2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കിരാതം അഞ്ചാം രംഗം


രംഗത്ത്-അർജ്ജുനൻ, ഉർവ്വശി(കുട്ടിത്തരം സ്ത്രീവേഷം), തിലോത്തമ(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:മുഖാരി
"ഏവം വലാരികൃതശാസനയാ തദർത്ഥം
 ദേവാംഗനാഞ്ച രജതാദ്രിവനം പ്രവേശ്യ
 ദേവേന്ദ്രസൂനുമതിഭീമതപശ്ചരന്തം
 ദേവ്യസ്തമൂചുരിദമർജ്ജനമാദരേണ"
{ഇപ്രകാരം ദേവേന്ദ്രനാൽ ചെയ്യപ്പെട്ട ശാസനയാൽ, അതു് സാധിക്കുന്നതിനായി ദേവസ്ത്രീകൾ രജതാദ്രിയിലെ വനത്തിൽ എത്തി. കഠിനതപസ്സ് അനുഷ്ഠിക്കുന്ന ദേവേന്ദ്രപുത്രനായ അർജ്ജുനനോട് ആദരവോടെ ദേവസ്ത്രീകൾ ഇപ്രകാരം പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ദേവസ്ത്രീകൾ മുൻരംഗത്തിലേതുപോലെ രംഗമദ്ധ്യത്തിൽ തപസ്സനുഷ്ഠിച്ച് നിൽക്കുന്ന അർജ്ജുനനെ കണ്ട് ഇരുവശങ്ങളിലുമായി നിന്ന് വീക്ഷിക്കുന്നു.

ഉർവ്വശി:'ഇന്ദ്രപുത്രൻ കഠിനമായ തപസ്സിലാണ്'
തിലോത്തമ:'ഏതായാലും നമ്മുടെ അഭിലാഷം ഇവനെ അറിയിക്കുകതന്നെ'
ദേവസ്ത്രീകൾ പദാഭിനയം ആരംഭിക്കുന്നു.

ദേവസ്ത്രീകളുടെ പദം-രാഗം:മുഖാരി, താളം:ചെമ്പട
പല്ലവി:
"കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ"
അനുപല്ലവി:
"ദേവസുന്ദരിമാരാം ദേവിമാർ ഞങ്ങൾ നിന്റെ
 പൂമെയ് കണ്ടു പൂണ്മാനാവിർമ്മോദേന വന്നു"
ചരണം1:
"ഊറ്റമായുള്ള വെയിൽ കാറ്റും മഴയും മഞ്ഞു-
 മേറ്റു വൻകാട്ടിലേറ്റം സന്താപമോടേ
 ചെറ്റുനാളല്ലല്ലോ നീ മുറ്റും സേവിച്ചീടുന്നു
 ക്കറ്റജ്ജടയോനുണ്ടോ ചെറ്റു കാരുണ്യം തോന്നി"
("കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ")
ചരണം2:
"ചെന്താരമ്പനുതുല്യൻ സുന്ദരനായുള്ള നീ
 വെന്തുനീറിയേവം സന്താപിക്കേണ്ടാ നല്ല
 പന്തിടഞ്ഞമുലമാരായ ഞങ്ങളുമായി-
 ചെന്താരമ്പൻ നാടകം ചന്തമോടാടുക നീ"
("കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ")
ചരണം3:
"സ്വർല്ലോകസുന്ദരിമാർ നല്ലോരല്ലല്ലീ ഞങ്ങൾ
 ചൊല്ലേറും സുഭദ്രയിൽ കല്യാണിപാഞ്ചാലിയിൽ
 വല്ലാതെന്നാലുമിന്നു നന്ദനകാനനത്തിൽ
 കല്യത മറ്റൊരേടം തെല്ലുപോലും വരുമോ"
("കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ")
ചരണം4:
"സുരസുന്ദരിമാരുമായി സരസം രമിച്ചുകൊൾവാൻ
 നരജന്മം ചെയ്തോർക്കിതു പെരികെപ്പണിയുണ്ടല്ലോ
 പുരുഷനായാലരിയ പുരുഷാർത്ഥമല്ലോ നല്ലൂ
 തരുണിമാരുമായുള്ള പരമസംയോഗം പാർത്താൽ"
("കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ")
{ദേവേന്ദ്രപുത്രാ, ഇപ്രകാരം പൂർണ്ണവും ഉറപ്പുള്ളതുമായ ഞങ്ങളുടെ വാക്കുകളെ ശ്രവിച്ചാലും. ദേവസുന്ദരിമാരും ദേവിമാരുമായ ഞങ്ങൾ നിന്റെ പൂമെയ് കണ്ട്, പുണരുവാനായി സന്തോഷത്തോടെ വന്നതാണ്. വൻകാട്ടിൽ ഇപ്രകാരം ശക്തിയായുള്ള വെയിലും, കാറ്റും, മഴയും, മഞ്ഞും ഏറ്റുകൊണ്ട് ഏറ്റവും പ്രയാസപ്പെട്ട് വിശ്രമമില്ലാതെ നീ വളരെ നാളുകളായല്ലൊ സേവിക്കുന്നു. എന്നിട്ടും ശിവനുണ്ടോ അല്പവും കാരുണ്യം തോന്നിയിരിക്കുന്നു? കാമദേവനുതുല്യം സുന്ദരനായുള്ള നീ വെന്തുനീറി ഇപ്രകാരം സങ്കടപ്പെടണമോ? നല്ല പന്തിനെവെല്ലുന്ന മുലകളോടുകൂടിയവരായ ഞങ്ങളുമായി നീ ഭംഗിയായി കാമക്രീഡ ആടിയാലും. സ്വർല്ലോകസുന്ദരിമാരായ ഞങ്ങൾ നല്ലവരല്ലയോ? പ്രശസ്തയായ സുഭദ്രയിലും, പ്രഗത്ഭയായ പാഞ്ചാലിയിലും സമർത്ഥകളല്ലെങ്കിലും ഇന്ന് നന്ദനോദ്യാനത്തിന്റെ യോഗ്യത അല്പവും മറ്റൊരിടത്തിന് വരുമോ? സ്വർഗ്ഗസുന്ദരിമാരുമായി രസമായി രമിക്കാൻ സാധിക്കുക എന്നത് മനുഷ്യന്മാർക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. സ്ത്രീകളുമായുള്ള പരമസംയോഗത്തെ ഓർത്താൽ, ഇതാണല്ലൊ പുരുഷന്മാരാൽ സാധ്യവും ശ്രേഷ്ഠവുമായ പുരുഷാർത്ഥം.}

പദം കലാശിച്ചശേഷം ദേവസ്ത്രീകൾ ഒരു ഇളക്കവുമില്ലാതെ തപംചെയ്യുന്ന അർജ്ജുനനെ നോക്കി അത്ഭുതപ്പെടുന്നു.
ഉർവ്വശി:'നാം പറയുന്നതൊന്നും ഇവൻ ശ്രവിക്കുന്നതേയില്ല. ഇവന്റെ കഠിനമായ തപസ്സിന്ന് ഇളക്കം വരുത്തുവാനായി ഇനി എന്താണ് നാം ചെയ്യുക?'
തിലോത്തമ:'നമുക്ക് ലേശം പാടുകയും നൃത്തമാടുകയും ചെയ്യാം. എന്നാൽ ഇവൻ ഇളകും'
ഉർവ്വശി:'എന്നാൽ അങ്ങിനെ തന്നെ'
തുടർന്ന് ദേവസ്ത്രീകൾ കുമ്മിനൃത്തം ചെയ്യുന്നു.

ദേവസ്ത്രീകളുടെ കുമ്മിപ്പദം-രാഗം:ഊശാനി, താളം:പഞ്ചാരി
ചരണം1:
"ബന്ധുരരൂപികളേ പറവിൻ എന്തിഹ നാമിനിച്ചെയ്‌വതഹോ
 കുന്തീസുതനൊരു കാണിപോലും ചിന്തയിലില്ല കുലുക്കമഹോ"
ചരണം2:
"ഭീമസഹോദരൻ തന്നുടെയ ഭീമതപോബലം ഭീമമല്ലോ
 കാമിനിമാരിലൊരുത്തരാലും ആമയമില്ലിത്തപസ്സിനെടോ"
ചരണം3:
"അന്തിനു ഹന്ത തപം ചെയ്യുന്നൂ സന്തതമിങ്ങനെ പാണ്ഡുസുത
 ചിന്തയിലെന്തു നിനക്കു മതം കുന്തീകുമാര പറഞ്ഞീടു നീ"
ചരണം4:
"സുരലോകസുന്ദരിമാരെന്നുള്ള പെരിയചൊല്ലും പാഴിലായിതല്ലോ
 വരവേണിമാർകളേ പൊയ്ക്കൊൾക നാം പരിചൊടു വന്ന പെരുവഴിയേ"
{സുന്ദരരൂപികളേ, പറയുവിൻ. ഹോ! ഇവിടെ ഇനി നാം എന്താണ് ചെയ്യുക? ഹോ! കുന്തീസുതന് തപസ്സിൽനിന്നും ഒരല്പ‌വും ഇളക്കമില്ല. ഭീമസഹോദരന്റെ വലുതായ തപോബലം കഠിനമാണല്ലൊ. എടോ, സുന്ദരിമാരിൽ ഒരുത്തരാലും തപസ്സിന് ഭംഗമില്ല. കഷ്ടം! പാണ്ഡുപുത്രാ, എന്തിനിങ്ങിനെ തുടർച്ചയായി തപം ചെയ്യുന്നു? കുന്തീകുമാരാ, മനസ്സിൽ നിനക്കെന്താണ് ആഗ്രഹമെന്ന് നീ പറയുക. സ്വർല്ലോകസുന്ദരിമാരാണ് എന്നുള്ള വലിപ്പവും പാഴായിത്തീർന്നല്ലോ. ശ്രേഷ്ഠമായ തലമുടിയോടുകൂടിയവരേ, നമുക്ക് വന്ന പെരുവഴിയെ തന്നെ വഴിപോലെ മടങ്ങിപോവാം.}

ശേഷം ആട്ടം-
ഉർവ്വശി:'ഇവന്റെ തപസ്സ് ഏറ്റവും കഠിനംതന്നെ. നമ്മുടെ ശ്രമം പാഴായി.'
തിലോത്തമ:'ഇനി നമുക്ക് സ്വർലോകത്തിലേയ്ക്ക് മടങ്ങിപോയി ദേവേന്ദ്രനെ വിവരങ്ങൾ അറിയിക്കാം'
ദേവസ്ത്രീകൾ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)----- 

അഭിപ്രായങ്ങളൊന്നുമില്ല: