2013, മാർച്ച് 21, വ്യാഴാഴ്‌ച

കുചേലവൃത്തം പതിനാറാം രംഗം

രംഗത്ത്-കുചേലപത്നി, സഖി(കുട്ടിത്തരം സ്ത്രീവേഷം), കുചേലൻ

ശ്ലോകം-രാഗം:ബിലഹരി
"കല്യാണശ്രീ തടഞ്ഞീടിന കുസുമവധൂമൗലിമാലയ്ക്കതപ്പോൾ
 മല്ലാരാതേഃ പ്രഭാവാദഖിലപുരവിഭൂത്യാദിസിദ്ധിച്ചതെല്ലാം
 ഉല്ലാസത്തോടു വിപ്രാംഗനയുടെ സഖിമാർ കണ്ടു സന്തോഷഭാരാ-
 ലെല്ലാരും ചേർന്നു തമ്മിൽ ഭണിതമിദമുരച്ചീടിനാർ വിസ്മയേന"
{
മംഗളവതികളുടെ ശിരോഭൂഷണമായുള്ള ബ്രാഹ്മണപത്നിയ്ക്ക് അപ്പോൾ ശ്രീകൃഷ്ണന്റെ പ്രഭാവം കൊണ്ട് ലഭ്യമായ ഗൃഹം, സമ്പത്ത് തുടങ്ങിയയവയെല്ലാം കണ്ട് സന്തോഷിച്ച അവരുടെ തോഴിമാർ അത്ഭുതത്തോടെ പരസ്പരം ഇങ്ങിനെ പറഞ്ഞു}

കുചേലപത്നി രംഗമദ്ധ്യത്തിലെ മഞ്ചത്തിൽ സന്തോഷഭാവത്തിൽ വഴിക്കണ്ണുമായി ഇരിക്കുന്നു. ഇടത്തുഭാഗത്തായി അത്ഭുതത്തോടെ നിൽക്കുന്ന സഖി പദം അഭിനയിക്കുന്നു.

സഖിയുടെ പദം-രാഗം:ബിലഹരി, താളം:അടന്ത
പല്ലവി:
"എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ"

'എന്തൊരു ചിത്രമിദം' കുചേലപത്നി-മാർഗ്ഗി വിജയകുമാർ, സഖി-കുടമാളൂർ മുരളന്ധരൻ നമ്പൂതിരി

അനുപല്ലവി:
"അന്തിക്കുഴക്കരി വെച്ചുമ്മാനില്ലാത്തൊ-
 രന്തർജ്ജനത്തിനു സിദ്ധിച്ചസമ്പത്തി"
("എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ")
ചരണം1:
"കൊണ്ടൽവേണിയിവൾ കണ്ണനു നൽകുവാൻ
 തെണ്ടികൊണ്ടന്നൊരു ശാലിയാൽ നിർമ്മിച്ച
 കണ്ഠമായീടും ചിപിടകം കാന്തന്റെ
 മുണ്ടിൽ കൊടുത്തതു കണ്ടിരിക്കുന്നു ഞാൻ"
("എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ")
ചരണം2:
"കോട്ടയും വാരണക്കൊട്ടിലും മന്ദിര-
 ക്കെട്ടും പതിനെട്ടുമല്ല കുശസ്ഥലീ-
 പട്ടണത്തോടു സമാനം കുചേലന്റെ
 പത്തനാടിക്കു ലഭിച്ച പുരമിതു"
("എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ")
ചരണം3:
"എന്തെങ്കിലുമിവൾതന്നുടെ ഭാഗ്യത്തിൻ-
 വീതം നമുക്കും തടയും സഖിമാരേ
 ഭൂദേവനിന്നിതാ^ താനേ വന്നീടുന്നു
 ജ്യോതിസ്സു മുന്നേതിലേറ്റവും കാണുന്നു"
("എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ")
{സുന്ദരിമാരേ, വിചാരിച്ചാൽ എന്തൊരു വിചിത്രമാണിത്. വൈകിട്ട് വെയ്ക്കുവാൻ ഒരുപിടി അരികൂടി ഇല്ലാതിരുന്ന അന്തർജ്ജനത്തിന് കിട്ടിയ സമ്പത്തുകൾ വിചാരിച്ചാൽ എന്തൊരു വിചിത്രമാണ്. കാർവേണിയായ ഇവൾ ശ്രീകൃഷ്ണനു നൽകുവാനായി ഇരുന്നുകൊണ്ടുവന്ന നെല്ലിനാൽ നിർമ്മിച്ച അവിൽ, മുണ്ടിൽ പൊതിഞ്ഞ് കാന്തന്റെ കൈയ്യിൽ കൊടുത്തയയ്ച്ചത് ഞാൻ കണ്ടിരിക്കുന്നു. കോട്ടയും, ആനക്കൊട്ടിലും, മന്ദിരക്കെട്ടും പതിനെട്ടുമല്ല, ദ്വാരകാപട്ടണത്തോടും സമാനമാണീ കുചേലന്റെ പത്നിക്കുലഭിച്ച ഈ പുരം. സഖിമാരേ, ഇവളുടെ ഭാഗ്യത്തിന്റെ വിഹിതം എന്തെങ്കിലും നമുക്കും തടയും. ബ്രാഹ്മണൻ ഇന്നിതാ താനേ വന്നീടുന്നു. മുന്നേയുള്ളതിലും കൂടുതൽ ജ്യോതിസ്സ് അദ്ദേഹത്തിൽ കാണുന്നു.}

[
^'ഭൂദേവനിതാ' എന്നത് സഖി ആടുന്നതിനൊപ്പം കുചേലപത്നിയും ഭർത്താവ് വരുന്നതുകണ്ട് എഴുന്നേൽക്കുന്നു. ഈ സമയത്ത് കുചേലൻ സദസ്സിനുനടുവിലൂടെ വേദിയിലേയ്ക്ക് പ്രവേശിക്കുന്നു. പത്നി ഓടിച്ചെന്ന് സ്വീകരിച്ച് രംഗത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.]

സഖിയുടെ പദം അവസാനിക്കുന്നതോടെ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുദാമാവ് തന്റെ ഗൃഹവും സമ്പത്തിയും കണ്ട് അത്ഭുതപ്പെടുന്നു. ഭഗവാന്റെ കരുണയോർത്ത് ഭക്തിപൂർവ്വം വണങ്ങിയിട്ട് കുചേലൻ, ഭഗവാൻ തന്നെ രുഗ്മിണീസമേതനായി സ്വീകരിച്ച് സൽക്കരിച്ചതും, അവിലുതട്ടിപ്പറിച്ച് ഭക്ഷിച്ചതുമായ കാര്യങ്ങൾ പത്നിയെ അറിയിക്കുന്നു. തുടർന്ന് കുചേലൻ പദം അഭിനയിക്കുന്നു.

കുചേലന്റെ പദം-രാഗം:മോഹനം, താളം-അടന്ത
പല്ലവി:
"സുദതീ മാമകനായികേ എന്തു വൈശിഷ്ട്യം
 സുദതീ മാമകനായികേ"

'സുദതീ മാമകനായികേ' - കുചേലൻ-മാത്തൂർ ഗോവിന്ദൻകുട്ടി, പത്നി-കലാ:ചെമ്പക്കര വിജയൻ

അനുപല്ലവി:
"സദനസ്വാപതേയാദി സകലം പാർക്കിലദ്യാപി"
("സുദതീ മാമകനായികേ......................മാമകനായികേ")
ചരണം1:
"പക്ഷീന്ദ്രാസനനാകും ലക്ഷ്മീശകൃപയാലേ
 അക്ഷയവിഭൂതികളിക്ഷണം ലഭിച്ചതും
 പക്ഷപാതമില്ലന്യലക്ഷണമതുമില്ല
 കാംക്ഷിതം കഥിച്ചീല ഞാൻ കഥയ കിമു മൂലം"
("സുദതീ മാമകനായികേ......................മാമകനായികേ")
ചരണം2:
"സർവ്വജ്ഞൻ ഹരിയെന്നു സർവസമ്മതം പാരിൽ
 സർവാത്മാ മുരവൈരി ഗീർവാണതരുവല്ലോ
 അറിയാതൊന്നുമില്ലിന്നു മറിമാൻലോചനേ ചിത്ത-
 താരിൽ ഭൂമമെന്തിനു സുമുഖി സുഖമുണ്ടാം"
("സുദതീ മാമകനായികേ......................മാമകനായികേ")
ചരണം3:
"ഐഹികസുഖം ബാലേ മോഹഭ്രാന്തിയാകുന്നു
 ഈഹാകാമ്യകലേശം നഹി മേ വസ്തുനി നൂനം
 അഹിനാഥാസനഭക്തിമാഹാത്മ്യമതിലേറ്റം
 മോഹം സുന്ദരീ വാഴ്ക നീ ഭൂതിസുതസഹിതം"
{സുന്ദരമായ പല്ലുകളോടുകൂടിയവളേ, എന്റെ നായികേ, ഗൃഹം, സമ്പത്ത് ആദിയെല്ലാം കാണുമ്പോൾ ഇന്ന് എന്തു വൈശിഷ്ട്യം! ഗരുഢവാഹനനായ ലക്ഷ്മീശന്റെ കൃപയാൽ ഇപ്പോൾ ക്ഷയിക്കാത്തതായ ദിവ്യവസ്തുക്കൾ ലഭിച്ചതു് ഓർത്താൽ പക്ഷപാതമില്ല, ലക്ഷണമതും ഇല്ല. ആഗ്രഹം ഞാൻ പറഞ്ഞില്ല. പറയുക, പിന്നെ എന്തു കാരണം? വിഷ്ണു സർവ്വജ്ഞനെന്ന് ലോകത്തിൻ സർവ്വസമ്മതമാണ്. സർവ്വാത്മാവും മുരവൈരിയുമായ അദ്ദേഹം കല്പവൃക്ഷമാണ്. അദ്ദേഹത്തിന് ഇന്ന് അറിയാത്തതായൊന്നുമില്ല. മാൻമിഴിയാളേ, സുമുഖീ, മനസ്സിൽ ഭ്രമം എന്തിന്? സുഖമുണ്ടാകും. ബാലികേ, ഇഹലോകസുഖം വെറും മോഹവിഭ്രാന്തിയാകുന്നു. ഇവയിൽ അല്പവും അഗ്രഹം എനിയ്ക്കില്ല. വാസ്തവത്തിൽ ഗരുഢാസനനായ ഭഗവാനിലുള്ള ഉറച്ച ഭക്തിയുടെ മാഹാത്മ്യം അതിലും കൂടുതലാണ്. അതിലാണ് എനിക്ക് മോഹം. സുന്ദരീ, നീ ഐശ്വര്യത്തോടെ കുട്ടികൾക്കൊപ്പം വാഴുക.}

'അഹിനാഥാസനഭക്തി' - കുചേലൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, പത്നി-മാർഗ്ഗി വിജയകുമാർ

ശേഷം ആട്ടം-
കുചേലൻ:'അതുകൊണ്ട് ഒട്ടും ഭ്രമിക്കാതെ എന്നും ശ്രീകൃഷ്ണപാദാരവിന്ദങ്ങളിൽ ഭക്തി വെച്ചുകൊണ്ട് സുഖമായി വസിക്കുക'
കുചേലപത്നി സമ്മതിച്ചു വന്ദിച്ച് മാറി, നിഷ്ക്രമിക്കുന്നു. കുചേലൻ ഭഗവത് സ്മരണയിൽ മുഴുകി ഇരിക്കുന്നു.


-----(ധനാശി)-----

1 അഭിപ്രായം:

പ്രവീൺ ജി വാര്യർ പറഞ്ഞു...

എന്തൊരു ചിത്രമിദം എന്ന പദത്തിൻറെ ഒന്നാം ചരണം

ഹന്ത സഖീമാരേ മുന്നമിവൾ തീക്ഷ്ണ
ഗന്ധ കിസലയം തിന്നു കിടന്നതും,
ചെന്താരിൽ മാലിനി കാന്തൻറെ കാരുണ്യം
സന്തതി കണ്ടാൽ ഇതെന്തൊരു വിസ്മയം