2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ആട്ടക്കഥാകാരൻ

കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ


'വിദ്വാൻ കോയിത്തമ്പുരാൻ' എന്ന അഭരാഭിധാനത്തിൽ 
അറിയപ്പെട്ടിരുന്ന കവിയുടെ യഥാർത്ഥനാമം 'രാജരാജവർമ്മ' എന്നായിരുന്നു. 'ചെറൂണ്ണി' എന്ന ഓമനപ്പേരിലും വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിനെ നേരമ്പോക്കായി 'കരീന്ദ്രൻ' എന്നും പറയപ്പെട്ടിരുന്നു. 'വിഷ്ണുമായാചരിതം' ഭാഷാഗാനത്തിന്റെ പ്രണയനംകൊണ്ട് നൈസർഗ്ഗീകമായ സാഹിത്യകലാഭിരുചിയെ പ്രദർശ്ശിപ്പിച്ച കിളിമനൂർ ഉമാദേവിത്തമ്പുരാട്ടിയുടേയും, ഭാഗവതാർത്ഥകഥനത്തിൽ അപരനായ ശുകമഹർഷിതന്നെ എന്ന് പ്രകീർത്തിതനായ തെക്കേമലബാറിലെ കിഴക്കാഞ്ചേരിയില്ലത്തെ നാരായണൻ നമ്പൂതിരിപ്പാടിന്റേയും ഏകസന്ദാനമായ രാജരാജവർമ്മ ഭൂജാതനായത് കൊല്ലവർഷം 987(1812)ലാണ്. ഒരിക്കൽ കിളിമാനൂർ കൊട്ടാരത്തിലെഴുന്നള്ളിയ റീജന്റ് പാർവ്വതീറാണി തമ്പുരാട്ടി ചെറൂണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിവൈഭവവും കലാപാടവവും നേരിട്ടറിയാനിടയായി. തുടർന്ന് റാണി വാത്സല്യപൂർവ്വം കോയിത്തമ്പുരാനെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നു. അങ്ങിനെ സ്വാതിതിരുനാൾ മഹാരാജാവിന്റെ ബാല്യകാലമിത്രവും സതീർത്ഥ്യനുമായിത്തീരുവാൻ ഭാഗ്യം സിദ്ധിച്ച വിദ്വാൻ കോയിത്തമ്പുരാൻ മഹാരാജാവിന്റെ അനവരതമായ പ്രോത്സാഹനത്തിന് പാത്രീഭൂതനായിക്കൊണ്ടും, രാജകീയവിദ്വൽസദസ്സിന് മാറ്റുകൂട്ടിക്കൊണ്ടും തന്റെ ജീവിതത്തിലെ അനന്തരജീവിതത്തിലെ ഭൂരിഭാഗവും രാജധാനിയിൽ കഴിഞ്ഞുകൂടി. മഹാരാജാവിന്റെ നിയോഗത്താലും, പ്രീതിയെ സമാദരിച്ചുകൊണ്ടും, സമസ്യാപൂരണങ്ങളായും, ഒറ്റശ്ലോകങ്ങളായുമൊക്കെ കിളിമാനൂർ കോയിത്തമ്പുരാൻ നിർമ്മിച്ചിട്ടുള്ള കവനതല്ലജങ്ങൾ ഭാവനാമികവിനാലും പാണ്ഡിത്യത്താലും പ്രശംസനീയങ്ങളായിത്തീർന്നു. ഇങ്ങിനെ നാലും അഞ്ചും അർത്ഥങ്ങൾ വരുന്ന സംസ്കൃതശ്ലോകങ്ങളും, യമകപ്രചുരങ്ങളായ ഭാഷാശ്ലോകങ്ങളുമൊക്കെ എഴുതിയിട്ടുള്ള തമ്പുരാൻ തന്റെ ദ്രുതകവനപാടവം കൊണ്ട് മഹാരാജാവിൽനിന്നും പലപ്പോഴും അനവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. രാവണവിജയം ആട്ടക്കഥ കൂടാതെ സന്ദാനഗോപാലം തുള്ളലും(അപൂർണ്ണം), കിരാതരുദ്രവിംശതീസ്ത്രോത്രം, ശ്രീഭൂതനാഥസംകീർത്തനം എന്നീ സംസ്കൃതകൃതികളും, ഏതാനം ഭാഷാഗാനങ്ങളും, വളരെ ഒറ്റ ശ്ലോകങ്ങളും ഇദ്ദേഹത്താൽ വിരചിതമായിട്ടുണ്ട്. സാഹിത്യത്തിലും സംഗീതത്തിലുമുള്ള അപാരമായ പാണ്ഡിത്യത്താൽ കൈരളിക്ക് അഭിമാനം വളർത്തിയിട്ടുള്ള ഈ കവിശ്രേഷ്ഠൻ കൊല്ലവർഷം1021ൽ(1846) തന്റെ മുപ്പത്തിനാലാം വയസ്സിൽ അകാലചരമം പ്രാപിച്ചു.‌

അഭിപ്രായങ്ങളൊന്നുമില്ല: