനമാര്‍ഗ്ഗത്തില്‍ വന്നത് ഓര്‍ത്താല്‍ ഏറ്റവും വിചിത്രം തന്നെ. ധര്‍മ്മസുതാദിയാം രാജാക്കന്മാരായ ഇവരില്‍ ഭീമന്‍ അതിബലവാനത്രെ. ഇവരുടെ വീര്യത്തെ ഓര്‍ത്താല്‍ പോരില്‍ ഇന്ന് ഇവരെ നേരിടുന്നതിന് ഭൂമിയില്‍ ആരുമില്ല. ബ്രാഹ്മണനായിച്ചെന്ന് ഭീമന്‍ അറിയാതെ ഞാന്‍ ഈ രാജാക്കന്മാരെ തട്ടി കൊണ്ടുപോരുന്നുണ്ട്. ഈ നിമിഷത്തില്‍ ഇവരുടെ പത്നിയെ കൈക്കലാക്കി ആകാശത്തിലൂടെ പോരുന്നുണ്ട്, നിശ്ചയം.}

ശേഷം ആട്ടം-
ജടാസുരന്‍:‘ഇനി വേഗം ബ്രാഹ്മണവേഷം ധരിച്ച് ഇവരുടെ സമീപത്തേയ്ക്ക് ചെല്ലുകതന്നെ’
ജടാസുരന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിക്കുന്നതോടെ ബ്രാഹ്മണനായി വേഷം മാറിയതായി നടിച്ച് പൂണൂല്‍ തടവിക്കൊണ്ടും കള്ളത്തരം ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കിക്കൊണ്ടും  പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: