2010, നവംബർ 8, തിങ്കളാഴ്‌ച

കല്യാണസൌഗന്ധികം രണ്ടാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, രോമശന്‍‍‍(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:മുഖാരി
“ദ്ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
 ജ്ജഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
 പൃഷ്ടോ മുനേ വാര്‍ത്തമജാതശത്രുഃ
 ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ടാം‍‍“
{കൂരിരുട്ടില്‍ വെളിച്ചം എന്നപോലെ രോമശനെ കണ്ട് സന്തോഷവാനായ ധര്‍മ്മപുത്രന്‍ സഹോദരസമേതം വിനീതനായി നമസ്ക്കരിച്ചു. കുശലപ്രശ്നം ചെയ്ത മുനിയോട് സഗൌരവം ധര്‍മ്മപുത്രന്‍ പറഞ്ഞു.}

വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രന്റെ പദം-രാഗം:മുഖാരി, താളം:പഞ്ചാരി(രണ്ടാം കാലം)
പല്ലവി:
“താപസേന്ദ്ര ജയ കൃപാനിധേ”                        [കലാശം]
ചരണം1:
“താവകമാകിയ ദര്‍ശനം ഞങ്ങള്‍ക്കു
 താപഹരമായി വന്നു മഹാമുനേ
 ദാവനലങ്കല്‍ പതിച്ച മൃഗങ്ങള്‍ക്കു
 ദൈവനിയോഗത്താല്‍ വര്‍ഷമെന്നപോലെ”
[കലാശം]
 ചരണം2:
“ഏതൊരു ദിക്കില്‍നിന്നിവിടെക്കെഴുന്നള്ളി
 ഹേതുവെന്തിങ്ങെഴുന്നള്ളുവാനുമിപ്പോള്‍
 ശ്വേതവാഹനന്‍തന്റെ ചരിതം പരമാര്‍ത്ഥ-
 മേതാനുമുണ്ടോ ധരിച്ചു മഹാമുനേ”
                  [കലാശം]
{താപസേന്ദ്രാ, കൃപാനിധേ, ജയിച്ചാലും. മഹാമുനേ, അങ്ങയുടെ ദര്‍ശ്ശനം ഞങ്ങള്‍ക്ക് ദുഃഖഹരമായിവന്നു. കാട്ടുതീയില്‍ പതിച്ച മൃഗങ്ങള്‍ക്ക് ദൈവനിയോഗത്താല്‍ ലഭിച്ച മഴ എന്നപോലെ. ഏതൊരു ദിക്കില്‍നിന്നുമാണ് ഇവിടെയ്ക്കെഴുന്നള്ളിയത്? ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നള്ളുവാന്‍ കാരണമെന്ത്? മഹാമുനേ, അര്‍ജ്ജുനന്റെ യഥാര്‍ത്ഥ വിവരം വല്ലതും അറിവുണ്ടോ?}‍

രോമശന്റെ മറുപടിപ്പദം-രാഗം:സൌരഷ്ട്രം, താളം:മുറിയടന്ത
ചരണം1:
“ഇന്ദുകുലാധിപ കേള്‍ക്കെടോ ഞാനു-
 മിന്ദ്രനിയോഗത്താലര്‍ജ്ജുന വൃത്താന്തം
 ഇന്നു നിങ്ങളോടുരചെയ്‌വതിനായി
 ഇന്ദ്രലോകത്തീന്നു വന്നതും ഞാനിപ്പോള്‍”
[കലാശം]
പല്ലവി:
“ഖേദമാശു കളക സാമ്പ്രതം”‍‍
                        [കലാശം]
ചരണം2:
“പാര്‍വ്വതീവല്ലഭന്‍ തന്റെ പ്രസാദത്താല്‍
 പാശുപതാസ്ത്രം ലഭിച്ചു വിജയനും
 ഗീര്‍വ്വാണലോകത്തു ചെന്നു സുരജന-
 ഗീതപരാക്രമനായി വിളങ്ങുന്നു”
                  [കലാശം]
ചരണം3:
“വൃത്രാസുരാന്തകന്‍ തങ്കന്നനവധി
 ശസ്ത്രജാലങ്ങളൊക്കെ ലഭിച്ചുടന്‍
 പുത്രനായുള്ള ജയന്തനേക്കാളുമ-
 ങ്ങെത്രയും പ്രീതനായ് വസിച്ചീടുന്നു”
           [കലാശം]
ചരണം4:
“വാസവന്‍ തന്റെ സമീപത്തിങ്കല്‍തന്നെ
 വാസഞ്ചെയ്തീടുന്നു ബാധയകന്നവന്‍
 വാസരം നാലഞ്ചു ചെല്ലുന്നതിന്മുമ്പെ
 വാസവനന്ദനന്‍ വന്നീടുമിവിടെ”                 
[കലാശം]
ചരണം5:
“പാരിടംതന്നില്‍ പ്രസിദ്ധങ്ങളായേറ്റം
 പാപഹരങ്ങളായുള്ള തീര്‍ത്ഥങ്ങളെ
 പാരാതെചെന്നു നിഷേവണം ചെയ്‌വാനായ്
 പൌരവപുഗവ പോക നാമെല്ലാരും”
           [കലാശം]
{ചന്ദ്രവംശാധിപാ, കേള്‍ക്കെടോ. ഞാന്‍ ഇന്ദ്രന്റെ നിയോഗത്താല്‍ അര്‍ജ്ജുനന്റെ വൃത്താന്തം ഇന്ന് നിങ്ങളോട് പറയുന്നതിനായിട്ടാണ് ഇപ്പോള്‍ ഇന്ദ്രലോകത്തുനിന്നും വന്നത്. ഖേദമെല്ലാം ഉടനെ കളയുക. പാര്‍വ്വതീവല്ലഭന്റെ പ്രസാദത്താല്‍ പാശുപതാസ്ത്രം ലഭിച്ച് വിജയന്‍ സ്വര്‍ലോകത്തുചെന്ന് ദേവജനങ്ങളാല്‍ വാഴ്ത്തപ്പെട്ടുകൊണ്ട് വിളങ്ങുന്നു. ദേവേന്ദ്രനില്‍ നിന്നും അനവധി ദിവ്യാസ്ത്രങ്ങളൊക്കെ ലഭിച്ച് ഇന്ദ്രപുത്രനായ ജയന്തനേക്കാളും ഏറെ പ്രീതനായി അവിടെ വസിച്ചീടുന്നു. ഇന്ദ്രന്റെ സമീപത്തില്‍തന്നെ അവന്‍ അല്ലലില്ലാതെ വസിക്കുന്നു. നാലഞ്ചുമാസങ്ങള്‍ ചെല്ലുന്നതിനുമുന്‍പെ അര്‍ജ്ജുനന്‍ ഇവിടെ വന്നീടും. രാജശ്രേഷ്ഠാ, പാരില്‍ ഏറ്റവും പ്രസിദ്ധങ്ങളായ, പാപഹരങ്ങളായുള്ള തീര്‍ത്ഥങ്ങളില്‍ ചെന്ന് വഴിപോലെ സ്നാനം ചെയ്യുവാനായി നമുക്കെല്ലാവര്‍ക്കും പോകാം.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന രോമശനെ കെട്ടിച്ചാടി കുമ്പിട്ടശേഷം)‘അല്ലയോ മഹര്‍ഷിശ്രേഷ്ഠാ, അര്‍ജ്ജുനന്റെ വര്‍ത്തമാനം അറിയാതെ ഏറ്റവും ദുഃഖിച്ചിരുന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ അങ്ങയുടെ വാക്കുകളിലൂടെ അത് അറിയാന്‍ കഴിഞ്ഞതിനാല്‍ സമാധാനമായി. തീര്‍ത്ഥാടനത്തിന് കുടെ അങ്ങയെ ലഭിച്ചതും ഭാഗ്യമായി’
രോമശന്‍:‘നിങ്ങളോടുകൂടി സഞ്ചരിക്കുന്നത് എനിക്കും സന്തോഷം തന്നെ. എന്നാല്‍ ഇനി നമുക്ക് പുറപ്പെടുകയല്ലേ?’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
മേളം നിര്‍ത്തുന്നു. ഗായകര്‍ ശ്ലോകം ആരംഭിക്കുന്നു.

ശ്ലോകം^-രാഗം:കല്യാണി
“വൃത്തം വൃത്രാരിസൂനോര്‍മ്മുനിതിലക മുഖാദേവമാകര്‍ണ്യ മോദാല്‍
 പാര്‍ത്ഥാസ്തീര്‍ത്ഥാഭിഷേകപ്രണഹിതമനസഃ പ്രസ്ഥിതാസ്തേന സാകം
 ഗോത്രാസത്രാശനാനാം തതിഭിരപി സമം സഞ്ചരന്തഃ സമന്താല്‍
 സ്വച്ഛപ്രച്ഛായവൃക്ഷപ്രചുരമുനിവനം വീക്ഷ്യ പപ്രച്ഛുരേനം”
{ഇങ്ങിനെ അര്‍ജ്ജുനന്റെ വൃത്താന്തം മുനിതിലകനില്‍ നിന്നും കേട്ട് സന്തോഷത്തോടെ തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്നവരായി പാണ്ഡവര്‍ അദ്ദേഹത്തോടും ബ്രാഹ്മണസമൂഹത്തോടും കൂടി പുറപ്പെട്ട് പലയിടത്തും സഞ്ചരിയ്ക്കെ നല്ല തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തപോവനം കണ്ടിട്ട് മഹര്‍ഷിയോടു ചോദിച്ചു.}

[^ശ്ലോകം ആലപിക്കുന്ന സമയത്ത് ധര്‍മ്മപുത്രനും രോമശനും സഞ്ചരിക്കുന്നതായിഭാവിച്ച് വട്ടംവയ്ക്കുന്നു. ‘വീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ധര്‍മ്മപുത്രന്‍ മുന്നില്‍ ആശ്രമം കണ്ടതായി നടിച്ചിട്ട് ചുറ്റും വീക്ഷിച്ച് അത്ഭുതപ്പെടുന്നു.]

ധര്‍മ്മപുത്രന്‍ മഹര്‍ഷിയെ വണങ്ങിയിട്ട് പദം അഭിനയിക്കുന്നു.

ധര്‍മ്മപുത്രന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ആരുടെ തപോവനമിതാകാശത്തോളമുയര്‍ന്ന
 ദാരുനിവഹങ്ങളോടും ആരാല്‍ കാണാകുന്നു”
     [കലാശം]
ചരണം2:
“ആഹുതിസുഗന്ധിധൂമം ആഹരിച്ചു മന്ദം മന്ദം
 ആഹ്ലാദിപ്പിക്കുന്നു ഗന്ധവാഹനനിതാനമ്മെ”
     [കലാശം] 
 രണം3:
“നിത്യവൈരമുളവായ സത്വസഞ്ചയങ്ങളെല്ലാ
 മൊത്തു സഞ്ചരിച്ചീടുന്നതോര്‍ത്താലെത്രചിത്രം”
[കലാശം]
ചരണം4:
“എത്രയും മഹത്വമുള്ളോരുത്തമതപോധനന്താന്‍
 അത്ര വാഴുന്നെന്നു ഞാനും ചിത്തേ കരുതുന്നു”  
  [കലാശം]
{ആകാശത്തോളം ഉയര്‍ന്ന വൃക്ഷങ്ങളോടു കൂടി സമീപത്തുകാണുന്ന ഈ തപോവനം ആരുടേതാണ്? സുഗന്ധമുള്ള ഹോമധൂപം മന്ദം മന്ദം കൊണ്ടുവന്ന് കാറ്റിതാ നമ്മെ ആഹ്ലാദിപ്പിക്കുന്നു. നിത്യവൈരികളായ ജന്തുക്കളെല്ലാം ഒത്തുചേര്‍ന്ന് സഞ്ചരിച്ചീടുന്നത് ഓര്‍ത്താല്‍ അത്ഭുതം! ഏറ്റവും മഹത്വമുള്ള ഒരു ഉത്തമതപോധനന്‍ തന്നെയാണ് ഇവിടെ വാഴുന്നതെന്ന് ഞാന്‍ ചിത്തത്തില്‍ കരുതുന്നു.}




രോമശന്റെ മറുപടിപ്പദം-രാഗം:നീലാമ്പരി, താളം:മുറിയടന്ത
പല്ലവി:
“കുന്തീകുമാരന്മാരേ കുംഭസംഭവന്താനും
 അന്തികെ വാഴുന്നിവിടെ ഈ വനന്തന്നില്‍”
        [കലാശം]
 അനുപല്ലവി:
“വിന്ധ്യാചലോന്നതിയെ വീതേഖേദേന പണ്ടു
 വന്ധ്യയാക്കിയതുമിവന്‍ തപോബലേന”
           [കലാശം]
 ചരണം1:
“വാതാപി തന്നെക്കൊന്നു വാരുറ്റ മുനികള്‍ക്കു
 ബാധയകറ്റിയതിന്‍ പാരം വളര്‍ന്ന
 ആഴികളേഴുമൊന്നിച്ചാചമിച്ചതും പാര്‍ത്താല്‍
 ഊഴിയിലേവമാരുള്ളു താപസന്മാരില്‍”             
[കലാശം]
{കുന്തീസുതന്മാരേ, അഗസ്ത്യമഹര്‍ഷിയാണ് ഈ വനത്തില്‍ ഇവിടെ അടുത്തായി വസിക്കുന്നത്. വിന്ധ്യാപര്‍വ്വതത്തിന്റെ വളര്‍ച്ചയെ നിഷ്പ്രയാസം തന്റെ തപോബലത്താല്‍ തടഞ്ഞത് ഇദ്ദേഹമാണ്. വാതാപി എന്ന അസുരനെ കൊന്ന് മഹര്‍ഷിമാര്‍ക്ക് ഏറ്റവും വളര്‍ന്നിരുന്ന ദുഃഖത്തെ അകറ്റിയതും ഇദ്ദേഹമാണ്. ഏഴുസമുദ്രങ്ങളിലേയും ജലം ഒന്നിച്ച് കുടിച്ചതും ഓര്‍ത്താല്‍ ഭൂമിയില്‍ താപസന്മാര്‍ക്കിടയില്‍ ഇപ്രകാരം വേറെ ആരാണുള്ളത്?}

ധര്‍മ്മപുത്രന്‍:(എല്ലായിടവും നോക്കിക്കണ്ട് അത്ഭുതത്തോടെ) ‘അഗസ്ത്യമുനിയുടെ മാഹാത്മ്യം അവിസ്മയം തന്നെ’


രോമശന്‍:
ചരണം2:
“ഭാഗ്യവാന്മാരേയിനിപ്പാര്‍ക്കാതെ പോക പഥി
 ഭാര്‍ഗ്ഗവാശ്രമമുണ്ടല്ലോ മാര്‍ഗ്ഗത്തില്‍തന്നെ
 ആശ്രമം കാണ്‍ക മുന്നിലശ്രമമിഹ തൊഴാ-
 മാശ്രിതപാപനാശനം കണ്ടാലും നിങ്ങളാ”
         [കലാശം]
{ഭാഗ്യവാന്മാരേ, ഇനി താമസിയാതെ നമുക്ക് പോകാം. വഴിക്കുതന്നെ ഭാര്‍ഗ്ഗവരാമന്റെ ആശ്രമവും ഉണ്ട്. ഇതാ മുന്നിലായി ആശ്രമം കാണ്‍ക. നമുക്ക് മടിയില്ലാതെ വന്ദിക്കാം. ആശ്രയിക്കുന്നവരുടെ പാപത്തെ നശിപ്പിക്കുന്നതായ ആശ്രമത്തെ നിങ്ങള്‍ കണ്ടാലും.}

ശേഷം ആട്ടം- 

ധർമ്മപുത്രൻ:(കെട്ടിച്ചാടികുമ്പിട്ട് അനുഗ്രഹം വാങ്ങിയിട്ട്)'അല്ലയോ മഹർഷേ, അങ്ങയുമൊത്ത് സഞ്ചരിക്കാൻ ഇടയായതിനാൽ ഞങ്ങൾക്ക് ജന്മസാഫല്യം കൈവന്നിരിക്കുന്നു. ഇനി നാം പരശുരാമാശ്രമത്തിലേയ്ക്ക് പ്രവേശിക്കുകയല്ലേ?'
രോമശന്‍:'അങ്ങിനെ തന്നെ'

ധര്‍മ്മപുത്രനും രോമശനും പരശുരാമാശ്രമത്തിലേയ്ക്ക് കടക്കുന്നതായി ഭാവിച്ച് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.

                                                    -----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: