2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

കല്യാണസൌഗന്ധികം അഞ്ചാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണന്‍‍‍

ശ്ലോകം-രാഗം:സാവേരി
“അഥ സമാഗതമാശൂ വിലോക്യ തം
 മധുരിപും സഹലിം സമഹോക്തിഭിഃ
 അജിതമാശ്രിതകല്പതരും ഹരിം
 നിജഗദേ പ്രണപത്യ പൃഥാസുതഃ‍‍“
{അപ്പോള്‍ ബലരാമനോടും മറ്റുയാദവരോടും കൂടി പെട്ടന്ന് സമാഗതനായ ശ്രീകൃഷ്ണനെ കണ്ട കുന്തീപുത്രന്‍ ആരാലും ജയിക്കാനാകാത്തവനും അശ്രിതര്‍ക്ക് കല്പവൃക്ഷസമാനനുമായ ആ ഹരിയെ പ്രണമിച്ച് ഇപ്രകാരം പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ധര്‍മ്മപുത്രന്‍ വലതുവശം പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ കണ്ട്, അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രന്റെ പദം-രാഗം:സാവേരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“ശരണം ഭവ സരസീരുഹലോചന
 ശരണാഗതവത്സല ജനാര്‍ദ്ദന‍‍”
             [കലാശം]
ചരണം1:
“ശരദിന്ദുവദന നരകവിഭഞ്ജന
 മുരദാനവമഥന ജനാർദ്ദന”                   [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
“ജയ ജയ ഗോവിന്ദ ജയ നാഥ മുകുന്ദ
 ജയ ജയ ജനിതാനന്ദ ഹേ ജനാർദ്ദന” [കലാശം]
ചരണം3:
“കൌരവരുടെ കപടം കൊണ്ടിങ്ങനെ
 പാരം വലഞ്ഞു ഞങ്ങള്‍ ജനാര്‍ദ്ദന”
    [കലാശം]
ചരണം4:
“ബന്ധുജനങ്ങളില്‍ വാത്സല്യമില്ലായ്‌വാന്‍
 ബന്ധമെന്തഹോ ഭഗവന്‍ ജനാര്‍ദ്ദന”
  [കലാശം]
ചരണം5:[രംഗത്ത് പതിവില്ല]
“കരുണാസിന്ധോ കമനീയബന്ധോ
 കാരണപൂരുഷ വിഭോ ജനാർദ്ദന”        [കലാശം]
{താമരക്കണ്ണാ, ശരണാഗതവത്സലാ, ജനാര്‍ദ്ദനാ, അങ്ങ് ഞങ്ങള്‍ക്ക് ശരണം നല്‍കിയാലും. ശരത്ക്കാത്തെ ചന്ദ്രസമാനം കാന്തിയുള്ള മുഖത്തോടുകൂടിയവനേ, നരകാസുരനെ നശിപ്പിച്ചവനേ, മുരാസുരനെ മഥനംചെയ്തവനേ,ജനാര്‍ദ്ദനാ, വിജയിച്ചാലും, വിജയിച്ചാലും, ഗോവിന്ദാ, ജയിച്ചാലും, നാഥാ, മുകുന്ദാ, ഹേ ജനാർദ്ദനാ, വിജയിച്ചാലും, വിജയിച്ചാലും, ആനന്ദം ജനിപ്പിക്കുന്നവനേ, ജനാര്‍ദ്ദനാ, കൌരവന്മാരുടെ കപടം കൊണ്ട് ഞങ്ങള്‍ ഇങ്ങിനെ ഏറ്റവും വലഞ്ഞു. ജനാര്‍ദ്ദനാ, ഹോ! ബന്ധുജനങ്ങളില്‍ വാത്സല്യമില്ലാതെവരാന്‍ കാരണമെന്താണ് ഭഗവാനേ? കരുണാസമുദ്രമേ, സുന്ദരാ, ബന്ധോ, പരമപൂരുഷാ, പ്രഭോ, ജനാർദ്ദനാ.}‍

ധര്‍മ്മപുത്രരുടെ പദാഭിനയം കലാശിക്കുന്നതോടെ ഗായകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഗാന്ധാരദുര്‍ന്നയ നിരസ്തസമസ്തഭോഗാന്‍
 കാന്താരചംക്രമണകര്‍ശിതചാരുഗാത്രാന്‍
 ശ്രാന്താന്‍ നിരീക്ഷ്യ വിധിവല്‍ പ്രതിപൂജ്യപാര്‍ത്ഥാന്‍
 ശാന്തം ജഗാദ സഹലീ വചനം മുകുന്ദഃ”
{ദുര്യോധനന്റെ ദുര്‍ന്നയത്താല്‍ സമസ്ത സുഖഭോഗങ്ങളും ഇല്ലാതായവരും വനസഞ്ചാരത്താല്‍ മനോഹരമായ ശരീരം മെലിഞ്ഞുപോയവരും ക്ഷീണിതരുമായ പാണ്ഡവരെ കണ്ടിട്ട് ബലരാമനോടുകൂടി വന്ന മുകുന്ദന്‍ വിധിയാംവണ്ണം ഉപചരിച്ചിട്ട് ശാന്തമായി പറഞ്ഞു.}

ശ്ലോകസമയത്ത് ധര്‍മ്മപുത്രന്‍ ഭക്തിപൂര്‍വ്വം നില്‍ക്കുന്നു. ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ഇന്നത്തെ അവസ്ഥയേയും അതിനിടയാക്കിയ സംഭവങ്ങളേയും വിചാരിച്ച് ഇരിക്കുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രരെ നോക്കി പുഞ്ചിരിയിടുന്നു. ശ്ലോകാനന്തരം കൃഷ്ണന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“പരിതാപിക്കരുതേ പാണ്ഡവന്മാരേ”                         [വട്ടംവച്ചുകലാശം]
അനുപല്ലവി:
“ഭരതാന്വയതികല ഭാഷിതം മമ കേള്‍ക്ക‍”                 [കലാശം]
ചരണം1:
“പരനെന്നുമഹമെന്നും ഭാവഭേദമുള്ളവര്‍
 പരിതാപിച്ചീടുന്നതും പാര്‍ക്കിലതുചിതം
 പരമാത്മാവേകനെന്നു പരമാര്‍ത്ഥബോധമുള്ളില്‍
 പരിചോടുള്ളോരു നിങ്ങള്‍ പ്രാകൃതന്മാരെപ്പോലെ”‍‍ [കലാശം-ഇരട്ടി]

ചരണം2:
“പരമേശന്‍ ഭിക്ഷയേറ്റു പാരില്‍ നടന്നീലയോ
 പുരുഹൂതന്‍ ശാപംകൊണ്ടു വലഞ്ഞീലയോ
 വീരമൌലി രാഘവന്‍ വിപിനേ വസിച്ചീലയോ
 ശിരോലിഖിതമാര്‍ക്കും ശിവശിവ നീക്കീടാമോ”
          [കലാശം-ഇരട്ടി]
{പാണ്ഡവന്മാരേ, ദുഃഖിക്കരുതേ. ഭരതവംശശ്രേഷ്ഠാ, എന്റെ വാക്കുകള്‍ കേള്‍ക്കുക. ഞാനെന്നും മറ്റൊരുവനെന്നും ഭാവഭേദം വിചാരിക്കുന്നവര്‍ ദുഃഖിക്കുന്നത് ചിന്തിച്ചാല്‍ ശരിതന്നെയാണ്. പരമാത്മാവ് ഏകനാണന്നുള്ള പരമാര്‍ത്ഥം നന്നായി ഉള്ളില്‍ ബോദ്ധ്യമുള്ള നിങ്ങള്‍ പ്രാകൃതന്മാരേപ്പോലെ ദുഃഖിക്കരുത്. ശ്രീപരമേശ്വരന്‍ ഭിക്ഷയാചിച്ചുകൊണ്ട് ലോകത്തില്‍ നടന്നില്ലെ? ദേവേന്ദ്രന്‍ ശാപംകൊണ്ട് ഏറ്റവും വലഞ്ഞില്ലയോ? വീരമൌലിയായ രാഘവന്‍ വനത്തില്‍ വസിച്ചില്ലയോ? ശിവ! ശിവ! ശിരസിലെഴുത്ത് ആര്‍ക്കെങ്കിലും നീക്കീടാനാകുമോ?}

ധര്‍മ്മപുത്രരുടെ മറുപടിപ്പദം-രാഗം:നീലാബരി, താളം:അടന്ത(രണ്ടാം കാലം)

ചരണം1:[രംഗത്ത് പതിവില്ല]
“അവനീതന്മാരായുള്ളോരവനീശനിഗ്രഹാർത്ഥം
 അവതരിച്ചെന്നുള്ളതും അറിഞ്ഞെന്നാലും
 അവസരമതുവേണം അടിയങ്ങളെ രക്ഷിപ്പാൻ
 അവമാനമെത്രകാലം അനുഭവിക്കേണ്ടു നാഥ” [കലാശം]
പല്ലവി:[ഇരട്ടിയോടുകൂടി]
“ശൃണു മാമക വചനം ഗോപികാനാഥ”
ചരണം2:[രംഗത്ത് പതിവില്ല]
“കുത്സിതമായ മത്സ്യകൂർമ്മാദികളായതും
 വത്സപാലനംചെയ്തു വനത്തിൽ നടന്നതും
 മാത്സര്യമാർന്നുള്ളോരു മാതുലനെക്കൊന്നതും
 ചിത്സ്വരൂപ നിൻ ഭക്തവാത്സല്യമല്ലോ നാഥ”  [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
“നിൻ കൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
 സങ്കടമുണ്ടോ ഭുവി സകലലോകർക്കും
 കിങ്കരരാം ഞങ്ങളിൽ കൃപയില്ലാത്തതിനാലെ
 പങ്കജേക്ഷണ പാരമുഴന്നീടുന്നു”                      [കലാശം]
ചരണം4:രാഗം:മോഹനം, താളം:അടന്ത(മൂന്നാം കാലം)
“ചെന്താര്‍ബാണാരിതന്റെ ചേവടി സേവിപ്പതിനായ്
 ചന്തമോടുപോയ സവ്യസാചിതാന്‍
 ഹന്ത വരായ്കകൊണ്ടു സന്താപം വളരുന്നു
 ബന്ധുവത്സല ഭവബന്ധമോചന നാഥാ”
       [കലാശം] 
{ദുഷ്ടന്മാരായരാജാക്കന്മാരുടെ നിഗ്രഹത്തിനായിക്കൊണ്ടാണ് അവിടുന്ന് അവതരിച്ചിട്ടുള്ളതെന്ന് അറിഞ്ഞുവെന്നാലും, അടിയങ്ങളെ രക്ഷിക്കുവാൻ ഒരു അവസരം വേണം. നാഥാ, ഈ അവമാനം എത്രകാലം അനുഭവിക്കണം? ഗോപികാനാഥാ, എന്റെ വാക്കുകളെ ശ്രവിച്ചാലും. ചിത്സ്വരൂപാ, നാഥാ, നിന്ദ്യമായ മത്സ്യകൂർമ്മാദികളുടെ ശരീരത്തിൽ അവതരിച്ചതും, കാലിക്കിടാങ്ങളെ മേച്ച് വനത്തിൽ നടന്നതും, മാത്സര്യബുദ്ധിയായ അമ്മാവനെ കൊന്നതും നിന്റെ ഭക്തവാത്സല്യം മൂലമല്ലോ. അവിടുത്തെ കൃപയുണ്ടെങ്കിൽ ആഗ്രഹിച്ചത് സാധിക്കാൻ ലോകത്തിൽ ആർക്കെങ്കിലും പ്രയാസമുണ്ടോ. താമരക്കണ്ണാ, കിങ്കരരായ ഞങ്ങളിൽ കൃപയില്ലാത്തതിനാലാണ് ഞങ്ങളിങ്ങിനെ വലയുന്നത്. ബന്ധുവത്സലാ, സംസാരദു:ഖങ്ങളില്‍ നിന്നും മോചിപ്പിക്കുന്നവനേ, ഹോ! ശ്രീപരമേശ്വരന്റെ പാദങ്ങളെ സേവിക്കുവാനായി സുഖമായി പോയ അര്‍ജ്ജുനന്‍ മടങ്ങിവരായ്കകൊണ്ട് സന്താപം വളരുന്നു.}

ശ്രീകൃഷ്ണന്‍:
ചരണം3:-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാം കാലം)
[
“ഇന്ദുമൌലിയോടസ്ത്രം” എന്ന് ചൊല്ലിവട്ടംതട്ടിയാൽ ശ്രീകൃഷ്ണൻ ക്രമത്തിൽ വട്ടംവച്ചുകലാശവും അടക്കവും നാല് ഇടക്കലാശങ്ങളും ചവുട്ടിയിട്ട് ചരണം അഭിനയിക്കുന്നു.]
 “ഇന്ദുമൌലിയോടസ്ത്രം ഹിതമോടെ ലഭിച്ചുടന്‍
 ഇന്ദ്രനന്ദനന്‍ വരും അതിനില്ല സംശയം
 മന്ദത കൈവെടിഞ്ഞു മന്നിലുള്ള തീര്‍ത്ഥങ്ങളെ
 ചെന്നു സേവിച്ചീടുമ്പോള്‍ ജയമാശു ലഭിച്ചീടും
[ഇരട്ടി-വട്ടംവച്ചുകലാശം]
{ശ്രീപരമേശ്വരനില്‍ നിന്നും അഗ്രഹിച്ചതുപോലെ അസ്ത്രം ലഭിച്ച ഇന്ദ്രനന്ദനന്‍ ഉടനെ വരും. അതിന് സംശയം ഇല്ല. മന്ദത കൈവെടിഞ്ഞ് ഭൂമിയിലുള്ള തീര്‍ത്ഥങ്ങളിലെല്ലാം സ്നാനം ചെയ്തുകഴിയുമ്പോള്‍ പെട്ടന്ന് വിജയം ലഭിച്ചീടും.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അല്ലയോ മഹാരാജാവേ, അതിനാല്‍ ഒട്ടും വ്യസനിക്കേണ്ടാ. ബന്ധുവായി ഞാനുണ്ട്. തീർത്ഥാടനം ചെയ്ത് ചിത്തശുദ്ധിവരുത്തിയാലും. താമസിയാതെ സത്യസമയം കഴിയും. അപ്പോൾ ദുഷ്ടനിഗ്രഹം നടത്തി മേൽ സുഖമായി വസിക്കാം. ഞാനിപ്പോള്‍ പോകട്ടെ.’
ധര്‍മ്മപുത്രന്‍:‘അങ്ങയുടെ വിയോഗവും ദു:ഖകരം തന്നെ, എങ്കിലും, കൽപ്പനപോലെ. സദാ ഞങ്ങളിൽ കൃപയുണ്ടായിരിക്കേണമേ’

ശ്രീകൃഷ്ണന്‍:'എപ്പോഴും ഉണ്ട്. താമസിയാതെ വീണ്ടും കാണാം'

വീണ്ടും കുമ്പിടുന്ന ധര്‍മ്മപുത്രനെ അനുഗ്രഹിച്ചിട്ട് കൃഷ്ണന്‍ എഴുന്നേറ്റ് യാത്രയാകുന്നു. ശ്രീകൃഷ്ണനെ യാത്രയാക്കി തിരിഞ്ഞുകൊണ്ട് ധര്‍മ്മപുത്രന്‍ നിഷ്ക്രമികുന്നു. വീണ്ടും തിരിഞ്ഞ് മുന്നോട്ടുവരുന്ന ശ്രീകൃഷ്ണന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഇടശോകം-[രംഗത്ത് പതിവില്ല]
"ആപൃച്ച്യ യാദവവരാൻ ബലകേശവാദ്യാ-
 നാപാവനോരുയശസോ യയുരുത്തരാശാം
 യാതാ വിലംഘ്യ ബഹുദേശനദീർഗ്ഗിരീംശ്ച
 പാർത്ഥാ നിഷേദുരഥ ഘോരതരേ വനാന്തേ"
{അത്യന്തം പാവനമായ വലിയ യശസ്സോടുകൂടിയവരായ പാർത്ഥന്മാർ ബലരാമൻ,ശ്രീകൃഷ്ണൻ ആദിയായ യാദവശ്രേഷ്ഠരോട് യാത്രപറഞ്ഞിട്ട് വടക്കുദിക്കിലേയ്ക്ക് യാത്രതുടർന്നു. അനേകം ദേശങ്ങളേയും നദികളേയും പർവ്വതങ്ങളെയും കടന്നുപോയിട്ട് അനന്തരം അവർ വളരെ ഘോരമായ ഒരു വനത്തിനുള്ളിൽ ചെന്നിരുന്നു.]

അഭിപ്രായങ്ങളൊന്നുമില്ല: