2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

കല്യാണസൌഗന്ധികം നാലാം രംഗം(ശ്രീകൃഷ്ണന്റെ പുറപ്പാട്)

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
 "പ്രയുക്താശിഷസ്തേന തേ പാണ്ഡുപുത്രാഃ
 പ്രയാതാഃ പ്രഭാവപ്രഭാസഞ്ചിതാംഗാഃ
 സ്വഭക്താനുപായാദുപായദ്ധതാരിഃ
 സഭോജഃ സമേതാൻ സമാകർണ്ണ്യ ശൗരീഃ"
{പരശുരാമനാൽ ആശിർവദിക്കപ്പെട്ട് തേജസ്സ് വർദ്ധിക്കപ്പെട്ടവരായ ആ പാണ്ഡുപുത്രന്മാർ പ്രഭാസതീർത്ഥത്തിലേയ്ക്ക് പോയി. ഉപായങ്ങളെകൊണ്ട് ശത്രുക്കളെ ഹനിക്കുന്നവനായ ശ്രീകൃഷ്ണൻ തന്റെ ഭക്തന്മാർ അവിടെ വന്നിട്ടുണ്ടെന്നുകേട്ടിട്ട് ഭോജന്മാരോടുകൂടി അവരുടെ അടുത്തേയ്ക്കുചെന്നു.}

നിലപ്പദം^-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
 “ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
  ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
  വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
  പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
  കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
  കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
  വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
  പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
  അന്തികമാഗതരാകും കുന്തീതനൂജന്മാരെ
  ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
{ഭൂമിയുടെ ഭാരം തീർക്കുന്നതിനായി ഭൂമിയിൽ വന്നവതരിച്ചവരും, ഭുവനൈകനായകന്മാരും, വലിയകൃപാസമുദ്രങ്ങളായുള്ളവരും, ഇന്ദ്രനാലും പൂജിക്കപ്പെടുന്നവരും, കുട്ടികളായിരുന്നകാലത്ത് ഗോകുലത്തിലെ പുണ്യവതികളായ ഗോപികമാരുടെ ഭവനങ്ങൾതോറും നടന്ന് വെള്ളകവർന്നുണ്ടവരും, ബാല്യകാലത്തിൽ കാലികളെമേച്ച് വനത്തിൽ നടന്നവരും, കാലിണകളെ ആശ്രയിപ്പോരുടെ മരണഭയത്തെ വേർപെടുത്തുന്നവരുമായ രാമകൃഷ്ണന്മാർ കടൽനടുവിലെ ദ്വാരകാപുരിയിൽ പൗരജനങ്ങളുമായി സ്വൈരമായി വാഴുന്നകാലത്ത് സമീപത്തിൽ വന്നിട്ടുള്ളവരായ കുന്തീപുത്രന്മാരേ കാണുന്നതിനായി എഴുന്നള്ളി!}

[^4,5,6,9 വരികൾ ഒഴിവാക്കിക്കൊണ്ട് കിർമ്മീരവധം രണ്ടാംരംഗത്തിലെ ശ്രീകൃഷ്ണന്റെ പുറപ്പാടിലെ നിലപ്പദം തന്നെയാണ് ഇവിടെയും ചേർത്തിരിക്കുന്നത്. ഈ പുറപ്പാട് രംഗം തീരെ അവതരിപ്പിക്കപ്പെടുക പതിവില്ല. ഇപ്പോൾ കലാമണ്ഡലം ചിട്ടയിൽ 'പകുതിപുറപ്പാടിന്' ഈ നിലപ്പദം പാടുന്നു.]

അഭിപ്രായങ്ങളൊന്നുമില്ല: