2012, ജനുവരി 27, വെള്ളിയാഴ്‌ച

കംസവധം അഞ്ചാം രംഗം


രംഗത്ത്-കംസൻ, അക്രൂരൻ(ഒന്നാന്തരം പച്ചവേഷം)

ശ്ലോകം-രാഗം:മദ്ധ്യമാവതി
"സമ്മന്ത്ര്യൈവം ദുർമ്മതിസ്തൈരമാത്യൈ-
 സ്സാകം കംസസ്സാധുവിദ്വേഷകാരീ
 ആനേതും തൗ ഗോകുലാദ്രാമകൃഷ്ണാ-
 വക്രൂരാഖ്യം യാദവം സംബഭാഷേ"
{ദുർബ്ബുദ്ധിയും, സജ്ജനങ്ങൾക്കു വെറുപ്പുണ്ടാക്കുന്നവനുമായ കംസൻ ഇപ്രകാരം മന്ത്രിമാരോടുകൂടി ആലോചിച്ചിട്ട്, ബലരാമനേയും ശ്രീകൃഷ്ണനേയും ഗോകുലത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാനായി അക്രൂരൻ എന്നുപേരായ യാദവനോട് പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന അക്രൂരൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസനെ കണ്ട്, കുമ്പിടുന്നു. അനുഗ്രഹിച്ചശേഷം കംസൻ പദാഭിനയം ആരംഭിക്കുന്നു.

കംസന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട
പല്ലവി:
"യാദവവീര കേൾക്ക നീ ഗാന്ദിനീസൂനോ"
അനുപല്ലവി:
"സാധോ ഭവാനുസമമേതൊരു ബന്ധു മമ
 മോദമതിനാലിന്നു ജാതമായി നീതമായി ഖേദവും"
ചരണം1:
"നന്ദഗോപന്റെ മന്ദിരേ ഹലധരകൃഷ്ണന്മാർ
 നന്ദികലർന്നു വാഴുന്നു ചെന്നു നീ തത്ര
 നന്ദനന്ദനന്മാരെക്കൊണ്ടുവന്നീടവേണ-
 മതികുതുകമോടതിനിഹ മുതിരുക മുഹുരപി ശൃണു"
ചരണം2:
"വല്ലവമൂഢന്മാരത്ര വരികിലഹോ നൂനം
 മല്ലന്മാർ സംഹരിച്ചീടും ഇല്ല നമുക്കു പിന്നെ
 ചൊല്ലുവാനൊരു വൈരി കല്യാണശീല ഗോപ-
 നിലയഗമനമതു കലയ നീ കനിവൊടു ബത"
{യാദവവീരാ, ഗാന്ദിനീപുത്രാ, നീ കേൾക്കുക. ശ്രേഷ്ഠാ, ഭവാനുസമനായി മറ്റാരാണ് എനിക്ക് ബന്ധു? അതിനാൽ ഇന്ന് സന്തോഷമുണ്ടായി, ദുഃഖം നീങ്ങുകയും ചെയ്തു. നന്ദഗോപന്റെ ഗൃഹത്തിൽ രാമകൃഷ്ണന്മാർ സന്തോഷത്തോടുകൂടി വസിക്കുന്നു. നീ അവിടെ ചെന്ന് നന്ദപുത്രന്മാരെ കൊണ്ടുവന്നീടണം. അതിനായി എറ്റവും സന്തോഷത്തോടെ ശ്രമിക്കുക. തുടർന്ന് കേൾക്കുക, മൂഢന്മാരായ ഗോപാലന്മാർ ഇവിടെ വരുകയാണെങ്കിൽ തീർച്ചയായും മല്ലന്മാർ അവരെ വധിക്കും. പിന്നെ നമുക്ക് പറയുവാൻ ഒരു ശത്രു ഇല്ല. മംഗളശീലാ, ഹോ! നീ ദയയോടെ ഗോപഗൃഹത്തിലേയ്ക്ക് യാത്രചെയ്താലും.}
'കല്യാണശീല ഗോപ- നിലയഗമനമതു കലയ നീ' (കംസൻ-കലാ:മനോജ്, അക്രൂരൻ-ഏറ്റുമാനൂർ കണ്ണൻ)
 അക്രൂരന്റെ പദം-രാഗം:, താളം:
ചരണം1:
"ഭൂപതേ തവ വചസാ പശുപപുരേ വേഗം
 പോകുന്നേനഹമധുനാ ഗോപന്മാരെയും വസു-
 ദേവസുതന്മാരെയു താപമെന്നിയേ കൊണ്ടു-
 വരുമതിനൊരു കുറവയി മമ നഹി നരവര"
ഭൂപതേ തവ വചസാ' (കംസൻ-കലാ:മനോജ്, അക്രൂരൻ-ഏറ്റുമാനൂർ കണ്ണൻ)
 പല്ലവി:
"ഭൂപാലവീര കേൾക്ക നീ മാമകവാചം"
{രാജാവേ, അങ്ങയുടെ നിർദ്ദേശത്താൽ ഞാൻ ഇപ്പോൾ വേഗം ഗോകുലത്തിലേയ്ക്ക് പോകുന്നു. ഗോപന്മാരേയും വസുദേവപുത്രന്മാരേയും വിഷമില്ലാതെ കൂട്ടിക്കൊണ്ടുവരും. രാജശ്രേഷ്ഠാ, അതിന് എനിക്കൊരു പ്രയാസവുമില്ല. രാജവീരാ, അങ്ങ് എന്റെ വാക്ക് കേട്ടാലും.}
'താപമെന്നിയേ കൊണ്ടു- വരുമതിനൊരു' (കംസൻ-മടവൂർ വാസുദേവൻ നായർ, അക്രൂരൻ-ചെങ്ങാരപ്പള്ളി അനുജൻ)
 ശേഷം ആട്ടം-
പദാഭിനയം കലാശിച്ച് അക്രൂരൻ കംസനെ കുമ്പിടുന്നു.
കംസൻ:(അനുഗ്രഹിച്ചിട്ട്)'അല്ലയോ യാദവശ്രേഷ്ഠാ, ദേവകിയുടെ ആറുപുത്രന്മാരേയും ഞാൻ വധിച്ചുകളഞ്ഞത് അറിയാമല്ലൊ? ഏഴാമത്തേയും എട്ടാമത്തേയും പുത്രന്മാർ ചതിയിലൂടെ മറഞ്ഞുകളഞ്ഞു. അവർ ഗോകുലത്തിൽ ഒളിച്ചു് താമസിക്കുകയാണ്. അവരാണ് ഈ രാമകൃഷ്ണന്മാർ എന്ന് നാരദനും പറഞ്ഞു. അത് സത്യം തന്നെ. അതിനാൽ ഇനി ശത്രുക്കളായ അവരെ ഇങ്ങോട്ടുവരുത്തണം. അതിനായി ഒരു ഉപായം ഉണ്ട്. ഞാൻ ആരംഭിക്കുന്ന ധനുര്യാഗത്തിന് വേണ്ടുന്നതായ ഗോരസങ്ങൾ മുതലായ സാധനങ്ങളോടുകൂടി യാഗം കാണുന്നതിനായി വരുവാൻ നന്ദാദി ഗോപന്മാരോട് പറയുക. അവരോടുകൂടി ആ രണ്ടു ബാലന്മാരേയും അങ്ങ് ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോരുക. ഇവിടെ എത്തിയാൽ ഗജശ്രേഷ്ഠനായ കുവലയാപീഠം അവരെ വധിച്ചുകൊള്ളും. ഒരു സമയം ആനയിൽനിന്നും രക്ഷപ്പെടുകയാണെങ്കിൽ ചണൂരാദികളായ മല്ലവീരന്മാർ അവരെ കാലപുരിയ്ക്ക് അയയ്ച്ചുകൊള്ളും. രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവന്ന് കൊല്ലിക്കുന്നതിന് സഹായിച്ചാൽ വസുദേവാദികൾ തന്നെ ഉപദ്രവിക്കുമോ എന്ന് ശങ്ക വേണ്ടാ. രാമകൃഷ്ണന്മാർ ഹനിക്കപ്പെട്ട് ദുഃഖിച്ചിരിക്കുമ്പോൾ വസുദേവാദി ബന്ധുക്കളെയും ഞാൻ നശിപ്പിക്കും. അങ്ങിനെ ശത്രുക്കളെയെല്ലാം നശിപ്പിച്ച് ഞാൻ സുഖമായി രാജ്യം ഭരിക്കും. അതിനാൽ അങ്ങ് ഉടനെ ഈ തേരിൽ പുറപ്പെട്ട്, 'ധനുര്യാഗവും മഥുരാപുരിയും കണ്ടാനന്ദിക്കുവാൻ കംസരാജൻ നിങ്ങളെ ക്ഷണിക്കുന്നു' എന്ന് ധരിപ്പിച്ച് സ്നേഹപൂർവ്വം അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നാലും.'
അക്രൂരൻ:'അല്ലയോ രാജാവേ, ഞാൻ അങ്ങയുടെ കല്പന അനുസ്സരിച്ച് പ്രവർത്തിക്കാം'
അക്രൂരൻ കംസനെ വണങ്ങി യാത്രയായി തിരിയുന്നു. അനുഗ്രഹിച്ച് അക്രൂരനെ യാത്രയാക്കിക്കൊണ്ട് കംസൻ നിഷ്ക്രമിക്കുന്നു.
അക്രൂരൻ:(വീണ്ടും രംഗത്തേയ്ക്കുവന്ന് 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്, ആത്മഗതമായി)'രാജാവിന്റെ ആഗ്രഹങ്ങളൊന്നും നടക്കുവാൻപോകുന്നില്ല. പുണ്യചരിതന്മാരായ രാമകൃഷ്ണന്മാർ ഇവിടെ വന്നാൽ അത് ദുഷ്ടനായ കംസന്റെ നാശത്തിന് കാരണമാണ്. ആകട്ടെ, ഇതിനായി എന്നെത്തന്നെ നിയോഗിച്ചുവല്ലൊ. ദുഷ്ടന്മാരെക്കൊണ്ടും ചിലകാലം നല്ലകാര്യങ്ങൾ സംഭവിക്കുന്നു. എനിക്ക് ഭഗവാനെ കാണുവാനായി ഒരു അവസരം ലഭ്യമായല്ലൊ. എന്റെ ഭാഗ്യം!'
വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് അക്രൂരൻ ഒരുക്കിനിർത്തിയിരിക്കുന്ന രഥം നോക്കിക്കണ്ടിട്ട്, അതിൽ രാമകൃഷ്ണന്മാർക്ക് ഇരിക്കുവാനായി രണ്ടുപിഠങ്ങൾ എടുത്തുവെയ്ക്കുന്നു. തുടർന്ന് തോരണങ്ങളാൽ അലങ്കരിച്ചശേഷം ചമ്മട്ടിയേന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രഥത്തിലേയ്ക്ക് ചാടിക്കയറിയിട്ട് സഞ്ചരിക്കുതായി നടിച്ചുകൊണ്ട് അക്രൂരൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2 അഭിപ്രായങ്ങൾ:

Sethunath UN പറഞ്ഞു...

വളരെ വളരെ വിജ്ഞാനപ്രദം മണി . നന്നായി വിസ്തരിച്ചു എന്നാല്‍ ലളിതമായി വിവരിച്ചിരിക്കുന്നു . പ്രശംസനീയം .

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

നിഷ്ക്കളങ്കന്‍ ,
നന്ദി...