2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

രുഗ്മാംഗദചരിതം ഒൻപതാം രംഗം

രംഗത്ത്-ബ്രാഹ്മണർ(മിനുക്കുവേഷങ്ങൾ)

ശ്ലോകം-രാഗം:ശഹാന
"കൈക്കൊണ്ടന്യോന്യരാഗം കമലസമമുഖീ മോഹിനീ ഭാമിനീ സാ
 ശീഘ്രം പുക്കാത്മഗേഹം സ്മരപരവശനായ്ത്തത്ര തന്വംഗിയോടും
 ചൊല്ക്കൊള്ളും പാർത്ഥിവേന്ദ്രൻ സരസമിഹ വസിച്ചു രമിച്ചു നികാമം
 തൽക്കാലേ ഭൂസുരന്മാർ ചിലരിഹ നിഭൃതം തമ്മിലൂചുസ്സുവാചം"
{അന്യോന്യം അനുരാഗബദ്ധരായിതീർന്ന രുഗ്മാംഗദനും താമരപ്പൂവിന് സമമായ മുഖകാന്തിയോടുകൂടിയ സുന്ദരിയായ മോഹിനിയും വേഗത്തിൽ കൊട്ടാരത്തിലേയ്ക്ക് പോയി. കീർത്തിമാനായ ആ രാജാവ് മോഹിനിയോടൊത്ത് നന്നായി രമിച്ചുകൊണ്ട് സുഖമായി അവിടെ വസിച്ചു. അക്കാലത്ത് ഒരിക്കൽ അവിടെയുള്ള ചില ബ്രാഹ്മണന്മാർ തമ്മിൽതമ്മിൽ രഹസ്യമായി ഇപ്രകാരം പറഞ്ഞു.}

ഇരുവശങ്ങളിൽ നിന്നുമായി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണർ മുന്നോട്ടുവരുന്നതോടെ പരസ്പരം കാണുന്നു.
ഒന്നാമൻ:'ഹേയ്, നിങ്ങൾ എങ്ങോട്ടുപോകുന്നു?'
രണ്ടാമൻ:'ഞങ്ങൾ സാകേതപുരിയിലേയ്ക്ക് പോകുന്നു'
ഒന്നാമൻ:'ഞാനും അങ്ങോട്ടുതന്നെ. നിങ്ങൾ ഒരു വർത്തമാനം കേട്ടില്ലെ?'
മൂന്നാമൻ:'എന്ത്?'
ഒന്നാമൻ:'പറയാം'
ഒന്നാമൻ പദാഭിനയം ആരംഭിക്കുന്നു

ബ്രാഹ്മണരുടെ പദം-രാഗം:ശഹാന, താളം:അടന്ത
ഒന്നാമൻ:

ചരണം1:
"കേട്ടില്ലേ ഭൂദേവന്മാരേ ഭൂപൻ
 കാട്ടിലൊരുനാൾ നായാട്ടിനുപോയപ്പോൾ
 കിട്ടിപോൽ നല്ലൊരു പെണ്ണ്"
{ബ്രാഹ്മണരേ, കേട്ടില്ലേ? രാജാവ് ഒരുദിവസം നായാട്ടിനായി കാട്ടിൽ പോയപ്പോൾ നല്ലൊരു പെണ്ണിനെ കിട്ടിപോലും.}

"കിട്ടിപോൽ നല്ലൊരു പെണ്ണ്" (ബ്രാഹ്മണർ-ഏറ്റുമാനൂർ കണ്ണൻ, കലാ:അരുൺ)
രണ്ടാമൻ:
ചരണം2:
"ഹാഹന്ത കേട്ടു ഞാൻ വിപ്ര നല്ല
 മോഹിനിയെന്നുപോൽ നാമമവൾക്കതി
 മോഹനഗാത്രിപോൽക്കണ്ടാൽ"
{ഹാ! ഹോ! ഞാൻ നന്നായികേട്ടു. ബ്രാഹ്മണാ, മോഹിനി എന്നാണുപോലും അവൾക്കുപേര്. കണ്ടാൽ അതിസുന്ദരിയാണുപോലും}

ഒന്നാമൻ:
ചരണം3:
"രാപ്പകൽ മോഹിനിയോടു ഭൂപൻ
 പുഷ്പേഷുകേളിവിനോദനനെപ്പോഴും
 താല്പരീയം മറ്റൊന്നില്ല"
{രാത്രിയും പകലുമെല്ലാം മോഹിനിയോടുകൂടി കാമകേളികൾചെയ്ത് സുഖമായി വസിക്കുകയാണ് രാജാവ്. മറ്റൊന്നിലും താല്പര്യം ഇല്ലത്രെ.}

മൂന്നാമൻ:
ചരണം4:
"മോഹിനിയോടു ചേർന്നിട്ടും ഭൂപനേ-
 കാദശിവ്രതം ലോപം ചെയ്യുന്നില്ല
 ശ്ലാഘനീയൻ ഭൂമിപാലൻ"
{മോഹിനിയോട് ചേർന്നിട്ടും രാജാവ് ഏകാദശീവ്രതം ഉപേക്ഷിക്കുന്നില്ല. അഭിനന്ദനം അർഹിക്കുന്നവനാണ് രാജാവ്.}

ഒന്നാമൻ:
ചരണം5:
"ഭൂദേവ പോക നാം വേഗാലങ്ങു
 ദ്വാദശിയൂട്ടിനിലവെയ്പാറായി
 സാകേതവാസിനികേതേ"
{ബ്രാഹ്മണാ, നമുക്ക് വേഗത്തിൽ അങ്ങോട്ടേയ്ക്ക് പോകാം. രുഗ്മാംഗദരാജാവിന്റെ കൊട്ടാരത്തിൽ ദ്വാദശിസദ്യയ്ക്ക് ഇലവെയ്ക്കാറായി.}

രണ്ടാമൻ:
ചരണം6:
"പോരുന്നേൻ ഞാൻ ഭൂമിദേവാ ഭൂപൻ
 ഭൂരിദാനങ്ങളും വസ്ത്രങ്ങളും നല്കും
 ആരണന്മാർക്കെല്ലാം മോദാൽ"
{ബ്രാഹ്മണാ, ഞാനും പോരുകയാണ്. രാജാവ് സന്തോഷത്തോടുകൂടി ബ്രാഹ്മണർക്കെല്ലാം സ്വർണ്ണവും വസ്ത്രങ്ങളും ദാനവും നൽകും.}

"പോരുന്നേൻ ഞാൻ ഭൂമിദേവാ" (ബ്രാഹ്മണർ-ആർ.എൽ.വി.സുനിൽ, കലാനി:വിനോദ്)
ശേഷം ആട്ടം-
ഒന്നാമൻ:
'എന്നാൽ ഇനി വേഗം പോവുകയല്ലെ?'
രണ്ടാമനും മൂന്നാമനും:'അങ്ങിനെതന്നെ'
ബ്രാഹ്മണർ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: