2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അംബരീഷചരിതം പുറപ്പാട്

രംഗത്ത്-അംബരീഷൻ(കുട്ടിത്തരം പച്ചവേഷം)
ശ്ലോകം-രാഗം:ശങ്കരാഭരണം
"ത്രൈലോക്യാങ്കണജാംഘികോദ്ഭടഭുജാടോപേന യേനാജനി
 സ്വർഗ്ഗസ്ത്രീകുചകുംഭപത്രരചനാവൈജ്ഞാനികോ വാസവഃ
 സോയം ഭാനുകുലാബ്ധികൗസ്തുഭമണിർന്നാഭാഗഭാഗ്യോദയ-
 സ്സൗജന്യാബുധിരംബരീഷന്യപതിശ്ശ്രീമാനഭൂദ്വിശ്രുതഃ"

{സൂര്യവംശമാകുന്ന സമുദ്രത്തിൽനിന്നുയർന്ന കൗസ്തുഭരത്നം എന്നപോലെ നാഭാഗരാജാവിന്റെ ഭാഗ്യോദയമായുള്ളവനും ഔദാര്യനിധിയും അംബരീഷനെന്നു പ്രസിദ്ധനുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിഗംഭീരമായ കൈക്കരുത്ത് ത്രൈലോക്യം മുഴുവൻ വ്യാപരിച്ച്‌ ധർമ്മരക്ഷണം ചെയ്തതുകൊണ്ടിരുനതിനാൽ ഇന്ദ്രന്‌ മറ്റു ചുമതലകളൊന്നുമില്ലാതെവരുകയും സ്വർഗസ്ത്രീകളുടെ മാറിൽ അലങ്കാരക്കുറി വരയ്ക്കുന്ന കാര്യത്തിൽ വൈദഗ്ധ്യം നേടാനാനാവുകയും ചെയ്തു!}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"ഭാനുകുലകുമുദിനീഭാസുരശശാങ്കൻ
 മാനനീയഹരിപദമാനനതല്പരൻ
 വാരിധിമേഖലയാകും പാരിടമഖിലം
 സ്വൈരം പാലിച്ചു തന്നുടെ സാകേതസമാനം
 അംബരചരതരുണീ ആനനപങ്കജ-
 ചുംബിതകീർത്തികലാപരൻ അംബരീഷഭൂപൻ
 പല്ലവാഗിമാരാം നിജവല്ലഭമാരോടുംകൂടി
 കല്യരാമമാത്യരോടും കൗതുകേന വാണൂ"
{സൂര്യവംശമാകുന്ന ആമ്പൽപ്പൊയ്കയിൽ വിളങ്ങുന്ന ചന്ദ്രനും, മാനിക്കപ്പെടേണ്ടുന്നവനും, വിഷ്ണുപാദസേവാതൽപ്പരനും, ദേവസ്ത്രീകളാൽ പാടിപ്പുകഴ്ത്തപ്പെടുന്നതും ആകാശത്തോളം ഉയർന്നതുമായ കീർത്തിയുള്ളവനുമായ അംബരീഷമഹാരാജാവ് തന്റെ സാകേതരാജ്യം എന്നതുപോലെതന്നെ സമുദ്രാതിർത്തിയായ ഭൂമിയെ മുഴുവനും പാലിച്ചുകൊണ്ട് തളിർമേനികളായ തന്റെ വല്ലഭമാരോടും ശ്രേഷ്ഠരായ മന്ത്രിമാരോടും കൂടി സസുഖം വാണു.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: