2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കല്യാണസൌഗന്ധികം മൂന്നാം രംഗം

രംഗത്ത്-ധർമ്മപുത്രൻ, പരശുരാമൻ(മിനുക്ക്(മഹർഷി)വേഷം)

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
"അഗസ്ത്യാശ്രമമതഃ പ്രണിപത്യ വേഗാ-
 ദാഹത്യ ഭാർഗ്ഗവതപോവനമസ്തഖേദം
 ശസ്ത്രം മുനീന്ദ്രമകൃതവ്രണദർശിതം ത-
 മസ്താവിഷുർധൃതപരശ്വധചാപബാണം"
{പാണ്ഡവർ അഗസ്ത്യാശ്രമത്തെനമസ്ക്കരിച്ചിട്ട് ഖേദംകൂടാതെ അവിടെനിന്നും വേഗം ഭാർഗ്ഗവരാമന്റെ തപോവനത്തിൽ വന്നിട്ട് മഴുവും അമ്പുംവില്ലും ധരിച്ചിരിക്കുന്നവനും, ലോകപ്രശസ്തനും, ശിഷ്യനായ അകൃതവ്രണനാൽ കാട്ടിക്കൊടുക്കപെട്ടവനുമായ ആ മുനീന്ദ്രനെ സ്തുതിച്ചു.}

ഇടത്തുഭാഗത്തുകൂടി 'കിടതകിധീം, താ'മിനൊപ്പം പ്രവേശിക്കുന്ന ധർമ്മപുത്രൻ മുന്നോട്ടുവന്ന് വലത്തുവശത്തായി മഴുവും അമ്പുംവില്ല്ലും ധരിച്ച് പീഠത്തിലിരിക്കുന്ന പരശുരാമനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ട് അനുഗ്രഹം വാങ്ങിയിട്ട് പദാഭിനയം ആരംഭിക്കുന്നു.

ധർമ്മപുത്രരുടെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:ചെമ്പട
പല്ലവി:
"പാദപങ്കജം തൊഴുന്നെൻ മാമുനേ തവ"               [കലാശം]
അനുപല്ലവി:
"മോദം വളരുന്നുള്ളിൽ മോഹമാകുന്നു"                 [കലാശം]
ചരണം1:
"മുന്നം പുണ്യം ചെയ്കകൊണ്ടല്ലോ മുനിപുംഗവ
 മുന്നിൽ നിന്നെക്കണ്ടതുമിപ്പോഴെന്നു നിർണ്ണയം
 ഇന്നു ജനനഫലം വന്നുകൂടി ഞങ്ങൾക്ക്"              [കലാശം]
ചരണം2:
"കൗരവ കുനയങ്ങൾ കൊണ്ടു കാനനം തന്നിൽ
 ദാരങ്ങളോടുകൂടി ഞങ്ങൾ പരശുധര
 പാരാവാരഗംഭീര പാരമുഴലുന്നു"                            [കലാശം]
{മഹാമുനേ, അങ്ങയുടെ പാദത്താമരകൾ തൊഴുന്നെൻ. ഉള്ളിൽ സന്തോഷംവളരുന്നു. മുനിശ്രേഷ്ഠാ, മുൻപ് ചെയ്ത പുണ്യംകൊണ്ടാണ് ഇപ്പോൾ അങ്ങയെ മുന്നിൽ കാണാനായത്, ഉറപ്പ്. ഇന്ന് ഞങ്ങൾക്ക് ജനനഫലം വന്നുകൂടി. പരശുധരാ, ഗാംഭീര്യസമുദ്രമേ, കൗരവന്റെ കുനയങ്ങൾകൊണ്ട് കാനനത്തിൽ ഭാര്യയോടുകൂടി ഞങ്ങൾ ഏറ്റവും കഷ്ടപ്പെടുന്നു.}

പരശുരാമന്റെ പദം-രാഗം:മോഹനം, താളം:ചെമ്പട
പല്ലവി:
"കല്യാണംവരുമിനിമേലിൽ കൗന്തേയന്മാരേ
 കല്യാണംവരുമിനിമേലിൽ"                              [കലാശം]
ചരണം1:
"കായാമ്പുനികാശകായനാം കാർവർണ്ണൻ തന്റെ
 മായാവിലാസിതങ്ങളെല്ലാം മനസി ചിന്തി-
 ച്ചായാസം കളഞ്ഞുള്ളിലാവോളമുറയ്ക്കേണം"   [കലാശം]
ചരണം2:
"കല്പാവധി യത്നം ചെയ്താലും കമലാസന-
 കല്പനനീക്കാവതല്ലല്ലോ സർപ്പാധിരാജ-
 തല്പശായിയാകിയ ചില്പുമാനെ ചിന്തിക്കിൽ"       [കലാശം]
ചരണം3:
"അല്പമതികളെന്നപോലെ അറിവുള്ള നിങ്ങ-
 ളിപ്രപഞ്ചം നിത്യമെന്നതുമിരവുപകൽ
 ഉൾപ്പൂവിൽ നിനയായ്കിലപ്പോഴാധിതീർന്നീടും"   [കലാശം]
ചരണം4:
"പ്രാപിച്ചീടുക വൈകാതെ പ്രഭാസംതന്നിൽ
 താപമകലുമതിനായി തവദവിടെ
ഗോപനായകനാകിയ ഗോവിന്ദനേയും കാണാം" [കലാശം]
{കൗന്തേയന്മാരേ, ഇനിമേലിൽ മംഗളം ഭവിക്കും. കായാമ്പൂവർണ്ണശരീരനായ ശ്രീകൃഷ്ണന്റെ മായാലീലകളാണിതെല്ലാം എന്ന് മനസിൽ ചിന്തിച്ച്, ആവോളം ഉറപ്പിച്ച്, ദു:ഖത്തെ കളയുക. കല്പകാലം കഴിയുംവരെ പ്രയത്നം ചെയ്താലും വിധികല്പന നീക്കാവുന്നതല്ലല്ലോ. സർപ്പാധിരാജനാകുന്ന തല്പത്തിൽ ശയിക്കുന്നവനായ ചിത്പുരുഷനെ ചിന്തിക്കിൽ എപ്പോഴും മംഗളമേ ഭവിക്കു. ഭഗവത്തത്വമറിയുന്നവരായ നിങ്ങൾ അജ്ഞാനികളെപ്പോലെ ഈ പ്രപഞ്ചം നിത്യമെന്നു കരുതാതെ, ഭഗവാൻ മാത്രം നിത്യമെന്ന് സദാ മനസലിൽ വിചാരിക്കുക, അപ്പോൾ ദുഃഖം തീർന്നീടും. താപം അകലുന്നതിനായി വൈകാതെ പ്രഭാസതീത്ഥത്തിലേയ്ക്ക് ചെന്നാലും. അപ്പോൾ അവിടെവെച്ച് ഗോപനായകനായ ഗോവിന്ദനേയും കാണാനാകും.}

ശേഷം ആട്ടം-
ധർമ്മപുത്രൻ:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന പരശുരാമനെ കെട്ടിച്ചാടികുമ്പിട്ട്, അനുഗ്രഹം വാങ്ങിയിട്ട്)' അല്ലയോ മഹർഷിശ്രേഷ്ഠാ, അങ്ങയെ കാൺകയാൽ തന്നെ ഞങ്ങളുടെ ഉള്ള് കുളിർത്തു, ശോകം നീങ്ങി. ഇനി അവിടുത്തെ കല്പനപോലെ ഞങ്ങൾ പ്രഭാസതീർത്ഥത്തിലേയ്ക്ക് ഗമിക്കട്ടയോ?'
പരശുരാമൻ:'ഭൂമിയിലെ എല്ലാ തീർത്ഥങ്ങളിലും ചെന്ന് സ്നാനംചെയ്ത് ഭക്തിവർദ്ധിപ്പികുക. സദാ മുകുന്ദപാദാരവിന്ദങ്ങളെ ഉള്ളിലുറപ്പിക്കുക. സകലതാപങ്ങളും നീങ്ങി മംഗളം ഭവിക്കും. എന്നാൽ ഇനി വേഗം പ്രഭാസതീർത്ഥത്തിലേയ്ക്ക് പുറപ്പെട്ടാലും.'
ധർമ്മപുത്രൻ പരശുരാമനെ വീണ്ടും കുമ്പിട്ട് അനുഗ്രഹം വാങ്ങിയിട്ട് യാത്രയായി നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് പരശുരാമനും നിഷ്ക്രമിക്കുന്നു.
   -----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: