2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

രാവണവിജയം മൂന്നാം രംഗം(രാവണന്റെ പാടിപ്പദം)

രംഗത്ത്-രാവണൻ(ഒന്നാംതരം കത്തിവേഷം), മണ്ഡോദരി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
"പ്രാലേയഭാനുകരലാളിതകേളിസൗധം
 ബാലാം നയൻ സ്വദയിതാം സ തു യാതുനാഥഃ
 പ്രേമാതുരാം പ്രസൃമരസ്മരപീഡിതാത്മാ
 പ്രാണാധികപ്രിയതമാമിദമാബഭാഷേ"
{രാക്ഷസനാഥനായ രാവണൻ വർദ്ധിക്കുന്ന കാമാവേശത്താൽ പീഡിക്കപ്പെട്ട മനസ്സോടുകൂടിയവനായിട്ട് മുഗ്ദ്ധയും പ്രേമാതുരയുമായിരിക്കുന്നവളും, തനിക്ക് പ്രാണനേക്കാൾ പ്രീയപ്പെട്ട പത്നിയുമായിരിക്കുന്നവളുമായ മണ്ഡോദരിയെ ചന്ദ്രരശ്മികളാൽ ലാളിക്കപ്പെടുന്നതായ കേളീസൗധത്തിലേയ്ക്ക് ആനയിച്ചിട്ട് ഇപ്രകാരം പറഞ്ഞു.}

രാവണന്റെ ശൃംഗാരരസത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ട് രംഗമദ്ധ്യത്തിൽകൂടി പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന രാവണൻ മുന്നോട്ടുവന്ന് പത്നിയെ ഇടതുഭാഗത്തേയ്ക്ക് വിടർത്തിനിർത്തിയശേഷം നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
"നളിനായതനേർമിഴി ബാലേ നലമോടിഹ വരുക നീ ചാലേ"
അനുപല്ലവി:
"കളഭാഷിണിമാർമുടിമാലേ കളഭസമാനാഞ്ചിതഗമനേ"
ചരണം1:
"കൊഞ്ചുമ്മൊഴി നാണമിയന്നിഹ കിഞ്ചന നീ വദനം താഴ്ത്തി
 പുഞ്ചിരികൊണ്ടയി മമ ഹൃദയം വഞ്ചന ചെയ്തീടുന്നെന്തേ
 അരുണാധരപാനമതിന്നായഹമഹമികകൊണ്ടിഹ തമ്മിൽ
 കരഭോരു മമാനനമെല്ലാം കലഹരസം കരുതീടുന്നു"
{താമപ്പൂവിനൊത്ത കണ്ണുകളോടുകൂടിയവളേ, ബാലികേ, മധുരഭാഷിണികളുടെ ശിരോരത്നമേ, ആനയേപ്പോലെ മനോഹരമായി നടക്കുന്നവളേ, നീ ഏറ്റവും സുഖത്തോടെ ഇവിടെ വരുക. മധുരമൊഴീ, നാണത്തോടെ മുഖം അല്പം താഴ്ത്തി നീ പുഞ്ചിരികൊണ്ട് എന്റെ ഹൃദയം കവർന്നീടുന്നതെന്തേ? തുമ്പിക്കൈക്കൊത്ത ഊരുക്കളോടുകൂടിയവളേ, ചെഞ്ചുണ്ടുകളെ പാനം ചെയ്യുന്നതിനായി 'ഞാൻ മുൻപേ', 'ഞാൻ മുൻപേ' എന്നനിലയിൽ എന്റെ മുഖങ്ങളെല്ലാം തമ്മിൽ കലഹിക്കുന്നു.‌}

മണ്ഡോദരിയുടെ മറുപടിപ്പദം-രാഗം:നവരസം, താളം:അടന്ത
പല്ലവി:
"നിശമയ വചനം മേ നിരുപമഗുണാകര
 നിശിചരാധിപ ജീവനായക"
അനുപല്ലവി:
"ശശധരനിഹ നാഥ ചാലവേ കുമുദിനീ-
 വിശസനമൊഴിപ്പതും വിരവിനൊടു കണ്ടാലും"
("നിശമയ വചനം മേ.....................................ജീവനായക")

"പ്രാലേയഭാനുതൻ പാലോലും കരാമൃതം
 പാനം ചെയ്‌വതിനിന്നു സാദരം
 ബാലികയാകുമൊരു ലീലാചകോരികയും
 ലോലയായ് വസിപ്പതുമാലോകയ രമണ"
("നിശമയ വചനം മേ.....................................ജീവനായക")
ചരണം2:
"പല്ലവശയ്യയിതു പവനചലിതദല-
 നല്ലൊരു പാണികൊണ്ടു നിയതം
 മെല്ലവെയിതാ നമ്മെ മുഹുരപി വിളിപ്പതും
 കല്യാണാലയ ഭവാൻ കണ്ടിതോ കുതൂഹലം"
("നിശമയ വചനം മേ.....................................ജീവനായക")
{നിരുപമമായ ഗുണങ്ങളോടുകൂടിയവനേ, രാക്ഷസാധിപാ, ജീവനായകാ, എന്റെ വാക്കുകളെ ശ്രവിച്ചാലും. നാഥാ, ചന്ദ്രൻ ഇവിടെ ആമ്പലിന്റെ ദുഃഖാതിരേകത്തെ വഴിപോലെ ഒഴിക്കുന്നത് സാദരം കണ്ടാലും. പ്രിയതമാ, ബാലികയായ ഒരു ചകോരപക്ഷി ചന്ദ്രന്റെ പാൽനിലാവ് കുടിക്കുന്നതിനായി ശ്രമിച്ചുകൊണ്ട് വസിക്കുന്നതും വഴിപോലെ കണ്ടാലും. ഈ തളിർമെത്ത കാറ്റേറ്റിളകുന്ന ഇതളാകുന്ന കൈകൊണ്ട് നമ്മെ വീണ്ടും വീണ്ടും വിളിക്കുകതന്നെ ചെയ്യുന്നു. ഗുണനിലയാ, ഭവാൻ ഇത് സന്തോഷത്തോടെ കണ്ടില്ലയോ?}

ശേഷം ആട്ടം-
മണ്ഡോദരി പദം കലാശിക്കുന്നതോടെ രാവണൻ എഴുനേറ്റ് അവളെ ആലിംഗനം ചെയ്യുന്നു^.
രാവണന്‍:(അല്പസമയം ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിന്നതിനുശേഷം പത്നിയെ വിടർത്തിനിർത്തിയിട്ട്) ‘അല്ലയോ പ്രിയേ, എനിക്ക് സഭയിലേയ്ക്ക് പോകുവാൻ സമയമായിരിക്കുന്നു. അതിനാൽ നീ ഇനി അന്തപ്പുരത്തിൽ പോയി സുഖമായി വസിച്ചാലും.'
അനുസ്സരിച്ചുകൊണ്ട് മണ്ഡോദരിയും സ്നേഹപൂർവ്വം അവളെ അയയ്ച്ചുകൊണ്ട് രാവണനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[
^രാവണൻ നായികാവണ്ണനയായുള്ള ശ്ലോകങ്ങൾ ഇവിടെ ആടാറുണ്ട്. ]

അഭിപ്രായങ്ങളൊന്നുമില്ല: