2011, ഡിസംബർ 24, ശനിയാഴ്‌ച

കിരാതം ഒന്നാം രംഗം

രംഗത്ത്-അർജ്ജുനൻ(ഒന്നാംതരം പച്ചവേഷം), പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി
"അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ
 ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം
 ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-
 പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ"
{ദുഃഖമൊഴിഞ്ഞ് വർദ്ധിച്ച സന്തോഷത്തോടും ഭക്തിയോടുംകൂടി ശ്രീപരമേശ്വരന്റെ പാദങ്ങളെ സേവചെയ്യുന്നതിനായി പോകുവാൻ പുറപ്പെട്ട അർജ്ജുനൻ ധന്യന്മാരായ ജേഷ്ഠന്മാരോടും അനുജന്മാരോടും യാത്രപറഞ്ഞതിനുശേഷം പാഞ്ചാലിയെ ചെന്നുകണ്ട് ഏറ്റവും കൃപയോടുകൂടി ഇപ്രകാരം പറഞ്ഞു.}

രംഗമദ്ധ്യത്തിലൂടെ പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം വീരരസത്തോടെ പ്രവേശിക്കുന്ന അർജ്ജുനനെ കാണുന്നതോടെ ഇടത്തുഭാഗത്തായി നിൽക്കുന്ന പാഞ്ചാലി സാദരം വന്ദിക്കുന്നു. അനുഗ്രഹിച്ചശേഷം അർജ്ജുനൻ നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
"വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും"
ചരണം1:
"വാരിജവിലോചനേ വാരണസുഗമനേ
 താരിൽത്താർമാനിനീനിവാസതനോ
 പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ
 മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ"
ചരണം2:
"പൈന്തേൻതൂകുംവചനേ പോകുന്നേൻ നല്ല
 സുന്ദരിമാർ വന്ദിക്കും ചന്തമെയ്യുടയോളേ
 ഹന്ത സന്താപിക്കൊല്ലാ ചെറ്റും കാന്തന്മാരുമായി-
 സ്സന്തോഷേണ സാകം സന്തതം വാണുകൊൾക"
ചരണം3:
"ഉരുതരതപം ചെയ്തു പുരവൈരിയെസ്സേവിച്ചു
 വരവും പാശുപതമാം ശരവും വാങ്ങിക്കൊണ്ടു
 പരിചൊടു നിന്നരികിൽ വരുവൻ വൈകാതെ ഞാൻ
 പരമാനന്ദേന പോവാനുരചെയ്ക നീ"
{ബാലികേ, വരിക. പാഞ്ചാലരാജാവിന്റെ ദിവ്യകന്യകേ, നീ കേൾക്കുക. താമരയിതൾപോലുള്ള കണ്ണുകളോടുകൂടിയവളേ, ആനയുടേതുപോലെ മനോഹരമായ നടയോടുകൂടിയവളേ, ലക്ഷ്മീദേവി അധിവസിക്കുന്നതായ ദേഹത്തോടുകൂടിയവളേ, ശ്രേഷ്ഠന്മാരായ ജേഷ്ഠന്മാരാൽ നിയോഗിക്കപ്പെടുകയാൽ കാമശത്രുവായുള്ള ശിവഭഗവാനെ സേവചെയ്യുന്നതിനായി ഞാൻ പോവുകയാണ്. നല്ല സുന്ദരിമാരാലും വന്ദിക്കപ്പെടുന്നതായ സൗന്ദര്യമാർന്ന ശരീരത്തോടുകൂടിയവളേ, ഹോ! ഒട്ടും ദുഃഖിക്കരുത്. കാന്തന്മാരുമായി ഒരുമിച്ച് എല്ലായിപ്പോഴും സന്തോഷത്തോടുകൂടി വസിച്ചുകൊള്ളുക. ഉഗ്രമായ തപസ്സുചെയ്ത് ശ്രീപരമേശ്വരനെ സേവിച്ച് വരവും പാശുപതാസ്ത്രവും വാങ്ങിക്കൊണ്ട് ഞാൻ വൈകാതെ വഴിപോലെ നിന്റെ അരികിൽ വരും. സന്തോഷത്തോടുകൂടി പോകുവാൻ നീ അനുവദിക്കു.}

പാഞ്ചാലിയുടെ മറുപടിപ്പദം-രാഗം:ഘണ്ടാരം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"ശൃണു വല്ലഭ ഗുണവാരാന്നിധേ അണിമെയ്യിതേ-
 ക്കാണുന്നെന്നിനി ഞാൻ"
ചരണം1:
"വര പണ്ടൊരുവരിഷം ഭാവാനുരുതീർത്ഥങ്ങൾ കരുതിപ്പോയി
 വരുവോളവുമുളവായി താപം"
("ശൃണു വല്ലഭ ഗുണവാരാന്നിധേ..................................ഞാൻ")
ചരണം2:
"ഭവനേ വാഴുന്നൊരു നമ്മെയിപ്പോൾ വിപിനേ വാഴിച്ചതുമീശ്വരൻ
 അവയെല്ലാം പറവതെന്തധുനാ"
("ശൃണു വല്ലഭ ഗുണവാരാന്നിധേ..................................ഞാൻ")
ചരണം3:
"മതിശേഖരനോടു നീ പോയി വരവും പാശുപതവും വാങ്ങി
 അതിമോദം സുമതേ വന്നാലും"
("ശൃണു വല്ലഭ ഗുണവാരാന്നിധേ..................................ഞാൻ")
{വല്ലഭാ, ഗുണസമുദ്രമേ, കേട്ടാലും. ഇനിയെന്നാണ് അങ്ങയുടെ മനോഹരമായ ശരീരത്തെ ഞാൻ കാണുന്നത്? ശ്രേഷ്ഠാ, പണ്ട് ഒരുവർഷം ഭവാൻ വളരെ പുണ്യതീർത്ഥങ്ങളിൽ സഞ്ചരിക്കുവാനായി പോയപ്പോൾ വരുന്നതുവരേയ്ക്കും ദുഃഖം ഉണ്ടായി. കൊട്ടാരത്തിൽ വസിച്ചിരുന്ന നമ്മളെ ഇപ്പോൾ കാട്ടിൽ വാഴിച്ചതും ഈശ്വരൻ തന്നെ. അതെല്ലാം ഇവിടെ പറഞ്ഞിട്ടെന്ത്? സുമനസ്സേ, അവിടുന്ന് പോയി ശ്രീപരമേശ്വരനോട് വരവും പാശുപതാസ്ത്രവും വാങ്ങി ഏറ്റവും സന്തോഷത്തോടുകൂടി വന്നാലും.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് പാഞ്ചാലി അർജ്ജുനനെ വണങ്ങുന്നു.
അർജ്ജുനൻ:(അനുഗ്രഹിച്ചിട്ട്)'അല്ലയോ പ്രിയേ, നിന്റെ വാക്കുകൾ എനിക്ക് ഏറ്റവും സന്തോഷകരമായി. രാജധാനിയിൽ സുഖമായി വസിക്കേണ്ടവളായ നീ ഈ ഘോരവനത്തിൽ വന്ന് ക്ലേശിക്കാനിടവന്നല്ലോ. ധർമ്മാനുസ്സരണം വനവാസവും അജ്ഞാതവാസവും കഴിഞ്ഞാൽ ദുഷ്ടരായ കൗരവരുമായി യുദ്ധം ഉറപ്പാണ്. ഭീഷ്മർ ദ്രോണർ മുതലായ ഗുരുനാഥന്മാരെല്ലാം അവർക്ക് തുണയായി ഉണ്ടാകും. അവരെയൊക്കെ ജയിക്കാൻ ദിവ്യാസ്ത്രങ്ങൾ തന്നെവേണം. അവ സമ്പാദിക്കുവാനായി വ്യാസമഹർഷിയുടേയും ധർമ്മപുത്രജേഷ്ഠന്റേയും നിയോഗം അനുസ്സരിച്ച് ഞാൻ പുറപ്പെടുകയാണ്.'
പാഞ്ചാലി:'അങ്ങയുടെ ജനനകാലത്ത് മതാവായ കുന്തീദേവി എന്തെല്ലാം പ്രതീക്ഷിച്ചുവോ അതെല്ലാം ഈശ്വരൻ നൽകുമാറാകട്ടെ. താമസിയാതെ പോയി വന്നാലും.'
പാഞ്ചാലി അർജ്ജുനനെ വന്ദിച്ച് യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.
അർജ്ജുനൻ:(അനുഗ്രഹിച്ച്, യാത്രയായി തിരിഞ്ഞിട്ട് വീണ്ടും ചാപബാണധാരിയായി രംഗത്തേയ്ക്ക് വന്ന് 'അഡ്ഡിഡ്ഡിക്കിട' ചവുട്ടിയശേഷം)'ഇനി വേഗം തപസ്സിനായി ശ്രീപരമേശ്വരന്റെ അധിവാസഭൂമിയായ കൈലാസത്തിന്റെ സമീപത്തേയ്ക്ക് പോവുകതന്നെ.'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: