2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

രാവണവിജയം


വിദ്വാൻ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാനാൽ 
വിരചിതമായ ഉത്തമമായ ഒരു ആട്ടക്കഥയാണ് രാവണവിജയം

കഥാസംഗ്രഹം
വാല്മീകിരാമായണം ഉത്തരകാണ്ഡത്തിലെ രാവണന്റെ വിജയകഥകളെ
 അടിസ്ഥാനപ്പെടുത്തിയാണ് ഈ ആട്ടക്കഥ രചിക്കപ്പെട്ടിരിക്കുന്നത്.
ബ്രഹ്മാവിൽനിന്നും വരബലമാർജ്ജിച്ച ദശമുഖനാൽ ലങ്കയിൽനിന്നും ബഹിഷ്ക്കരിക്കപ്പെട്ട വൈശ്രവണൻ ശിവന്റെ അനുഗ്രഹത്താൽ നിധീശ്വരത്വം നേടി അളകാപുരിയിൽ സസുഖം വസിക്കുന്നകാലത്ത് ഒരിക്കൽ അന്തപ്പുരോദ്യാനത്തിൽ തന്റെ പത്നിയുമായി സല്ലപിക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ കുബേരസമീപമെത്തുന്ന ശ്രീനാരദമഹർഷി ലങ്കാധിപനായ ദശാസ്യന്റെ ദുഷ്പ്രവൃത്തികളെ അറിയിക്കുകയും, ഒരു ദൂതൻ മുഖേന അനുജനോട് സദുപദേശം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇതനുസ്സരിച്ച് വൈശ്രവണൻ ഒരു ദൂതനെ ലങ്കയിലേയ്ക്ക് അയയ്ക്കുന്നു. രാവണൻ മണ്ഡോദരിയുമായി രമിക്കുന്നതാണ് രംഗം മൂന്നിൽ. നാലാം രംഗത്തിൽ ദശമുഖസമീപമെത്തുന്ന ദൂതൻ കുബേരന്റെ സന്ദേശം അറിയിക്കുന്നു. അതുകേട്ട് ക്രുദ്ധനാകുന്ന രാവണൻ തൽക്ഷണം ദൂതനെ നിഗ്രഹിക്കുന്നു. തുടർന്ന് വിഭീഷണന്റെ സാമോക്തികളെ പരിഗണിക്കാതെ ദശമുഖൻ കുബേരനോട് യുദ്ധം ചെയ്യുവാൻ ഉറപ്പിക്കുന്നു രംഗം അഞ്ചിൽ. പ്രഹസ്താദിമന്ത്രിമാരെ ചതുരംഗസേനയോടുകൂടി യുദ്ധത്തിനായി മുൻപേ അയച്ചിട്ട് രാവണനും യുദ്ധസന്നദ്ധനായി അളകാപുരിയിലേയ്ക്ക് പുറപ്പെടുന്നു. ആറാം രംഗത്തിൽ അളകാപുരിയിലെത്തി പോരിനുവിളിക്കുന്ന പ്രഹസ്താദികളോട് യക്ഷരാജകുമാരനായ മാണിചരന്റെ നേതൃത്വത്തിൽ വന്ന യക്ഷന്മാർ ഘോരമായി യുദ്ധം ചെയ്യുന്നു. സൈന്യസമേതം പുറപ്പെട്ട രാവണൻ കലഗിരിതടത്തിലെത്തിയപ്പോൾ സന്ധ്യാകാലമായിപ്പോകയാൽ അവിടെ വിശ്രമിക്കുന്നു രംഗം ഏഴിൽ. ആ പൗർണ്ണമിരാത്രിയിൽ കുബേരപുത്രനായ നളകൂബരനെ അഭിസരിക്കുവാനായി പോകുന്ന സ്വർവേശ്യയായ രംഭയെ ദശാസ്യൻ എകാന്തത്തിൽ ദർശിക്കുന്നു. നീലമൂടുപടമണിഞ്ഞെത്തിയ ആ സ്വർലോകസുന്ദരിയെ കണ്ട് കാമാവേശിതനായിതീരുന്ന ദശമുഖൻ അവളുടെ മോചന പ്രാർത്ഥനകളെ അവഗണിച്ചുകൊണ്ട് ബലാൽക്കാരം ചെയ്യുന്നു. എട്ടാം രംഗത്തിൽ യക്ഷസേനയോട് പൊരുതി തോറ്റുമടങ്ങിയ കിങ്കരന്മാർ രാവണസമീപമെത്തി വിവരങ്ങൾ ധരിപ്പിക്കുന്നു. തുടർന്ന് ദശമുഖൻ വൈശ്രവണനെ പോരിനുവിളിക്കുന്നു. അപ്പോൾ അവിടെയെത്തി രാവണനോട് യുദ്ധംചെയ്ത് ക്ഷീണിതനാകുന്ന വൈശ്രവണനെ നിധിദേവദകൾ രക്ഷിച്ച് നന്ദനവനത്തിലേയ്ക്ക് കൊണ്ടുപോകുന്നു. വിജയമദമത്തനായിതീരുന്ന ദശാസ്യൻ കൈലാസപ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാനാഗ്രഹിച്ചുകൊണ്ട് പുഷ്പകവിമാനത്തിൽ കയറി സഞ്ചരിച്ചു. കൈലാസത്തിന്റെ ഗോപുരത്തിലേയ്ക്ക് അടുക്കുന്ന രാക്ഷസേശ്വരനെ കണ്ട് അത്ഭുതത്തോടെ ദർശിച്ച ശിവപാർഷദനായ നന്ദികേശ്വരൻ അവനെ തടഞ്ഞുനിർത്തുന്നു രംഗം ഒൻപതിൽ. ശ്രീപരമേശ്വരന്റെ മഹിമയെ കീർത്തിച്ച് മടങ്ങിപ്പോകുവാൻ ആജ്ഞാപിച്ച തന്നെ 'വാനരാകൃതേ' എന്നുവിളിച്ച് നിന്ദിച്ച രാവണനെ 'വാനരരുമായി ഘോരയുദ്ധത്തിൽ നാശം വരാനിടയാകട്ടെ' എന്ന് നന്ദികേശ്വരൻ ശപിക്കുന്നു. നന്ദിയെ നിന്ദിച്ചുകൊണ്ട് രാവണൻ കൈലാസപർവ്വതം കടപുഴക്കിയെടുത്ത് അമ്മാനമാടുന്നു. ഈ സമയത്ത് ഭയവിഹ്വലയായിതീർന്ന ശ്രീപാർവ്വതീദേവി പരമേശ്വരനെ ആലിംഗനംചെയ്തു. ശ്രീപരമേശ്വരൻ പാദാഗ്രംകൊണ്ട് പർവ്വതത്തിൽ അമർത്തിയപ്പോൾ ദശാസ്യന്റെ കൈകൾ കൈലാസത്തിനടിയിൽപ്പെട്ട് ഞെരിഞ്ഞു. ആ അവസ്ഥയിൽ രാവണൻ ശിവനെ ഭക്തിപൂർവ്വം സ്തുതിച്ചുകൊണ്ട് സാമഗാനം ചെയ്യുന്നു പത്താം രംഗത്തിൽ. അനന്തരം പ്രീതനായിത്തീരുന്ന ശ്രീപരമേശ്വരൻ ദശമുഖന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ചന്ദ്രഹാസം എന്ന വിശിഷ്ഠമായ വാൾ നകുകയും, 'എല്ലാ ജനങ്ങളും ഭയപ്പെടുമാറ് അത്യുച്ചവും ഗംഭീരവുമായ കണ്ഠരവം(ശബ്ദം) പുറപ്പെടുവിക്കുകകാരണം ഇനിമേലിൽ നീ രാവണൻ എന്നപേരിൽ പ്രസിദ്ധനായിത്തീരും' എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. ശിവാനുഗ്രഹത്തോടെ രാവണൻ ലങ്കയിലേയ്ക്ക് മടങ്ങുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

മൂലകഥയിൽനിന്നുള്ള വതിയാനങ്ങൾ
ഉത്തരരാമായണത്തിലെ രാവണവിജയകഥയിൽ 
രംഗപ്രയോഗാനുഗുണമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ആട്ടക്കഥ രചിക്കപ്പെട്ടിരിക്കുന്നത്.
1.നാരദൻ വന്ന് ദശമുഖന്റെ ലോകോപദ്രവപ്രവർത്തനങ്ങൾ വൈശ്രവണനെ അറിയിക്കുന്നതായി മൂലകഥയിൽ പ്രസ്ഥാവിക്കുന്നില്ല.

2.കുബേരനെപരാജയപ്പെടുത്തൽ, കൈലാസോദ്ധാരണം, ചന്ദ്രഹാസബ്ധി, ഇതരലോകങ്ങളെ ജയിക്കൽ എന്നിവയ്ക്കുശേഷം സ്വർഗ്ഗവിജയത്തിനായി പോകുന്ന സന്ദർഭത്തിൽ രാവണൻ രംഭയെ കണ്ടുമുട്ടുന്നതായാണ് വാൽമീകിരാമായണത്തിൽ വർണ്ണിക്കുന്നത്. എന്നാൽ 'രംഭാപ്രവേശം' എന്ന ഈ ഭാഗം ദശമുഖൻ കുബേരനെ ജയിക്കുവാനായി കൈലാസതടത്തിൽ എത്തിച്ചേരുന്ന സന്ദർഭത്തിൽ നിബന്ധിച്ചിരിക്കുന്നു ആട്ടക്കഥയിൽ.

3.രംഭയെ ബലമായി പ്രാപിക്കുന്ന ദശാസ്യനെ കുബേരപുത്രനായ നളകൂബരൻ ശപിക്കുന്നതായി മൂലകഥയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആട്ടക്കഥയിൽ ഈ ശാപവൃത്താന്തം പ്രസ്ഥാപിക്കുന്നില്ല. അവതരണത്തിൽ രംഭ രാവണനെ ശപിക്കുന്നതായി കാട്ടാറുണ്ട്.

നിലവിലുള്ള അവതരണരീതി
*പണ്ട് ദക്ഷിണകേരളത്തിൽ കുബേരവിജയം(എട്ടാം രംഗം)വരെയുള്ള ഭാഗങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഉത്തരകേരളത്തിലേതുപോലെതന്നെ ദൂതന്റെ വരവും(നാലാം രംഗം), രംഭാപ്രവേശവും(ഏഴാം രംഗം) മാത്രമാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്. 1,2,3,5,6,8,9,10 രംഗങ്ങൾ അവതരിപ്പിക്കു പതിവില്ല.
*മൂന്നാം രംഗം സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലെങ്കിലും ഈ രംഗത്തിന്റെ അവതരണശ്ലോകം ചൊല്ലിയാണ് രാവണന്റെ തിരനോട്ടം അവതരിപ്പിക്കുക പതിവ്. ചില നടന്മാർ തിരനോട്ടത്തെ തുടർന്ന് രാവണന്റെ തന്റേടാട്ടം ആടുകയും പതിവുണ്ട്.
*ഏഴാം രംഗത്തിൽ രംഭാപ്രവേശത്തെ തുടർന്ന് ചില നടന്മാർ കുബേരവിജയം, കൈലാസോദ്ധാരണം, ചന്ദ്രഹാസലബ്ധി എന്നീ ഭാഗങ്ങൾ ആട്ടമായി അവതരിപ്പിക്കുക പതിവുണ്ട്.

1 അഭിപ്രായം:

Saranya Mohanan പറഞ്ഞു...

നന്ദി ... വളരെ നന്നായിരിക്കുന്നു !!