2010, നവംബർ 8, തിങ്കളാഴ്‌ച

കല്യാണസൌഗന്ധികം രംഗം ഒന്ന് (ശൌര്യഗുണം)

രംഗത്ത്-ധര്‍മ്മപുത്രന്‍(ഇടത്തരം പച്ചവേഷം),ഭീമന്‍‍(ഇടത്തരം പച്ചവേഷം)

ഗായകര്‍ രാഗമാലപിച്ചതിനുശേഷം തിരശ്ശീല നീക്കുമ്പോള്‍ ശ്ലോകം പാടും. ധര്‍മ്മപുത്രന്‍ വലതുവശം പീഠത്തിലിരിക്കുന്നു. ഗദാധാരിയായി ഇടതുഭാഗത്തുനില്‍ക്കുന്ന ഭീമന്‍  ശ്ലോകത്തിന് വട്ടംവെയ്ക്കുന്നു.

ശ്ലോകം-രാഗം:സരംഗം
“ശസ്ത്രാര്‍ത്ഥം ശക്രസൂനോ ഗതവതി ശകുനേ സ്താദ്ദൃശം ഛത്മവൃത്തം
 സ്മാരം സ്മാരം സമസ്തപ്രതിഭടപടലീഘസ്മരോഷ്മാ സ ഭീമ:
 ബദ്ധാമര്‍ഷാതിരേകഭൂമിത പരിഘദത്താദിരൂക്ഷാക്ഷികോണ-
 ശ്ചിന്താസന്താപിതാന്ത: ശമനസുതമസൌ വാചമിത്യാചചക്ഷേ”
{ഇന്ദ്രപുത്രന്‍ ദിവ്യാസ്ത്രങ്ങള്‍ നേടുവാനായി പോയപ്പോള്‍ ശകുനിചെയ്ത ചതിഓര്‍ത്ത് ശത്രുസമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാവുന്ന കയ്യൂക്കോടുകൂടിയ ആ ഭീമസേനന്‍, വര്‍ദ്ധിച്ച പകയോടുകൂടി ചിന്തയാല്‍ നീറുന്ന ഹൃദയത്തോടെ കൈയ്യില്‍ ചുഴന്നുകൊണ്ടിരിക്കുന്ന ഗദയിലേയ്ക്ക് രൂക്ഷമായി നോക്കിക്കൊണ്ട് ധര്‍മ്മപുത്രനോട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകം അവസാനിച്ചാൽ 'കിടതകിധീം, താ'മിനൊപ്പം ഗദയിളക്കിമുന്നോട്ടുവരുന്ന ഭീമൻ ധർമ്മപുത്രരെ കണ്ട്, വണങ്ങിയിട്ട് കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.
ഭീമന്റെ പദം-രാഗം:സാരംഗം,താളം:ചമ്പ(രണ്ടാം കാലം^)
പല്ലവി:
“ശൌര്യഗുണനീതിജലധേ ചരണയുഗം
  ആര്യ തവ കൈതൊഴുന്നേന്‍”                    [പ്രത്യേകവട്ടംവച്ചുകലാശം]
അനുപല്ലവി:
“ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
 ചര്യാ സുഖമെന്നമതി മര്യാദയോ തേ”         [കലാശം]
ചരണം1
“ധര്‍മ്മസുത നിര്‍മ്മലമതേ നമ്മുടയ
 കര്‍മ്മഗതി കാണ്‍ക നൃപതേ
 ചര്‍മ്മവുമുടുത്തു വനചാരികളൊടൊത്തു നിജ
 ധര്‍മ്മവുമൊഴിച്ചു ഗതധൈര്യമുഴലുന്നു”         [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
“സത്യരതനാകിയ ഭവാൻ സഹജരൊടും
 നിത്യമുഴലുന്നു വിപിനേ
 ഭൃത്യരൊടുമംബികാപത്യതനയൻ കപട-
 കൃത്യനിധി വാഴുന്നു ഹസ്തിനപുരത്തിൽ”       [കലാശം]
 ചരണം3:[രംഗത്ത് പതിവില്ല]
“എത്രയുമശക്തരായ് നാം വൃത്രരിപുപുത്ര-
 വിരഹേണ വിപിനേ
 നേത്രമില്ലാത്തവനു നേരോടെ മറ്റുള്ള
 ഗാത്രങ്ങൾകൊണ്ടെന്തു കാര്യം മഹീപതേ” [കലാശം]
ചരണം4:
“ശാസ്ത്രാര്‍ത്ഥമെന്തിനധുനാ ശക്രജനെ
 യാത്രയാക്കിയതു പഴുതേ”
 [ചരണമദ്ധ്യത്തിൽ“ശത്രുക്കളെ വിരവില്‍” എന്ന് നാലാം കാലത്തിലേയ്ക്ക് ഉയർത്തി ചൊല്ലിവട്ടംതട്ടിയാൽ ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് ബാക്കിചരണമാടുന്നു]
 “ശത്രുക്കളെ വിരവില്‍ ഒക്കെ ജയിപ്പതി-
 ന്നത്രലമേകനഹമെന്നറിക വീര”               [കലാശം]
ചരണം5:
“നിശ്ശങ്കമഹിതരെ രണേ വെന്നു ഞാന്‍
 ദുശ്ശാസനന്റെ രുധിരം”
[ചരണമദ്ധ്യത്തിൽ“ആശ്വാസമോടു ബഹു” എന്ന് നാലാം കാലത്തിലേയ്ക്ക് ഉയർത്തി ചൊല്ലിവട്ടംതട്ടിയാൽ ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് ബാക്കിചരണമാടുന്നു]
“ആശ്വാസമോടു ബഹു പ്രീത്വാ കരേണമുഹു-
 രാശ്വേവ ദാരകചമുത്തംസയാമ്യഹം”        [കലാശം]
ചരണം6:
“എങ്കലൊരു കരുണയൊരുനാളുണ്ടാകു-
 മെങ്കിലിതനുജ്ഞചെയ്ക”
[ചരണമദ്ധ്യത്തിൽ“ഹുംകൃതിയോടരികടെ” എന്ന് നാലാം കാലത്തിലേയ്ക്ക് ഉയർത്തി ചൊല്ലിവട്ടംതട്ടിയാൽ ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് ബാക്കിചരണമാടുന്നു]
“ഹുംകൃതിയോടരികടെയഹംകൃതികളഞ്ഞുയമ-
 കിങ്കരനു നല്കുവതിനിന്നു തടവരുതേ”         [കലാശം]
പല്ലവി:[ആവർത്തനം]
“ശൌര്യഗുണനീതിജലധേ ചരണയുഗം
  ആര്യ തവ കൈതൊഴുന്നേന്‍”                 [അഷ്ടകലാശം*]
{ശൌര്യഗുണത്തിന്റേയും നീതിയുടേയും സമുദ്രമേ, ജേഷ്ഠാ, അവിടുത്തെ ചരണങ്ങള്‍ കൈതൊഴുന്നേന്‍. വീര്യം നശിച്ച് ഭാര്യയോടും കൂടി ഇവിടെ മുനിചര്യയാണ് സുഖം എന്നു കരുതുന്നത് അങ്ങേക്ക് ചേര്‍ന്നതാണോ? ധര്‍മ്മസുതാ, നിര്‍മ്മലഹൃദയാ, നമ്മുടെ കര്‍മ്മഗതിയെ ഓര്‍ത്തുകാണൂ രാജാവേ. മൃഗചര്‍മ്മവുമുടുത്ത് വനചാരികളെ പോലെ സ്വന്തം ധര്‍മ്മം ഉപേക്ഷിച്ച് ധൈര്യമില്ലാതെ ഉഴലുന്നു. സത്യനിഷ്ഠനായ ഭവാൻ സഹോദരദോടുംകൂടി നിത്യം കാട്ടിലുഴലുന്നു. ചതികൾക്കിരിപ്പിടമായുള്ള ദുര്യോധനനാകട്ടെ ഭൃത്യരോടുകൂടി ഹസ്തിനപുരത്തിൽ വാഴുന്നു. അർജ്ജുനവിരഹത്താൽ നാം ഈ കാട്ടിൽ എത്രയും അശക്തരായിരിക്കുന്നു. മഹാരാജാവേ, കണ്ണില്ലാത്തവന് മറ്റുള്ള അംഗങ്ങൾ എല്ലാം നന്നായിരിന്നിട്ടും എന്തുകാര്യം? ശസ്ത്രസമ്പാദനത്തിനായി ഇന്ദ്രപുത്രനെ വെറുതെ അയച്ചതെന്തിന്? ശത്രുക്കളെ ഉടന്‍ ജയിക്കുന്നതിന് ഞാന്‍ ഒരാള്‍ മതിയെന്നറിഞ്ഞാലും. ശങ്കയില്ലാതെ ശത്രുക്കളെ രണത്തില്‍ ജയിച്ച് ദുശ്ശാസനന്റെ രക്തം സംതൃപ്തിയോടെ കോരിക്കുടിച്ച്, ആ രക്തം‌പുരണ്ട കൈകൊണ്ട് പത്നിയുടെ തലമുടി ഉടനെതന്നെ കെട്ടുന്നുണ്ട്. എന്നില്‍ അങ്ങയുടെ കാരുണ്യം ഒരുനാള്‍ ഉണ്ടാകുമെങ്കില്‍ അതിന് അനുവാദം നല്‍കിയാലും. വീറോടുകൂടി അരികളുടെ അഹങ്കാരം കളഞ്ഞ് അവരെ യമകിങ്കനു നല്‍കുവാന്‍ ഇന്ന് അങ്ങ് തടസം നില്‍ക്കരുത്.}

[ ^പദത്തിലെ നാലും അഞ്ചും ചരണത്തിലെ മൂന്നാംവരി ചൊല്ലിവട്ടംതട്ടുന്നതുമുതല്‍ ചരണാവസാനം വരേയും, ആറാം ചരണത്തിലെ മൂന്നാംവരി ചൊല്ലിവട്ടംതട്ടുന്നതുമുതല്‍ ‘കിങ്കരനു നല്കുവതിനിന്നു‘ വരേയും ഉള്ളഭാഗങ്ങള്‍ നാലാംകാലത്തിലേയ്ക്ക് ഉയര്‍ത്തി ആലപിക്കും.]

"ആശ്വാസമോടു ബഹു"(ഭീമന്‍-കലാ:ഗോപി)
അഷ്ടകലാശം അവസാനിച്ചാൽ ഗായകർ ശ്ലോകമാലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം-രാഗം:ഭൈരവി
“ധര്‍മ്മസൂനുരപി നിര്‍മ്മലചേതാ
 ധര്‍മ്മതത്വസഹിതം മൃദുവാക്യം
 സന്മനോഗതമിതി സ്മ രുഷാന്ധം
 തം മുദാ സഹജമാഹ മഹാത്മാ”
{നിര്‍മ്മലഹൃദയനും മഹാത്മാവുമായ ധര്‍മ്മപുത്രനാകട്ടെ, കോപാന്ധനായ ആ സഹജനോട് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സജ്ജനസമ്മതവുമായ സാന്ത്വനവാക്കിനെ ഇങ്ങിനെ സസന്തോഷം പറഞ്ഞു.
ഭീമന്‍(കലാ:ഗോപി) ശ്ലോകത്തിന് വട്ടം വയ്ക്കുന്നു
ധര്‍മ്മപുത്രരുടെ മറുപടിപദം*-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“സഹജ സമീരണസൂനോ സല്‍ഗുണശീല
 സംഹരകോപമധുനാ”                                          [ഇരട്ടിക്കലാശം]
അനുപല്ലവി:
“സാഹസം ചെയ്തീടൊല്ല സമയം കഴിവോളവും നീ
 സഹസൈവ കാര്യം സാധിപ്പാന്‍ സംഗതി വരും” [ഇരട്ടിക്കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
“അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
 ദിനകരൻ കൈവെടികിലും
 അനിലനന്ദന സത്യമനുജ ലംഘിപ്പതിനു
 അനലനഹമെന്നറിക ചൊല്ലീടായ്കേവം”             [ഇരട്ടിക്കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
“ദിനകരകുലാധിപൻ ദശരഥനും
 ദീനമാനസനായ്ത്തന്നെ
 അനൃതഭീതി കൊണ്ടല്ലോ ആത്മജന്മാരെ
 ഘോരവനമതിലയച്ചീലയോ പാർത്തുകണ്ടാലും”  [ഇരട്ടിക്കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
“ദിവ്യാസ്ത്രങ്ങൾ ലഭിച്ചുടൻ ദീനമെന്നിയെ
 സവ്യസാചി വരും നൂനം
 സേവ്യനാമീശന്തന്നെ സേവിച്ചീടുന്നവർക്കു
 ദുർവ്യാപാരങ്ങൾ ഫലിയാ ശങ്കയായ്കേവം”         [ഇരട്ടിക്കലാശം]
{അനുജാ, വായുപുത്രാ, സത്ഗുണശീലാ, തത്ക്കാലം കോപമടക്കൂ. പ്രതിജ്ഞാകാലം കഴിയുന്നതുവരെ നീ സാഹസമൊന്നും ചെയ്യരുത്. അന്ന് കാര്യം സാധിക്കാന്‍ സംഗതി വരും. വായുപുത്രാ, അനുജാ, അഗ്നിയ്ക്ക് ചൂടില്ലാതായാലും, സൂര്യനു പ്രകാശമില്ലാതായാലും സത്യം ലംഘിക്കുന്നതിന് എന്നെക്കൊണ്ട് സാദ്ധ്യമല്ല. ഇപ്രകാരം പറയാതിരിക്കുക. സൂര്യകുലാധിപനായ ദശരഥനും സത്യലംഘനഭയത്താൽ ദീനമാനസനായി തന്റെ പുത്രന്മാരെ ഘോരവനത്തിലേയ്ക്ക് അയയ്ച്ചതില്ലേ? ഓർത്തുനോകിയാലും. ദിവ്യാസ്ത്രങ്ങൾ ലഭിച്ച് ഉടനെ സവ്യസാചി വരും, ഉറപ്പ്. സേവിക്കാൻ യോഗ്യനായ പർമേശ്വരനെ സേവിച്ചിടുന്നവരുടെമേൽ ദുഷ്പ്രവർത്തികൾ ചെയ്താൽ ഫലിക്കയില്ല, ഇപ്രകാരം ശങ്കിക്കവേണ്ട.}

“സംഹരകോപമധുനാ”(ധര്‍മ്മപുത്രര്‍-ശ്രീകാന്ത്,ഭീമന്‍-കലാ:ഷണ്മുഖദാസ്)
ശേഷം ആട്ടം-*
ഭീമന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ കെട്ടിചാടി കുമ്പിട്ടശേഷം) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടന്മാര്‍ ചെയ്തിട്ടും അവിടുത്തെ മനസ്സ് അല്പം‌പോലും ഇളകിയില്ലല്ലോ? കഷ്ടം തന്നെ. കുറച്ചു കരുണയോടെ ഒരു വാക്ക് കല്പിച്ചുവെങ്കില്‍ ഞാന്‍ ആ മൂര്‍ഖന്മാരെയെല്ലാം നശിപ്പിച്ചു വന്നേക്കാം. ഒന്നു കല്‍പ്പിക്കണേ‘
ധര്‍മ്മപുത്രന്‍:‘ഏയ്!പാടില്ല, പാടില്ല. കുറച്ചുകാലം കൂടി ക്ഷമയോടെ വസിച്ചാലും’
ഭീമന്‍:(മൌഢത്തോടെ, ആത്മഗതം) ‘ആ,ആ, ശിരസ്സിലെഴുത്തുതന്നെ’ (ധര്‍മ്മപുത്രനോട്) ‘ഇവിടുത്തെ കല്‍പ്പന പോലെ തന്നെ’
ഭീമന്‍ വീണ്ടും കുമ്പിട്ട് ധര്‍മ്മപുത്രനെ യാത്രയാക്കി, കുത്തിമാറി തിരിഞ്ഞ് വരുന്നു. ധര്‍മ്മപുത്രന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(കോപത്തോടെ) ‘എടാ വഞ്ചകന്മാരേ, നിങ്ങള്‍ ചെയ്തതിനൊക്കയും പകരം പറഞ്ഞ് നിങ്ങളെ എല്ലാം ഞാന്‍ തന്നെ സംഹരിക്കും. നോക്കിക്കൊള്ളുവിന്‍, എന്നാല്‍ കണ്ടുകൊള്ളുക’
ഭീമന്‍ നാലാമിരട്ടി കലാശിച്ച് കുത്തിമാറി, കയ്യിലെ ഗദയേയും വലത്തേക്ക് കൌരവരേയും(സങ്കല്‍പ്പിച്ച്) മാറി മാറി നോക്കിയശേഷം ‘നോക്കിക്കൊള്‍വിന്‍’ എന്നു കാട്ടി,അവരെ നിന്ദിച്ച് നിഷ്ക്രമിക്കുന്നു
-----(തിരശ്ശീല)-----

ഇടശ്ലോകം-[രംഗത്ത് പതിവില്ല]
"പൃഥാസുതാനാശു ധനജ്ഞയസ്യ
 വിയോഗദാവാനലതപ്യമാനാൻ
 ആഹ്ലാദയന്നാവിരഭൂന്നഭസ്തഃ
 ശക്രാജ്ഞയാ രോമശനീരവാഹഃ"
{അർജ്ജുനന്റെ വിയോഗമാകുന്ന കാട്ടുതീയാൽ തപിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കുന്തീസുതന്മാരെ പെട്ടന്ന് ആനന്ദിപ്പിച്ചുകൊണ്ട് ഇന്ദ്രന്റെ ആജ്ഞയാൽ പുറപ്പെട്ട രോമശനാകുന്ന കാർമേഘം ആകാശത്തുനിന്നും ആവിർഭവിച്ചു.}

ഒന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

*പദാവസാനത്തില്‍ ഭീമന്‍ അഷ്ടകലാശം ചവുട്ടുകയില്ല. പതിവ് ഇടക്കലാശം മാത്രമാണ് ചവുട്ടുക.

*ധര്‍മ്മപുത്രന്‍ മറുപടി പദത്തിന്റെ അഭിനയം ആരംഭിക്കുമ്പോള്‍ രൌദ്രഭാവത്തില്‍ നില്‍ക്കുന്ന ഭീമനെ ആലിംഗനം ചെയ്ത് സമാധാനിപ്പിക്കും.

*........പദാഭിനയത്തിനു ശേഷമുള്ള ആട്ടം ഇങ്ങിനെയാണ്-
ഭീമന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രനെ കെട്ടിചാടി കുമ്പിട്ടശേഷം) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടന്മാര്‍ ചെയ്തിട്ടും അവിടുത്തെ മനസ്സ് അല്പം‌പോലും ഇളകിയില്ലല്ലോ? കഷ്ടം തന്നെ. കുറച്ചു കരുണയോടെ ഒരു വാക്ക് കല്പിച്ചുവെങ്കില്‍ ഞാന്‍ ആ മൂര്‍ഖന്മാരെയെല്ലാം നശിപ്പിച്ചു വന്നേക്കാം. ഒന്നു കല്‍പ്പിക്കണേ.
ധര്‍മ്മപുത്രന്‍:‘അനുജ, നമുക്കുമുമ്പുള്ള രാജാക്കന്മാരും പുത്രന്മാരെ ഘോരവനത്തിലേക്കയച്ചിട്ടുള്ളത് നീ കേട്ടിരിക്കുമല്ലോ. അഗ്നി ചൂടുപേക്ഷിക്കാമെന്നിരിക്കട്ടെ, ആദിത്യന്‍ രശ്മിയെ വിടാമെന്നിരിക്കട്ടെ, എന്നിരിന്നാലും സത്യത്തെ വെടിയുവാന്‍ എന്നെകൊണ്ട് സാദ്ധ്യമല്ല. കാലത്താല്‍ നമ്മുടെ ദു:ഖമെല്ലാം ശ്രീകൃഷ്ണകൃപയാല്‍ വിട്ടകലും. കുറച്ചുകാലം കൂടി ക്ഷമിച്ചു വസിച്ചാലും’
ഭീമന്‍:(മൌഢത്തോടെ, ആത്മഗതം) ‘കഷ്ടം! എന്റെ ഈ ഗദകൊണ്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ’ (ധര്‍മ്മപുത്രനോട്) ‘അല്ലയോ ജേഷ്ഠാ, ഞാന്‍ അങ്ങയുടെ ആജ്ഞയെ ശിരസാ വഹിക്കുന്നു. അവിടുത്തെ നിശ്ചയം തന്നെ നടക്കട്ടെ’ഭീമന്‍ ധര്‍മ്മപുത്രനെ യാത്രയാക്കുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: