2012, ജനുവരി 27, വെള്ളിയാഴ്‌ച

കംസവധം നാലാം രംഗം

രംഗത്ത്-കംസൻ, ചാണൂരൻ(ഇടത്തരം മിനുക്കുവേഷം), മുഷ്ടികൻ(ഇടത്തരം മിനുക്കുവേഷം), മഹാമാത്രൻ[ആനക്കാരൻ](ലോകധർമ്മിവേഷം)

ശ്ലോകം-രാഗം:കാമോദരി
"ശ്രുത്വാസൗ നാരദീയാംഗിരമതികുപിതഃ ഖഡ്ഗപാണിസ്സ്വസാരം
 ഭർത്ത്രാ സാർദ്ധം നിഹന്തും കൃതമതിരനിശം വാരിതോ നാരദേന
 പൃത്ഥ്വീശാസ്താപസേന്ദ്രേ ഗതവതി നിഗളേ തൗ നിബദ്ധ്യാഥ താവത്
 ഭക്താനാഹൂയ കംസസ്സരഭസമവദന്മന്ത്രിണോ മല്ലവീരാൻ"
{നാരദൻ പറഞ്ഞതുകേട്ട് അത്യധികം ക്രുദ്ധനായി വാൾ കൈയ്യിലെടുത്ത് തന്റെ സഹോദരിയെ അവരുടെ ഭർത്താവിനോടൊപ്പം കൊല്ലുവാനായി കംസൻ തുനിഞ്ഞുവെങ്കിലും, നാരദൻ അത് തടഞ്ഞു. മുനിവര്യനായ നാരദൻ പോയതിനുശേഷം ദേവകീവസുദേവന്മാരെ ചങ്ങലകൊണ്ടു ബന്ധിച്ചിട്ട് കംസരാജാവ് ഉടനെ തന്റെ ആശ്രിതരും മല്ലവീരന്മാരുമായ മന്ത്രിമാരെ വിളിച്ചുവരുത്തി അവരോടു പറഞ്ഞു.}

ചാണൂരന്റെ തിരനോട്ടം-
മുഷ്ടികന്റെ തിരനോട്ടം-
ചാണൂരമുഷ്ടികന്മാരുടെ ആട്ടം-

തിരനോട്ടങ്ങൾക്കുശേഷം വീണ്ടും തിരനീക്കുമ്പോൾ രംഗമദ്ധ്യത്തിൽ വലത്തുഭാഗത്തായി ചാണൂരനും ഇടത്തുഭാഗത്തായി മുഷ്ടികനും ഉത്തരീയം വീശി ഇരിക്കുന്നു. തുടർന്ന് മീശയും താടിയും പിരിച്ചശേഷം, ഇരുവരും കൈത്തരിപ്പ് അഭിനയികുന്നു.
ചാണൂരൻ:'കൈത്തരിപ്പ് ഒട്ടും സഹിക്കാനാവുന്നില്ല'
മുഷ്ടികൻ:'എനിക്കും അങ്ങിനെ തന്നെ. കൈത്തരിപ്പ് അടക്കുന്നതിനായി നമുക്ക് അല്പം മല്ലയുദ്ധം ചെയ്താലോ?'
ചാണൂരൻ:'അങ്ങിനെതന്നെ'
ചാണൂരനും മുഷ്ടികനുമായി മല്ലയുദ്ധം നടത്തുന്നു. 

ചാണൂരൻ:(പല അടവുകളും വെച്ച് യുദ്ധം തുടരുന്നതിനിടയിൽ സമീപത്തേയ്ക്ക് ആരോ വരുന്നതുകണ്ടിട്ട്, യുദ്ധം നിർത്തിയിട്ട്) 'നമ്മുടെ നേരെ വരുന്നതാര്?'
മുഷ്ടികൻ:'കംസരാജാവിന്റെ ദൂതന്നാണന്ന് തോന്നുന്നു.'
ചാണൂരൻ:(അടുത്തുവന്ന് കുമ്പിടുന്നതായ ദൂതനെ അനുഗ്രഹിച്ചതായി നടിച്ചിട്ട്)'വന്ന കാര്യമെന്ത്?' (ദൂതൻ പറയുന്നത് കേൾക്കുന്നതായി നടിച്ചിട്ട്)'കംസമഹാരാജാവ് ഞങ്ങളെ രണ്ടുപേരേയും ഉടനെ സമീപത്തേയ്ക്ക് ചെല്ലുവാൻ കല്പിച്ചിരിക്കുന്നുവെന്നോ. ഉടനെ വന്നുകൊള്ളാം എന്ന് രാജാവിനെ അറിയിച്ചാലും' (ദൂതനെ അനുഗ്രഹിച്ച് അയയച്ച്ചിട്ട് മുഷ്ടികനോടായി)'രാജാവ് നമ്മളെ ഇപ്പോൾ കാണുവാൻ പറഞ്ഞതെന്തിന്? ഉം, എന്തായാലും നമുക്ക് ഉടനെ രാജാവിന്റെ സമീപത്തേയ്ക്ക് പോവുകയല്ലെ?'
മുഷ്ടികൻ:'അങ്ങിനെതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ചാണൂരമുഷ്ടികന്മാർ പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരമാറ്റുമ്പോൾ ഇടത്തുഭാഗത്തുകൂടി മഹാമാത്രനൊപ്പം 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ചാണൂരമുഷ്ടികന്മാർ വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വണങ്ങി നിൽക്കുന്നു.
കംസൻ:(അനുഗ്രഹിച്ചശേഷം)'ഹേ മല്ലന്മാരേ, ഹസ്തിപാ, എറ്റവും പ്രധാനമായ ഒരു കാര്യം ആലോചിച്ച് ഉറപ്പിക്കുവാനായാണ് നിങ്ങളെ വരുത്തിയത്. ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കംസൻ പദാഭിനയം ആരംഭിക്കുന്നു.

കംസന്റെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
"ചൊല്ലെഴുന്നുള്ളൊരു മല്ലവരന്മാരേ സല്ലാപം മേ ശൃണുത രണ-
 കല്യരാകും വസുദേവതനയന്മാർ ഗോകുലേ വാണീടുന്നു"
ചരണം1:
"വൈരികളാകുന്ന രാമകൃഷ്ണന്മാരെ വൈകിടാതെ വരുത്തി പോരിൽ
 സൗരിപുരത്തിലയച്ചിടുകവേണം ഗർവികളാമവരേ
 കാർമ്മുകയാഗം തുടങ്ങുക സമ്പ്രതി സമ്മോദമോടനിശം അതു
 കാണ്മതിനായിട്ടു കാർമുകിൽവർണ്ണനും രാമനും അത്ര വരും"
ചരണം2:
"തുംഗങ്ങളായുള്ള മഞ്ചങ്ങളോരോന്നു രംഗതലേ ക്രിയന്താം ഗജ-
 പുഗവനെ മഹാമാത്രാ നീ ഗോപുരദ്വാരമതിൽ നിർത്തുക
 തത്ര പശുപന്മാർ വന്നാൽ കരിവരയുദ്ധം തുടങ്ങീടണം അതിൽ
 മുക്തരെന്നാകിലോ മല്ലന്മാരേ നിങ്ങൾ സത്വരം നേർത്തീടുവിൻ"
{പ്രശസ്തരായ മല്ലന്മാരേ, എന്റെ വാക്കുകൾ ശ്രവിക്കുക. യോഗ്യരായ വസുദേവപുത്രന്മാർ ഗോകുലത്തിൽ വസിക്കുന്നു. ശത്രുക്കളായ രാമകൃഷ്ണന്മാരെ വൈകാതെ വരുത്തണം. അഹങ്കാരികളായ അവരെ യുദ്ധത്തിൽ കാലപുരിയിലേയ്ക്ക് അയയ്ക്കുകയും വേണം. ഇപ്പോൾ ചാപപൂജാമഹോത്സവം തുടങ്ങുകതന്നെ. അപ്പോൾ അതുകാണുവാനായിട്ട് സന്തോഷത്തോടുകൂടി ശ്രീകൃഷ്ണനും രാമനും ഇവിടെ വരും. ഉയരത്തിലുള്ള ഓരോ മഞ്ചങ്ങൾ രംഗതലത്തിൽ ഉണ്ടാക്കണം. മഹാമാത്രാ, നീ ഗജശ്രേഷ്ഠനായ കുവലയാപിഠത്തിനെ ഗോപുരദ്വാരത്തിൽ നിർത്തുക. ഗോപബാലന്മാർ അവിടെ വന്നാൽ ഉടനെ ആനയെക്കൊണ്ട് നേരിടാൻ തുടങ്ങണം. അതിൽനിന്നും അവർ രക്ഷപ്പെടുകയാണെങ്കിൽ മല്ലന്മാരേ, നിങ്ങൾ പെട്ടന്ന് അവരെ നേരിടുവിൻ.}

പദം കലാശിച്ചാൽ കംസൻ വലതുഭാഗത്ത് പീഠത്തിൽ ഇരിക്കുന്നു. ചാണൂരൻ പദം അഭിനയിക്കുന്നു.

പദം-രാഗം:അസാവേരി, താളം:ചെമ്പട
ചാണൂരൻ:
പല്ലവി:
"കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ"
അനുപല്ലവി:
"ഗോക്കൾമേച്ചു നടമാടീടുന്നൊരു മൂർഖരാമമുകിൽവർണ്ണന്മാരെ
 നീക്കംവേണ്ട ഹനിക്കുന്നുണ്ടിഹ പാർക്കിലിന്നു നേർക്കയില്ല രണഭുവി"
("കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ")
ചരണം1:
"ക്ഷോണിയിലാരൊരുവൻ എന്നൊടു കാണിസമം പൊരുവാൻ
 പാണിതലേന ഹനിച്ചു കൃഷ്ണനെ ഊണിനു കങ്കങ്ങൾക്കു നൽകുവൻ
 ചാണൂരനുടെ പാണിലാഘവം കാണികൾക്കുകാണാമതികുതുകം"
("കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ")
{രാജാവേ, സുമനസ്സേ, എന്റെ ഇപ്രകാരമുള്ള വാക്കുകൾ കേട്ടാലും. പശുകളെ മെച്ച് കളിക്കുന്ന മൂഢരായ രാമകൃഷ്ണന്മാരെ താമസിയാതെ ഇവിടെ വധിക്കുന്നുണ്ട്. ചിന്തിച്ചാൽ ഇന്ന് യുദ്ധഭൂമിയിൽ അവർ എതിരിടുകയില്ല. എന്നോട് അല്പനേരമെങ്കിലും പൊരുതി നിൽക്കുവാനായി ഭൂമിയിൽ ആരാണ് ഒരുവനുള്ളത്? കൈത്തലംകൊണ്ട് വധിച്ച് കൃഷ്ണനെ കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്നുണ്ട്.  കാണികൾക്ക് ഏറ്റവും സന്തോഷമായി ചാണൂരന്റെ കൈക്കരുത്ത് കാണാം.}

'ഗോക്കൾമേച്ചു നടമാടീടുന്നൊരു' (കംസൻ-മടവൂർ വാസുദേവൻ നായർ, ചാണൂരൻ-ഫാക്റ്റ് ബിജു ഭാസ്ക്കർ)
മുഷ്ടികൻ:
ചരണം2:
"മുഷ്ടികബാഹുബലം കാണുകിൽ ഞെട്ടുമരാതികുലം
 മുഷ്ടികൾകൊണ്ടിന്നാശു രാമനെ നഷ്ടമാക്കുവൻ സമരംതന്നിൽ
 പുഷ്ടാനന്ദം പശ്യ സങ്കരം ദൃഷ്ടമാകുമത്ര സമരചതുരത"
("കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ")
{മുഷ്ടികന്റെ കരബലം കണ്ടാൽ ശത്രുക്കൂട്ടം ഞെട്ടും. യുദ്ധത്തിലിന്ന് കൈകൾകൊണ്ട് ഉടനെ രാമനെ വധിക്കുന്നുണ്ട്. അതിയായ ആനന്ദത്തോടെ യുദ്ധം കണ്ടാലും. യുദ്ധത്തിലുള്ള മിടുക്ക് ഇവിടെ കാണാം.}

'മുഷ്ടികബാഹുബലം'
മഹാമാത്രൻ:
ചരണം3:
"ഹസ്തിപനഹമധുനാ കലഹേ നിസ്തുലമദകരിണാ
 ശക്തരായ ഗോപാലന്മാരുടെ മസ്തകം പൊടിയതാക്കുന്നുണ്ടു
 ഹസ്തഗതസ്തേ വിജയസ്സരഭസമസ്തശങ്കമത്ര വാഴ്ക നൃപവര"
("കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ")
{ആനക്കാരനായ ഞാൻ ഇപ്പോൾ യുദ്ധത്തിൽ എതിരുറ്റവനായ മദയാനയെക്കൊണ്ട് ശക്തരായ ഗോപാലകന്മാരുടെ ശിരസ്സ് പൊടിയാക്കുന്നുണ്ട്. രാജശ്രേഷ്ഠാ, വിജയം അങ്ങയുടെ കൈയ്യിലെത്തിക്കഴിഞ്ഞു. വേഗം സംശയമകറ്റി ഇനി ഇവിടെ സുഖമായി വസിച്ചാലും.}

'കലഹേ നിസ്തുലമദകരിണാ' (കംസൻ-കലാ:മനോജ്, മഹാമാത്രൻ-പീശപ്പള്ളി രാജീവൻ)
ശേഷം ആട്ടം-
പദം കലാശിച്ചിട്ട് മഹാമാത്രൻ കംസനെ കുമ്പിടുന്നു. 

കംസൻ:(അനുഗ്രഹിച്ചിട്ട്)'അല്ലയോ ഹസ്തിപാ, ഗോപബാലന്മാർ വരുന്ന സമയത്ത് കുവലയാപീഠത്തിനെ യാഗശാലാകവാടത്തിൽ നിർത്തുകയും അവനെക്കൊണ്ട് അവരെ വധികുകയും വേണം. ആ ഗോപകുമാരന്മാർ സൂത്രശാലികളാണ്, ശ്രദ്ധിക്കണം.'
കംസൻ-മടവൂർ വാസുദേവൻ നായർ, മഹാമാത്രൻ-തിരുവല്ല ബാബു, സഹഹസ്തിപൻ കലാ:രാധാകൃഷ്ണൻ
മഹാമാത്രൻ:'ശ്രദ്ധിച്ചുകൊള്ളാം'
കംസൻ പാരിദോഷികം നൽകി അനുഗ്രഹിച്ച് മഹാമാത്രനെ അയയ്ക്കുന്നു. കംസനെ വണങ്ങി പിന്നിലേയ്ക്കുമാറി മഹാമാത്രൻ നിഷ്ക്രമിക്കുന്നു.
കംസൻ:(മല്ലന്മാരോടായി)'കുവലയാപീഠംതന്നെ ഗോപാലകബാലന്മാരെ നശിപ്പിച്ചുകൊള്ളും. എങ്കിലും നിങ്ങൾ കരുതിയിരിക്കണം. ആനയിൽനിന്നും രക്ഷപ്പെടുകയാണെങ്കിൽ അവരെ നിങ്ങൾ യുദ്ധത്തിൽ വധിക്കണം'
ചാണൂരമുഷ്ടികന്മാർ:'ഞങ്ങൾ അവരെ നശിപ്പിച്ചുകൊള്ളാം'
കംസൻ:'ശ്രദ്ധിക്കണം. അനവധി വീരന്മാരെ അവർ വധിച്ചത് അറിയാമല്ലൊ?'
ചാണൂരമുഷ്ടികന്മാർ:'വഴിപോലെ ശ്രദ്ധിച്ചുകൊള്ളാം'
കംസൻ:'എന്നാൽ ഇനി പറഞ്ഞതുപോലെ എല്ലാം പ്രവർത്തിച്ചാലും'
ചാണൂരമുഷ്ടികന്മാർ കംസനെ കിമ്പിട്ട് നിഷ്ക്രമിക്കുന്നു.
കംസൻ:(മല്ലന്മാരെ അനുഗ്രഹിച്ച് അയയ്ച്ചുതിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്നിട്ട്)'ഇനി രാമകൃഷ്ണന്മാരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുവാനായി ആരെയാണ് നിയോഗിക്കുക?' (ആലോചിച്ചിട്ട്)'ഉം, യാദവശ്രേഷ്ഠനായ അക്രൂരനെത്തന്നെ അയയ്ക്കാം' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഭൃതനെ കണ്ട്, അനുഗ്രഹിച്ചിട്ട്)'എടോ ഭൃത്യാ, യാദവശ്രേഷ്ഠനായ അക്രൂരനോട് പെട്ടന്നുതന്നെ എന്നെ വന്ന് കാണുവാൻ അറിയിക്കുക' (ഭൃത്യനെ അനുഗ്രഹിച്ചയയ്ച്ച് തിരിഞ്ഞിട്ട്)'ഇനി അക്രൂരനോട് രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവരുവാൻ കല്പിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് കംസൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: