2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം എട്ടാം രംഗം

രംഗത്ത്-രുഗ്മാംഗദൻ(ഒന്നാംതരം പച്ചവേഷം), മോഹിനി(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:എരിക്കിലകാമോദരി
"ഇത്ഥം വൈവസ്വതം തം നിജപുരിയിലയച്ചഞ്ജസാ പത്മജന്മാ
 പ്രീത്യാ നിർമ്മിച്ചു നല്ലോരമലശശിമുഖീം മോഹിനീം ഭാമിനീം സാ
 ഗത്വാ സാകേതപുര്യന്തികവിപിനതലേ ബ്രഹ്മവാചാ വസിച്ചൂ
 പ്രാപ്തോ നായാട്ടിനായിട്ടവനിപതിവരസ്തത്ര രുഗ്മാംഗദാഖ്യൻ"
{ഇപ്രകാരം പറഞ്ഞ് ധർമ്മരാജാവിനെ സ്വന്തം പുരിയിലേയ്ക്ക് അയച്ചിട്ട് ഉടനെ ബ്രഹ്മദേവൻ സന്തോഷത്തോടെ ചന്ദ്രമുഖിയായ ഒരു സുന്ദരിയെ സൃഷ്ടിച്ചു. ആ മോഹിനി ബ്രഹ്മാവിന്റെ നിർദ്ദേശം അനുസരിച്ച് സാകേതപുരിയുടെ സമീപമുള്ള വനത്തിൽ വന്ന് വസിച്ചു. അപ്പോൾ രുഗ്മാംഗദൻ എന്നുപേരായ രാജശ്രേഷ്ഠൻ ആ കാട്ടിലേയ്ക്ക് നായാട്ടിനായി പ്രവേശിച്ചു.}

രുഗ്മാംഗദൻ വീരഭാവത്തിൽ വാൾ കുത്തിപ്പിടിച്ച് വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. ഗായകർ രാഗവും തുടർന്ന് സാരിപ്പദവും ആലപിക്കുന്നു. വലത്തുഭാഗത്തുകൂടി സാരിനൃത്തത്തോടെ മോഹിനി പ്രവേശിക്കുന്നു.

മോഹിനിയുടെ സാരിപ്പദം-രാഗം:എരിക്കിലകാമോദരി, താളം:ചെമ്പട
ചരണം1:
"കല്യാണാംഗിയണിഞ്ഞീടുമുല്ലാസശാലിനി
 കല്യാണഗുണമോഹിനി കല്യാണാംഗീ"
ചരണം2:
"പഞ്ചബാണനഞ്ചീടുന്ന പുഞ്ചിരിയും ചാരു-
 ചഞ്ചലാപാംഗവും കിളികിഞ്ചിതവും"
ചരണം3:
"നീണ്ടിരുണ്ടു ചുരുണ്ടോരു കുന്തളവും കാമൻ
 വീണ്ടുമാശപൂണ്ടീടുന്ന കൊങ്കരണ്ടും"
ചരണം4:
"മിന്നൽപോലെ മിന്നീടുന്ന രൂപത്തേയും കണ്ടു
 മന്നവനുമാശപൂണ്ടു നിന്നു നേരേ"
{മംഗളമായ ശരീരത്തോടുകൂടിയവളും, ഉല്ലാസവതിയും, സത്ഗുണങ്ങളോടുകൂടിയവളും, മംഗളവതിയുമായ മോഹിനിയുടെ കാമോത്സുകമായ പുഞ്ചിരിയും, സുന്ദരമായി ഇളകുന്ന കടക്കണ്ണുകളും, കിളിക്കൊഞ്ചലും, നീണ്ടിരുണ്ട് ചുരുണ്ട തലമുടിയും, കാമനേപ്പോലും മോഹിപ്പിക്കുന്നതായ കൊങ്കകളും, മിന്നൽപോലെ മിന്നിടുന്ന രൂപത്തേയും കണ്ട് രാജാവ് ആഗ്രത്തോടുകൂടി അവളുടെ നേരേ ചെന്നു.}

"കണ്ടു മന്നവനുമാശപൂണ്ടു" (രുഗ്മാംഗദൻ-കലാ:ഗോപി, മോഹിനി-മാർഗ്ഗി വിജയകുമാർ)

സാരിപ്പദം കലാശിക്കുന്നതോടെ രുഗ്മാംഗദനെ കണ്ട് മോഹിനി ലജ്ജിച്ച് നിക്കുന്നു. മോഹിനിയെകണ്ട് അത്ഭുതപ്പെട്ട് എഴുന്നേൽക്കുന്ന രുഗ്മാംഗദൻ പ്രേമത്തോടെ അവളെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

രുഗ്മാംഗദന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
 "മധുരതരകോമളവദനേ മദസിന്ധുരഗമനേ
  മധുഭാഷിണി താനേ വിപിനേ മരുവീടുന്നതെന്തിഹ വിജന"
ചരണം2:  
"വണ്ടാർകുഴലാളേ നിന്നെക്കണ്ടതിനാലിഹ പുരുകുതുകം
 തണ്ടാർശരനെന്നോടേറിയ ശണ്ഠയായ്‌വന്നഹോ ബാലേ"
 ചരണം3:
"പിരിയുന്നതു നിന്നോടിനി മമ മരണാധികസങ്കടമറിക 
 മരുവീടുക ചേർന്നെന്നോടു നീ ചരണാംബുജേ ദാസ്യം കുര്യാം"
{ഏറ്റവും മധുരവും കോമളവുമായ മുഖത്തോടുകൂടിയവളേ, മദിച്ച ആനയേപ്പോലെ നടക്കുന്നവളേ, മധുരമായി സംസാരിക്കുന്നവളേ, വിജനമായ ഈ കാട്ടിൽ ഒറ്റയ്ക്ക് വസിക്കുന്നതെന്ത്? വണ്ടിൻകൂട്ടത്തെപ്പോലെയുള്ള മുടിയോടുകൂടിയവളേ, നിന്നെ ഇവിടെ കണ്ടതിനാൽ എനിക്ക് ആഗ്രഹം വളരുന്നു. ബാലികേ, ഹോ! കാമദേവന് എന്നോട് വളരെ ശണ്ഠയുണ്ടായിവന്നിരിക്കുന്നു. ഇനി നിന്നോട് വേർപിരിയുന്നത് എനിക്ക് മരണത്തേക്കാൾ സങ്കടകരമാണന്ന് അറിയുക. നീ എന്നോടുചേർന്ന് വസിക്കുക. ഞാൻ നിന്റെ പാദത്താമരകളിൽ ദാസ്യം ചെയ്യാം.}
"മദസിന്ധുരഗമനേ" (രുഗ്മാംഗദൻ-കലാ:ഷണ്മുഖൻ, മോഹിനി-കലാ:വിജയകുമാർ)
മോഹിനിയുടെ പദം-രാഗം:എരിക്കിലകാമോദരി, താളം:മുറിയടന്ത  
പല്ലവി:  
"സോമവദന കോമളാകൃതേ ഭവാൻ  
 സാദരം കേൾക്ക ദേവനാരി ഞാൻ"  
അനുപല്ലവി:  
"കാമാധികസുന്ദര നിന്നെക്കണ്ടതിനാലേ
 പ്രേമമെന്നുള്ളിൽ വളരുന്നു"  
ചരണം1:  
"മൽപ്രിയമൊഴിഞ്ഞൊരുനാളുമെന്നൊ-
 ടപ്രിയംചെയ്കയില്ലെന്നും
 അല്പമാത്രമിന്നൊരു സത്യം ചെയ്തീടാമെങ്കിൽ
 ത്വൽപ്രിയതമയായി വസിച്ചീടാം"
{ചന്ദ്രവദനാ, കോമളരൂപാ, ഭവാൻ സാദരം കേട്ടാലും. ഞാൻ ദേവസ്ത്രീയാണ്. കാമനേക്കാൾ സുന്ദരനായവനേ, അങ്ങയെ കണ്ടതിനാൽ എനിക്ക് ഉള്ളിൽ പ്രേമം വളരുന്നു. എന്റെ ഇഷ്ടം അല്ലാതെ ഒന്നും ചെയ്യുകയില്ലെന്നും, ഒരുനാളും അല്പവും അപ്രിയം എന്നോട് ചെയ്യുകയില്ലെന്നും മാത്രം ഒരു സത്യം ചെയ്തുതരികയാണെങ്കിൽ ഞാൻ അങ്ങയുടെ പ്രിയതമയായി വസിച്ചീടാം.}
"സോമവദന കോമളാകൃതേ" (രുഗ്മാംഗദൻ-കലാ:കൃഷ്ണൻ നായർ, മോഹിനി-കുടമാളൂർ കരുണാകരൻ നായർ)
രുഗ്മാംഗദൻ:  
ചരണം4:  
"സത്യം ചെയ്തു തരുന്നേനല്പമാത്രവും നിന്നോട-
 പ്രിയം ചെയ്കയില്ലെന്നും"  
{അല്പം പോലും അപ്രിയമായി നിന്നോട് ഒന്നും ചെയ്യുകയില്ലായെന്ന് ഇതാ സത്യം ചെയ്തുതരുന്നു.}
"സത്യം ചെയ്തു തരുന്നേന..." (രുഗ്മാംഗദൻ-കലാ:ഗോപി, മോഹിനി-കോട്ട:ശിവരാമൻ)
  ചരണം കലാശിക്കുന്നതിനൊപ്പം രുഗ്മാംഗദൻ മോഹിനിയുടെ കൈയ്യിലടിച്ച് സത്യം ചെയ്യുന്നു. സന്തോഷത്തോടെ ഇരുവരും ആലിംഗനബദ്ധരാകുന്നു. തുടർന്ന് മോഹിനി പദമാടുന്നു.
 
മോഹിനി:
 ചരണം4:  
"ചേരുന്നേൻ ഭവാനോടുംകൂടി ഞാൻമോദാൽ
 പോരുന്നേൻ ഭവദീയമന്ദിരേ"
{ഞാൻ സന്തോഷത്തോടെ ഭവാനോടുകൂടിചേർന്ന് അങ്ങയുടെ ഗൃഹത്തിലേയ്ക്ക് പോരുന്നു.}
"ചേരുന്നേൻ ഭവാനോടുംകൂടി" (രുഗ്മാംഗദൻ-കീഴ്പ്പടം കുമാരൻ നായർ, മോഹിനി-കലാ:കെ.ജി.വാസുദേവൻ)
ശേഷം ആട്ടം-  
ഇരുവരും രംഗമദ്ധ്യത്തിലായി പീഠങ്ങളിൽ ഇരിക്കുന്നു. രുഗ്മാംഗദൻ ആത്മഗതമായി നായികയെ വർണ്ണിക്കുന്നതായ ശ്ലോകങ്ങൾ ആടുന്നു. തുടർന്ന് മോഹിനിയുമായി സംവദിക്കുന്നു. രുഗ്മാംഗദൻ:'അല്ലയോ പ്രിയേ, നീ ഇപ്രകാരം ഈ കാട്ടിൽ വരുവാൻ കാരണമെന്ത്?' മോഹിനി:'അങ്ങയെ കാണുവാനായിത്തന്നെ വന്നതാണ്. ദേവലോകസുന്ദരിമാർ അങ്ങയുടെ കീർത്തി പാടിപുകഴ്ത്തുന്നത് കേട്ടപ്പോൾ അങ്ങയെ വന്ന് കാണുവാൻ ആഗ്രഹമുണ്ടായി. അങ്ങിനെ വന്നതാണ്.' രുഗ്മാംഗദൻ:'ഹോ! അങ്ങിനെയോ?^ പിന്നെ നീ എന്തിനാണ് എന്നെക്കൊണ്ട് ഇപ്രകാരം സത്യം ചെയ്യിച്ചത്?'
മോഹിനി:'മഹാരാജാവായ അങ്ങേയ്ക്ക് അനവധി പത്നിമാരും കുട്ടികളും ഉണ്ടാകുമല്ലൊ. ഞാൻ അങ്ങയോടൊത്ത് വസിക്കുമ്പോൾ അവർ അസൂയപ്പെടുകയും എന്നോട് മത്സരിക്കുകയും ചെയ്താൽ എനിക്ക് അവഗണന നേരിടേണ്ടിവന്നെങ്കിലോ എന്ന് ഭയന്നാണ് ഞാൻ അങ്ങയെക്കൊണ്ട് സത്യം ചെയ്യിച്ചത്.'  
രുഗ്മാംഗദൻ:'ഹോ! അപ്രകാരം അല്ല. എനിക്ക് സത്ഗുണശീലയായ ഒരു പത്നിയും ഒരു പുത്രനും മാത്രമേയുള്ളു. പതിവ്രതയായ അവൾ നിന്നെ ഒരു സഹോദരിയായി കരുതി സ്വീകരിക്കും. ഇനി നമുക്ക് വേഗം എന്റെ കൊട്ടാരത്തിലേയ്ക്ക് പോവുകയല്ലെ?' മോഹിനി:'അപ്രകാരം തന്നെ'  
രുഗ്മാംഗദൻ:(എഴുന്നേറ്റ് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ഇടതുഭാഗത്തായി സൂതനെ കണ്ട്, അനുഗ്രഹിച്ചിട്ട്)'എടോ സൂതാ, വേഗം എന്റെ രഥം തയ്യാറാക്കി കൊണ്ടുവന്നാലും' (സൂതനെ അനുഗ്രഹിച്ച് അയച്ച്, വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് വലതുഭാഗത്തായി സൈന്യാധിപന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്)'നയാട്ട് മതിയാക്കി സൈന്യങ്ങളെല്ലാവരോടും കൂടി രാജധാനിയിലേയ്ക്ക് പുറപ്പെട്ടാലും' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടതുഭാഗത്തായി സൂതനെ കണ്ടിട്ട്)'കൊണ്ടുവന്നുവോ?' (മറുപടി കേട്ടിട്ട്)'നിൽക്കു' (മോഹിനിയോടായി)'ഇതാ രഥം തയ്യാറായിരിക്കുന്നു. പുറപ്പെടുകയല്ലെ?' (മോഹിനിയുടെ അനുസരണകേട്ടിട്ട് സൂതനോടായി)'എടോ സൂതാ, രഥം എന്റെ കൊട്ടാരത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം രുഗ്മാംഗദൻ മോഹിനിയുടെ കൈകോർത്തുപിടിച്ചുകൊണ്ട് രഥത്തിലേയ്ക്ക് ചാടിക്കയറിയിട്ട് ആലിംഗനബദ്ധരായി രഥത്തിൽ സഞ്ചരിക്കുന്ന ഭാവത്തിൽ പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

[^രുഗ്മാഗദൻ സന്ദർഭവശാൽ ഇവിടെ 'ഏകാദശിമാഹാത്മ്യം' ആടാറുണ്ട്. തന്റെ ഉദ്യാനത്തിൽനിന്നും പൂക്കൾ മോഷണം പോകുന്നു എന്നറിഞ്ഞ് അത് മനസ്സിലാക്കാൻ രുഗ്മാംഗദൻ ശ്രമിക്കുന്നതുമുതലുള്ള, താൻ ഏകാദശീവ്രതം അനുഷ്ടിച്ചുതുടങ്ങുവാനുണ്ടായ കാരണമായ കഥ(2,3 രംഗങ്ങളിലെ കഥാഭാഗം)യാണ് ഈ ആട്ടത്തിന്റെ ആശയമായി വരുന്നത്.]

അഭിപ്രായങ്ങളൊന്നുമില്ല: