2012, ജനുവരി 25, ബുധനാഴ്‌ച

കംസവധം പതിനൊന്നാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബലരാമൻ, രജകൻ(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:മോഹനം
"തത്ര കോപി രജകസ്സമഭ്യയാ-
 ദ്വസ്ത്രഭാരലസദംസമസ്തകഃ
 വൃത്രവൈരിസഹജസ്സമേത്യ തം
 ചിത്രമേതദവദത് സഹാഗ്രജഃ"
{അപ്പോൾ ഒരു അലക്കുകാരൻ തോളിലും തലയിലും വസ്ത്രങ്ങളുടെ ചുമടുമായി അവിടെയെത്തി. കൃഷ്ണൻ ജേഷ്ഠനോടുകൂടി അയാളുടെ സമീപത്തുചെന്ന് ഇങ്ങിനെ ഭംഗിയായി പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന രാമകൃഷ്ണന്മാരും വലത്തുഭാഗത്തുകൂടി തുണിക്കെട്ടുമേന്തി പ്രവേശിക്കുന്ന രജകനും മുന്നോട്ടുവരുന്നതോടെ പരസ്പരം കാണുന്നു.
ശ്രീകൃഷ്ണൻ:'നീ ആരാണ്?'
രജകൻ:'ഞാൻ അലക്കുകാരനാണ്'
ശ്രീകൃഷ്ണൻ:'അല്ലയോ രജകവീരാ, ഞാൻ പറയുന്നത് ശ്രവിച്ചാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മോഹനം, താളം:ചെമ്പട
ശ്രീകൃഷ്ണൻ:
പല്ലവി:
"വചനം മേ കേൾ രജകവീര
 സിചയഭാരം കുത്ര ഭവാനചിരേണ കൊണ്ടുപോകുന്നു"
ചരണം1:
"ചിത്രമാകും വസ്ത്രമതിലെത്രയും മോഹം ഞങ്ങൾക്കു
 ചിത്തമോദമോടു നല്ല വസ്ത്രമാശു നൽകീടുക"
("വചനം മേ കേൾ...............................കൊണ്ടുപോകുന്നു")
{രജകവീരാ, നീ എന്റെ വാക്കു് കേൾക്കുക. ഭവാൻ തുണിക്കെട്ട് പെട്ടന്ന് എങ്ങുകൊണ്ടുപോകുന്നു? ഞങ്ങൾക്ക് വിശേഷപ്പെട്ട വസ്ത്രത്തിൽ വളരെ മോഹമുണ്ട്. സന്തോഷത്തോടുകൂടി നല്ല വസ്ത്രങ്ങൾ തന്നീടുക.}

രജകൻ:
ചരണം2:
"ഭൂപയോഗ്യവസ്ത്രമഹോ ഗോപനു ലഭിക്കുമോ
 പോവിനേവം ചൊല്ലീടാതെ കോപി ഞാനെന്നോർത്താലും"
പല്ലവി:
"വേണ്ടാ ഗോപന്മാരേ വൃഥാ തുടങ്ങേണ്ടാ മൂഢന്മാരേ"
{ഹോ! രാജാവിന് യോഗ്യമായ വസ്ത്രം ഗോപന്മാർക്ക് ലഭിക്കുമോ? ഇപ്രകാരം പറയാതെ പോവിൻ. ഞാൻ കോപശീലനാണന്ന് മനസ്സിലാക്കിയാലും. ഗോപന്മാരേ, വേണ്ടാ. മൂഢന്മാരേ, വെറുതെ ഓരോന്ന് തുടങ്ങേണ്ടാ.}

ശ്രീകൃഷ്ണൻ:
ചരണം3:
"മന്നവവസനമെന്നാൽ നന്നധികം ഞങ്ങൾക്കെടോ
 ധന്യശീല തന്നീടുക വന്നീടും നിനക്കു ശുഭം"
("വചനം മേ കേൾ രജകവീര")
{എടോ , രാജവസ്ത്രങ്ങളാണെങ്കിൽ ഞങ്ങൾക്ക് അധികം നല്ലത്. ധന്യശീലാ, തന്നീടുക. നിനക്ക് നല്ലതുവരും.}

'മന്നവവസനമെന്നാൽ നന്നധികം' (ബലരാമൻ-കലാ:അരുൺ കുമാർ, ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ, രജകൻ-കലാ:ബാലകൃഷ്ണൻ)
രജകൻ:
ചരണം4:
"മൂർഖന്മാരേ ധിക്കാരമാം വാക്കു ചൊല്ലും നിങ്ങടെ
 നാകും മൂക്കും പോകുമതിനൊരു നീക്കം വേണ്ട പൊയ്ക്കൊൾവിൻ"
("വേണ്ടാ ഗോപന്മാരേ വൃഥാ തുടങ്ങേണ്ടാ മൂഢന്മാരേ")
{മൂഢന്മാരേ, ധിക്കാരമായുള്ള വാക്കുകൾ പറയുന്ന നിങ്ങളുടെ നാക്കും മൂക്കും നഷ്ടപ്പെടും. അതിനൊരു സംശയം വേണ്ട. പൊയ്ക്കൊൾവിൻ.}

ശ്രീകൃഷ്ണൻ:
ചരണം5:
"നിർമ്മലദുകുലം നല്കാൻ സമ്മതമല്ലെന്നാലിഹ
 ദുർമ്മതേ നിന്നെ ഹനിച്ചു ധർമ്മരാജന്നു നൽകുന്നു"
{ദുർമ്മനസ്സേ, നിർമ്മലമായ പട്ട് നൽകാൻ സമ്മതമല്ലായെങ്കിൽ ഇവിടെ നിന്നെ വധിച്ച് യമരാജന് നൽകുന്നുണ്ട്.}

ശേഷം ആട്ടം-
രാമകൃഷ്ണന്മാർ രജകനെ എതിർത്ത് അവന്റെ തുണിക്കെട്ട് ബലമായി പിടിച്ചുവാങ്ങുന്നു. ശ്രീകൃഷ്ണൻ രജകനെ കഴുത്തുഞെരിച്ച് വധിക്കുന്നു. തുടർന്ന് തുണിക്കെട്ടഴിച്ച് ഇഷ്ടമുള്ള പട്ടുവസ്ത്രങ്ങളെടുത്ത് ധരിച്ചശേഷം രാമകൃഷ്ണന്മാർ നലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: