2010, നവംബർ 15, തിങ്കളാഴ്‌ച

കല്യാണസൌഗന്ധികം പുറപ്പാട്

രംഗത്ത്-പാണ്ഡവരും പാഞ്ചാലിയും

ശ്ലോകം-രാഗം:ശങ്കരാഭരണം
“പ്രാപ്തം പാശുപതാസ്ത്രമീശകൃപയാ യാതേര്‍ജ്ജുനേ ധര്‍മ്മഭൂ:
 ശൃണ്വാന്‍ പുണ്യകഥാശ്ച കര്‍ണ്ണമധുരാസ്സതഭി: സദാ വര്‍ണ്ണിതാ:
 ഘോരാരാതിവിഹിംസനോദ്യതമനാ: കോദണ്ഡവാന്‍ കാനനേ
 രേമേ രാമ ഇവാഭിരാമചരിത: പത്ന്യാസമം സാനുജ:”
{ശ്രീ പരമേശ്വരന്റെ കാരുണ്യത്താല്‍ പാശുപതാസ്ത്രം നേടുവാനായി അര്‍ജ്ജുനന്‍ പോയപ്പോള്‍, ധര്‍മ്മപുത്രന്‍ സജ്ജനങ്ങളാല്‍ സദാ വര്‍ണ്ണിക്കപ്പെടുന്ന പുണ്യകഥകളെ കേട്ടുകൊണ്ടും, ഘോരശത്രുക്കളെ നിഗ്രഹിക്കുവാന്‍ തയ്യാറായി വില്ലേന്തിക്കൊണ്ടും, പത്നിയോടും അനുജരോടും കൂടി കാട്ടില്‍ രാമനേപ്പോലെ സസുഖം വസിച്ചു.}

പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട(ഒന്നാംകാലം)
ചരണം1:
“ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
 ചന്ദ്രികാവിശദസഹജോരുകീര്‍ത്തിയുള്ളോര്‍”
ചരണം2:
“ചിന്തചെയ്യുന്നവരുടെ ചീര്‍ത്ത പാപജാലം
 ചന്തമോടകറ്റുവോര്‍ കീര്‍ത്തികൊണ്ടു നിത്യം”
ചരണം3:
“ദുര്‍മ്മദനാം ദുര്യോധനദുര്‍ന്ന്യായേന കാട്ടില്‍
 ധര്‍മ്മസുതാദികള്‍ മുനിധര്‍മ്മമാചരിച്ചു”
ചരണം4:-രാഗം:തോടി,താളം:ചെമ്പട(രണ്ടാം കാലം)
“ഇന്ദുമൌലിസേവചെയ്യാനിന്ദ്രജന്‍ പോയപ്പോള്‍
 മന്ദതയകന്നു തീര്‍ത്ഥവൃന്ദാടനം ചെയ്തു.”
{ചന്ദ്രവംശമാകുന്ന സമുദ്രത്തിലുണ്ടായ മനോഹര രത്നങ്ങളും, നിലാവുപോലെ നിര്‍മ്മലവും ജന്മസിദ്ധവുമായ വര്‍ദ്ധിതകീര്‍ത്തിയുള്ളവരും, ആശ്രിതരുടെ വലുതായ പാപകൂട്ടത്തെ തങ്ങളുടെ കീര്‍ത്തികൊണ്ട് നിത്യവും നിശ്ശേഷംഅകറ്റുന്നവരും ആയ ധര്‍മ്മസുതാദികള്‍ ദുര്‍മ്മദനായ ദൂര്യോധനന്റെ ദുര്‍ന്യായം കാരണം കാട്ടില്‍ മുനിധര്‍മ്മമാചരിച്ചു വസിച്ചു. ഇന്ദ്രപുത്രന്‍ ചന്ദ്രകലാധരനെ സേവിക്കാനായി പോയപ്പോള്‍ അവര്‍ മന്ദതയില്ലാതെ തീര്‍ത്ഥാടനം ചെയ്തു സഞ്ചരിച്ചുകൊണ്ടിരുന്നു.}
.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: