2012, ജനുവരി 25, ബുധനാഴ്‌ച

കംസവധം പതിഞ്ചാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബലരാമൻ, മഹാമാത്രൻ, സഹഹസ്തിപൻ(ലോകധർമ്മിവേഷം)

ശ്ലോകം-രാഗം:സാരംഗം
"ചണ്ഡാൻ കോദണ്ഡഖണ്ഡൈർന്നരവരസചിവാൻ ചൂർണ്ണയൻ ചാപപാലാ-
 നർണ്ണോജാക്ഷസ്തദാനീം ഹലധരസഹജോ വർണ്ണനീയാപദാനഃ
 പൂർണ്ണാമോദം സ ഗത്വാ തദനു കുവലയാപീഡവേതണ്ഡവീരം
 തൂർണ്ണം നിദ്ധ്യായ ഗണ്ഡപ്രസൃതമദമിദം ഹസ്തിപം സംബഭാഷേ"
{ബലരാമാനുജനും, വിശിഷ്ടമായ യശസ്സുള്ളവനും, താമരക്കണ്ണനുമായ കൃഷ്ണൻ വില്ലിന്റെ കാവൽക്കാരും ഭയങ്കരന്മാരുമായ കംസകിങ്കരന്മാരെ വില്ലിന്റെ കഷണങ്ങൾകൊണ്ട്  അടിച്ചുപൊടിയാക്കിയശേഷം കവിളിൽ മദജലമൊഴുക്കിനിൽക്കുന്ന കുവലയാപീഡമെന്ന ഗജവീരന്റെ സമീപത്തേയ്ക്ക് നിറഞ്ഞസന്തോഷത്തോടെചെന്നു. അപ്പോൾ ആനക്കാരൻ ഇങ്ങിനെ പറഞ്ഞു.}

തോട്ടി, വടി തുടങ്ങിയ ആയുദ്ധങ്ങളോടുകൂടി ഇടത്തുഭാഗത്തുനിന്നും പ്രവേശിക്കുന്ന ഹസ്തിപന്മാർ കുവലയാപീഠത്തിനേയും കൊണ്ട് വരുന്ന ഭാവത്തിൽ(ചിലപ്പോൾ ആനയുടെ രൂപം നിർമ്മിച്ച് രംഗത്ത് കൊണ്ടുവരാരുണ്ട്) മുന്നോട്ട് വരുന്നു. തുടർന്ന് മഹാമാത്രൻ പദാഭിനയം ആരംഭിക്കുന്നു.

മഹാമാത്രന്റെ പദം-രാഗം:സാരംഗം, താളം:അടന്ത
പല്ലവി:
"കൊമ്പനാന വന്നുനില്ക്കുന്നു നോക്കിനെല്ലാരും
 വമ്പനേറ്റം മദപ്പാടുണ്ടേ"

'കൊമ്പനാന വന്നുനില്ക്കുന്നു നോക്കിനെല്ലാരും' (മഹാമാത്രൻ-പീശപ്പള്ളി രാജീവൻ)
അനുപല്ലവി:
"ഉമ്പർകോന്റെ ആനയേക്കാൾ പൊക്കമേറുന്നു
 തമ്പുരാന്റെ വാരണത്തിന്നു"
ചരണം1:
"ചങ്ങല പൊട്ടിച്ചു വന്നതു നോക്കുവിൻ നിങ്ങൾ
 അങ്ങുമിങ്ങുമൊതുങ്ങിക്കൊൾവിൻ
 ബാലരും വൃദ്ധരുമെല്ലാരും ദൂരവേ പോവിൻ
 കാലിനു കേൾക്കുന്നതില്ലിവൻ"
ചരണം2:
"തോട്ടിവച്ചുവലിക്കുംതോറും ദുർമ്മതിക്കൊരു
 കൂട്ടമില്ല പിണക്കേറുന്നു
 ഗോപനെന്നുകേൾക്കുന്നേരം കുഞ്ജരത്തിന്നു
 കോപമുള്ളിൽ വളർന്നീടുന്നു"
ചരണം3:
"വട്ടമിട്ടുചെവികൾ രണ്ടും ദൃഷ്ടികൾ കണ്ടാൽ
 ദുഷ്ടനിവനെന്തു ചെയ്യുമോ
 അന്തികേ നിന്നീടരുതാരും ദന്തിതൻഭാവം
 പന്തിയല്ലാ കരുതിക്കൊൾവിൻ"
{കൊമ്പനാന വന്നുനിൽക്കുന്നു. എല്ലാവരും നോക്കുവിൻ. വമ്പന് ഏറ്റവും മദപ്പാടുണ്ട്. ദേവേന്ദ്രന്റെ ആനയേക്കാൾ പൊക്കം കൂടുതലുണ്ട് തമ്പുരാന്റെ ഈ ആനയ്ക്ക്. ചങ്ങലപൊട്ടിച്ച് വന്നത് നോക്കുവിൻ. നിങ്ങൾ അങ്ങുമിങ്ങും ഒതുങ്ങിക്കൊള്ളുവിൻ. ബാലരും വൃദ്ധരുമെല്ലാം ദൂരത്തുപോവുക. പറഞ്ഞാൽ അനുസരിക്കുന്നില്ല ഇവൻ. തോട്ടികൊണ്ട് വലിക്കുന്തോറും ദുർമ്മദനായ ഇവൻ കൂട്ടാക്കുന്നില്ല, പിണക്കമേറുന്നു. ഗോപൻ എന്ന് കേൾക്കുന്ന സമയത്ത് ആനയ്ക്ക് ഉള്ളിൽ കോപം വളരുന്നു. ചെവികൾ രണ്ടും വട്ടംപിടിച്ച് നോക്കുന്നതുകണ്ടാൽ ദുഷ്ടനായ ഇവൻ എന്തുചെയ്യുവാനാണോ? ആരും അടുത്തുവരരുത്. ആനയുടെ ഭാവം ശരിയല്ല. കരുതിക്കൊൾവിൻ.}

"തോട്ടിവച്ചുവലിക്കുംതോറും" (മഹാമാത്രൻ-തിരുവല്ല ബാബു, സഹഹസ്തിപൻ-രാധാകൃഷ്ണൻ)
സദസ്യർക്കിടയിലൂടെ വരുന്ന രാമകൃഷ്ണന്മാർ ഹസ്തിപൻ പദം കലാശിക്കുന്നതോടെ രംഗത്തേയ്ക്ക് പ്രവേശിച്ച് വലത്തുഭാഗത്തായി നിൽക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ പദം അഭിനയിക്കുന്നു.

പദം-രാഗം:സൗരാഷ്ട്രം, താളം:ചെമ്പട
ശ്രീകൃഷ്ണൻ:
ചരണം1:
"മത്തഗജകന്ധരത്തിൽ സുസ്ഥിതനാകുന്നൊരു
 ഹസ്തിപങ്ങൾക്കു മാർഗ്ഗം സത്വരം നൽകീടുക"
{മദയാനയുടെ പുറത്തിരിക്കുന്ന ആനക്കാരാ, ഞങ്ങൾക്ക് പെട്ടന്ന് വഴിതന്നാലും.}

മഹാമാത്രൻ:
ചരണം2:
"തമ്പുരാന്റെകല്പനയാൽ കുംഭീന്ദ്രൻ നിൽക്കുന്നിതു
 സമ്പ്രതി ഗമിപ്പാനോരോ വൻപുകൾ തുടങ്ങേണ്ട"
{തമ്പുരാന്റെ കല്പനയാലാണ് ആനശ്രേഷ്ഠൻ ഇവിടെ നിൽക്കുന്നത്. ഇതിലെ പോകുവാനായി ഓരോ ശ്രമങ്ങൾ തുടങ്ങേണ്ട.}

ശ്രീകൃഷ്ണൻ:
ചരണം3:
"ഭൂമിപന്നു കാഴച്ചവച്ചു കാണ്മതിന്നു സാമ്പ്രതം
 സാമോദം വന്നതു ഞങ്ങൾ താമസിപ്പിച്ചീടൊല്ല"
{കാഴ്ച്ചവെച്ച് രാജാവിനെ കാണുന്നതിനായിട്ടാണ് സന്തോഷത്തോടെ ഞങ്ങളിവിടെ വന്നത്. താമസിപ്പിച്ചീടരുത്.}

മഹാമാത്രൻ:
ചരണം4:
"കാനനചരന്മാർക്കുണ്ടോ മാനവേന്ദ്രദർശനം
 ആനയ്ക്കു മൂർച്ചവയ്ക്കും ഞാൻ നൂനമേവം ചൊൽകിലോ"
{കാട്ടിൽ സഞ്ചരിക്കുന്നവർക്കുണ്ടോ രാജശ്രേഷ്ഠന്റെ ദർശനം? ഇങ്ങിനെ പറയുകയാണെങ്കിൽ തീർച്ചയായും ഞാൻ ആനയെ പ്രകോപിപ്പിക്കും.}

ശ്രീകൃഷ്ണൻ:
ചരണം5:
"മൂർഖനായ നിന്നേയും നിന്റെ മുഷ്ക്കേറും ഗജത്തേയും
 ആർക്കിപുരേ ചേർപ്പനിന്നു നേർക്കവന്നു പാർക്കാതെ"
{ദുഷ്ടനായ നിന്നേയും നിന്റെ മുഷ്ക്കേറുന്ന ആനയേയുമിന്ന് കാലപുരിയിൽ ചേർക്കുന്നുണ്ട്. നോക്കി നിൽക്കാതെ വന്ന് എതിക്കുക.}

ശേഷം ആട്ടം-
രാമകൃഷ്ണന്മാർ കുവലയാപീഡത്തിനെ നേരിട്ട്, അതിന്റെ കൊമ്പുകൾ വലിച്ചൂരിയെടുത്ത് അതുകൊണ്ട് മസ്തകത്തിൽ പ്രഹരിച്ച് ആനയേയും, തുടർന്ന് ആനക്കാരേയും വധിക്കുന്നു.

രാമകൃഷ്ണന്മാർ ആനക്കൊമ്പുകൊണ്ട് ഹസ്തിപന്മാരെ വധിക്കുന്നു
ശ്രീകൃഷ്ണൻ:'ഇനി രംഗമണ്ഡപത്തിലേയ്ക്ക് കയറി മല്ലന്മാരെ നേരിടുകതന്നെ'
ആനക്കൊമ്പുകൾ ഏന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാമകൃഷ്ണന്മാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)----- 

അഭിപ്രായങ്ങളൊന്നുമില്ല: