2012, ജനുവരി 25, ബുധനാഴ്‌ച

കംസവധം പന്ത്രണ്ടാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമൻ[മാലാകാരൻ](കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:മോഹനം
"മദോദ്വൃത്തം ഹത്വാ രജകമപി ഹൃത്വാംശുകചയം
 സ ദത്വാ ഗോപേഭ്യഃ സ്വയമഥ വസിത്വാ സഹബലഃ
 സുദാമാനം ദാമാവലിയുതകരണ്ഡാഞ്ചിതഭുജം
 മുദാ സമ്പ്രാപ്യേദം ഹരിരവദദംഭോജനയനഃ"
{താമരക്കണ്ണനായ ശ്രീകൃഷ്ണൻ അഹങ്കാരിയായ രജകനെ വധിച്ചിട്ട് വസ്ത്രങ്ങളെല്ലാം എടുത്ത് ഗോപന്മാർക്കു കൊടുത്തു; ബലരാമനോടൊപ്പം താനും ധരിച്ചു. പിന്നെ, കൈകളിൽ മാലകൾ നിറച്ച വട്ടിയുമായി നിൽക്കുന്ന സുദാമന്റെ സമീപംചെന്ന് സന്തോഷത്തോടെ ഇങ്ങിനെ പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി മാലകൾ നിറച്ച കൊട്ടയുമായി പ്രവേശിക്കുന്ന സുദാമൻ പദമഭിനയിച്ചുകൊണ്ട് മുന്നോട്ട് വരുന്നു.

സുദാമന്റെ സ്തുതിപദം-ആണ്ടിപ്പാട്ട്^-താളം:അടന്ത
ചരണം1:
"മാനുഷരെല്ലാരും കേൾപ്പിൻ അഭി-
 മാനംകളഞ്ഞു ശിവനെഭജിപ്പിൻ
പല്ലവി:
"പാലയശങ്കര ശംഭോ"
ചരണം2:
"കാണുന്നതൊക്കെയും മായാ എന്നു-
 തോന്നാതെയുള്ള ജനം ബഹുപേയാം"
("പാലയശങ്കര ശംഭോ")
ചരണം3:
"ബ്രഹ്മനെന്നും വിഷ്ണുവെന്നും ചൊല്ലും
 ചിന്മയനാം ശിവനേകനെത്തന്നെ"
("പാലയശങ്കര ശംഭോ")
ചരണം4:
"മാനിനിമാരാം കിണറ്റിൽ വീണു
 താണുപോകാതെ ശിവനെഭജിപ്പിൻ"
("പാലയശങ്കര ശംഭോ")
ചരണം5:
"ഞാനെന്നുമെന്റേതിന്നുമുള്ള-
 മാനം നടിച്ചുഴന്നീടായ്ക് നിത്യം"
("പാലയശങ്കര ശംഭോ")
ചരണം6:
"ജ്ഞാനമുണ്ടാകുന്നനേരം പര-
 മാനന്ദമൂർത്തിയെക്കാണാമുദാരം"
("പാലയശങ്കര ശംഭോ")
{മനുഷ്യരെല്ലാരും കേൾക്കുവിൻ. അഭിമാനം കളഞ്ഞ് ശിവനെ ഭജിക്കുവിൻ. ശങ്കരാ, ശുഭോ, രക്ഷിച്ചാലും. കാണുന്നതൊക്കെയും മായയാണ് എന്ന് തോന്നാത്തവരായ ജനങ്ങൾ ഏറ്റവും ഭ്രാന്തരാണ്. ബ്രഹ്മാവെന്നും വിഷ്ണുവെന്നും പറയുന്നതും ആനന്ദസ്വരൂപനായ ശിവൻ ഒരാളെത്തന്നെയാണ്. സുന്ദരിമാരാകുന്ന കിണറ്റിൽ വീണുതാണുപോകാതെ ശിവനെ ഭജിക്കുവിൻ. ഞാൻ എന്നും, ഇത് എന്റെത് എന്നുമുള്ള ദുരഭിമാനം നടിച്ച് നിത്യം ഉഴന്നീടരുത്. ജ്ഞാനമുണ്ടാകുന്ന നേരത്ത് സത്യമായ പരമാന്ദമൂർത്തിയെ കാണാം.}

[
^കേരളത്തിലെ തമിഴ്നാടിന്റെ സാമീപ്യമുള്ള പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഗ്രാമീണാനുഷ്ടാനകലയായ 'ആണ്ടിയാട്ട'ത്തിലെ, ശിവന്റേയും സുബ്രഹ്മണ്യന്റേയും സ്തുതികളായുള്ള ഗാനങ്ങളാണ് 'ആണ്ടിപ്പാട്ട്'‌ എന്ന് അറിയപ്പെടുന്നത്.]

സ്തുതിപ്പദം കലാശിക്കുന്നതോടെ രാമകൃഷ്ണന്മാർ വലത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:എരിക്കിലകാമോദരി, താളം:അടന്ത
പല്ലവി:
"വരിക സുദാമൻ നിശമയ വരഗുണധാമൻ"
അനുപല്ലവി:
"സുരഭിലതരങ്ങളാം സുരുചിരദാമങ്ങൾ
 സുഖമോടു ഞങ്ങൾക്കു തരിക നീ വിരവിൽ"
ചരണം1:
"ലീലാനുകൂലം തരിക സുശീലാനുവേലം
 മാലയണിഞോരോ ലീലകൾ ചെയ്‌വാനായ്
 മാലാകാര ബഹുലോലന്മാർ ഞങ്ങൾ"
{സുദാമൻ, വരിക. ശ്രേഷ്ഠമായ ഗുണങ്ങളുടെ ഇരിപ്പിടമായവനേ, കേട്ടാലും. ഏറ്റവും സുന്ധമുള്ളവയും സുന്ദരങ്ങളുമായ മാലകൾ സന്തോഷത്തോടെ നീ പെട്ടന്ന് ഞങ്ങൾക്ക് തന്നാലും. നല്ലശീലങ്ങളോടുകൂടിയവനേ, ലീലയ്ക്ക് അനുകൂലമായി, പ്രയാസമില്ലാതെ തന്നാലും. മാലാകാരാ, മാലയണിഞ്ഞ് ഓരോ കളികൾ ചെയ്യുന്നതിനായി ഏറ്റവും അഗ്രഹമുള്ളവരാണ് ഞങ്ങൾ}

'വരിക സുദാമൻ'
സുദാമന്റെ പദം-രാഗം:ആനന്ദഭൈരവി, താളം:അടന്ത
പല്ലവി:
"സാദരം ജഗദീശരാം നിങ്ങടെ പാദപത്മം തൊഴുന്നേൻ"
ചരണം1:
"ഭക്തവത്സലരാകുന്ന നിങ്ങളിൽ നിത്യവും മേ വരവേണം
 ഭക്തി ചെമ്മെ പരമ്പുരുഷോത്തമന്മാരേ
 ഭക്തിയോടതിചിത്രദാമങ്ങൾ സത്വരം ബഹു നൽകീടുന്നേൻ
 കനിവൊടു കൈതൊഴുന്നേൻ സദാ പരിപാലയതാം നിങ്ങൾ"
{ലോകേശ്വരന്മാരാകുന്ന നിങ്ങളുടെ പാദത്താമരകളെ ആദരവോടെ തൊഴുതീടുന്നു. പരമ്പുരുഷോത്തമന്മാരേ, ഭക്തവത്സലരാകുന്ന നിങ്ങളിൽ എനിക്ക് എന്നും നന്നായി ഭക്തി വരുകവേണം. വളരെ വിശേഷപ്പെട്ട മാലകൾ ഭക്തിയോടെ പെട്ടന്ന് നൽകീടുന്നു. കൈതൊഴുന്നു, നിങ്ങൾ കനിവോടെ സദാ പരിപാലിച്ചാലും.}

'പാദപത്മം തൊഴുന്നേൻ'
പദം കലാശിക്കുന്നതോടെ സുദാമൻ മാലകളടങ്ങിയ കുട്ടയെടുത്ത് കാട്ടുന്നു. രാമകൃഷ്ണന്മാർ കുട്ടയിൽനിന്നും ഓരോ മാലകൾ എടുത്ത് അണിയുന്നു. ശേഷം ശ്രീകൃഷ്ണൻ പദാഭിനയം തുടരുന്നു.

ശ്രീകൃഷ്ണൻ:
ചരണം2:
"ഭക്തനാകുന്ന തവ ശുഭമസ്തു നീയെന്നും
 ഭക്തിയും മൽക്കഥാസക്തിയും പൂണ്ടിഹ
 ചിത്തസുഖേന വസിക്ക നികാമം"
("വരിക സുദാമൻ നിശമയ വരഗുണധാമൻ")
{ഭക്തനായ നിനക്ക് മംഗളം ഭവിക്കട്ടെ. ഭക്തിയിലും, എന്റെ കഥകളിലുള്ള ആഗ്രഹത്തിലും മുഴുകി നീ എന്നും മനോസുഖത്തോടും, തൃപ്തിയോടുംകൂടി ഇവിടെ വസിച്ചാലും.}

രാമകൃഷ്ണന്മാരെ ഭക്തിയോടെ വണങ്ങിക്കൊണ്ട് സുദാമനും, സന്തോഷത്തോടെ അനുഗ്രഹിച്ച് സുദാമനെ യാത്രയാക്കിക്കൊണ്ട് രാമകൃഷ്ണന്മാരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: