2011, ഡിസംബർ 26, തിങ്കളാഴ്‌ച

കംസവധം പതിനേഴാം രംഗം

രംഗത്ത്-കംസൻ, ശ്രീകൃഷ്ണൻ, ബലരാമൻ 

ശ്ലോകം-രാഗം:കേദാരഗൗഡം
"കൃഷ്ണം സബലമായാന്തം
 ദൃഷ്ട്വാ കോപാരുണേക്ഷണം
 യോദ്ധും കൃതമതിഃ കംസോ
 ബഭാഷേ തം രുഷാന്വിതഃ"
{കോപംകൊണ്ടു ചുവന്ന കണ്ണുകളുമായി കൃഷ്ണൻ ബലരാമനോടൊപ്പം വരുന്നതുകണ്ടപ്പോൾ ക്രുദ്ധനായ കംസൻ യുദ്ധം ചെയ്യാൻ തന്നെ നിശ്ചയിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു}

ഇടത്തുഭാഗത്തുനിന്നും ഓടിക്കൊണ്ട് പ്രവേശിക്കുന്ന ശ്രീകൃഷ്ണനെകണ്ട് വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസൻ ക്രുദ്ധിച്ച് എഴുന്നേറ്റ് തിരക്കി നിക്കുന്നു.

കംസൻ-കലാ:മനോജ്, ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ
കംസൻ:(കൃഷ്ണനെ പുഛിച്ചിട്ട്)'എടാ, നിസ്സാരനായ ഗോപാലാ, നോക്കിക്കൊ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കംസൻ പദാഭിനയം ആരംഭിക്കുന്നു.

യുദ്ധപ്പദം-രാഗം:കേദാരഗൗഡം, താളം:അടന്ത
കംസൻ:
പല്ലവി:
"അതിമൂഢ ബലാനുജ മതി ദുർമ്മോഹം
 ചതികൊണ്ടു സദാ യുദ്ധേജിതമാകുമോ"
ചരണം1:
"കെടുതാം നിന്നുടെ ധാർഷ്ട്യം ഝടിതി പൊടിപെടു-
 മടവിചര പടുപടുവാകും മമ വീര്യമിഹ കണ്ടാലും ചടുല
 ചാടിവന്നാകിൽ ഞൊടിയിടയിൽ അടികൂടുമൻപൊടു
 ദുഷ്ടദുഷ്ട നികൃഷ്ടചേഷ്ടിത ധൃഷ്ടകഷ്ടനരിഷ്ടനല്ലഹം"
("അതിമൂഢ ബലാനുജ..........................യുദ്ധേജിതമാകുമോ")
ചരണം2:
"വിദിതം മാധവ പോരിൽ വിഹിതമിതി തവ മതിയിലതിമദ-
 മതുമൂലം ഹതനാം നീ പരഹതിയാൽ ശ്രുതം തേ വിക്രമം ഭീരോ
 സതതമതിശഠ വീതസംശയമാർത്തുചീർത്തുകയർത്തു വന്നിഹ
 പേർത്തുനേർത്തുതകർത്തിടുന്നഹം"
("അതിമൂഢ ബലാനുജ..........................യുദ്ധേജിതമാകുമോ")
{ഏറ്റവും മൂഢനായവനേ, ബലഭദ്രാനുജാ, മതി ദുർമ്മോഹം. ചതികൊണ്ട് എല്ലായിപ്പോഴും യുദ്ധത്തിൽ വിജയിക്കാനാകുമോ? വനചരാ, നിന്റെ ദുഷിച്ച ധാർഷ്ട്യം പെട്ടന്ന് നശിക്കും. സുന്ദരാ, യുദ്ധവീരനായ എന്റെ വീര്യം ഇവിടെ കണ്ടാലും. ചാടിവന്നുവെന്നാൽ ഞൊടിയിടയിൽ യുദ്ധം ചെയ്യും. ദുഷ്ടരിൽ ദുഷ്ടനായവനേ, നികൃഷ്ടകർമ്മങ്ങൾ ചെയ്യുന്നവനേ, ധീരതയിൽ കുറവുള്ളവനല്ല ഞാൻ. മാധവാ,  നിന്റെ വിധിയാണ് ഇപ്രകാരം യുദ്ധത്തിന് നിശ്ചയിച്ചത്. മനസ്സിലെ വലിയ അഹങ്കാരം മൂലം മറ്റുള്ളവരെ നിന്ദിക്കുന്ന നീ കൊല്ലപ്പെടും. ഭീരുവായവനേ, നിന്റെ പരാക്രമം കേട്ടിട്ടുണ്ട്. എല്ലായിപ്പോഴും ഏറ്റവും വഞ്ചകനായവനേ, സംശയമില്ലാതെ ഏറ്റവും കയർത്തുകൊണ്ട് ഇവിടെവന്ന നിന്നെ നന്നായി നേരിട്ട് തകർക്കുന്നുണ്ട് ഞാൻ.}

ശ്രീകൃഷ്ണൻ:
ചരണം3:
"നരപാലവര ഘോരം പൊരുതുവിരുതുകൾ കരുതുമൊരു തവ
 ഗുരുതരബലമെല്ലാമറിയാമിഹ വരിക മുഷ്ടികൾ കണ്ടാൽ
 തിരിയുമരിബലമാരിതെന്നതു ധൈര്യവീര്യവിഹീന പോരിനു
 നേരിടുന്നൊരു നിന്നെ വെല്ലുവൻ"
പല്ലവി:
"അതിമൂഢ നൃപാധമ മതി ദുർമ്മോഹം"
{രാജശ്രേഷ്ഠാ, വരിക. ഘോരമായി പൊരുതുവാനുള്ള കെമത്തം വിചാരിക്കുന്ന നിന്റെ വലുതായ ബലമെല്ലാം ഇവിടെ അറിയാം. മുഷ്ടികൾ കണ്ടാൽ മനസ്സിലാകും ബലവാനായ ശത്രുവാരെന്ന്. ധൈര്യവീര്യങ്ങളില്ലാത്തവനേ, യുദ്ധത്തിൽ നേരിടുന്നൊരു നിന്നെ ജയിക്കുന്നുണ്ട്. ഏറ്റവും മൂഢനായവനേ, അധമനായ രാജാവേ, മതി ദുർമ്മോഹം.}

ശേഷം യുദ്ധവട്ടം-
കംസനും ശ്രീകൃഷ്ണനും ക്രമത്തിൽ പോരുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കോ'എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ കംസനെ മലർത്തിയടിച്ച് മുഷ്ടികൾകൊണ്ട് മാറിൽ പ്രഹരിച്ച് വധിക്കുന്നു. 

ശ്രീകൃഷ്ണൻ(കലാ:മുകുന്ദൻ) കംസ(കലാ:മനോജ്)നെ വധിക്കുന്നു
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലമാറ്റി മുന്നോട്ട് വരുന്ന രാമകൃഷ്ണന്മാർ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് കാരാഗ്രഹത്തിലെത്തിയതായി നടിച്ച്, വാതിലുകളും ചങ്ങലകളും തകർത്ത് മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ മോചിപ്പിച്ച്, വന്ദിച്ച്, ആലിംഗനം ചെയ്ത് അയയ്ക്കുന്നതായി നടിക്കുന്നു. രാമകൃഷ്ണന്മാർ വീണ്ടും തിരിഞ്ഞ് മുന്നോട്ട് വരുന്നു.
ശ്രീകൃഷ്ണൻ:'ഇനി ഉഗ്രസേനമഹാരാജാവിനേയും കാരാഗ്രഹത്തിൽ നിന്ന് മോചിപ്പിച്ച് രാജാധികാരം ഏൽപ്പിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചശേഷം രാമകൃഷ്ണമാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(ധനാശി‌)-----
ധനാശിശ്ലോകം-
"ഇത്ഥം മുകുന്ദചരിതാമൃതകീർത്തനേഷു
 ബദ്ധൗത്സുകേന ച മയാ ചരിതം യദീയം
 മന്ദേന കിഞ്ചിദപി വർണ്ണിതമത്ര ഭക്ത-
 മന്ദാരകോ ദിശതു നന്ദസുതഃ ശുഭം നഃ"
{മുകുന്ദകഥാമൃതം വർണ്ണിയ്ക്കുന്നതിലുള്ള ഔത്സുക്യം കൊണ്ട് അറിവില്ലാത്തവനാണെങ്കിലും ഞാൻ ഇങ്ങിനെ കുറച്ചൊക്കെ അദ്ദേഹത്തിന്റെ കഥ വർണിച്ചു. ഭക്തന്മാർക്കു കല്പവൃക്ഷമായുള്ള ആ നന്ദസുതൻ നമുക്കു മംഗളം തരട്ടെ!}

അഭിപ്രായങ്ങളൊന്നുമില്ല: