2012, ഫെബ്രുവരി 15, ബുധനാഴ്‌ച

രാവണവിജയം നാലാം രംഗം

രംഗത്ത്-രാവണൻ, ദൂതൻ(കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കാമോദരി
"ഇതി ബഹുവിധൈർലീലാഭേദൈഃ പ്രിയമുപലാളയേ-
 ത്യഥ നിശിചരാധീശേ ലങ്കാപുരേ സുഖമാസ്ഥിതേ
 ധനപതിസമാദിഷ്ടോ ദൂതസ്സമേത്യ തദന്തികം
 പ്രണയമധുരാമൂചേ വാണീം പ്രണാമപുരസ്സരം"
{ഇപ്രകാരം ബഹുവിധങ്ങളായ ക്രീഡാവിശേഷങ്ങളെക്കൊണ്ട് പ്രിയതമയെ പ്രീണിപ്പിക്കുന്നവനായിക്കൊണ്ട് രാക്ഷസാധീശ്വരനായിരിക്കുന്ന രാവണൻ ലങ്കാപുരിയിൽ സസുഖം വാണുവരവെ കുബേരനാൽ നിയോഗിക്കപ്പെട്ടവനായ ഒരു ദൂതൻ രാവണന്റെ സമീപത്തെ പ്രാപിച്ചിട്ട് നമസ്ക്കാരപൂർവ്വം സ്നേഹംകൊണ്ട് മധുരമായിരിക്കുന്ന വാക്കിനെ പറഞ്ഞു.}

ഇടതുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ദൂതൻ വലത്തുഭാഗത്തായി വാൾകുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്ന രാവണനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടശേഷം പദാഭിനയം ആരംഭിക്കുന്നു.

ദൂതന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"യാതുധാനശിഖാമണേ ശൃണു രാജരാജനിയോഗം
 വീതസശയമിഹ വീര"
അനുപല്ലവി:
"ഏതുമേ പിഴയാതെ തന്മുഖ-
 ജാതമാം മൊഴി ചൊൽവതിദാനീം"
("യാതുധാനശിഖാമണേ ശൃണു..............................വീര")
ചരണം1:
"തിങ്കൾമൗലിതൻപാദപങ്കജം ഭജിച്ചു ഞാൻ
 ലങ്കയിൽനിന്നു വന്നശേഷം തൽകൃപാലേശ-
 മെങ്കലുണ്ടായി പരിതോഷം കലർന്നഹോഗത-
 ശങ്കമിഹ മരുവുന്നു ഞാൻ ഭവസങ്കടങ്ങളൊഴിപ്പതിന്നിഹ
ശങ്കരനുടെ ചരണം ശരണം വരണം മേലിലുമപി സതതം മേ"
("യാതുധാനശിഖാമണേ ശൃണു..............................വീര")
ചരണം2:
"പാരിടമഖിലവും പാരാതെ നിന്റെ ഭുജ-
 സാരാനലങ്കൽ നീയെരിച്ചു എന്നല്ല പര-
 ദാരങ്ങളെയപഹരിച്ചു ഈവണ്ണമോരോ
 ഘോരതരദുരിതോരുജലനിധിതാരണേ ഗതിയാരയേ തവ
 ചേരുവതല്ലിവയൊന്നുമഹോ ബഹുപാപം അരുതിനി ജനതാപം"
("യാതുധാനശിഖാമണേ ശൃണു..............................വീര")
ചരണം3:
"വാസവമുഖനാകവാസിവൃന്ദങ്ങളെന്റെ
 ശാസനം കേൾക്കണമെല്ലാരും അതിനുകമ-
 ലാസനവരബലം പോരും എന്നുള്ള ഗർവ്വം
 ആസകലപി തീരും ഇഹ പുരശാസനൻ പദദാസജന പരി-
 ഹാസവിധം തുടരുന്നതിനൊരുപായം ഇല്ലിഹ നിരപായം"
("യാതുധാനശിഖാമണേ ശൃണു..............................വീര")
{രാക്ഷസരുടെ ശിരോരത്നമേ, വീരാ, കുബേരന്റെ നിയോഗത്തെ നിസംശയം ഇവിടെ കേട്ടാലും. അദ്ദേഹത്തിന്റെ മുഖത്തുനിന്നും പുറപ്പെട്ട വാക്കുകൾ ഒട്ടും മാറ്റമില്ലാതെ ഇതാ പറയാം. ശ്രീപരമേശ്വരന്റെ കാൽത്താമരകളെ ഭജിച്ച് ഞാൻ ലങ്കയിൽനിന്നും വന്നശേഷം അദ്ദേഹത്തിന്റെ കൃപ എന്നിൽ ഉണ്ടായി. ഹോ! ഭയമൊഴിഞ്ഞ് സന്തോഷത്തോടുകൂടി ഞാനിവിടെ വസിക്കുന്നു. സംസാരദുഃഖങ്ങൾ ഒഴിക്കുന്നതിനായി ഇവിടെ ശ്രീപരമേശ്വരന്റെ പാദങ്ങൾ ശരണമായി വരേണം, മേലിലും, എല്ലായിപ്പോഴും. ലോകം മുഴുവനും വഴിപോലെ നിന്റെ കരബലമാകുന്ന അഗ്നിയിൽ നീ എരിച്ചു. എന്നുമാത്രമല്ല, പരസ്ത്രീകളെ നീ അപഹരിച്ചു. ഇപ്രകാരമോരോ ഘോരതരമായ പാപമാകുന്ന മഹാസമുദ്രത്തെ കടത്തിവിടുന്നതിൽ ആരാണ് നിനക്ക് ശരണമാകുന്നത്? ഇവയൊന്നും നിനക്ക് ചേരുന്നവയല്ല. ഹോ! മഹാപാപം. ഇനി ജനങ്ങൾക്ക് ദുഃഖം വരുത്തരുത്. ഇന്ദ്രൻ മുതലായ ദേവന്മാരെല്ലാവരും എന്റെ ആജ്ഞകേൾക്കണമെന്നും, അതിന് ബ്രഹ്മവരബലം മതിയാകുമെന്നുമുള്ള നിന്റെ ഗർവ്വെല്ലാം ഇവിടെത്തീരും. ശിവഭക്തന്മാരെ പരിഹസിക്കുവാൻ ഒരുമ്പെടുന്നതിന് അപായരഹിതമായ ഒരു ഉപായം ഇന്നെങ്ങുമില്ല.‌}

"ശൃണു രാജരാജനിയോഗം" (രാവണൻ-ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, ദൂതൻ-കലാനി:കരുണാകരക്കുറുപ്പ്)
ദൂതൻ പദം കലാശിച്ചിട്ട് വണങ്ങി നിൽക്കുന്നതോടെ ഗായകർ ശ്ലോകമാലപിക്കുന്നു.

ശ്ലോകം^-
"ഇതി നിശമ്യ ധനേശനിദേശമ-
 പ്യസഹനീയരുഷാ പരുഷാശയഃ
 ധനദദൂതമമും സ ദശാനനഃ
 ശമനദൂതവശംവദമാതനോത്"
{ഇപ്രകാരമുള്ള കുബേരന്റെ സന്ദേശത്തെപ്പോലും കേട്ടിട്ട് സഹിക്കാനാവാത്ത കോപംകൊണ്ട് കഠിനഹൃദയനായ ആ ദശാനനൻ ഈ കുബേരദൂതനെ വധിച്ചു.}

[
^ദൂതന്റെ വാക്കുകൾ കേൾക്കെകേൾക്കെ ക്രോധം വർദ്ധിച്ച് രാവണൻ ശ്ലോകസമയത്ത് എഴുന്നേറ്റ് ദൂതനെ ബലമായി പിടിക്കുകയും വാൾകൊണ്ട് കഴുത്തറുത്ത് അവനെ വധിക്കുകയും ചെയ്യുന്നു.]

ശേഷം ആട്ടം-
രാവണൻ:(ദൂതന്റെ അറുത്ത ശിരസ്സ് ദൂരേയ്ക്ക് എറിഞ്ഞുകളഞ്ഞശേഷം വാൾ തുടച്ച് ഉറയിലിട്ടിട്ട്)'ഛീ! എന്നെ പേടിച്ച് ഇവിടെ നിന്നും ഓടിക്കളഞ്ഞ അവൻ ഇപ്പോൾ എന്നെ ഗുണദോഷങ്ങൾ പറയുവാൻ ശ്രമിക്കുന്നു. അവന്റെ ഈ അഹങ്കാരം ഒട്ടും സഹിക്കുവാനാകുന്നില്ല. ഇവനെ ജയിച്ച് പുഷ്പകവിമാനം കൊണ്ടുവന്ന് കാൽക്കൽ സമർപ്പിക്കാം എന്ന് പണ്ട് ഞാൻ അമ്മയ്ക്കുനൽകിയ സത്യം നടപ്പാക്കുവാനും ഇപ്പോൾ സമയം വന്നിരിക്കുന്നു. ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് വലതുഭാഗത്തായി കണ്ട്, അനുഗ്രഹിച്ചിട്ട്)'അല്ലയോ മന്ത്രിശ്രേഷ്ഠാ, ഇപ്രകാരം വൈശ്രവണദൂതൻ പറഞ്ഞത് കേട്ടില്ലയോ? ഇനി ഒട്ടും താമസിക്കാതെ അവന്റെ അഹങ്കാരം നശിപ്പിക്കുവാനായി സൈന്യങ്ങളോടുകൂടി പുറപ്പെട്ടാലും.^' (മന്ത്രിയെ അനുഗ്രഹിച്ചയയ്ച്ച് തിരിഞ്ഞ് വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇനി വേഗം യുദ്ധത്തിനായി പുറപ്പെടുകതന്നെ'
തുടര്‍ന്ന് രാവണന്റെ പടപ്പുറപ്പാട്-
രാവണന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
രാവണൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം രാവണൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു.* തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
രാവണന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
രാവണന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി അളകാപുരിയിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’
(വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി വൈശ്രവണനെ ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം രാവണൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു^.

-----(തിരശ്ശീല)-----

[
^ രാവണൻ മന്ത്രിയോടും വിഭീഷണനോടും കൂടിയാലോചിക്കുന്നത് അഞ്ചാം രംഗത്തിലാണുള്ളത്. എന്നാൽ ഈ രംഗം ഇപ്പോൾ സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതിനാൽ ഇവിടെ ആട്ടമായി ഇങ്ങിനെ അവതരിപ്പിക്കുകയാണ് പതിവ്. രാവണൻ പടപ്പുറപ്പാട് നടത്തുന്നതും അഞ്ചാം രംഗത്തിനൊടുവിലാണ് വേണ്ടത്. എന്നാൽ ആ രംഗം പതിവില്ലാത്തതിനാൽ ഇവിടെ ആട്ടത്തെതുടർന്ന് പടപ്പുറപ്പാടും ആടുകയാണ് നിലവിലെ പതിവ്.]

[
^ചിലനടന്മാർ ഏഴാം രംഗത്തിലേയ്ക്ക് ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ തുടർന്ന് ഒരു ആട്ടം കൂടി ആടിയശേഷമാണ് നിഷ്ക്രമിക്കുക.
ആട്ടത്തിന്റെ സാമാന്യരൂപം-
രാവണൻ:(സൈന്യസമേതം അളകാപുരിയിലേയ്ക്ക് പുറപ്പെട്ട് സഞ്ചരിക്കുന്നതായി നടിച്ചശേഷം നിന്നിട്ട്)'സൂര്യൻ അസ്തമിച്ചിരിക്കുന്നു' (ഭന്മാരോടായി)'ഹേയ് നിൽക്ക്, നിൽക്ക്' (ഇടത്തേയ്ക്കുതിരിഞ്ഞ് പ്രഹസ്തനോടായി)'അല്ലയോ മന്ത്രിശ്രേഷ്ഠാ, നീ കുറച്ച് സൈന്യത്തോടുകൂടി പോയി വൈശ്രവണനോട് യുദ്ധം ചെയ്താലും' (പ്രഹസ്തനെ അനുഗ്രഹിച്ച്, അയയ്ച്ചശേഷം പടച്ചട്ട അഴിച്ചുവെച്ചിട്ട് സൈന്യങ്ങളോടായി)'എല്ലാവരും കൂടാരംകെട്ടി ഭക്ഷണം പാകചെയ്തുകഴിച്ച് സ്വല്പസമയം ഇവിടെ സുഖമായി വിശ്രമിച്ചുകൊള്ളുക. ഞാൻ അല്പസമയം ഇവിടെയെല്ലാം ചുറ്റി സഞ്ചരിച്ച് വരാം' ('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ചുറ്റുംനോക്കി ഭംഗി നടിച്ചിട്ട്)'ഉദിച്ചുയർന്നുനിൽക്കുന്ന പൂർണ്ണചന്ദ്രന്റെ നിലാവ് പരന്ന് ഇവിടമെല്ലാം ശോഭിക്കുന്നു' (കാറ്റ് ശരീരത്തിൽ തട്ടുന്നതായി നടിച്ചിട്ട്)'മന്ദമാരുതൻ കുളിർമ്മയേകുന്നു' (ശബ്ദം കേൾക്കുന്നതായി നടിച്ചിട്ട്)'രാക്കുയിലുകളുടെ മധുരസംഗീതം കേൾക്കുന്നു' (മുന്നിൽ കണ്ടിട്ട്)'നിശാശലഭങ്ങൾ പറന്നുനടക്കുന്നു' (കാമോത്സുകത നടിച്ചിട്ട്)'ഛായ്! യുദ്ധത്തിനായി പുറപ്പെട്ട സമയത്ത് കാമചിന്ത! ഹേയ്! ഹേയ്! (അങ്ങുമിങ്ങും ഉലാത്തവെ പെട്ടന്ന് മണക്കുന്നതായി നടിച്ചിട്ട്)'ഒരു സുഗന്ധം പരക്കുന്നതെന്ത്?' (പെട്ടന്ന് ആകാശത്തിലായി കണ്ട് അത്ഭുതപ്പെട്ടിട്ട്)'ആകാശത്തിൽ നിന്നും ഒരു രൂപം താഴേയ്ക്ക് ഇറങ്ങിവരുന്നു' (ശ്രദ്ധിച്ച് വീക്ഷിച്ചിട്ട്)'നീലവസ്ത്രം കൊണ്ട് ദേഹമാകെ മൂടി വരുന്നത് ഒരു സ്ത്രീയാണോ?' (വിണ്ടും ശ്രദ്ധിച്ചുനോക്കിയിട്ട്)'അതെ, അതെ, ഒരു സ്ത്രീതന്നെ. ഈ സമയത്ത് ഒരു സുന്ദരി ഇവിടെയ്ക്ക് ഒറ്റയ്ക്ക് വരുന്നത് ഉചിതമായി. ഇനി അവൾ വരുന്നവഴിയിൽത്തന്നെ ഇരിക്കാം. സമീപമെത്തുമ്പോൾ അവളെ പ്രാപിക്കുകതന്നെ'
രാവണൻ സന്തോഷത്തോടുകൂടി മുകളിലേയ്ക്കുതന്നെ നോക്കിക്കൊണ്ട് സാവധാനം പിന്നിലേയ്ക്കുമാറി വള്ളിക്കുടിലിലേയ്ക്ക് കയറുന്ന ഭാവത്തിൽ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----


നാലാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും രാവണൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി രാവണൻ പകർന്നാടുകയാണ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല: