2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

രുഗ്മാംഗദചരിതം പത്താം രംഗം

രംഗത്ത്-രുഗ്മാംഗദൻ, മോഹിനി, സന്ധ്യാവലി(കുട്ടിത്തരം സ്ത്രീവേഷം), ധർമ്മാംഗദൻ(കുട്ടിത്തരം പച്ചവേഷം), മഹാവിഷ്ണു(മഞ്ഞഞൊറി ധരിച്ച കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ആനന്ദഭൈരവി
"സാകേതാധീശനോടങ്ങനെ സപദി മുദാ ചേർന്നു കേളീവിലാസോ-
 ല്ലോകേശാദേശചിന്താമപി ച ബത മറന്നെത്രനാൾ മോഹിനീ സാ
 സാകാംക്ഷം തത്ര മേവും മഹിതഗുണമെഴും വൃശ്ചികേമാസി വന്നോ-
 രേകാദശ്യാം പ്രഭാതേ പ്രിയതമമവനീനാഥമേവം ബഭാഷേ"
{ബ്രഹ്മദേവന്റെ നിർദ്ദേശത്തേകൂടി മറന്നവളായിട്ട് ആ മോഹിനി സാകേതരാജാവിനോടൊത്ത് ഇപ്രകാരം കേളീവിലാസങ്ങൾ ചെയ്തുകൊണ്ട് വളരെനാൾ സസന്തോഷം അവിടെ വസിച്ചു. ആകാംക്ഷയോടുകൂടി അവിടെ വസിച്ച മോഹിനി മഹത്തായ ഗുണമെഴുന്നതായ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം പ്രഭാതത്തിൽ പ്രിയതമനായ രാജാവിനോട് ഇപ്രകാരം പറഞ്ഞു.}

രുഗ്മാംഗദൻ വലതുഭാഗത്തായി ഭഗവത്സ്മരണയോടുകൂടി പീഠത്തിൽ ഇരിക്കുന്നു. ഇടത്തുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം കാമപാരവശ്യം നടിച്ചുകൊണ്ട് പ്രവേശിക്കുന്ന മോഹിനി, രാജാവ് ഈശ്വരഭജനത്തിൽ ഇരിക്കുന്നതുകണ്ട് നീരസം ഭാവിക്കുന്നു. മോഹിനി പ്രേമഭാവത്തിൽ രാജാവിനെ സമീപിച്ച് ആലിംഗനം ചെയ്യുവാൻ മുതിരുന്നു. രുഗ്മാംഗദൻ കൈകൊണ്ട് അവളെ തടുത്തിട്ട് നാമം ജപിച്ചുകൊണ്ട് ഇരിക്കുന്നു. മോഹിനി പദാഭിനയം ആരംഭിക്കുന്നു.

മോഹിനിയുടെ പദം-രാഗം:ആനന്ദഭൈരവി, താളം:മുറിയടന്ത
പല്ലവി:
"സുമശര സുഭഗശരീര മമ രമണ പയോധിഗംഭീര
 സുമശരസമസുവിഹാര മമ വരികരികിൽ നീ മോദാൽ"
ചരണം1:
"ചിത്തജകേളിയിലിഹ മേ ചെറ്റും തൃപ്തിവരുന്നില്ലകമേ
 ക്ഷത്രിയകുലസുതിലക കേൾക്ക അത്ര സദയ സുഖം മേ"
("സുമശര സുഭഗശരീര..........................................മോദാൽ")
{കാമനുസമം സുന്ദരമായ ശരീരത്തോടുകൂടിയവനേ, എന്റെ പ്രിയാ, ഗാംഭീര്യസമുദ്രമേ, കാമനുതുല്യം നനായി വിഹരിക്കുന്നവനേ, അങ്ങ് സന്തോഷത്തോടുകൂടി എന്റെ അരികിൽ വന്നാലും. ക്ഷത്രിയകുലത്തിന് നല്ല തിലകമായുള്ളവനേ, കേട്ടാലും. കാമകേളികളിൽ എനിക്കിവിടെ മനസ്സിൽ ഒട്ടും തൃപ്തിവരുന്നില്ല. ദയയോടെ എനിക്ക് സുഖം നൽകിയാലും.}

"ചിത്തജകേളിയിലിഹ മേ" (രുഗ്മാംഗദൻ-കലാ:ഷണ്മുഖൻ, മോഹിനി-കലാ:വിജയൻ)
രുഗ്മാംഗദന്റെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട
പല്ലവി:
"ചെയ്‌വേൻ താവകാഭിലാഷം സർവ്വമപി ബാലേ
 ഭവ്യമാർന്നോരേകാദശീനൽവ്രതദിവസവുമിന്നു"
ചരണം1:
"പൂബാണകേളികൾ ചെയ്യരുതേതും ബാലേ ജീവനാഥേ മമ ജീവമായുറപ്പിയ്ക്ക
 ദൈവമതന്നിയെ മറ്റുള്ളവിചാരത്തെ കൈവെടിഞ്ഞീടുക മോഹിനീ"
ചരണം2:
"ദിവ്യാന്നവും വർജ്ജിക്കേണം ഭവ്യേ തൈലഭ്യംഗാദിയും
 സർവ്വദാ ശ്രീഗോവിന്ദനെ സേവചെയ്തു വാണീടേണം"
{ബാലികേ, നിന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിക്കുന്നുണ്ട്. ശ്രേഷ്ഠമായ ഏകാദശീവ്രതദിവസമാണ് ഇന്ന്. ബാലികേ, എന്റെ പ്രാണനാഥേ, ഇന്ന് കാമകേളികളൊന്നും ചെയ്യരുത് എന്നത് ഉറപ്പിച്ച് വസിക്കുക. മോഹിനീ, ദൈവം എന്നതൊഴിച്ച് മറ്റുള്ള വിചാരങ്ങളെ കൈവെടിയുക. ദിവ്യമായ ഭക്ഷണത്തേയും എണ്ണതേച്ച്കുളി മുതലായവയും ഇന്ന് ഉപേക്ഷിക്കണം. മുഴുവൻ സമയവും മഹാവിഷ്ണുവിനെ സേവചെയ്തുകൊണ്ടിരിക്കണം.}

"സർവ്വമപി ബാലേ" (രുഗ്മാംഗദൻ-കലാ:കൃഷ്ണൻ നായർ, മോഹിനി-കുടമാളൂർ കരുണാകരൻ നായർ)
മോഹിനി:
ചരണം2:
"പട്ടിണികൊണ്ടുടനാർക്കും ഹേ നാഥാ പുഷ്ടി ബലാൽ നശിച്ചീടും
 മട്ടലർബാണവിഹാരം പരിതുഷ്ടികരം സുഖസാരം
("സുമശര സുഭഗശരീര..........................................മോദാൽ")
ചരണം3:
"കേൾക്ക ഭവാൻ തീർത്തുചൊല്ലാമഹം നോല്ക്കയില്ലത്രയുമല്ല
 നോല്ക്കരുതിന്നു ഭവാനും വിഹരിക്കേണമധികവുമധുനാ"
("സുമശര സുഭഗശരീര..........................................മോദാൽ")
{ഹേ നാഥാ, പട്ടിണികൊണ്ട് എല്ലാവർക്കും ഉടനെ ആരോഗ്യം ശക്തിയായി നശിച്ചിടും. കാമകേളികൾ ഏറ്റവും സന്തോഷകരവും സുഖത്തിനു് കാരണമായിട്ടുള്ളതുമാണ്. ഭവാൻ കേൾക്കുക, ഞാൻ തീർത്തുപറയാം. ഞാൻ വ്രതം നോല്ക്കുകയില്ല. മാത്രമല്ല, ഭാവനും ഇന്ന് നോല്ക്കരുത്. ഇപ്പോൾ എന്നോടൊത്ത് അധികമായി വിഹരിച്ചാലും.}

രുഗ്മാംഗദൻ:
ചരണം3:
"സാകേതത്തെസ്സന്ത്യജിക്കാം സാകം സർവ്വസമസ്തവും
 ഏകാദശി നോറ്റീടുവാൻ വേഗാലനുവദിക്ക നീ"
{വിസ്തൃതമായികിടക്കുന്ന ഈ സാകേതരാജ്യത്തെ പൂർണ്ണമായും എന്നെന്നേക്കുമായി ഉപേക്ഷിക്കാം. ഏകാദശി നോല്ക്കുവാനായി നീ വേഗത്തിൽ അനുവദിക്കുക.}

മോഹിനി:
ചരണം4:
"സത്യഭംഗം ചെയ്‌വതേവം യുക്തമോ നൃപതേ
 സത്യസന്ധൻ ഭവാനെന്നു കീർത്തി വിലസുന്നു പാരിൽ"
ചരണം5:
"മൽപ്രിയ നീയെന്നോടെന്നുമപ്രിയം ചെയ്കയില്ലെന്നും
 സപ്രമോദം ചെയ്ത സത്യം ക്ഷിപ്രമേവം മറന്നിതോ"
{രാജാവേ, ഇപ്രകാരം സത്യഭംഗം ചെയ്യുന്നത് ഉചിതമോ? ഭവാൻ സത്യസന്ധനാണന്നുള്ള കീർത്തി ലോകത്തിൽ വിലസുന്നു. എന്റെ പ്രിയതമാ, എന്നോടൊന്നും അപ്രിയം ചെയ്കയില്ലെന്ന് ഏറ്റവും സന്തോഷത്തോടുകൂടി ചെയ്ത സത്യം ഇപ്രകാരം പെട്ടന്ന് അങ്ങ് മറന്നുവോ?}

തുടർന്ന് രുഗ്മാംഗദൻ അടുത്തപദം അഭിനയിക്കുന്നു.

പദം-രാഗം:സുരുട്ടി, താളം:ചെമ്പട
രുഗ്മാംഗദൻ:

ചരണം1:
"അപ്രിയമപഥ്യം നിന്നോടല്പവുമില്ലല്ലോ പാരിൽ
 ചിൽപ്പുരുഷന്തന്റെ വ്രതം നോല്പതിന്നനുവദിക്ക"
പല്ലവി:
"മാനിനിമാർമൗലിമാലേ മോഹിനി വല്ലഭേ"
{അപ്രിയമോ അപഥ്യമോ നിന്നോട് അല്പവുമില്ല. സുന്ദരികളുടെ ശിരോലങ്കാരമായുള്ളവളേ, മോഹിനീ, വല്ലഭേ, ലോകത്തിൽ ചിൽപ്പുരുഷനായ മഹാവിഷ്ണുവിന്റെ വ്രതം നോല്ക്കുന്നതിന് നീ അനുവദിക്കുക.}

"ചിൽപ്പുരുഷന്തന്റെ വ്രതം" (രുഗ്മാംഗദൻ-കലാ:ഗോപി, മോഹിനി-കോട്ട:ശിവരാമൻ)
മോഹിനി:-രാഗം:നീലാബരി
ചരണം2:
"അമ്മതന്മടിയിൽവച്ചു നിന്മകൻ ധർമ്മാംഗദനെ
 ചെമ്മേ വാളാൽ വെട്ടാമെങ്കിലിമ്മഹാവ്രതം നോറ്റാലും"
{അമ്മയുടെ മടിയിൽവച്ച് അങ്ങയുടെ മകനായ ധർമ്മാംഗദനെ വാളുകൊണ്ട് ഭംഗിയായി വെട്ടാമെങ്കിൽ ഈ മഹാവ്രതം നോറ്റാലും.}

രുഗ്മാംഗദൻ:

ചരണം3:-രാഗം:ദ്വിജാവന്തി
"കഷ്ടമീവണ്ണം ശാഠ്യങ്ങൾ ദുഷ്ടേ ചൊൽവാനെന്തു മൂലം
 നിഷ്ഠുരങ്ങൾ ത്യജിച്ചു നിന്നിഷ്ടമെന്തെന്നുരചെയ്ക"
{കഷ്ടം! ദുഷ്ടേ, ഈവിധമുള്ള നിർബന്ധങ്ങൾ പറയുവാൻ എന്താണ് കാരണം? ക്രൂരതകൾ ഉപേക്ഷിച്ച് നിന്റെ ആഗ്രഹം എന്തെന്ന് പറയുക.}

മോഹിനി:
ചരണം4:
"അച്ഛനുമമ്മയ്ക്കും കണ്ണിലശ്രു തെല്ലും വിണീടാതെ
 ഇച്ചരിതം ചെയ്യാമെങ്കിൽ സ്വച്ഛന്ദം നോറ്റുകൊണ്ടാലും"
{അച്ഛന്റേയും അമ്മയുടേയും കണ്ണിൽനിന്നും അല്പവും കണ്ണുനീർ വീഴ്ത്താതെ ഈ കൃത്യം ചെയ്യാമെങ്കിൽ തടസമില്ലാതെ വ്രതം നോറ്റുകൊണ്ടാലും.}

രുഗ്മാംഗദൻ:
ചരണം5:-രാഗം:തോടി
"ആവതെന്തേവമീശ്വര മോഹിനിക്കെന്തെന്നിൽ വൈരം
 സ്നേഹാമൃതാനന്ദാത്മികേ പാവനാംഗി ചതിക്കൊല്ല"
{ഈശ്വരാ, ഇപ്രകാരം വരുന്നതെന്തേ? ഈ മോഹിനിക്ക് എന്താണ് എന്നിൽ വിരോധം? സ്നേഹമാകുന്ന അമൃതിന്റേയും ആനന്ദത്തിന്റേയും സ്വരൂപമായുള്ളവളേ, ദിവ്യമായ ശരീരത്തോടുകൂടിയവളേ, ചതിക്കരുതേ.}

മോഹിനി:
ചരണം6:
"നന്ദനനെ വധിയാതെ ഇന്നീവ്രതമനുഷ്ഠിക്കിൽ
 വന്നുകൂടും സത്യഭംഗം മന്നവ ബോധിച്ചുകൊൾക"
{രാജാവേ, പുത്രനെ വധിക്കാതെ ഇന്ന് ഈവ്രതം നോൽക്കുകയാണെങ്കിൽ സത്യഭംഗം വന്നുകൂടുമെന്ന് മനസ്സിലാക്കിക്കൊള്ളുക.}

"നന്ദനനെ വധിയാതെ ഇന്നീവ്രതമനുഷ്ഠിക്കിൽ" (രുഗ്മാംഗദൻ-കലാ:ഷണ്മുഖൻ, മോഹിനി-കലാ:വിജയൻ)
മോഹിനിയുടെ കഠോരമായ വാക്കുകൾ കേട്ട് രുഗ്മാംഗദൻ മോഹാലസ്യപ്പെട്ടുവീഴുന്നു. മോഹിനി രാജാവിന് വീശിക്കൊടുത്തുകൊണ്ട് നിൽക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:മുഖാരി
"മോഹിന്യാവാക്യമേവം സപദി ചെവികളില്പുക്കനേരം കഠോരം
 മോഹിച്ചുർവ്വ്യാം പതിച്ചു ക്ഷിതിപതിരധികം വിഹ്വലസ്താപഭാരാൽ
 മോഹന്തീർന്നാശു പിന്നെ പ്രണതജനപരിത്രാണശീലാ വിഭോ മാം
 പാഹി ശ്രീപത്മനാഭ ദ്രുതമിതിവിലലാപാർദ്ദിതം ദീനദീനഃ"
{മോഹിനിയുടെ ഇപ്രകാരം കഠോരമായ വാക്കുകൾ ചെവിയിൽ പതിച്ചപ്പോൾ ദുഃഖവിഹ്വലനായ രാജാവ് പെട്ടന്ന് മോഹാലസ്യപ്പെട്ട് നിലമ്പതിച്ചു. പിന്നെ പെട്ടന്നുതന്നെ മോഹം തീർന്നുണർന്ന രാജാവ്, 'വണങ്ങുന്നവരായ ജനങ്ങളെ സംരക്ഷിക്കുന്ന ശീലത്തോടുകൂടിയവനേ, പ്രഭോ, ശ്രീപത്മനാഭാ, എന്നെ രക്ഷിച്ചാലും' എന്നിങ്ങിനെ ദു:ഖത്തോടെ വിലപിച്ചു.}

ശ്ലോകാവസാനത്തോടെ മോഹാലസ്യംവിട്ട് ഉണരുന്ന രുഗ്മാംഗദൻ നിലത്ത് ഇരുന്നുകൊണ്ടുതന്നെ പദാഭിനയം ആരംഭിക്കുന്നു. അനുപല്ലവിയെതുടർന്ന് എഴുന്നേറ്റുനിന്ന് ചൊല്ലിയാടുന്നു.

രുഗ്മാംഗദന്റെ പദം-രാഗം:മുഖാരി, താളം:ചെമ്പട
പല്ലവി:
"നാഥ ജനാർദ്ദന സാദരം ഭൂതദയബോധാനന്ദാത്മക ഹരേ"
അനുപല്ലവി:
"കണ്ണുനീരല്പവും കണ്ണിലുളവാകാതെ
 ഉണ്ണിയുടെ ഗളമധുനാ ഖണ്ഡിപ്പതുമെങ്ങനെ ഞാൻ"
ചരണം1:
"ദുഷ്ഠാത്മികേ മോഹിനി കഷ്ടമഹോ നിന്റെ മൊഴി
 നിഷ്ഠുരമതീവഘോരം
 ദൃഷ്ടിപ്രിയനാമെന്നോമൽക്കുട്ടിപ്പൈതൽതന്നിലഹോ
 പുഷ്ടവൈരമെന്തിതഹോ"
{നാഥാ, ജനാർദ്ദനാ, സാദരം ഭൂതദയാബോധത്തോടുകൂടിയ ആനന്ദാത്മാവായുള്ളവനേ, ഹരേ, കണ്ണിൽ അല്പവും കണ്ണുനീരുണ്ടാകാതെ ഉണ്ണിയുടെ കഴുത്ത് ഞാൻ മുറിക്കുന്നതെങ്ങിനെ? ദുഷ്ടാത്മാവായ മോഹിനീ, ഹോ! കഷ്ടം! നിന്റെ വാക്കുകൾ ദയാരഹിതവും ഘോരവുമായതാണ്. ഹോ! ഹോ! കണ്ടാൽ പ്രീയം ജനിപ്പിക്കുന്നവനും എന്റെ ഓമനയുമായ കുട്ടിപ്പൈതലിന്മേൽ എന്തിങ്ങിനെ ശക്തമായ വിരോധം?}

"നാഥ ജനാർദ്ദന" (മോഹിനി-കലാ:വിജയൻ, രുഗ്മാംഗദൻ-കലാ:ഷണ്മുഖൻ)
ശേഷം ആട്ടം-
മോഹിനി:'എനിക്ക് ഒരുവിരോധവും ഇല്ല. അങ്ങ് കുട്ടിയെ വധിക്കണ്ടാ. ഉടനെ എന്നോടൊപ്പം വന്ന് ആഹാരം കഴിക്കുകയും ക്രീഡിക്കുകയും ചെയ്താലും.'
രുഗ്മാംഗദൻ:'ഹോ! ഇവൾ രാക്ഷസിയാണ്. ഇത് അറിയാതെ ഞാൻ ഇവളെ വിശ്വസിച്ചു, സത്യം ചെയ്തു. എന്റെ ധർമ്മപത്നിയോടും പുത്രനോടും എങ്ങിനെയാണ് എന്റെ അവസ്ഥ അറിയിക്കുക?'
രുഗ്മാംഗദൻ ചിന്താധീനനും ദുഃഖിതനുമായി വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. മോഹിനി തന്നോടൊപ്പം പോരുവാൻ വീണ്ടും രാജാവിനെ ക്ഷണിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ബിലഹരി
"അമ്ലാനഭൂമിസുരഭക്തിഭരേ ക്ഷിതീന്ദ്രേ
 ധർമ്മാനുരോധനിലയേ ബ്രുവതീതി താവത്
 രുഗ്മാംഗദസ്യ തനയസ്സഹിതോ ജനന്യാ-
 സമ്പ്രാപ്യ തത്ര സവിധേ നിജഗാദ ചൈവം"
{കുറവില്ലാത്ത ബ്രാഹ്മണഭക്തിയുള്ളവനും ധർമ്മനിഷ്ഠനുമായ രാജേന്ദ്രൻ ഇപ്രകാരം പറയുന്ന സമയത്ത് രുഗ്മാംഗദന്റെ പുത്രൻ തന്റെ മതാവിനോടൊപ്പം അവിടെയെത്തി അദ്ദേഹത്തിനോട് പറഞ്ഞു.}

ശ്ലോകം കൊട്ടികലാശിക്കുന്നതോടെ ഇടതുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ധർമ്മാംഗദനും സന്ധ്യാവലിയും പ്രവേശിക്കുന്നു. സന്ധ്യാവലി രാജാവിനെ വണങ്ങി ഇടത്തുഭാഗത്തു നിൽക്കുന്നു. ധർമ്മാംഗദൻ അച്ഛനെ കുമ്പിടുന്നു. രുഗ്മാംഗദൻ പുത്രനെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. അനന്തരം ധർമ്മാംഗദൻ പദം അഭിനയിക്കുന്നു.

ധർമ്മാംഗദനും(കലാ:ഷണ്മുഖൻ) സന്ധ്യാവലിയും(കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി) പ്രവേശിക്കുന്നു. (മോഹിനി-മാർഗ്ഗി വിജയ‌കുമാർ, രുഗ്മാംഗദൻ-കലാ:ഗോപി)
ധർമ്മാംഗദന്റെ പദം-രാഗം:മുഖാരി, താളം:ചെമ്പട
പല്ലവി:
"പാദയുഗം തേ സാദരമേഷ താത തൊഴുന്നേൻ"
അനുപല്ലവി:
"ഖ്യാത വിധിനാ ജന്മം മേ സഫലം ജാതമധുനാ"
("പാദയുഗം തേ സാദരമേഷ താത തൊഴുന്നേൻ")
ചരണം1:
"നന്ദനന്മാരുണ്ടാമിനിയുമുന്നതന്മാർ ധന്യശീല
 സത്യഭംഗം വന്നുവെന്നാൽ തീരാ വംശത്തിനു ദുഷ്കൃതിദോഷം"
("പാദയുഗം തേ സാദരമേഷ താത തൊഴുന്നേൻ")
ചരണം2:
"മാലിതൊല്ലാതാതഗൃഹാണ വാളിതല്ലോ പാലയാശു നീ
 നരപാലസത്യമിതു ചേലെഴുന്ന വ്രതം ചെയ്ക ജാതമോദാൽ"
("പാദയുഗം തേ സാദരമേഷ താത തൊഴുന്നേൻ")
ചരണം3:-രാഗം:കാനഡ
"അംബ തൊഴുന്നേൻ നിൻ പാദേപി ഞാൻ
 കമ്രചരിതേ മാതാവേ
 നന്മയോടിരുന്നീടുക ദൃഢമിഹ
 നിന്മടിയിലഹമിരുന്നീടാമപതാപം"
{അച്ഛാ, അങ്ങയുടെ പാദങ്ങൾ രണ്ടും സാദരം തൊഴുതീടുന്നു. ഇപ്പോൾ ഉണ്ടായിവന്നതായി കേട്ട ഈ വിധിയാൽ എന്റെ ജന്മം സഫലമായിതീർന്നിരിക്കുന്നു. ധന്യശീലാ, ഉന്നതന്മാരായ പുത്രന്മാർ ഇനിയും ഉണ്ടായ്‌വരും എന്നാൽ സത്യഭംഗം വന്നുചേർന്നാൽ വംശത്തിനുതന്നെ തീരാത്ത ദുഷ്കൃതിദോഷം വന്നുചേരും. അച്ഛാ, വിഷമിക്കരുത്. സത്യനിലയാ, വാൾ ഇതാ. രാജാവേ അവിടുന്ന് സന്തോഷത്തോടുകൂടി സത്യത്തെപാലിച്ചിട്ട് ദിവ്യമായ വ്രതം അനുഷ്ടിച്ചാലും. അമ്മേ, അവിടുത്തെ പാദങ്ങളേയുംകൂടി ഞാൻ തൊഴുതീടുന്നു. മനോഹരമായ ചരിതത്തോടുകൂടിയവളേ, മാതാവേ, നന്മയോടെ ഇവിടെ ദൃഢമായി ഇരുന്നാലും. അവിടുത്തെ മടിയിൽ ഞാനും സങ്കടംകൂടാതെ ഇരുന്നീടാം.}

[ധർമ്മാംഗദന്റെ പദത്തിലെ 'അംബ തൊഴുന്നേൻ'എന്ന ചരണം കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ചത് ഇവിടെ ശ്രവിക്കാം.]

പദാഭിനയം കഴിഞ്ഞ് വീണ്ടും രുഗ്മാംഗദനെ വണങ്ങിയിട്ട് ധർമ്മാംഗദൻ വാൾ എടുത്ത് അച്ഛന്റെ കൈയ്യിൽ കൊടുക്കുന്നു. തുടർന്ന് ഇടതുഭാഗത്ത് മുന്നിലായി സന്ധ്യാവലിയെ ഇരുത്തി മടിയിലായി ധർമ്മാംഗദൻ കിടക്കുന്നു. രുഗ്മാംഗദൻ മോഹിനിയോട് വീണ്ടും വീണ്ടും കരുണകാട്ടുവാൻ അപേക്ഷിക്കുന്നുവെങ്കിലും, തന്നോടൊപ്പം ഭക്ഷണം കഴിക്കുവാനും രമിക്കുവാനും തയ്യാറല്ലെങ്കിൽ പുത്രനെ വധിച്ച് സത്യം പാലിക്കുവാൻ മോഹിനി ശഠിക്കുന്നു. ദുഃഖിതനായ രാജാവ് മറ്റുനിവൃത്തിയില്ലാതെ വിഷ്ണുവിനെ സ്മരിച്ചുകൊണ്ടും പ്രാർത്ഥിച്ചുകൊണ്ടും പുത്രനെ വെട്ടാൻ ഓങ്ങുന്നു. അതിനു കഴിയാതെ രാജാവ് മോഹാലസ്യപ്പെട്ടുവീഴുന്നു. അച്ഛനെ എഴുന്നേൽപ്പിച്ച് വീണ്ടും വാൾ കൈയ്യിൽ പിടിപ്പിച്ചിട്ട് ധർമ്മാംഗദൻ സന്ധ്യാവലിയുടെ മടിയിൽ കിടക്കുന്നു. ഏകാദശി മുടക്കുന്നതും സത്യഭംഗം വരുത്തുന്നതും ഉചിതമല്ല എന്നുറപ്പിച്ച് രാജാവ് വിഷ്ണുവിനെ സ്മരിച്ചിട്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പുത്രനുനേരെ വാളോങ്ങുന്നു. പെട്ടന്ന് പിന്നിലായി പിടിച്ചിരിക്കുന്ന തിരശീല പകുതിതാഴ്ത്തി പ്രത്യക്ഷനാകുന്ന മഹാവിഷ്ണു രുഗ്മാംഗദന്റെ കൈയ്യിൽ കടന്നുപിടിച്ച് തടയുന്നു.
(വലന്തലമേളം)
ഭഗവാൻ പ്രത്യക്ഷനായതുകണ്ട് രുഗ്മാഗദാദികൾ ഭക്ത്യാദരപൂർവ്വം കുമ്പിടുന്നു. അനുഗ്രഹിച്ചശേഷം മഹാവിഷ്ണു പദം അഭിനയിക്കുന്നു.

മഹാവിഷ്ണുവിന്റെ പദം-രാഗം:മോഹനം, താളം:ചെമ്പട
പല്ലവി:
"വധിച്ചീടൊല്ല ബാലനെ ലസൽ ചാരുകീർത്തേ
 ലഭിച്ചു മുക്തിയുമിഹ കീർത്തിയും നൃപതേ"
ചരണം1:
"ഗ്രഹിക്ക പുണ്യരാശേ നീ ഗാഢം നിൻ വ്രതമിതു
 മുടക്കുവാൻ ബ്രഹ്മവാചാ മോഹിനി വന്നതിവൾ
 ഗമിക്കട്ടേ യഥാകാമം ഇവൾക്കു ദ്വാദശ്യാം പകൽ
 സ്വപിക്കുന്നോർ വ്രതഫലം ഭവിക്കും ഷഡംശമെന്നാൽ"
{ബാലനെ വധിക്കരുത്. മനോഹരമായിശോഭിക്കുന്ന കീർത്തിയോടുകൂടിയവനേ, രാജാവേ, നിനക്ക് ഇവിടെ കീർത്തിയും മുക്തിയും ലഭിച്ചിരിക്കുന്നു. പുണ്യസമുദ്രമേ, നിന്റെ ഗാഢമായ ഈ വ്രതം മുടക്കുവാനായി ബ്രഹ്മദേവന്റെ നിദ്ദേശാനുസ്സരണം വന്നവളാണ് ഈ മോഹിനി എന്ന് നീ മനസ്സിലാക്കുക. ഏകാദശിനോറ്റിട്ട് ദ്വാദശിദിവസം പകൽ ഉറങ്ങുന്നവരുടെ വ്രതഫലത്തിൽ ആറിലൊന്ന് ഇവൾക്ക് ആഗ്രഹം പോലെ ലഭിക്കട്ടെ.}

മഹാവിഷ്ണു മോഹിനിയെ അനുഗ്രഹിക്കുന്നു. മോഹിനി വിഷ്ണുവിനെ വണങ്ങി നിഷ്ക്രമിക്കുന്നു. വിഷ്ണു പദാഭിനയം തുടരുന്നു.

"ബ്രഹ്മവാചാ മോഹിനി വന്നതിവൾ" (മോഹിനി-കലാ:വിജയൻ, രുഗ്മാംഗദൻ-കലാ:ഷണ്മുഖൻ, സന്ധ്യാവലി-കലാനി:വിനോദ്, ധർമ്മാംഗദൻ-കലാ:ശുചീന്ദ്രൻ)
ചരണം2:-രാഗം:ശ്രീ, താളം:ചെമ്പ
"വത്സാ ഹേ ധർമ്മാംഗദ വരികരികിൽ നീ മോദാൽ
 ത്വത്സമനായിട്ടൊരു ധന്യനില്ലെങ്ങും ഭൂമൗ
 നൽസുഖമവനിയിൽ വാഴ്ക നീ ചിരകാലം
 മത്സാരൂപ്യം നിനക്കും ലഭിക്കും ചരമേ കാലേ"
ചരണം3:-രാഗം:മോഹനം, താളം:ചെമ്പട
"അതുച്ഛഭാഗ്യാബുരാശേ മടിച്ചീടാതിവനെ നീ
 കഴിച്ചഭിഷേകമിന്നേ വാഴിക്ക കുമാരനെ
 ലഭിച്ചു മത്സാരൂപ്യം നീ വഹിച്ചു ഭാര്യയുമായി
 വസിച്ചീടുക നീയെന്നും ഉരുസുഖം മമാന്തികേ"
{വത്സാ, ഹേ ധർമ്മാംഗദാ, നീ സന്തോഷത്തോടുകൂടി അരികിൽ വരിക. നിനക്ക് സമനായിട്ട് ഒരു ധന്യൻ ഭൂമിയിലെങ്ങും ഇല്ല. നീ വളരെക്കാലം സുഖമായി ഭൂമിയിൽ വാഴുക. ചരമകാലത്ത് നിനക്കും എന്റെ സാരൂപ്യം ലഭിക്കും. കുറവില്ലാത്ത ഭാഗ്യത്തിന്റെ സമുദ്രമേ, രുഗ്മാംഗദാ, നീ ഇനി മടികൂടാതെ ഈ കുമാരനെ അഭിഷേകം കഴിച്ച് വാഴിക്കുക. നിനക്ക് എന്റെ സാരൂപ്യം ലഭിച്ചിരിക്കുന്നു. ഭാര്യയോടുകൂടി നീ എന്നും ഏറ്റവും സുഖത്തോടുകൂടി എന്റെ സമീപത്തിൽ വസിക്കുക.}

ശേഷം ആട്ടം-
അനന്തരം മഹാവിഷ്ണുവിന്റെ നിർദ്ദേശം അനുസരിച്ച് രുഗ്മാംഗദൻ പുത്രനെ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരുത്തി രാജകിരീടം ധരിപ്പിച്ച് അഭിഷേകം കഴിക്കുകയും, ഉടവാൾ നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്ന് രുഗ്മാംഗദനും സന്ധ്യാവലിയും വിഷ്ണുസമീപം വന്നുനിൽക്കുന്നു. ധർമ്മാംഗദൻ എഴുന്നേറ്റ് മൂവരേയും കുമ്പിടുന്നു. അനുഗ്രഹിച്ചുകൊണ്ട് തിര ഉയർത്തി മൂവരും അപ്രത്യക്ഷരാകുന്നു.
ധർമ്മാംഗദൻ:'എല്ലാം മഹാവിഷ്ണുവിന്റെ അനുഗ്രഹം. ഇനി ധർമ്മാനുസ്സരണം വഴിപോലെ രാജ്യം പരിപാലിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ധർമ്മാംഗദൻ വാൾ ഇളക്കിക്കൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----

അഭിപ്രായങ്ങളൊന്നുമില്ല: