2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം പതിനൊന്നാംരംഗം (ലളിത)


രംഗത്ത്-ലളിത(ഒന്നാന്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി
"കന്നൽക്കണ്ണികൾമൗലി രത്നകലികാരൂപം ധരിച്ചാദരാൽ
 പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
 പിന്നെചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതേ ചിരം
 മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ"
{സുന്ദരികളുടെ ശിരോരത്നം കണക്കെയുള്ള ഒരു രൂപം ധരിച്ച് സ്വർണ്ണമാല അണിഞ്ഞ് പൂതന മെല്ലെ മെല്ലെ നടന്നു. പിന്നെ അവൾ ഗോകുലത്തിൽ ചെന്ന് കുളിർമുലകളാകുന്ന കുന്നുകൾക്കുമേലെ പൂനിലാവ് പോലെയുള്ള പുഞ്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞു.}

സാരിയുടെ തുടക്കത്തിലുള്ള നിലയിൽ നിന്ന്, മന്ദഹസിച്ചുകൊണ്ട് 'കിടതകധീം,താം' മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ലളിത അമ്പാടികണ്ട് ആശ്ചര്യപ്പെട്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.
ലളിത(കലാ:ഷണ്മുഖൻ)പ്രവേശിക്കുന്നു
ലളിതയുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"അമ്പാടിഗുണം വർണ്ണിപ്പാൻ വൻപനല്ല ഫണിരാജനും"
ചരണം1:
"എഴുനിലമണിഗൃഹമതിരുചിരംരുചി
 തഴുകിന തളിമവുമിഹ മധുരം ജല-
 മൊഴുകിന പൂങ്കാവതിശിശിരം പര-
 മൂഴിയിങ്കലെതിരില്ലിതിന്നൊരഴ-
 ലീഷലില്ല കഴൽതൊഴുമമരപുരം"
("അമ്പാടിഗുണം വർണ്ണിപ്പാൻ വൻപനല്ല ഫണിരാജനും")
ചരണം2:
"മുത്തണിമുലമാർ മാധുരിയും ചില
 നർത്തകരുടെ കളിചാതുരിയും^ ക-
 ണ്ടെത്തുകിൽ വിരഹികൾ മനമെരിയും നന്നെത്രയും നികട-
 വർത്തിമത്തശിഖി^ നൃത്തമാർന്ന ഗോവർദ്ധനഗിരിയും"
("അമ്പാടിഗുണം വർണ്ണിപ്പാൻ വൻപനല്ല ഫണിരാജനും")
ചരണം3:(രാഗം:തോടി)
"നന്ദനിലയമിതാ കാണുന്നു പശു-
 വൃന്ദവുമൊരുദിശി വിലസുന്നു ദധി-
 വിന്ദുപരിമളവുമിളകുന്നു^ ഇനി മന്ദമന്നിയേ കടന്നീടുന്നേനര-
 വിന്ദനയന നിഹപോൽ വാഴുന്നു"
{അമ്പാടിയുടെ ഗുണം പൂർണ്ണമായി വർണ്ണിക്കുവാൻ അനന്തനെകൊണ്ടും സാധ്യമല്ല. ഏഴുനിലകളുള്ള മണിമാളിക അതിമനോഹരം. തിളങ്ങുന്ന തിണ്ണകൾ, മധുരജലം ഒഴുകുന്നതും കുളിർമ്മയുള്ളതുമായ പൂങ്കാവനങ്ങൾ എന്നിങ്ങിയുള്ള ഇതിന്റെ സൗന്ദര്യത്തോട് മത്സരിക്കുവാൻ ഭൂമിയിലൊരിടവും ഇല്ല. ഒരു സംശയവുമില്ല, ദേവപുരിയും ഇതിന്റെ കാൽ വണങ്ങും. മുത്തണിമുലമാരായ സ്ത്രീകളുടെ പാട്ടും കളികളും ചില നർത്തകരുടെ നൃത്തവൈദഗ്ദ്ധ്യവും കണ്ടാൽ വിരഹികളുടെ മനസ്സ് എരിയും. മദിച്ച മയിലുകൾ നൃത്തം വയ്ക്കുന്നതും വളരെ അടുത്തുള്ളതുമായ ഗോവർദ്ധനപർവ്വതവും സവിശേഷംതന്നെ. നന്ദഗോപന്റെ ഭവനം ഇതാ കാണുന്നു. പശുക്കൂട്ടവും ഒരുഭാഗത്ത് വിഹരിക്കുന്നു. തൈരിന്റെ മണവും വരുന്നു. ഇനി താമസിയാതെ ഉളളിലേയ്ക്ക് കടക്കുകതന്നെ. താമരക്കണ്ണൻ ഇവിടെയാണുപോലും വാഴുന്നത്.}

[^പദാഭിനയത്തിൽ നർത്തകരുടെ കളികളും, മയിലിന്റെ നൃത്തവും ലളിത വിസ്തരിച്ച് പകർന്നാടിക്കൊണ്ട് അവതരിപ്പിക്കും. ഒരു ഗോപിക ഇരുന്ന് തൈരുകടയുന്നതായി പകർന്നാടിക്കൊണ്ട് 'ദധിവിന്ദുപരിമളവുമിളകുന്നു' എന്ന ഭാഗവും വിസ്തരിച്ച് അഭിനയിക്കും.]

"ദധിവിന്ദുപരിമളവുമിളകുന്നു" (ലളിത-കലാ:ഷമുഖൻ)
ലളിതയുടെ ഈ പദം(കലാ:ഗംഗാധരൻ പാടിയത്) ഇവിടെ ശ്രവിക്കാവുന്നതാണ്.

പദം കലാശിച്ചശേഷം 'കിടതകധീം,താം'മേളത്തിനൊപ്പം മുന്നോട്ട് വരുന്ന ലളിത ചുറ്റും നോക്കി ആരുമില്ലെന്ന് മനസ്സിലാക്കി, സാവധാനം വാതിൽതുറന്ന് ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നതോടെ മുന്നിലായി തൊട്ടിലിൽ കിടക്കുന്ന ഉണ്ണികൃഷ്ണനെ കാണുന്നു.  ഉണ്ണിക്കണ്ണനെ അത്ഭുതത്തോടെ നോക്കിക്കണ്ടുക്കൊണ്ട് ലളിത പദാഭിനയം ആരംഭിക്കുന്നു.

ലളിതയുടെ പദം-രാഗം:എരിക്കിലകാമോദരി, താളം:മുറിയടന്ത^
പല്ലവി:
"സുകുമാര നന്ദകുമാര വരികരികിൽ നീ മോദാൽ"
"സുകുമാര നന്ദകുമാര" ലളിത-കലാ:ഷമുഖൻ
ചരണം1:
"കൊണ്ടൽനിര കൊതികോലും കോമളമാം തവമേനി
 കണ്ടീടുന്ന ജനങ്ങടെ കണ്ണുകളല്ലോ സഫലം"
ചരണം2:
"കണ്ണുനീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
 തൂർണ്ണം ഹിമജലംകൊണ്ടു പൂർണ്ണമാമംബുജമ്പോലെ"
ചരണം3:
"പല്ലവമൃദുലമാകും പാദം പാണികൊണ്ടെടുത്തു
 മെല്ലവേ മുഖത്തണച്ചു മന്ദം പുഞ്ചിരിതൂകുന്നു"
ചരണം4:
"പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നാകിലോ
 പ്രീതിയോടെന്മുലകളെ താത പാനംചെയ്തീടുക"
{സുകുമാരാ, നന്ദകുമാരാ, നീ സന്തോഷത്തോടെ അരുകിലേയ്ക്ക് വന്നാലും. കാർമേഘത്തെപ്പോലും കൊതിപ്പിക്കുന്നതും കോമളവുമായ നിന്റെ ശരീരം കാണുന്ന കണ്ണുകൾ സഫലമാകുന്നു. മഞ്ഞുതുള്ളികളാൽ വേഗത്തിൽ നിറയപ്പെട്ട താമപ്പൂ എന്നപോലെ കണ്ണുനീർകൊണ്ട് മുഖം മങ്ങുവാൻ എന്തു കാരണം? തളിരുപോലെ മൃദുലമായ കാൽ, കൈകൊണ്ടെടുത്ത് മെല്ലെ മുഖത്തണച്ച് മന്ദഹസിക്കുന്നു. പ്രീയപ്പെട്ട കുഞ്ഞേ, വിശപ്പും ദാഹവും ഏറെയുണ്ടെങ്കിൽ പ്രീതിയോടെ എന്റെ മുലകളെ കുടിച്ചാലും.}

 [^ ഈ പദം ചെമ്പട താളത്തിലും അവതരിപ്പിക്കുക പതിവുണ്ട്. ചെമ്പടയിലാകുമ്പോൾ ചരണാന്ത്യങ്ങളിൽ ഇരട്ടിനൃത്തവും എടുക്കാറുണ്ട്.]
"പൈതലേ നിനക്കു പാരം" ലളിത-മാർഗ്ഗി വിജയകുമാർ
"സുകുമാര നന്ദകുമാര" എന്ന പദം ഉണ്ണികൃഷ്ണക്കുറുപ്പാശാൻ ആലപിച്ചിരിക്കുന്നത് 
ഇവിടെ ശ്രവിക്കാവുന്നതാണ്.

ശേഷം ആട്ടം-^
പദാഭിനയം കലാശിച്ചശേഷം ലളിത കുട്ടിയെ എടുത്ത് ലാളിക്കുന്നു.
ലളിത:(കുട്ടിയെ തിരികെ തൊട്ടിലിൽ കിടത്തിയശേഷം)'ഈ സൗന്ദര്യം നിറഞ്ഞ അരുമക്കിടാവിനെ എങ്ങിനെ വധിക്കും? വയ്യ, തിരികെപ്പോവുകതന്നെ' (ആലോചിച്ചിട്ട്)'കുട്ടിയെ കൊല്ലാതെ ചെന്നാൽ കംസൻ കോപിക്കും. എന്റെ കഴുത്തുവെട്ടും.' (വീണ്ടും ആലോചിച്ച് ഉറപ്പിച്ചിട്ട്)'വെട്ടിക്കൊള്ളട്ടെ. എന്തായാലും ഇതിനെ കൊല്ലുകവയ്യ.'
ലളിത വീണ്ടും കുട്ടിയെ എടുത്ത് ലാളിച്ചശേഷം തൊട്ടിലിൽകിടത്തി പതുക്കെ പിന്തിരിയുന്നു.
(മേളത്തിന് ചെണ്ടയും കൂടുന്നു)
പെട്ടന്ന് വീരഭാവത്തിൽ 'ഇല്ല' എന്ന മുദ്രകാട്ടിക്കൊണ്ട് ലളിത വീണ്ടും മുന്നോട്ട് വരുന്നു.
ലളിത:'ഞാൻ അനവധി കുട്ടികളുടെ കഴുത്തുഞെരിച്ച് ചോരകുടിച്ചിരിക്കുന്നു. ഇവനേയും ഉടനെ വധിക്കുകതന്നെ' (വേഗത്തിൽ കുട്ടിയെ എടുത്ത് കഴുത്തിൽ പിടിച്ചിട്ട്, സാധിക്കായ്കയാൽ അത്ഭുതപ്പെട്ട്)'എന്ത്? എന്റെ കൈകുഴയുന്നുവോ? ഇനി ഇവനെ കൊല്ലേണ്ടതെങ്ങിനെ?' (ആലോചിച്ച് സമാധാനിച്ചിട്ട്)'വിഷം പുരട്ടി മുലകൊടുക്കാം'
ലളിത ശ്രീകൃഷ്ണനെ എടുത്ത് നിലത്തിരുന്ന് മുലകൊടുക്കുന്നു. ചുറ്റും വീക്ഷിച്ച് ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ട് മടിയിൽനിന്നും വിഷമെടുത്ത് മുലയിൽ നന്നായി പുരട്ടിയിട്ട് ലളിത കൃഷ്ണനെ ആ മുല കുടിപ്പിക്കുന്നു. മുലകൊടുത്തുകൊണ്ട് ഇരിക്കുമ്പോൾ ലളിതയുടെ ശരീരത്തിൽ അവിടവിടെയായി അവലക്ഷണങ്ങളും വേദനകളും തുടങ്ങുന്നു. ക്രമേണ വർദ്ധിക്കുന്ന വേദന കുട്ടിയുടെ മുലകുടി മൂലമാണെന്ന് മനസ്സിലാക്കുന്ന ലളിത കുട്ടിയെ മുലയിൽ നിന്നും വിടർത്തുവാൻ ശ്രമിക്കുന്നു. എത്രശ്രമിച്ചിട്ടും കുട്ടിയെ വിടർത്തുവാൻ സാധിക്കാതെ ലളിത മരണവേദനയാൽ പുളയുന്നു. വേദന സഹിക്കാനാവാതെ ലളിത തലയിലും മാറിലും പ്രഹരിക്കുകയും കൃഷ്ണനെ മുലയിൽ നിന്നും വിടുവിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ലളിതവേഷം വിട്ട് സ്വന്തം രൂപത്തിലേയ്ക്ക് മാറിയതായി ഭാവിച്ച് മുഖത്തുകരിതേയ്ക്കുകയും മുടി കടിക്കുകയും ദംഷ്ട്രകാട്ടി അലറുകയും ചെയ്തുകൊണ്ട് പൂതന അങ്ങുമിങ്ങും ഓടുന്നു. ഒടുവിൽ ഭഗവാന്റെ ദിവ്യമായ പ്രഭാപൂരം ദർശ്ശിച്ചുകൊണ്ട് അന്ത്യശ്വാസം വലിച്ച് പൂതന മരിച്ചുവീഴുന്നു.
രൂപം മാറിയതായി ഭാവിച്ച് മുഖത്തുകരിതേയ്ക്കുകയും മുടി കടിക്കുകയും ചെയ്ത് പൂതന(മാർഗ്ഗി വിജയകുമാർ) ദംഷ്ട്രകാട്ടി അലറുന്നു

രൂപം മാറിയതായി ഭാവിച്ച പൂതന(കലാ:ഷണ്മുഖൻ) വേദനയാൽ പുളയുന്നു
 [^സാമാന്യപ്രകാരത്തിലുള്ള ആട്ടം ഇങ്ങിനെയാണ്. എന്നാൽ കലാകാരന്റെ മനോധർമ്മാനുസ്സരണം കൂട്ടിചേർക്കലുകളോടെയും പ്രാഗത്ഭ്യാനുസരണം ഭാവങ്ങൾ പ്രകടിപ്പിച്ചുകൊണ്ടും ഈ ആട്ടം അവതരിപ്പിക്കും.]

-----(ധനാശി)-----

ധനാശി ശ്ലോകം-
"നാമകർമ്മ വിരചയ്യ ഗർഗ്ഗമുനിപുംഗവേ രഹസി നിർഗ്ഗതേ
 കാമപാലസഹിതം കളായദളസുന്ദരൈ: കിരണകന്ദളൈ:
 രാമണീയകഭുവാമസൗ സ്മരമുദഞ്ചയൻ പശുപയോഷിതാം
 കാമദ: കപടഗോപഡിംഭതനുരാതനോതു മമ മഗളം"
{രഹസ്യമായി പേരിടൽ കർമ്മം ചെയ്തിട്ട് മഹർഷിശ്രേഷ്ഠനായ ഗർഗ്ഗൻ പോയതിനുശേഷം കളായപുഷ്പത്തിന്റെ ഇതളുകൾ പോലെ മനോഹരമായി ചിതറുന്ന രശ്മികൾകൊണ്ട്‌ സൗന്ദര്യധാമങ്ങളായ ഗോപസ്ത്രീകൾക്ക് കാമമുണ്ടാക്കിക്കൊണ്ടു് ബലരാമനോടൊപ്പം വിളങ്ങിയ ആഗ്രഹദാതാവായ ആ കപടഗോപാലബാലവേഷധാരി എനിയ്ക്കു മംഗളം ഉണ്ടാക്കട്ടെ.}

അഭിപ്രായങ്ങളൊന്നുമില്ല: