2012, ജനുവരി 25, ബുധനാഴ്‌ച

കംസവധം പതിമൂന്നാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബലരാമൻ, കുബ്ജ(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"കാമം സുദാമാർപ്പിതദാമജാലം
 പ്രേമാകുലാത്മാ ധൃതവാൻ പ്രയാന്തീം
 ശ്രീമാൻ ഗൃഹീതാംഗവിലേപപാത്രാം
 രാമാനുജഃ പ്രാപ്യ ജഗാദ കുബ്ജാം"
{സുദാമൻ സമർപ്പിച്ച മാലകൾ സ്നേഹപൂർവം വേണ്ടത്ര ധരിച്ചതിനുശേഷം ബലരാമസഹോദരനും ശ്രീമാനുമായ ശ്രീകൃഷ്ണൻ കുറിക്കൂട്ടുകളുള്ള പാത്രവുമായി പോകുന്ന കുബ്ജയെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു}

ഇടംകൈയ്യിൽ കുറിക്കൂട്ടുനിറച്ച പാത്രവുമേന്തി കൂനിയായ കുബ്ജ വടികുത്തിപ്പിടിച്ചുകൊണ്ട് ഇടതുഭാഗത്തുകൂടിയും രാമകൃഷ്ണന്മാർ വലതുവശത്തുകൂടിയും പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത
പല്ലവി:
"കാമിനി സൈരന്ധ്രി ബാലേ ചാരുശീലേ
 വാമനേത്രേ ശൃണു പരമാനുകൂലേ"
അനുപല്ലവി:
"എങ്ങുനിന്നു വരുന്നതുമിന്നു വേഗം
 മംഗലാംഗി ചൊൽക നീ മോദേന സാകം"
{മനോഹരീ, സൈരന്ധ്രീ, ബാലികേ, മനോഹരശീലേ, മനോഹരനേത്രേ, ഏറ്റവും പ്രിയമുള്ളവളേ, കേട്ടാലും. മംഗളമായ ശരീരത്തോടുകൂടിയവളേ, ഇന്ന് എങ്ങുനിന്ന് വരുന്നു എന്ന് നീ സന്തോഷത്തോടുകൂടി വേഗത്തിൽ പറഞ്ഞാലും.}

'മംഗലാംഗി ചൊൽക ന'(ബലരാമൻ-കലാ:അരുൺ കുമാർ, ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ, കുബ്ജ-കലാ:ശുചീന്ദ്രൻ)
കുബ്ജയുടെ പദം-രാഗം:നീലാബരി, താളം:ചെമ്പട
ചരണം1:
"അബ്ജനേത്ര കനിവോടു കേൾപ്പിനിന്നു
 കുബ്ജയെന്നു മദീയനാമമാകുന്നു
 ഭൂപതിക്കു തേപ്പതിന്നായംഗരാഗം
 ശോഭയാ കൊണ്ടുപോകുന്നു സാനുരാഗം"
{താമരക്കണ്ണാ, കനിവോടെ ഇന്ന് കേട്ടാലും. എന്റെ പേര് കുബ്ജ എന്നാകുന്നു. രാജാവിന് ഭംഗിയായി ചാർത്തുന്നതിനുള്ള കുറിക്കൂട്ട് ഇഷ്ടത്തോടെ കൊണ്ടുപോകുന്നു.}

ശ്രീകൃഷ്ണൻ:
ചരണം1:
"സുന്ദരാംഗി ചെറ്റു തത്ര നിന്നീടാമോ
 ചന്ദനക്കൂട്ടിവ കിഞ്ചിൽ തന്നീടാമോ
 മോഹനമാമംഗലേപം തേപ്പതിനു
 മോഹമേറുന്നു ഞങ്ങൾക്കു കേൾക്ക വന്നു"
{സുന്ദരമായശരീരത്തോടുകൂടിയവളേ, ഇവിടെ അല്പം നിന്നീടാമോ? ചന്ദനക്കൂട്ട് സ്വല്പം തന്നീടാമോ? മനോഹരമായ കുറിക്കൂട്ട് തേയ്ക്കുന്നതിന് ഞങ്ങൾക്ക് മോഹമേറുന്നു എന്ന് അറിഞ്ഞാലും.}

കുബ്ജ:
ചരണം2:
"മാരകോടി സുന്ദരാംഗ നിങ്ങളെപ്പോൽ
 പാരിലാരുള്ളതു പാർത്താലെന്നതിപ്പോൾ
 ഭക്തിപൂർവ്വമംഗലേപം നൽകീടുന്നേൻ
 ഭക്തവത്സല ഗ്രഹിച്ചുകൊൾവിനെന്നാൽ"
{കാമകോടിസുന്ദരമായ ശരീരത്തോടുകൂടിയവനേ, നിങ്ങളെപ്പോലെ ലോകത്തിലാരുള്ളത് എന്നുചിന്തിച്ച് ഇപ്പോൾ ഭക്തിപൂർവ്വം കുറിക്കൂട്ട് നൽകീടുന്നു. ഭക്തവത്സലാ, എന്നാൽ എടുത്തുകൊണ്ടാലും.}

കുബ്ജ കുറിക്കൂട്ടിന്റെ പാത്രം ശ്രീകൃഷ്ണനുനൽകുന്നു. ശ്രീകൃഷ്ണൻ അതുവാങ്ങി കുറിക്കൂട്ടെടുത്ത് അണിഞ്ഞശേഷം ബലരാമനു നൽകുന്നു. ബലരാമനും കുറിക്കൂട്ട് അണിയുന്നു. ശ്രീകൃഷ്ണൻ പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണൻ:
ചരണം2:
"ചിത്രമാകുമംഗലേപം തന്ന നിന്റെ
 ഗാത്രവക്രം തീർക്കുവൻ ഞാനിന്നു ധന്യേ"
{ധന്യേ, വിശേഷപ്പെട്ട കുറിക്കൂട്ട് തന്ന നിന്റെ ശരീരത്തിന്റെ കൂന് ഞാനിന്ന് തീർക്കുന്നുണ്ട്.}

ശ്രീകൃഷ്ണൻ പദാഭിനയം കലാശിക്കുന്നതോടെ ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നവരസം
"മുകുന്ദസ്പർശമാത്രേണ ഭൂത്വാ സാ പ്രമദോത്തമാ
 കുബ്ജാഥ കാമതാപാർത്താ ജഗാദ ജഗദീശ്വരം"
{കുനിയായ അവൾ മുക്തിദായകനായ ശ്രീകൃഷ്ണൻ തൊട്ടമാത്രയിൽ അതീവസുന്ദരിയായിതീർന്നു; പിന്നെ കുബ്ജ കാമതാപത്താൽ ആകുലയായി ലോകേശ്വരനോട് ഇങ്ങിനെ പറഞ്ഞു}

ശ്ലോകമാലപിക്കുന്ന സമയത്ത് ശ്രീകൃഷ്ണൻ കുബ്ജയുടെ ശരീരത്തിൽ പിടിച്ച് നിവർത്തി നിർത്തുന്നു. അതോടെ കൂനുമാറി പൂർവ്വാധികം സുന്ദരിയായിത്തീരുന്ന കുബ്ജ സന്തോഷഭാവത്തോടെ പദാഭിനയം ആരംഭിക്കുന്നു. ശ്രീകൃഷ്ണൻ വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ശ്ലോകാന്ത്യത്തോടെ ബലരാമൻ പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.

പദം-രാഗം:നവരസം, താളം:അടന്ത
കുബ്ജ:
ചരണം1:
"മല്ലീസായകതുല്യ മനസിജതാപം
 ചൊല്ലാവതല്ലഹോ നിന്നെ കാൺകയാൽ
 കല്യാണാലയ കൃഷ്ണ കളിയല്ലേ രന്തും
 ഉല്ലാസമോടു ഗേഹേ വരിക നീ"
ചരണം2:
"മഞ്ജുഭാഷണ നിന്നെപ്പിരികിലോ ചൊല്ലാം
 കഞ്ജസായകൻ കൊല്ലുമതുനേരം
 രജ്ഞയ കനിവോടു മധുരിമാധരന്തന്നിൽ
 സഞ്ജാതമധുപാനം തരികെടോ"
{കാമതുല്യാ, ഹോ! നിന്നെ കാണുകായാലുണ്ടായ കാമതാപം പറയാവതല്ല. മംഗളസ്വരൂപാ, കൃഷ്ണാ, കള്ളമല്ല. ഉല്ലാസമോടെ രമിക്കുവാനായി നീ ഗൃഹത്തിലേയ്ക്ക് വരിക. മനോഹരമായി സംസാരിക്കുന്നവനേ, നിന്നെ പിരിയുകയാണെങ്കിൽ ആ നേരത്ത് കാമൻ എന്നെ കൊല്ലുമെന്ന് പറയാം. ദയവായി രമിപ്പിച്ചാലും. എടോ, മനോഹരമായ ചുണ്ടുകളിൽ നിറയുന്ന തേൻ കുടിച്ചാലും.}

'മല്ലീസായകതുല്യ മനസിജതാപം' (ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ, കുബ്ജ-കലാ:ശുചീന്ദ്രൻ)
ശ്രീകൃഷ്ണൻ:
ചരണം3:
"പൂന്തേൻവാണിമാർ തൊഴും സൈരന്ധ്രി ബാലേ
 കാന്താരവിന്ദമുഖി കേട്ടാലും
 ഹന്ത നിന്നുടെ ഗേഹേ വരുവൻ ഞാൻ
 മദസിന്ധുരഗമനേ നീ പോയാലും"
{തെന്മൊഴികളായ സുന്ദരിമരാലും വന്ദിക്കപ്പെടുന്നവളായ സൈരന്ധ്രീ, ബാലികേ, മനോഹരമായ താമരപ്പൂ പോലെയുള്ള മുഖത്തോടുകൂടിയവളേ, കേട്ടാലും. നിന്റെ ഗൃഹത്തിലേയ്ക്ക് ഞാൻ വരുന്നുണ്ട്. ഹോ! മദിച്ച ആനയേപ്പോലെ മനോഹരമായി നടക്കുന്നവളേ, ഇപ്പോൾ നീ പോയാലും.}

'കാന്താരവിന്ദമുഖി കേട്ടാലും' (ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ, കുബ്ജ-കലാ:ശുചീന്ദ്രൻ)
ശേഷം ആട്ടം-
കുബ്ജ:'അങ്ങ് ഇപ്പോൾത്തന്നെ വന്നാലും'
ശ്രീകൃഷ്ണൻ:'രാജാവിനെ കണ്ട് ചിലകാര്യങ്ങൾ സാധിക്കുവാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അതെല്ലാം സാധിച്ചുകഴിഞ്ഞ് ഞാൻ താമസിയാതെ നിന്റെ ഗൃഹത്തിലേയ്ക്ക് വന്നുകൊള്ളാം. ഇപ്പോൾ നീ സന്തോഷത്തോടുകൂടി പോയാലും'
കുബ്ജ:'ഞാൻ സദാ അങ്ങയെത്തന്നെ വിചാരിച്ചുകൊണ്ട് അവിടെ വസിക്കും. അങ്ങ് വരാതിരിക്കരുതേ'
ശ്രീകൃഷ്ണൻ:'തീർച്ചയായും വരും'
കുബ്ജ ശ്രീകൃഷ്ണനെ വണങ്ങുന്നു. ശ്രീകൃഷ്ണൻ അനുഗ്രഹിച്ച് അവളെ യാത്രയാക്കുന്നു. സൃഗാരഭാവത്തിൽ ശ്രീകൃഷ്ണനെത്തന്നെ നോക്കിക്കൊണ്ട് സാവധാനം പിന്നിലേയ്ക്കുമാറി കുബ്ജയും, അവളെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേദാരഗൗഡം
"മധുതരവചോഭിഃ പ്രേഷയിത്വാ ത്രിവക്രാം
 മദനമഥിതചിത്താം മാധവസ്സാഗ്രജസ്താം
 തദനു സപദി ഗത്വാ ചാപശാലാം ഗൃഹീത്വാ
 ധനുരിഭ ഇവ മോദാദിക്ഷുദണ്ഡം ബഭഞ്ജ"
{മനോഹരമായ വാക്കുകൾ പറഞ്ഞ് കാമാതുരയായ കുബ്ജയെ അയച്ചതിന്റെ ശേഷം ജേഷ്ഠനോടുകൂടി വേഗം ചാപശാലയിൽ ചെന്ന് വില്ലെടുത്ത ശ്രീകൃഷ്ണൻ, ആന കരിമ്പൊടിയ്ക്കുന്നപോലെ അത് ഒടിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: