2011, ഡിസംബർ 23, വെള്ളിയാഴ്‌ച

കിരാതം രണ്ടാം രംഗം

രംഗത്ത്-അർജ്ജുനൻ

ശ്ലോകം-രാഗം:തോടി
"പ്രിയതമയോടുമേവം യാത്രചൊല്ലീട്ടു പാർത്ഥൻ
 ഭയമൊഴിയെ നടന്നാനുത്തരാശാം വിലോക്യ
 സ്വയമിതി ഗിരികന്യാവല്ലഭം ഭക്തിപൂർവ്വം
 ജയ ജയ പരമേശാ പാഹിമാമെന്നു ചൊല്ലി"
{ഇപ്രകാരം പ്രിയതമയോടും യാത്ര പറഞ്ഞിട്ട് അർജ്ജുനൻ നിർഭയനായി, പാർവ്വതീവല്ലഭനായ ശ്രീപരമേശ്വരനിൽ ഭക്തിയോടുകൂടി 'പരമേശ്വര ജയിച്ചാലും, ജയിച്ചാലും, എന്നെ രക്ഷിച്ചാലും' എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വടക്കുദിക്കിനെനോക്കി നടന്നു.}

ചാപബാണങ്ങൾ ധരിച്ചുകൊണ്ട് ഭക്തിഭാവത്തിൽ രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:തോടി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
"പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ
 ഹരപുരനാശന ദൈവമേ"
ചരണം1:
"പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം
 പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ
 പുരുഹൂതാനുജാദിഭുവന‌വന്ദ്യ പോറ്റി"
("പരമേശ പാഹി പാഹി മാം..............................ദൈവമേ")
ചരണം2:
"ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ
 കഷ്ടം ഹാ ചതികാട്ടി ഞങ്ങളെയേവം നാട്ടിൽ നിന്നുടൻ
 കാട്ടിൽ വാഴിച്ചു മട്ടലർശരനഷ്ടികര ഹര ജയ ജയ"
("പരമേശ പാഹി പാഹി മാം..............................ദൈവമേ")
ചരണം3:
"കൈലാസാചലവാസ ഹേ ശൈലജാകാന്ത കാലാരേ കപാലപാണേ
 മാലെല്ലാം തീർത്തു പരിപാലിച്ചുകൊള്ളേണമേ
 നീലലോഹിതനീലഗളതല ലീലയാഖിലലോകപാലക"
("പരമേശ പാഹി പാഹി മാം..............................ദൈവമേ")
{ശ്രീപരമേശ്വരാ രക്ഷിച്ചാലും. സ്വാമിൻ, ഹരാ, പുരനാശനനാ, ദൈവമേ, എന്നെ എല്ലായിപ്പോഴും കാത്തുരക്ഷിച്ചാലും. ഇന്ദ്രാനുജനായുള്ള ശ്രീകൃഷ്ണാദികളായി ലോകത്തുള്ളവരാലെല്ലാം വന്ദിക്കപ്പെടുന്നവനേ, സ്വാമിൻ, വൈരിവീരർ ചെയ്യുന്ന ദുഃഖങ്ങളെല്ലാം വഴിപോലെ തീർത്ത് ഏറ്റവും പരമമായ കാരുണ്യത്താൽ എന്നെ രക്ഷിച്ചാലും. ദുഷ്ടബുദ്ധികളും, ധൃതരാഷ്ട്രപുത്രന്മാരുമായ നൂറ്റുവർ ചതിചെയ്ത് നാട്ടിൽ നിന്നും ഉടനെ ഇപ്രകാരം കാട്ടിലയച്ചു. കാമദേവനെ ദഹിപ്പിച്ചവനേ, ഹരനേ, ജയിച്ചാലും, ജയിച്ചാലും. കൈലാസപർവ്വതത്തിൽ വസിക്കുന്നവനേ, ഹേ പാർവ്വതീകാന്താ, കാലനാശനാ, കപാലം കൈയ്യിൽ ധരിക്കുന്നവനേ, നീലകണ്ഠാ, നീലലോഹിതാ, തന്റെ ലീലയാൽ സർവ്വലോകങ്ങളേയും പാലിക്കുന്നവനേ, സങ്കടങ്ങളെല്ലാം തീർത്ത് എന്നേയും പരിപാലിച്ചുകൊള്ളേണമേ.}

ശേഷം ആട്ടം-
അർജ്ജുനൻ സഞ്ചരിച്ച് ഹിമാലയത്തിൽ ഗംഗാതീരത്ത് എത്തിയതായി ഭാവിച്ച് ആ തപോഭൂമിയുടെ ഭംഗിയും പ്രത്യേകതയും കണ്ട് മനസ്സിലാക്കുന്നു.
^ തപസ്സിന് ചേർന്ന സ്ഥലം തന്നെയിത് എന്നുറപ്പിക്കുന്ന അർജ്ജുനൻ തുടർന്ന് ഗംഗാസ്നാനം ചെയ്ത് ദേഹശുദ്ധിവരുത്തി, ഭസ്മലേപനം ചെയ്ത്, മരവുരിയും, ജടയും ധരിച്ച് തപസ്സ് ആരംഭിക്കുന്നു. അർജ്ജുനൻ അമ്പും വില്ലും ഇരുകൈകളിലുമായി ഏന്തി തലയ്ക്കുമുകളിലായി മുട്ടിച്ചുപിടിച്ച് രംഗമദ്ധ്യത്തിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് തപസ്സ് ചെയ്യുന്നു.
-----(തിരശ്ശീല)-----

[
^ഈ ഭാഗം നടന്റെ മനോധർമ്മം അനുസ്സരിച്ച് വിസ്തരിച്ച് ആടാറുണ്ട്. ഗംഗാനന്ദി ദർശ്ശിക്കുന്ന സമയത്ത് 'ഗംഗോൽപ്പത്തിയും', തപോഭൂമികാണുമ്പോൾ, ആജന്മശത്രുക്കളായ പാമ്പും കീരിയും ശത്രുതമറന്ന് കളിക്കുന്നതായും, മാൻകുട്ടികൾക്ക് പെൺപുലി മുലചുരത്തിക്കൊടുക്കുന്നതും, സിംഹവും ആനക്കുട്ടിയും കളിക്കുന്നതായും, ഹോമാഗ്നിയിൽ പതിക്കുന്ന ശലഭങ്ങൾ ചത്തുപോകാതെ രക്ഷപ്പെടുന്നതും('ശിഖിനിശലഭം'ആട്ടം)മറ്റും കാണുന്നതായ ആട്ടങ്ങൾ അവിടെ കാണുന്നതായി ആടാറുണ്ട്. 
ഗംഗോൽപ്പത്തി കഥ
സൂര്യവംശ രാജാവായിരുന്ന സഗരന്റെ യാഗാശ്വത്തെ ഒരിക്കൽ ഇന്ദ്രൻ മോഷ്ടിച്ച് പാതാളത്തിൽ തപസ്സുചെയ്തുകൊണ്ടിരുന്ന കപിലമഹർഷിയുടെ സമീപത്തിൽ കൊണ്ടുപോയി കെട്ടിയിട്ടു. സഗരന് സുമതിയെന്ന പത്നിയിൽ ജനിച്ചവരായ അറുപതിനായിരം പുത്രന്മാർ യാഗാശ്വത്തെ അന്വേഷിച്ച് പുറപ്പെട്ടു. പലയിടങ്ങളിലും അന്യൂഷിച്ച് പാതാളത്തിലെത്തിയപ്പോൾ കുതിരയെ കണ്ടുകിട്ടിയതിനാൽ സന്തോഷവാന്മാരായിതീർന്ന അവർ ആർത്തുവിളിച്ചു. തപസ്സ് ഭംഗപ്പെട്ട് ഉണർന്ന കപിലമഹർഷി അതിനുകാരണക്കാരായ സഗരപുത്രന്മാരെയെല്ലാം തന്റെ നേത്രാഗ്നിയാൽ ചുട്ടുചാമ്പലാക്കി. ഇവർക്ക് ശേഷക്രിയചെയ്യുവാനായി സഗരൻ തന്റെ മറ്റൊരു ഭാര്യയായ കേശിനിയിൽ പിറന്ന പുത്രനായ അസമഞ്ജസ്സിനെ ചുമതലപ്പെടുത്തി. എന്നാൽ അവർക്ക് സത്ഗതി നൽകുവാൻ അസമഞ്ജസ്സിനോ അദ്ദേഹത്തിന്റെ പുത്രനായ അംശുമാനോ സാധിച്ചില്ല. അതിനാൽ അംശുമാന്റെ പുത്രനായ ഭഗീരഥൻ തന്റെ പൂർവ്വികർക്ക് സത്ഗതിവരുത്തുവാനായി അക്ഷീണം പരിശ്രമിച്ചു. ഭഗീരഥൻ അനേകം വർഷങ്ങൾ സാഗരതീരത്ത് തപസ്സനുഷ്ടിച്ച് ഗംഗാദേവിയെ പ്രത്യക്ഷപ്പെടുത്തി, സ്വർഗ്ഗത്തിൽ നിന്നും താഴെ ഭൂമിയിലേയ്ക്ക് ഒഴുകി ഭസ്മാവശിഷ്ടരായിക്കിടക്കുന്ന തന്റെ പൂർവ്വികന്മാർക്കുമേൽ പതിച്ച് അവർക്ക് സത്ഗതിനലകണമെന്ന് ഗംഗാദേവിയോട് അപേക്ഷിച്ചു. തന്റെ ശക്തിയായ പ്രവാഹത്തെ താങ്ങാൻ ഭൂമിക്ക് സാധ്യമല്ലെന്നും, ശ്രീപരമേശ്വരൻ സമ്മതിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ജടയിലേയ്ക്ക് ഞാൻ പ്രവഹിക്കാമെന്നും ഗംഗാദേവി അരുൾചെയ്തു. ഇതനുസ്സരിച്ച് ശിവനെ പ്രസാദിപ്പിക്കുന്നതിനായി ഭഗീരഥൻ കൈലാസപാർശ്വത്തിൽ ചെന്ന് ജടാവല്ക്കലധാരിയായി ശിവനെ തപം ചെയ്യാനാരംഭിച്ചു. അനേകവർഷങ്ങൾക്കുശേഷം ശിവൻ പ്രത്യക്ഷനായി ഭഗീരഥന്റെ ആഗ്രഹത്തെ നിവർത്തിക്കുവാൻ സമ്മതമറിയിച്ചു. അഹങ്കാരത്തോടെ ജടയിലേയ്ക്ക് പതിച്ച ഗംഗയെ ശിവൻ ജടയിൽ ഒതുക്കി. പുറത്തുവരാനാകാതെ അനേകവർഷങ്ങൾ ഗംഗാദേവി ജടയ്ക്കുള്ളിൽ കഴിഞ്ഞു. ഭഗീരഥൻ വീണ്ടും തപസ്സുചെയ്ത് ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് ഗംഗയെ താഴേയ്ക്ക് ഒഴുക്കുവാൻ അപേക്ഷിച്ചു. അപ്പോൾ ശിവൻ ജട കുടഞ്ഞ് ഗംഗയെ പുറത്തുവിട്ടു. അങ്ങിനെ ഹിമാലയത്തിൽ പതിച്ച ഗംഗ അവിടെനിന്നും ഒഴുകി ക്രമേണ പാതാളത്തിലെത്തുകയും സഗരപുത്രന്മാർക്ക് സത്ഗതി നൽകുകയും ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല: