2012, ഫെബ്രുവരി 8, ബുധനാഴ്‌ച

രാവണവിജയം ഏഴാം രംഗം (രംഭാപ്രവേശം)

രംഗത്ത്-രാവണൻ, രംഭ(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം
"സന്ധ്യാകാലേ കലഗിരിതടേ ഗന്തുമേവാക്ഷമേഷു
 സ്കന്ധാവാരം സപദി കലയൻ സൈനികേഷു സ്വകേഷു
 സങ്കേതം തദ്ധനദസദനം
സംക്രമന്തീം നിശായാം
 ശങ്കാവിഷ്ടാം മദനതരളസ്തത്ര രംഭാം ദദർശ"
{സന്ധ്യാസമയത്ത് തന്റെ സൈനികർ സഞ്ചരിക്കുവാൻ അക്ഷമരായിത്തീർന്നപ്പോൾ പെട്ടന്ന് കലയപർവ്വതത്തിന്റെ താഴ്വരയെ സൈനീകത്താവളമാക്കിയ രാവണൻ, രാത്രിയിൽ സങ്കേതമായിരിക്കുന്ന വൈശ്രവണഗൃഹത്തിലേയ്ക്ക് നടന്നുപോകുന്നവളും ശങ്കാഭരിതയും രംഭയെന്ന് പേരുള്ളവളുമായ അപ്സരസ്ത്രീയെ അവിടെ കണ്ടിട്ട് കാമപരവശനായി.}

രാവണൻ വലത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി പ്രവേശിക്കുന്ന രംഭ ശ്ലോകം അഭിനയിച്ചുകൊണ്ട് സാവധാനം മുന്നോട്ട് നീങ്ങുന്നു.

ശ്ലോകം-രാഗം:നീലാംബരി
"അതി മൃദുപദന്യാസൈര്യാന്തീം സ്വനൂപുരശിജ്ഞിതാത്
 പ്രതിപദമപിസ്ഥിത്വോച്ഛ്വാസാൻ നിയമ്യ വിമുഞ്ചതീം
 സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ-
 പ്രതിരുചിനിചോളാന്തർലീനാം ജഗാദ ദശാനനഃ"
{തന്റെ കാൽച്ചിലമ്പിന്റെ കിലുക്കം കേൾക്കാത്തിരിക്കുവാനായി ഏറ്റവും മൃദുവായ കാൽവെയ്പ്പുകളോടുകൂടി നടക്കുന്നവളും, അടിതോറും നിന്നിട്ട് ഉച്ഛ്വാസങ്ങളെ അടക്കിനിർത്തി വിടുന്നവളും, അഭയത്തോടുകൂടി അസ്ഥാനങ്ങളിൽ നോക്കുന്നവളും, പുതുമേഘത്തിനുതുല്യമായ കാന്തിവഹിക്കുന്നതായ മൂടുപടത്തിനകത്ത് മറഞ്ഞവളുമായ ആ സുന്ദരിയോട് രാവണൻ പറഞ്ഞു.}

ശ്ലോകാന്ത്യത്തോടെ നടന്ന് രാവണന്റെ മുന്നിലെത്തുന്ന രംഭയെ തടഞ്ഞുനിർത്തിയിട്ട് രാവണൻ പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:നീലാംബരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
"രാകാധിനാഥരുചിരഞ്ജിതനിശായാം
 ഏകാകിനീ ചരസി കാസി കളവാണി"
ചരണം1:
"നീലനിചോളേന നിഹ്നുതമതെങ്കിലും
 ചാലവേ കാണുന്നു ചാരുതരമങ്ഗം
 കാളിന്ദീവാരിധിയിൽ ഗാഹനം ചെയ്തൊരു
 കാഞ്ചനശലാകതൻകാന്തിയതുപോലവേ"
ചരണം3:*
"പ്രകൃതിജിതപല്ലവം പീയൂഷപൂരിതം
 ശുകമൊഴി പൊഴിഞ്ഞീടും സുസ്മിതശ്രീപദം
 സകൃദപി തവാധരം തന്നുവെന്നാകിലോ
 സുകൃതനിധി ഞാനെന്നു സുദതി വരുമിന്നഹോ"
ചരണം4^
"ഈരേഴുപാരിനിന്നീശനായുള്ള ഞാൻ
 മാരാതിരേകശരമാൽ പിണകയാലേ
 താരാധിനാഥമുഖി താവകവശംവദൻ
 പോരേ മനോജരണപോരിനു വിസംശയം"
{അല്ലയോ സുന്ദരീ, പൂർണ്ണചന്ദ്രന്റെ ശോഭയാൽ മനോഹരമായിരിക്കുന്ന ഈ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന നീ ആരാണ്? നീലവർണ്ണമുള്ള മൂടുപടംകൊണ്ട് മറയ്ക്കപ്പെട്ടതെങ്കിലും ഭവതിയുടെ ഏറ്റവും മനോഹരമായ ഉടൽ, കാളിന്ദീജലത്തിൽ ആണ്ടുകിടക്കുന്ന കാഞ്ചനശലാകയുടെ കാന്തിയെന്നതുപോലെ നല്ലവണ്ണം തെളിഞ്ഞുകാണുന്നു. സുന്ദരീ, പ്രകൃത്യാതന്നെ തളിരിനെ ജയിക്കുന്നതും, അമൃതം നിറഞ്ഞതും, കിളിക്കൊക്കുന്ന മധുരനാദം പൊഴിക്കുന്നതായ മനോഹരമായ പുഞ്ചിരിയാകുന്ന ലക്ഷ്മിയുടെ ഇരിപ്പിടവുമായ നിന്റെ ചുണ്ടുകൾ ഒരിക്കലെങ്കിലും തന്നുവെന്നാകിൽ, ഹോ! ഇന്ന് ഞാൻ ഭാഗ്യത്തിന് ഇരിപ്പിടമായുള്ളവനാണന്നുവരും. ചന്ദ്രമുഖീ, പതിനാലുലോകങ്ങൾക്കും അധീശനായുള്ള ഞാൻ ഇതാ കാമന്റെ കണക്കറ്റ ശരങ്ങളേറ്റ് ദുഃഖിതനാകയാൽ ഭവതിക്ക് വശംവദനായിത്തീർന്നിരിക്കുന്നു. സംശയമില്ലാതെ കാമകേളിയാകുന്ന പോരിലേർപ്പെടുന്നതിന് ഇത് പോരയോ?}

[
^നാലാം ചരണത്തിന്റെ ആദ്യ രണ്ടുവരികൾ കാലമുയർത്തിയാണ് ആലപിക്കുക]
"രാകാധിനാഥരുചിരഞ്ജിതനിശായാം" (രാവണൻ-മടവൂർ വാസുദേവൻ നായർ, രംഭ-കലാ:രാജശേഘരൻ)
രാവണൻ പദം കലാശിക്കുന്നതോടെ ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:ആനന്ദഭൈരവി
"ആനീലനീരദദരാന്തരിതേന്ദുബിംബ-
 ലീലാനുകാരി വദനം നിജമാദധാനാ
 സംജാതവേപഥുമതിശ്ശിരസാ പ്രണമ്യ
 മന്ദം ജഗാദ മുകുളീകൃതപാണിരേഷാ"
{തന്റെ മുഖത്തെ ആകമാനം നീലവർണ്ണമായ മേഘത്താൽ അല്പം മറയ്ക്കപ്പെട്ടതായ ചന്ദ്രബിംബത്തിന്റെ ലീലയെ അനുകരിക്കുന്നവളും, പരിഭ്രാന്തമായ മനസ്സോടുകൂടിയവളുമായ ഈ രംഭ ശിരസ്സുകുമ്പിട്ട് നമസ്ക്കരിച്ചിട്ട് കൂപ്പുകൈകളോടുകൂടിയവളായിട്ട് പതുക്കെ പറഞ്ഞു.}

ശ്ലോകസമയത്ത് ഭയവും ആദരവും മാറിമാറി നടിച്ചുകൊണ്ട് നിൽക്കുന്ന രംഭ 'പ്രണമ്യ' എന്നതിനൊപ്പം രാവണനുമുന്നിൽ കൈകൂപ്പിക്കൊണ്ട് ശിരസ്സുനമിക്കുന്നു. ശ്ലോകമവസാനിച്ചാൽ രംഭ പദാഭിനയം ആരംഭിക്കുന്നു.

രംഭയുടെ പദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
"ആശരനാഥ മുഞ്ച മാം വിരവിനോടി-
 ന്നാശു കേൾക്ക ഗിരം ച മേ"

"കേൾക്ക ഗിരം ച മേ" (രാവണൻ-മടവൂർ വാസുദേവൻ നായർ, രംഭ-കലാ:രാജശേഘരൻ)
അനുപല്ലവി:
"പേശലഗുണനിധി പ്രാണനാഥനിന്നു ധ-
 നേശതനയനോർക്കിലോ ആവതെന്തയ്യോ"
("ആശരനാഥ മുഞ്ച മാം.......................ഗിരം ച മേ")
ചരണം1:
"പുത്രഭാര്യ ഞാനിന്നു തേ
 എന്നോടുഭവാനിത്തരമൊന്നുമരുതേ
 സത്യവിനയവാരിധേ സാഹസമായ
 കൃത്യമിന്നിതു പാർക്കിലോ ആവതെന്തയ്യോ"
("ആശരനാഥ മുഞ്ച മാം.......................ഗിരം ച മേ")
ചരണം2:
"മുത്തണിമുലയിന്നു മേ പുൽകുവതിന്നു
 വിത്തനായകനന്ദൻ
 നിത്യമോരോരോ വല്ലഭൻ ഞങ്ങടെ
 പാതിവ്രത്യമിങ്ങിനെ പാർക്കിലോ ആവതെന്തയ്യോ"
("ആശരനാഥ മുഞ്ച മാം.......................ഗിരം ച മേ")
ചരണം3:
"കാലിണ തവ തൊഴുതേൻ പോകുന്നു
 ധനപാലസുതനോടിന്നു തേ
 ചാലവേ വരാമെന്നു ഞാൻ ചൊന്ന
 സങ്കേതകാലമതീതമാകിലോ ആവതെന്തയ്യോ"
("ആശരനാഥ മുഞ്ച മാം.......................ഗിരം ച മേ")
{രാക്ഷസനാഥാ, എന്നെ വിട്ടാലും. പെട്ടന്ന് വഴിപോലെ എന്റെ വാക്കിനെ കേട്ടാലും. സത്ഗുണങ്ങളുടെ ഇരിപ്പിടമായ ധനേശപുത്രനാണ് ഇന്നെനിക്ക് പ്രാണനാഥൻ. അയ്യോ! ചിന്തിച്ചാൽ ആവതെന്താണ്? ഇന്ന് ഞാൻ അങ്ങയുടെ പുത്രഭാര്യയാണിന്ന്. എന്നോട് ഇത്തരത്തിലൊന്നും അരുതേ. സത്യവിനയങ്ങളുടെ സമുദ്രമേ, ഇന്ന് ഇത് ചിന്തിക്കിൽ സാഹസമായ കൃത്യമാണ്. അയ്യോ! ചിന്തിച്ചാൽ ആവതെന്താണ്? എന്റെ മുത്തണിമുല പുണരുന്നതിനിന്ന് വരിച്ചിരിക്കുന്നത് ധനേശപുത്രനേയാണ്. ഓരോദിവസവും ഓരോരോ വല്ലഭൻ. ഞങ്ങളുടെ പാതിവ്രത്യം ഇങ്ങിനെയാണ്. അയ്യോ! ചിന്തിച്ചാൽ ആവതെന്താണ്? അങ്ങയുടെ കാലിണ തൊഴുത് ഞാൻ പോകുന്നു. വൈശ്രവണസുതനോട് ഇന്ന് ഞാൻ വരാമെന്നുപറഞ്ഞ സങ്കേതസമയം അതിക്രമിച്ചു പോയാൽ അയ്യോ! ആവതെന്താണ്?}

"കാലിണ തവ തൊഴുതേൻ പോകുന്നു" (രാവണൻ-ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, രംഭ-കലാ:ഷണ്മുഖൻ)
പദാഭിനയം കലാശിച്ച് രാവണനെ വണങ്ങി പോകാനൊരുങ്ങുവെ രംഭയെ വീണ്ടും തടഞ്ഞിട്ട് രാവണൻ പദം അഭിനയികുന്നു.

രാവണന്റെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"പരഭൃതമൊഴി പാർത്താലിതെന്നുടെ ഭാഗധേയമല്ലോ
അനുപല്ലവി:
"പരിണതവിധുമുഖിമാർമുടിമാലേ
 പരിചിനൊടിഹ നീ വന്നതുമോർത്താൽ"
ചരണം1:
"അജ്ഞനൗഷധി തേടുമളവിലപാരദൈവയോഗാൽ നിധി
 കഞ്ജനേർമിഴി കാലിലണഞ്ഞതു കളയുന്നവരുണ്ടോ
 കുജ്ഞസദനമതിൽവരിക നീ കൂജിതകോകിലാകുലതരേ മദമന്ധര-
 കുഞ്ജരാധിപതിഗാമിനി സമ്പ്രതി കുന്ദബാണലീലചെയ്‌വതിന്നയി"
{കിളിമൊഴീ, വിചാരിച്ചാൽ ഇത് എന്റെ ഭാഗ്യമല്ലൊ. പൂർണ്ണചന്ദ്രസദൃശമായ മുഖത്തോടുകൂടിവരുടെ ശിരോലങ്കാരമായുള്ളവളേ, താമരയ്ക്കൊത്ത കണ്ണുകളോടുകൂടിയവളേ, നീ ഭംഗിയായി ഇവിടെ വന്നതും ഓർത്താൽ, അജ്ഞനസംസ്ക്കരണത്തിനാവശ്യമായ ഓഷധി തേടുമ്പോൾ(ഓഷധികളായ ചില ചെടികളാൽ അജ്ഞനം സംസ്ക്കരിച്ചെടുത്ത് നിധിയുടെ സ്ഥാനങ്ങൾ അറിയുക എന്നൊരു സമ്പ്രദായമുണ്ട്) അപാരമായ ഭാഗ്യത്താൽ കാലിൽ തടഞ്ഞ നിധിതന്നെ കളയുന്നവരുണ്ടോ? മദോന്മത്തനായ ഗജശ്രേഷ്ഠനേപ്പോലെ നടക്കുന്നവളേ, നീ ഇപ്പോൾ കാമലീല ചെയ്യുന്നതിനായി കുയിലുകൾ ഏറ്റവും കൂകിപ്പറക്കുന്നതായുള്ള ഈ വള്ളിക്കുടിലിലേയ്ക്ക് വരിക.}

"കുജ്ഞസദനമതിൽവരിക" (രാവണൻ-മടവൂർ വാസുദേവൻ നായർ, രംഭ-കലാ:രാജശേഘരൻ)
ശേഷം ആട്ടം-
പദം കലാശിക്കുന്നതിനൊപ്പം രംഭയെ പുണരുവാൻ ശ്രമിക്കുന്ന രാവണനിൽനിന്നും അവൾ ഒഴിഞ്ഞുമാറുന്നു. പിന്നെയും പലതും പറഞ്ഞുനോക്കിയിട്ടും രംഭ അല്പവും അനുകൂലമാകുന്നില്ല എന്നുകണ്ട് രാവണൻ രംഭയെ ബലാൽക്കാരം ചെയ്യുന്നു. രാവണൻ രംഭയെ ബലമായി പിടിച്ചുകൊണ്ട് വള്ളിക്കുടിലിലേയ്ക്ക് എന്ന ഭാവത്തിൽ ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. അല്പസമത്തിനുശേഷം ഇടതുഭാഗത്തുകൂടി വീണ്ടും പ്രവേശിക്കുന്ന രാവണൻ പീഠത്തിലിരുന്ന് ക്ഷീണമകറ്റുന്നു. ഈ സമയത്ത് രംട്ഠ്തുഭാഗത്തുകൂടി വീണ്ടും രംഗത്തേയ്ക്ക് പ്രവേശിച്ചിട്ട് രാവണനെ ശപിക്കുന്നതായി നടിച്ചിട്ട് പിന്നിലൂടെ നടന്ന് വലത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു.
രാവണൻ:(അല്പസമയം ഇരുന്ന് വിശ്രമിച്ചശേഷം)'സൂര്യോദയസമയം ആയിരിക്കുന്നു. ഇനി വേഗം യുദ്ധത്തിന് പുറപ്പെടുകതന്നെ'
എഴുന്നേറ്റ് സൈന്യങ്ങളെ പുറപ്പെടുവിച്ചശേഷം പടച്ചട്ടയും വാളും ചാപബാണങ്ങളും ധരിച്ചിട്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു^.

-----(തിരശ്ശീല)-----

[
^സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതായ തുടർന്നുള്ള രംഗങ്ങളിലെ കഥാഭാഗങ്ങൾ ഇളകിയാട്ടരൂപേണ ചില നടന്മാർ ഇവിടെ അവതരിപ്പിക്കാറുണ്ട്. 
ആട്ടത്തിന്റെ സാമാന്യരൂപം-
രാവണൻ:(പുറപ്പെടാനൊരുങ്ങവെ സമീപത്തേയ്ക്ക് ഒരു ഭടൻ ഓടിവന്നതായി കണ്ടിട്ട്, അവനോടായി) 'ഹേയ്, എന്തു സംഭവിച്ചു?' (ഭടൻ പറയുന്നത് ശ്രവിക്കുന്നതായി നടിച്ചിട്ട്)'എന്ത്? വൈശ്രവണന്റെ സേനയോട് യുദ്ധത്തിൽ പരാജയപ്പെട്ട് ഭയന്ന് വരികയാണെന്നോ? ഛേ! ഉം, ആകട്ടെ, ഇനി ഞാൻ തന്നെ യുദ്ധത്തിനായി പുറപ്പെടുകയായി.'
രാവണൻ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടിനിന്ന് അളകാപുരിയിലെത്തിയതായി നടിച്ച് വൈശ്രവണനെ പോരിനുവിളിക്കുന്നു. വൈശ്രവണൻ യുദ്ധത്തിനായി എത്തിയതായി നടിച്ച് രാവണൻ അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധത്തിനൊടുവിൽ രാവണൻ ദിവ്യാസ്ത്രം പ്രയോഗിക്കുന്നു.
രാവണൻ:'ഹോ! എന്റെ അസ്ത്രമേറ്റ് അതാ വൈശ്രവണൻ തളർന്നുവീണു. ബലെ! ബലെ! ഹോ! വൈശ്രവണനെ കിങ്കരന്മാർ എടുത്തുകൊണ്ടുപോയി മറച്ചു. ഉം, ആകട്ടെ, ഇനി ഇവിടെനിന്നും സമ്പത്തുകൾ സംഭരിക്കുകതന്നെ. ('അഡ്ഡിഡ്ഡിക്കിട'വെച്ച് സമ്പത്തുകളും യക്ഷസുന്ദരിമാരേയും സംഭരിച്ച് തേരിലാക്കിയിട്ട്)'ഇനി പുഷ്പകവിമാനം സ്വന്തമാക്കുകതന്നെ' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് പുഷ്പകവിമാനം നോക്കിക്കണ്ടിട്ട്)'ഇനി വേഗം ഈ പുഷ്പകവിമാനം കൊണ്ടുപോയി മാതാവിന്റെ മുന്നിൽ കാഴ്ച്ചവെയ്ക്കുകതന്നെ' (ഇടത്തുഭാഗത്തേയ്ക്ക് തിരിഞ്ഞ് സൈന്യങ്ങളോടായി)'എല്ലാവരും ഇനി വേഗം ലങ്കയിലേയ്ക്ക് തിരികെ പുറപ്പെടുക' (വലത്തുഭാഗത്തേയ്ക്കുതിരിഞ്ഞ് സൂതനോടായി)'അല്ലയോ സൂതാ, ഇനി വേഗം വിമാനം ലങ്കയിലേയ്ക്ക് തെളിച്ചാലും' (നേരെ നിന്ന് ആതമഗതമായി)'ഇനി വേഗം വിമാനത്തിൽ കയറി പുറപ്പെടുക തന്നെ'തൊട്ടുവന്ദിച്ചശേഷം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം വിമാനത്തിലേയ്ക്ക് ചാടിക്കയറി രാവണൻ സഞ്ചരിക്കുന്നതായി നടിച്ച് നിൽക്കുന്നു.
രാവണൻ:(യാത്ര തടസപ്പെട്ടത്തായി നടിച്ചിട്ട്)'എന്ത്? തടസമെന്ത്?' (വിമാനത്തിൽ നിന്നും ചാടിത്താഴെയിറങ്ങി തടസമായി നിൽക്കുന്ന കൈലാസപർവ്വതത്തെ വിസ്തരിച്ച് നോക്കിക്കണ്ടശേഷം, കൈലാസത്തിനോടായി)'എന്റെ വഴിയിൽ തടസമായി നിൽക്കാതെ വേഗം മാറിപ്പോ. ഉം, വേഗം മാറ്. എന്ത്? മാറുകയില്ലയോ?' (പെട്ടന്ന് മുന്നിൽ കണ്ടിട്ട്)'ഒരു രൂപം കാണുന്നതെന്താണ്?' (ശ്രദ്ധിച്ച് നോക്കിയിട്ട്)'ഒരു വാനരനാണല്ലൊ' (ആ വാനരൻ പറയുന്നത് കേൾക്കുന്നതായി നടിച്ചിട്ട്)'എന്ത്? നീ ഈ കൈലാസം രക്ഷിക്കുന്നവനാണെന്നൊ? ലോകനാഥൻ വസിക്കുന്ന കൈലാസത്തിന്റെ മുന്നിൽനിന്നും ഞാൻ വന്നവഴിക്കുതന്നെ മടങ്ങിപ്പോകണമെന്നോ? ഛീ! വാനരാകൃതിയായുള്ളമൂഢാ, എടാ, നീ മാറിപ്പോ. നോക്കിക്കോ, ഈ പർവ്വതത്തെ എടുത്ത് മാറ്റിവെച്ചിട്ട് ഞാൻ ഈ വഴിക്കുത്തന്നെ പോകുന്നുണ്ട്.'
രാവണൻ കൈലാസപർവ്വതത്തിനെ ബലമായി തള്ളിക്കൊണ്ട് ഓരോന്നായി തന്റെ ഇരുപതുകൈയ്യുകളും അതിനടിയിലേയ്ക്ക് പ്രവേശിപ്പിക്കുന്നു. തുടർന്ന് രാവണൻ കൈലാസത്തെ ഉദ്ധരിക്കുകയും കൈകളാൽ അമ്മാനമാടുകയും ചെയ്യുന്നു. പെട്ടന്ന് കൈലാസത്തോടുകൂടി നിലമ്പതിക്കുന്ന രാവണന്റെ കൈയ്യുകൾ കൈലാസത്തിനടിയിൽപ്പെട്ട് ചതഞ്ഞരയുന്നു. അവശനായിതീരുന്ന രാവണൻ തുടർന്ന് ഇത് ശ്രീപരമേശ്വരന്റെ ലീലയാണ് എന്നുമനസ്സിലാക്കി, തന്റെ ചതഞ്ഞകൈകളിലെ ഞരമ്പുകൾ വലിച്ച് കാലിൽ ബന്ധിച്ച്, അതുമീട്ടിക്കൊണ്ട് സാമഗാനം ചെയ്ത് ശിവനെ പ്രാർത്ഥിക്കുന്നു.
രാവണൻ:(പാടിക്കൊണ്ടിരിക്കെ പെട്ടന്ന് മുന്നിലൊരു പ്രഭ കണ്ട്, ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കി, ഭക്തിപൂർവ്വം തൊഴുത് നമസ്ക്കരിച്ചശേഷം എഴുന്നേറ്റുനിന്ന് ശിവൻ പറയുന്നത് ശ്രവിച്ചതായി നടിച്ചിട്ട്)'എന്ത്? അങ്ങ് എന്നിൽ പ്രീതനായിരിക്കുന്നു എന്നോ? എനിക്ക് ദിവ്യമായ ഒരു വാൾ സമ്മാനിക്കുമെന്നോ?' (ശിവനിൽനിന്നും ചന്ദ്രഹാസമെന്ന വാൾ വാങ്ങുന്നതായി നടിച്ചിട്ട്)'ഭഗവാനേ, എന്നും എന്നിൽ കരുണയുണ്ടായിരിക്കേണമേ' (വീണ്ടും തൊഴുതുനിന്ന് ശ്രീപരമേശ്വരൻ മറയുന്നത് കണ്ടശേഷം വീരഭാവത്തോടെ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)'ശിവന്റെ അനുഗ്രഹവും എനിക്ക് ലഭിച്ചു. ഇനി വേഗം ലങ്കയിലേയ്ക്ക് മടങ്ങിപ്പോവുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് രാവണൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----


ഏഴാം രംഗത്തിന്റെ അവതരണത്തിൽ തെക്കൻ ചിട്ടയിലുള്ള പ്രധാനവത്യാസം

*രാവണന്റെ ആദ്യപദത്തിലെ മൂന്നാം ചരണത്തിനു പകരമായി രണ്ടാം ചരണമാണ് അവതരിപ്പിക്കുക.

ചരണം2
"നാരീകുലാഭരണഹീരമണിയായ നീ
 ആരോമലേ സുതനു ആരുമയോ രമയോ
 ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
 പാരാതെ ചൊൽക നീ ഭാരതിയോ രതിയോ"
{പ്രീയപ്പെട്ടവളേ, സുന്ദരീ, സ്ത്രീസമൂഹത്തിന് അലങ്കാരമായ വജ്രരത്നമായുള്ള നീ ആരാണ്? പാർവ്വതിയോ? ലക്ഷ്മിയോ? ആരാണെന്ന് കേൾക്കുന്നതിന് ഇവിടെ ഏറ്റവും കൗതുകമുണ്ട്. വഴിപോലെ പറയുക. നീ സരസ്വതിയാണോ? അതോ രതിയോ? }

2 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

സംക്രമന്തീം നിശായാം

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

RamanNambisanKesavath ,
നന്ദി...തിരുത്തുവരുത്തിയിട്ടുണ്ട്.