2012, ജനുവരി 28, ശനിയാഴ്‌ച

കംസവധം മൂന്നാം രംഗം

രംഗത്ത്-കംസൻ(ഒന്നാംതരം കത്തിവേഷം), നാരദൻ(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:ബലഹരി
"പുഷ്ടാടോപമരിഷ്ടദൈത്യമവനീപൃഷ്ഠേ ബലിഷ്ഠം പരം
 പിഷ്ട്വാ സമ്യതി മുഷ്ടിഭിർദൃഢതരൈശ്ശിഷ്ടേതരം മാധവഃ
 ഹൃഷ്ടോസൗ സമഗാത് സ്വഗോഷ്ഠമഥ തദ്ദൃഷ്ട്വാഗതം നാരദം
 തുഷ്ടം ഭോജപതിസ്സ ധൃഷ്ടമിദമാചഷ്ടാതിദുഷ്ടാശയഃ"
{വർദ്ധിച്ച അഹങ്കാരത്തോടുകൂടിയവനും, അങ്ങേയറ്റം ബലവാനും, ദുഷ്ടനുമായ അരിഷ്ടാസുരനെ യുദ്ധത്തിൽ അതിശക്തമായ മുഷ്ടികളാൽ നിലത്തടിച്ചു കൊന്നിട്ട് ശ്രീകൃഷ്ണൻ സന്തുഷ്ടനായി തന്റെ ഗോകുലത്തിലേയ്ക്കു് പോയി. അതുകണ്ടതിനുശേഷം സന്തോഷത്തോടെ മഥുരയിലെത്തിയ ശ്രീനാരദമഹർഷിയോട്‌ അതിദുഷ്ടമായ മനസ്സോടുകൂടിയവനായ കംസൻ ഗർവ്വോടെ ഇങ്ങിനെ പറഞ്ഞു.}

കംസന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
കംസന്റെ തന്റേടാട്ടം-

തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുന്ന കംസൻ ഉത്തരീയം വീശി രംഗമദ്ധ്യത്തിലെ പിഠത്തിലിൽ ഇരിക്കുന്നു.
കംസൻ:(എഴുന്നേറ്റ് രംഗവന്ദനം ചെയ്തിട്ട്)'എന്നെപ്പോലെ ബലപരാക്രമങ്ങളോടുകൂടിയവനായി ഇന്ന് ലോകത്തിൽ ആരാണുള്ളത്? ഇല്ല, ആരും ഇല്ല. ഇന്ദ്രൻ മുതലായ ദേവകളാകട്ടെ, നരകാസുരൻ, ബാണൻ തുടങ്ങിയ അസുരശ്രേഷ്ഠന്മാരാകട്ടെ, ജരാസന്ധാദികളായ രാജപ്രമുഖന്മാരാകട്ടെ, ചാണൂരാദിമല്ലന്മാരാകട്ടെ, വിവിദൻ, കുവലയാപീഠം തുടങ്ങിയ ബലശാലികളായ മൃഗങ്ങളാകട്ടെ എന്റെ കൈക്കരുത്തിനുമുന്നിൽ നിഷ്പ്രഭരായിതീർന്നു. ഇന്ന് എല്ലാവരും എന്നെ വണങ്ങി, അനുസരിച്ച് വസിക്കുന്നു.' (ചിന്തിച്ചിട്ട്)'എന്നാൽ ഇപ്രകാരമുള്ള എന്നാൽ നിയോഗിക്കപ്പെട്ടവരായ പൂതന, ശകടൻ, ബകൻ തുടങ്ങിയ അസുരഗണങ്ങളെല്ലാം ഗോകുലത്തിൽ വെച്ച് വധിക്കപ്പെട്ടു. ഇപ്രകാരം ബാലകരെ വധിക്കുവാനായി അവരെ നിയോഗിക്കുവാൻ കാരണമെന്ത്? ഉം, ഉണ്ട്. ലോകമെല്ലാം ജയിച്ച് മഥുരാപുരിയിൽ സസുഖം വസിക്കുന്നകാലത്ത് ഏറ്റവും പ്രിയത്തോടെ വളർത്തപ്പെട്ടവളായ സോദരി ദേവകിയെ ഉചിതമായ ഒരു വരനെ കണ്ടുപിടിച്ച് വിവാഹം കഴിച്ചുകൊടുത്തു. സഹോദരിയോടുള്ള പ്രിയംകൊണ്ട് വിവാഹശേഷം അവരുടെ രഥം ഞാൻതന്നെ തെളിച്ചുകൊണ്ടുപോയി. ആ സമയത്ത് ഒരു അശരീരി കേൾക്കപ്പെട്ടു. എന്റെ സോദരിയുടെ എട്ടാമത്തെ പുത്രൻ എന്നെ വധിക്കുമത്രേ! ഉടനെ ഞാൻ' (ക്രുദ്ധിച്ച് ദേവകിയെ വധിക്കുവാനായി വാളോങ്ങുന്നതായി നടിച്ചിട്ട്)'അപ്പോൾ വസുദേവൻ' (വസുദേവനായി നടിച്ച്)'അരുതേ, അരുതേ, സഹോദരിയെ അങ്ങ് വധിക്കരുതേ. ഇവൾക്കുജനിക്കുന്ന എല്ലാ പുത്രന്മാരേയും ഞാൻ അങ്ങേയ്ക്ക് കൊണ്ടുവന്നു നൽകിക്കോളാം.' (കംസനായി പൂർവ്വസ്ഥിതിയിൽ വാളൊങ്ങിനിന്ന് വസുദേവൻ പറയുന്നത് ശ്രവിക്കുന്നതായി നടിച്ചിട്ട്)'ഉം, ആകട്ടെ' (വാൾ ഉറയിലിട്ട് ശന്തഭാവത്തിലേയ്ക്ക് വന്നിട്ട്)'ഇപ്രകാരം ദേവകിക്കുപിറന്ന ആറുകുട്ടികളേയും ഞാൻ വധിച്ചുകളഞ്ഞു. പിന്നീടുണ്ടായ കുട്ടിയെ വധിക്കുവാനായി കൈയ്യിലെടുത്തസമയത്ത് ആ പെൺശിശു മായയാൽ ആകാശത്തിലേയ്ക്ക് ഉയർന്നിട്ട് 'കംസാ, നിന്റെ അന്തകൻ മറ്റൊരിടത്ത് ജനിച്ചുകഴിഞ്ഞു' എന്നുപറഞ്ഞിട്ട് മറഞ്ഞുകളഞ്ഞു. പിന്നെ ഞാൻ ഉടനെ ജനിച്ചവരായ ശിശുക്കളെയെല്ലാം വധിക്കുവാൻ നിർദ്ദേശിച്ച് പൂതനയെന്ന രാക്ഷസിയെ അയയ്ച്ചു. അമ്പാടിയിലെത്തി വിഷം പുരട്ടിയ മുല കൊടുത്ത് ശിശുവിനെ വധിക്കുവാൻ ശ്രമിക്കവെ അവൾ മരിച്ചുവത്രെ! ഉഗ്രയായ അവൾ ഒരു ശിശുവാൽ വധിക്കപ്പെടുമോ? ഉം, എന്തുമാകട്ടെ, പിന്നീട് ഞാൻ പലപ്പോഴായി കുട്ടികളെ വധിക്കുവാൻ കല്പിച്ച് ശകടൻ, തൃണാവർത്തൻ, ബകൻ തുടങ്ങിയ അസുരവീരന്മാരെ നിയോഗിച്ചു. ഹോ! എല്ലാവരുംതന്നെ ഗോകുലത്തിൽ വെച്ച് വധിക്കപ്പെട്ടു. ഇപ്പോൾ നിയോഗിക്കപ്പെട്ടവനായ അരിഷ്ടാസുരനും ഗോപാലകന്മാരാൽ കൊല്ലപ്പെട്ടുവത്രെ! ഹോ! കഷ്ടം! ഇനി എന്താണ് ചെയ്യേണ്ടത്?' (ആലോചിച്ചുറപ്പിച്ചിട്ട്)'ഇനി പശുപാലബാലകരെ വധിക്കുന്നതിനായി അതിശക്തനായ കേശിയെന്ന അസുരനെ കല്പിച്ചയയ്ക്കുകതന്നെ.' (പെട്ടന്ന് ആകാശത്തിലായി ഒരു പ്രഭകണ്ടിട്ട്)'ആകാശത്തിൽ ഒരു തേജസ്സ് കാണുന്നതെന്ത്?' (തേജസ്സിനെ നോക്കിനിന്ന് ആലോചിച്ചിട്ട്)'അഗ്നിയാണോ?' (നോക്കിശ്രദ്ധിച്ചിട്ട്)'അല്ല, അഗ്നി ഊർദ്ധഗാമിയാണല്ലൊ. ഈ പ്രഭയാകട്ടെ ക്രമേണ താഴേയ്ക്കാണ് വരുന്നത്. പിന്നെ എന്ത്?' (വീണ്ടും സൂക്ഷ്മമായി വീക്ഷിച്ചിട്ട്)'ഇതാ ഈ പ്രഭയുടെ മദ്ധ്യത്തിൽ കരചരണാദി അംഗങ്ങളോടുകൂടിയ ഒരു ശരീരം കാണുന്നു. ജടാഭാരവും, ഭസ്മക്കുറികളും, രുദ്രാക്ഷമാലകളും കാണുന്നു. വീണമീട്ടിക്കൊണ്ടാണ് വരവ്. ഹോ! ബ്രഹ്മപുത്രനായ നാരദമഹർഷി തന്നെ. എന്നെ കാണുവാനായി വരുകയാണ്. എന്നാൽ ഇനി അദ്ദേഹത്തെ സ്വീകരിച്ചിരുത്തി ലോകവർത്തമാനങ്ങൾ ചോദിച്ചറിയുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കംസൻ പിന്നിലേയ്ക്കു് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീല നീക്കുമ്പോൾ ഇടത്തുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം നാരദൻ പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസൻ എഴുന്നേറ്റ് ആദരവോടെ നാരദനെ വലതുഭാഗത്തേയ്ക്ക് ആനയിച്ചിരുത്തി കുമ്പിടുന്നു. വലതുഭാഗത്തേയ്ക്കുവന്ന് പീഠത്തിലിരിക്കുന്ന നാരദൻ അനുഗ്രഹിക്കുന്നു. കംസൻ പദാഭിനയം ആരംഭിക്കുന്നു.

കംസന്റെ പദം-രാഗം:ബലഹരി, താളം:അടന്ത
പല്ലവി:
"വന്ദേ തപോനിലയ നാരദ മഹാത്മൻ
 ഇന്നു തവ ദർശനാൽ ധന്യനായേനഹം"
ചരണം1:
"സാധോ ഭവാൻ സകലലോകങ്ങളൊക്കയും
 പാദരജസാ പരിപൂതമാക്കുന്നഹോ"
ചരണം2:
"എന്നുടെ പരാക്രമം വിണ്ണവരനാരതം
 ധന്യതമ വാഴ്ത്തുന്നതില്ലയോ മഹാമുനേ"
ചരണം3:
"മന്നിലാരുള്ളു മമ ശാസനയെ ലംഘിപ്പാൻ
 ഉന്നതമതേ പാർത്താൽ മാന്യഗുണശീല"
ചരണം4:
"മേദിനിതന്നിലൊരു നൂതനവിശേഷങ്ങ-
 ളേതാനുമുണ്ടെങ്കിൽ സാധു വദ മാമുനേ"
{തപോനിലയാ, നാരദാ, മഹാത്മാവേ, വന്ദനം. അങ്ങയുടെ ദർശനത്താൽ ഇന്ന് ഞാൻ ധന്യനായിത്തീർന്നു. സാധോ, ഹോ! സകലലോകങ്ങളേയും പാദരേണുക്കളാൽ ഭവാൻ ഏറ്റവും പവിത്രമാക്കിത്തീർക്കുന്നു. ഏറ്റവും ധന്യനായവനേ, മഹാമുനേ, എന്റെ പരാക്രമത്തെ ദേവകൾ തടസമില്ലാതെ വാഴ്ത്തുന്നില്ലയോ? ഉയർന്ന മനസ്സുള്ളവനേ, മാനിക്കപ്പെടേണ്ടുന്നതായ ഗുണശീലങ്ങളോടുകൂടിയവനേ, വിചാരിച്ചാൽ, എന്റെ ആജ്ഞയെ ലംഘിക്കുവാനായി ലോകത്തിലാരാണുള്ളത്? മഹാമുനേ, ഭൂമിയിൽ പുതിയ വിശേഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ശരിയായി പറഞ്ഞാലും.}

'വന്ദേ തപോനിലയ' (നാരദൻ-തിരുവല്ല ബാബു, കംസൻ-മടവൂർ വാസുദേവൻ നായർ)
നാരദന്റെ പദം-രാഗം:സൗരാഷ്ട്രം, താളം:മുറിയടന്ത
 പല്ലവി:
"വീരശിഖാമണേ കംസ ശൗര്യഗുണവാരിരാശേ
 സാരമാകുന്നൊരു വാർത്ത പാരമിന്നു കേട്ടുകൊൾക"
ചരണം1:
"നന്ദഗേഹേ വാണീടുന്ന മാന്യരാം രാമകൃഷ്ണന്മാർ
 നന്ദസുതന്മാരതെന്നോ മന്ദമതേ ബോധിച്ചു നീ"
ചരണം2:
"നന്നുനന്നു നിരൂപിച്ചാൽ ധന്യനാം വസുദേവന്റെ
 നന്ദനന്മാരാകുന്നവർ നിന്നുടെ വൈരികളോർത്താൽ"
ചരണം3:
"മേദിനീശ നീയയ്ച്ച പൂതനബകാദികളെ
 പ്രേതനാഥപുരേ ചേർത്തു മാധവനതോർത്തുകൊൾക"
ചരണം4:
"ഉഗ്രസേനാത്മജ പോരിൽ ഉഗ്രവീര്യനാം നിന്നെയും
 നിഗ്രഹിക്കേണമെന്നവനാഗ്രഹമുണ്ടെന്നും കേട്ടു"
{വീരന്മാരുടെ ശിരോരത്നമേ, കംസാ, ശൗര്യഗുണങ്ങളുടെ സമുദ്രമേ, ഏറ്റവും സാരമായൊരു വാർത്ത ഇന്ന് കേട്ടുകൊൾക. മന്ദബുദ്ധീ, നന്ദഗൃഹത്തിൽ വസിക്കുന്ന മാന്യരായ രാമകൃഷ്ണന്മാർ നന്ദന്റെ പുത്രന്മാരാണന്നണോ നീ ധരിച്ചിരിക്കുന്നത്? വിചരിച്ചാൽ, കൊള്ളാം! കൊള്ളാം! ഓർത്താൽ, അവർ ധന്യനായ വസുദേവന്റെ പുത്രന്മാരായ നിന്റെ ശത്രുക്കളാകുന്നു. രാജാവേ, നീ അയയ്ച്ച പൂതനബകാദികളെ ശ്രീകൃഷ്ണൻ കാലപുരിക്കയയ്ച്ചു. അത് ഓർത്തുകൊള്ളുക. ഉഗ്രസേനപുത്രാ, യുദ്ധത്തിൽ ഉഗ്രവീര്യനായ നിന്നെയും വധിക്കണമെന്ന് അവന് ആഗ്രഹമുണ്ടെന്നും കേട്ടു.}

'വീരശിഖാമണേ കംസ' (നാരദൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കംസൻ-കലാ:മനോജ്)
പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി
കംസൻ:
ചരണം1:
"ധീരവീരനാകുമെന്റെ നേരെ നിൽക്കുവാ-
 നാരഹോ നീ ചൊന്ന മൊഴികൾ ഭീരുതാപരം"
പല്ലവി:
"താപസേന്ദ്ര താവകീനവചനമത്ഭുതം"
ചരണം2:
"മഹിതരായ വിബുധദനുജരാകവേ മുനേ
 ചകിതരായി വാണിടുന്നു ഭുജബലേന മേ"
ചരണം3:
"വിമതരെ മറച്ചിടുന്ന ശൗരിണാ സഹ
 സപദി സോദരിയെയിന്നു സംഹരിക്കുവൻ"
{ധീരനും വീരനുമാകുന്ന എന്റെ നേരേ നിൽക്കുവാൻ ആരാണുള്ളത്? അങ്ങ് പറഞ്ഞ വാക്കുകൾ ഭീരുതാപരമാണ്. താപസശ്രേഷ്ഠാ, അങ്ങയുടെ ഈ പുതിയ വാർത്ത അത്ഭുതകരമാണ്. മുനേ, യോഗ്യരായ ദേവന്മാരും അസുരന്മാരുമെല്ലാം എന്റെ കരബലത്തെ ഭയന്ന് വസിക്കുന്നു. ശത്രുക്കളെ മറച്ചുവെച്ച വസുദേവനെ എന്റെ സോദരിയോടുകൂടി ഇപ്പോൾ സംഹരിക്കുന്നുണ്ട്.}

പദം കലാശിക്കുന്നതിനൊപ്പം ക്രുദ്ധനായി വാളെടുത്തുകൊണ്ട് വസുദേവദേവകിമാരെ ഹനിക്കുവാൻ പുറപ്പെടുന്ന കംസനെ തടഞ്ഞുനിർത്തിയിട്ട് നാരദൻ പദാഭിനയം തുടരുന്നു.

നാരദൻ:
ചരണം4:
"സാഹസങ്ങളെവമിന്നു മാ കൃതാ വിഭോ
 ആഹവേ ഹനിച്ചുകൊൾകെടോ രിപുക്കളേ"
പല്ലവി:
"മാനവേന്ദ്ര വിരവിനോടു കേൾക്ക മേ ഗിരം"
{പ്രഭോ, ഇപ്രകാരമുള്ള സാഹസങ്ങൾ ഇന്ന് ചെയ്യരുത്. എടോ, ശത്രുക്കളെ യുദ്ധത്തിൽ നശിപ്പിച്ചുകൊള്ളുക. രാജശ്രേഷ്ഠാ, എന്റെ വാക്ക് വഴിപോലെ കേൾക്കുക.}

ശേഷം ആട്ടം-
കംസൻ:'അന്നുതന്നെ സോദരിയെ വധിച്ചുകളഞ്ഞാൽ മതിയായിരുന്നു. ഉം, ഇപ്രകാരം കുട്ടികളെ ഒളിപ്പിച്ചുവെച്ച അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്'
നാരദൻ:'കഷ്ടം! സ്ത്രീകളെ വധിക്കുന്നത് അപഹാസ്യമാണ്. ശത്രുക്കളെ യുദ്ധത്തിൽ നേരിട്ട് വധിക്കുന്നതാണ് ഉചിതം'
കംസൻ:'കുട്ടികളുമായി പൊരുതുന്നത് എനിക്ക് ജാള്യതയാണ്. എന്നാലും ഞാൻ ഇതൊന്നും സഹിക്കുകയില്ല. രണ്ടിനേയും ഉടനെ വകവരുത്തുകതന്നെ ചെയ്യുന്നുണ്ട്.'
നാരദൻ:'അതുതന്നെയാണ് വേണ്ടത്. എന്നാൽ ഇനി ഞാൻ പോകട്ടെയോ?'
കംസൻ:'അപ്രകാരമാകട്ടെ'
കംസൻ വന്ദിച്ച് നാരദനെ യാത്രയാക്കുന്നു. അനുഗ്രഹിച്ച് നാരദൻ നിഷ്ക്രമിക്കുന്നു.
കംസൻ:(നരദനെ അയയ്ച്ച് തിരിഞ്ഞുവന്നിട്ട്)'ഏതായാലും ഇനി കേശിയെ ഉടനെ ഗോകുലത്തിലേയ്ക്ക് അയയ്ക്കുകതന്നെ' ('അഡ്ഡിഡ്ഡികിട'വെച്ചുനിന്ന് വലതുഭഗത്തായി കേശിയെ കണ്ടതായി നടിച്ച്, അനുഗ്രഹിച്ചിട്ട്)'എടോ വീരനായ കേശീ, നീ ഉടനെ ഗോകുലത്തിൽ പോയി അവിടെ വസിക്കുന്നവരായ രാമൻ, കൃഷ്ണൻ എന്നീ ഗോപാലബാലന്മാരെ പെട്ടന്ന് നശിപ്പിച്ചിട്ട് വരിക.' (അനുഗ്രഹിച്ച് കേശിയെ അയയ്ച്ചിട്ട് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിവന്ന് പീഠത്തിൽ ഇരുന്ന്* ചിന്തിച്ചിട്ട്)'എന്റെ ശത്രുക്കളായ ബാലന്മാരെ നശിപ്പിക്കുവാൻ വഴി എന്ത്?(ആലോചിച്ചിട്ട്)'ഹോ! ഭംഗിയായ ഒരു വഴി തോന്നുന്നുണ്ട്. ഇവിടെ ഒരു ചാപപൂജാമഹോത്സവം നടത്തുവാൻ ഉറപ്പിക്കുകതന്നെ. പിന്നെ അതുകാണുവാനായി കുട്ടികളെ സ്നേഹപൂർവ്വം ഇവിടേയ്ക്ക് വരുത്തുക. അപ്പോൾ ഗജശ്രേഷ്ഠനായ കുവലയാപീഠത്തിനെ കവാടത്തിൽ നിർത്താം. ചാണൂരാദി മല്ലന്മാരെയും നിയോഗിക്കാം. അവരുടെ കൈയ്യാൽ ബാലകന്മാർ നശിപ്പിക്കപ്പെടും.' (പെട്ടന്ന് എഴുന്നേറ്റിട്ട്)'എന്നാൽ ഇനി ഒട്ടും വൈകാതെതന്നെ ചാപപൂജ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ കംസൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
[*മനോധർമ്മാനുസ്സരണം ഇവിടെ കംസന്റെ ഭയഭക്തി വെളിവാക്കുന്നതായ ഒരു ആട്ടം പതിവുണ്ട്.
ആട്ടം-
കംസൻ:(അനുഗ്രഹിച്ച് കേശിയെ അയയ്ച്ചിട്ട് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിവന്ന് പീഠത്തിൽ ഇരിക്കവെ വേണുഗാനം കേൾക്കുന്നതായി തോന്നിയിട്ട്)'ഹേയ്, ആരാണ് ഇവിടെ വേണുഗാനം മുഴക്കുന്നത്?' (ഭൃത്യന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'എന്ത്? അരും ഇല്ലന്നോ? ഛേ! പോ' (വീണ്ടും കേട്ട് അസഹ്യത നടിച്ച് ക്രുദ്ധനായി വാൾ എടുത്തുകൊണ്ട് എഴുന്നേറ്റിട്ട്)'ആര്? വേണുഗാനം മുഴക്കുന്നതാര്?' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന്, കണ്ടിട്ട്)'എന്ത്? ഒരു ബാലനോ? മഞ്ഞപ്പട്ടുടുത്ത്, തലയിൽ മയിൽപ്പീലിചൂടി ഇരുന്ന് ഓടക്കുഴൽ വായിക്കുന്നുവോ?' (സന്തോഷം ഭാവിച്ച് സമീപിച്ചിട്ട്,  പെട്ടന്ന് വാൾ കൊണ്ട് വെട്ടുവാൻ ഓങ്ങുന്നതോടെ ബാലനെ കാണാനില്ലാഞ്ഞ് പരിഭ്രമിച്ച്)'ഹോ! പോയോ?'കംസന് വീണ്ടും പലഭാഗത്തുനിന്നായി വേണുഗാനം കേൾക്കുന്നതായും, ശ്രീകൃഷ്ണനെ കാണുന്നതായും തോന്നുന്നു. വെട്ടാൻ ഓങ്ങുമ്പോളെല്ലാം കൃഷ്ണനെ കാണാതെയാകുന്നു. പിന്നെ തന്റെ നാലുവശവും വളരെ കൃഷ്ണന്മാർ ഒരുമിച്ചുനിന്ന് ഓടക്കുഴൽ വിളിക്കുന്നതായി തോന്നുന്നതോടെ കംസൻ വാൾകൊണ്ട് വെട്ടുവാനായി നാലുപാടും ഓടുന്നു. കംസൻ വെട്ടുന്നതോടെ കൃഷ്ണൻ മറയുന്നു. അങ്ങിനെ ഭയത്താൽ ആകെ പരിപ്രമിച്ച് സഹികെട്ട് കംസൻ ക്ഷീണിതനായി പീഠത്തിൽ വന്നിരുന്ന് ബാലന്മാരെ നശിപ്പിക്കുന്നതിനുള്ള ഉപായം ആലോചിക്കുന്നു.]

അഭിപ്രായങ്ങളൊന്നുമില്ല: