2011, ഡിസംബർ 25, ഞായറാഴ്‌ച

കിരാതം

ഇരട്ടക്കുളങ്ങര രാമവാര്യരാൽ രചിക്കപ്പെട്ടതും 
അരങ്ങിൽ വളരെ പ്രചാരവും ജനപ്രിയതയും  സിദ്ധിച്ചിട്ടുള്ളതുമായ ആട്ടക്കഥയാണ് കിരാതം.
കഥാസംഗ്രഹം
മഹാഭാരതം ആരണ്യപർവ്വത്തിലെ 
38മുതൽ 41വരെയുള്ളഅദ്ധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിക്കപ്പെട്ടിരിക്കുന്നത്.
പാണ്ഡവർ ചൂതുകളിയിൽ പരാജിതരായി 
രാജ്യധനാദികൾ നഷ്ടപ്പെട്ട് കാമ്യകവനത്തിൽ പാർക്കുന്നകാലത്ത് വേദവ്യാസമഹർഷിയുടെ നിദ്ദേശാനുസ്സരണം അർജ്ജുജൻ ദിവ്യാസ്ത്രസമ്പാദനത്തിനായി തപംചെയ്യുവാൻ തീരുമാനിച്ചു. അർജ്ജുനൻ പഞ്ചാലിയോട് യാത്രപറഞ്ഞ് തപസ്സിനായി പുറപ്പെടുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ ശ്രീപരമേശ്വരെ സ്മരിച്ചുകൊണ്ട് വടക്കുദിക്കുനോക്കി സഞ്ചരിക്കുന്ന പാർത്ഥൻ ഹിമവൽ പ്രദേശത്തെ ഭയങ്കരമായ കുന്നുകളും കാടുകളും കടന്ന് രജതഗിരിയുടെ പാർശ്വത്തിലുള്ള ഗംഗാതടത്തിലെത്തുന്നു. അർജ്ജുനൻ ശ്രീപരമേശ്വരനെ ധ്യാനിച്ചുകൊണ്ട് ഒറ്റക്കാലിൽ നിന്ന് തപസ്സുചെയ്യുന്നു രംഗം മൂന്നിൽ. നാലാം രംഗത്തിൽ, സ്വപുത്രന്റെ തപശ്ശക്തി പരീക്ഷിക്കുവാനായി ഇന്ദ്രൻ ഉർവ്വശി മുതലായ അപ്സരസ്സുകളെ നിയോഗിക്കുന്നു. പലവിധം ശ്രമിച്ചിട്ടും ഭീമാനുജന്റെ ഭീമമായ തപസ്സിന് അല്പം പോലും ഇളക്കം വരുത്തുവാൻ സാധിക്കാതെ ദേവസ്ത്രീകൾ നിരാശാരായി മടങ്ങുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ, ഇന്ദ്രന്റെ അപേക്ഷമാനിച്ച് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകി അനിഗ്രഹിക്കുവാനായി ശ്രീപരമേശ്വരനെ പ്രേരിപ്പിക്കുന്നു. ഉടനെ ഒരു കാട്ടാളവേഷം ധരിച്ച ശ്രീപരമേശ്വരൻ 'പാർത്ഥന്റെ ഉളളിലുള്ള അഹന്തയെ മാറ്റിയശേഷം വരം നൽകാം' എന്ന് പാർവ്വതിയെ അറിയിക്കുന്നു. കാട്ടാളസ്ത്രീയുടെ വേഷം ധരിച്ച പാർവ്വതിയോടും വനചരരുടെ വേഷം ധരിച്ച ഭൂതഗണങ്ങളോടും കൂടി കിരാതവേഷധാരിയായ ശ്രീപരമേശ്വരൻ വേട്ടയ്ക്ക് വട്ടം കൂട്ടിക്കൊണ്ട് വനത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഈ സമയത്ത് ദുര്യോധനനിർദ്ദേശപ്രകാരം തപസ്സനുഷ്ടിക്കുന്ന അർജ്ജുനനെ വധിക്കുവാനുദ്ദേശിച്ച് ഒരു വലിയ പന്നിയുടെ രൂപംധരിച്ച് ആ കാട്ടിൽ എത്തിയവനായ മൂകാസുരനെ ശിവൻ വലയിൽ കുരുക്കുന്നു. പന്നി തന്റെ വലഭേദിച്ച് പുറത്തുചാടിയതുകണ്ട് കാട്ടാളൻ കോപിഷടനാകുന്നു രംഗം ഏഴിൽ. എട്ടാം രംഗത്തിൽ, പന്നിയെ പിന്തുടർന്ന് കാട്ടാളാദികൾ അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തേയ്ക്ക് എത്തുന്നു. അർജ്ജുനനുനേരെ കുതിച്ചുചാടുന്ന പന്നിയെ കാട്ടാളൻ അസ്ത്രമെയ്യുന്നു. ഈ സമയത്തുതന്നെ തപസ്സുവിരമിച്ച് അർജ്ജുനനും പന്നിയെ എയ്യുന്നു. അസ്ത്രങ്ങളേറ്റ് പന്നി ചത്തുമലയ്ക്കുന്നു. കാട്ടിലെ മൃഗങ്ങൾ തനിക്ക് അവകാശപ്പെട്ടതാണെന്നും, നീ എന്തിന് അസ്ത്രമയച്ചുവെന്നും ചോദിച്ചുകൊണ്ട് കാട്ടാളൻ കയർക്കുകയും അർജ്ജുനനെ വളരെ അധിക്ഷേപിക്കുകയും ചെയ്യുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഘോരമായ യുദ്ധം ആരംഭിക്കുന്നു. കാട്ടാളസ്ത്രീയുടെ ശാപം നിമിത്തം അസ്ത്രങ്ങളും പിന്നീട് വില്ലും നഷ്ടപ്പെട്ടപ്പോൾ അർജ്ജുനൻ കാട്ടാളനുമായി മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നു. ഒടുവിൽ കാട്ടാളൻ തന്റെ കരുത്താർന്ന മുഷ്ടികളാൽ അർജ്ജുനനെ ഉയർത്തി ദൂരേയ്ക്ക് വലിച്ചെറിയുന്നു. പരാജിതനും ക്ഷീണിതനുമായി നിലമ്പതിച്ച അർജ്ജുനൻ അഹങ്കാരം വിട്ട് ശിവനെ സ്തുതിക്കുന്നു. അപ്പോൾ കാട്ടാളന്റെ സ്ഥാനത്ത് സാക്ഷാൽ ശ്രീപരമേശ്വരനേയും കാട്ടാളസ്ത്രീയുടെ സ്ഥാനത്ത് ശ്രീപാർവ്വതീദേവിയേയും ദർശ്ശിച്ച് അർജ്ജുനൻ എല്ലാം ഭഗവാന്റെ ലീലാവിലാസമായിരുന്നു എന്ന് മനസ്സിലാക്കി, ഭക്തിപൂർവ്വം അവരെ കുമ്പിടുന്നു. നഷ്ടപ്പെട്ട ഗാണ്ഡീവവും അസ്ത്രങ്ങളും കൂടാതെ ദിവ്യമായ പാശുപതാസ്ത്രവും അർജ്ജുനനു നൽകി അനുഗ്രഹിച്ച് ശിവപാർവ്വതിമാർ അപ്രത്യക്ഷരാകുന്നതോടുകൂടി ആട്ടക്കഥ പൂർണ്ണമാകുന്നു.

മൂലകഥയിൽനിന്നുള്ള വെതിയാനങ്ങൾ
1.തപസ്സിനായി ഹിമാലയത്തിലെത്തുന്ന അർജ്ജുനന്റെ മുന്നിൽ ഒരു വൃദ്ധതാപസവേഷത്തിലെത്തി ഇന്ദ്രൻ വേണ്ടതായ നിദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു എന്നാണ് മൂലകഥയിൽ. ഇത് ആട്ടക്കഥയിൽ പരാമർശ്ശിക്കുന്നില്ല. മറിച്ച്, ഇന്ദ്രൻ അർജ്ജുനന്റെ തപസ്സുമുടക്കുവാനായി അപ്സരസ്സുകളെ നിയോഗികുന്നതായാണ് ആട്ടക്കഥയിൽ ഉള്ളത്.
 

2.അർജ്ജുനൻ തപസ്സുചെയ്യുന്ന വിവരമറിയിച്ച് അവനിൽ പ്രീതനാകുവാൻ മഹർഷിമാർ വന്ന് ശിവനെ പ്രേരിപ്പിക്കുന്നതായാണ് മൂലകഥയിൽ. എന്നാൽ ആട്ടക്കഥയിൽ ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീപാർവ്വതിയാണ് അർജ്ജുനന് വരം നൽകുവാൻ ശിവനെ പ്രേരിപ്പിക്കുന്നത്.
 

3.ആട്ടക്കഥയിലേതുപോലെ കാട്ടാളനും അർജ്ജുനനുമായുള്ള യുദ്ധത്തിനിടയിൽ ഇടപെട്ട് കാട്ടാളസ്ത്രീ കാട്ടാളനെ സമാധാനിപ്പിക്കുകയോ, അർജ്ജുനനെ ശപിക്കുകയൊ ചെയ്യുന്നതായി മൂലകഥയിൽ പ്രസ്ഥാപിക്കുന്നില്ല. ഔചിത്യപരമായ ഈ മാറ്റത്തിലൂടെ അർജ്ജുനന്റെ പരാജയങ്ങൾക്ക് തക്കതായ കാരണങ്ങൾ സൃഷ്ടിക്കുവാനും, ഒപ്പം കാട്ടാളസ്ത്രീയ്ക്ക് അഭിനയിക്കുവാനായി കൂടുതൽ അവസരമൊരുക്കുവാനും ആട്ടക്കഥാകാരന് സാധിച്ചു.

നിലവിലുള്ള അവതരണരീതി
*4,5,6 രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

*1,7 രംഗങ്ങൾ വളരെ അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

*2,3,8 രംഗങ്ങളാണ് സർവ്വസാധാരണമായി അവതരിപ്പിക്കപ്പെടാറുള്ളവ.

അഭിപ്രായങ്ങളൊന്നുമില്ല: