2011, ഡിസംബർ 3, ശനിയാഴ്‌ച

കിരാതം മൂന്നാം രംഗം

രംഗത്ത്-അർജ്ജുനൻ

ശ്ലോകം-രാഗം:മോഹനം
"പാർത്ഥൻ ഗൗരീശദേവം പരിചിനൊടു തപസ്തപ്തുമേവന്തമീശം
 ഗത്വാ തീർത്ഥാനി തീർത്വാ വനനഗര നഗാൻ ദേവസത്മാന്യനേകാൻ
 നത്വാ പിന്നിട്ടു ചെന്നു രജതഗിരിവരോപാന്തഗംഗാതടാന്തേ
 ശുദ്ധാത്മാ ചിന്തചെയ്തങ്ങൊരുപദമവനീലൂന്നിനിന്നാദിനാഥം"
{അർജ്ജുനൻ ഈശ്വരനായ ആ പാർവതീനാഥനെ വേണ്ടപോലെ തപസ്സുചെയ്യുവാനായി തീർത്ഥങ്ങളിൽ പോയി, കാടുകളും നഗരങ്ങളും പർവതങ്ങളും കടന്ന്‌, അനേകം ദേവാലയങ്ങളെ വന്ദിച്ച് പിന്നെ കൈലാസപർവ്വതത്തിന്റെ അടുത്തുള്ള ഗംഗയുടെ തീരത്തുചെന്ന്, ഒറ്റക്കാലിലൂന്നിനിന്ന് ശുദ്ധമായ മനസ്സോടെ ശ്രീപരമേശ്വരനെ ധ്യാനിച്ചു.}

തിരശ്ശീല പകുതിതാഴ്ത്തുമ്പോൾ ചാപബാണങ്ങൾ ഇരുകൈകളിലുമായി ഉയർത്തിക്കൂട്ടിപ്പിടിച്ചുകൊണ്ട് ഭക്തിപൂർവ്വം കണ്ണുകളടച്ച് രംഗമദ്ധ്യത്തിൽ അർജ്ജുനൻ നിൽക്കുന്നു. ഗായകർ പദം ആലപിക്കുന്നു. പദത്തിന് മുദ്രാഭിനയം ഇല്ല.

അർജ്ജുനന്റെ തപസ്സ് പദം-രാഗം:മോഹനം, താളം:അടന്ത
പല്ലവി:
"ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ്മുഴുവൻ"
അനുപല്ലവി:
"ശൗരിവിരിഞ്ചപുരന്ദരമുഖ്യസുരാസുരസർവ്വചരാചരവന്ദ്യം"
ചരണം1:
"കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
 തടിനിയും കൊടിയ പന്നഗമണിയും
 മടുമലർശരന്തന്റെ പടുത വേർപെടുത്തോരു
 നിടിലച്ചെങ്കനൽ തൊടുകുറിചേർന്നു വിളങ്ങുന്ന"
("ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ്മുഴുവൻ")
ചരണം2:
"ഗരധരവിരചിതരുചിരകുണ്ഡലങ്ങളും
 പുരികയുഗ്മവും തിരുമിഴിയിണയും
 സരോജകർണ്ണികാശോഭതിരുനാസികയുംചേർന്നു
 തിരുമുഖമതും മൃദുമന്ദസ്മിതവും ചേർന്ന"
("ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ്മുഴുവൻ")

അർജ്ജുനൻ തപം ചെയ്യുന്നു
ചരണം3:
"വരദവുമഭയം മറിമാനും മഴുവുമ-
 ങ്ങുരുശോഭതടവും തൃക്കരങ്ങൾ നാലും
 കരിചർമ്മാംശുകംചേരും തിരുമാറുമുദരവും
 തരുക്ഷുത്തോലുടയാട തിരുവരയതിൽചേർന്ന"
("ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ്മുഴുവൻ")
ചരണം4:
"ഉരഗകാഞ്ചികൾ മിന്നും തനുമദ്ധ്യവരവും നൂ-
 പുരമഞ്ജീരവുംചേരും പുറവടിയും
 ഉരുതരഭുവനങ്ങൾ പരിപാലിച്ചരുളുന്ന
 പരമശ്രീപാദയുഗ്മസരസിജങ്ങളും നിത്യം"
("ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ്മുഴുവൻ")
{ബ്രഹ്മാവിഷ്ണുമാരാലും, ഇന്ദ്രാദികളായ ദേവന്മാരാലും, അസുരന്മാരാലും, സർവ്വചരാചരങ്ങളാലും വന്ദിക്കപ്പെടുന്നവനായ ശ്രീപരമേശ്വരന്റെ നിർമ്മലവും സ്വർണ്ണപ്രഭയുള്ളതുമായ തിരുമെയ്യ് മുഴുവനും എനിക്ക് കാണുമാറാകണം. ചന്ദ്രക്കലയും ഗംഗാനദിയും വലിയസർപ്പശ്രേഷ്ഠനും അണിഞ്ഞതായ ജടാമുടിയും, കാമദേവന്റെ സാമർദ്ധ്യത്തെ ഇല്ലാതെയാക്കിയതും, തൊടുകുറിയോടുചേർന്ന് വിളങ്ങുന്നതുമായ നെറ്റിക്കണ്ണും, നീലകണ്ഠനാൽ ധരിക്കപ്പെട്ട മനോഹരങ്ങളായ കുണ്ഡലങ്ങളും, പുരികങ്ങളും, താമരപ്പൂവിന്റെ ശോഭയുള്ളവയായ തൃക്കണ്ണുകളും, തിരുനാസികയും, മൃദുമന്ദഹാസവും ചേർന്ന തിരുമുഖവും, വരദവും അഭയവും മറിമാനും മഴുവും പിടിച്ച് ഏറ്റവും ശോഭിക്കുന്നതായ നാലുതൃക്കൈകളും, ആനത്തോലണിഞ്ഞ തിറുമാറും, ഉദരവും മരവുരിയുടുത്ത തിരുവരയും, സർപ്പങ്ങളാകുന്ന അരഞ്ഞാണങ്ങൾ മിന്നുന്നതും ശ്രേഷ്ഠവുമായ അരക്കെട്ടും, മുത്തുപതിച്ച ചിലമ്പുകളണിഞ്ഞ പുറംകാലുകളും, ഏറ്റവും വലുതായ ഈ ലോകങ്ങളെ പരിപാലിച്ചുകൊണ്ട് വിലസുന്നതും, ഏറ്റവും മംഗളകരവുമായ പാദത്താമരകളും നിത്യം എനിക്ക് കാണുമാറാകണം.}

-----(തിരശ്ശീല)----- 

അഭിപ്രായങ്ങളൊന്നുമില്ല: