2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അംബരീഷചരിതം ഒന്നാം രംഗം


രംഗത്ത്-അംബരീഷൻ(ഒന്നാംതരം പച്ചവേഷം), പത്നിമാർ(രണ്ട് കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:തോടി
"ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
 സദ്യസ്സ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
 ഇത്യാലാപിനി കോകിലാരവമിഷാൽ കേളീവനേ ജാതുചി-
 ദ്രാജാ നിർജ്ജിതരാജരാജ വിഭവഃപ്രോചേ വചഃ പ്രേയസീഃ"
{തീവ്രമായ അനുരാഗത്തോടുകൂടിയ കാമുകീസമൂഹത്തിന്റെ വിവിധതരം ക്രീഡകൾക്ക് നിമിത്തമായിരിക്കുന്ന ഒരു വസന്തകാലദിനത്തിൽ 'ലോകത്തിൽ ഏവരും ഉടനെ കാമവികാരത്തോടുകൂടിയവരായി ഭവിക്കുന്നില്ലേ?' എന്നു് കുയിൽശബ്ദമാകുന്ന വ്യാജത്താൽ വിളിച്ചുപറയുന്ന ഉദ്യാനത്തിൽ വെച്ച് ഐശ്വര്യം കൊണ്ട് കുബേരനെപ്പോലും പിന്നിലാക്കിയ അംബരീഷരാജാവ് വല്ലഭമാരോട് പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള പത്നിമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് സൃഗാരഭാവത്തിൽ പതിഞ്ഞ 'കിടതധീം,താം' മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന അംബരീഷൻ മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലായി നിർത്തിയിട്ട് ഇരുവരേയും വെവ്വേറെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ സൃഗാരപ്പദം-രാഗം:തോടി, താളം:ചമ്പ(ഒന്നാം കാലം)
പല്ലവി:
"കനകരുചിരാംഗിമാരേ കനിവൊടു കണ്ടിതോ കാനനവിലാസം"
ചരണം1:
"മല്ലികാമൃദുമുകുളമിന്നു കാൺക മധുപരവശാലി വിലസുന്നു
 മുല്ലശരജയശംഖം എന്നു തോന്നുന്നൂ"
ചരണം2:
"ചന്ദ്രമണിശയനമതികാന്തം മൃദുലചാരുകിസലയലസദുപാന്തം
 മന്ദേതരം വന്നു മാനയ നിതാന്തം"
{സ്വർണ്ണനിറവും ഭംഗിയുമുള്ള ശരീരത്തോടുകൂടിയവരേ, ഉദ്യാനഭംഗി നന്നായി കണ്ടില്ലേ? മൃദുവായ മുല്ലമൊട്ടുകൾ ഇന്ന് കണ്ടാലും. വണ്ടുകൾ പറക്കുന്ന ശബ്ദം കേട്ടിട്ട് കാമന്റെ വിജയശംഖനാദം എന്നു തോന്നുന്നു. മൃദുലവും, സുന്ദരമായി ശോഭിക്കുന്നതുമായ തളിരുകളുടെ സാമീപ്യത്തോടുകൂടിയതും ഏറ്റവും ശോഭിക്കുന്നതുമായ ചന്ദ്രകാന്തശയനം പതുക്കെവന്ന് നമ്മേ വളരെ വിളിക്കുന്നു.}

അംബരീഷപത്നിമാരുടെ മറുപടിപ്പദം-രാഗം:എരിക്കിലകാമോദരി, താളം:അടന്ത
പല്ലവി:
"നരവരശിഖാമണേ നിശമയ ഗിരം മേ
 വിരവിനോടാറിക നീ വിപിനമതിവിജനം"
അനുപല്ലവി:
"മല്ലികാക്ഷാവലിവല്ലഭകളോടുമിതാ
 കൽഹാരകാനനേ കാൺക വിലസുന്നു"
ചരണം1:
"കമലാകരം ചാരു കാനനമഹീതന്റെ
 വിമലമുകുരമ്പോലെ വിലസുന്നു പാരം"
ചരണം2:
"ചൂതങ്ങളിൽ മധുപോതങ്ങൾ വാഴുന്നു
 ചൂതശരനാമലിപിജാതമതുപോലെ"
ചരണം3:
"കളകണ്ഠഗീതമിതു കാമനുടെ ചാപഗുണ-
 കളശിഞ്ജിതമ്പോലെ കാനനേ കേൾക്കുന്നു"
ചരണം4:
"മഞ്ജുതരകുഞ്ജമിതു മദനകേളിചെയ്‌വതിന്നു
 അഞ്ജസാപോക നാം അംബുജവിലോചന"
{രാജശ്രേഷ്ഠരുടെ ശിരോരത്നമേ, എന്റെ വാക്കുകേട്ടാലും. ഉദ്യാനം വളരെ വിജനമാണന്ന് അവിടുന്ന് നന്നായി അറിഞ്ഞാലും. സൗഗന്ധികങ്ങൾ ഉള്ളതായ ഈ ഉദ്യാനത്തിൽ ഇതാ രാജഹംസങ്ങൾ പത്നിമാരുമായി രമിക്കുന്നത് കണ്ടാലും. സുന്ദരമായ താമരപ്പൊയ്ക ഉദ്യാനഭൂമിയിലെ അഭ്രക്കണ്ണാടിപോലെ ഏറ്റവും വിലസുന്നു. കാമന്റെ പേരിലെ ലിപികളുടെ മാലപോലെ മാമ്പൂക്കളിൽ വണ്ടിൻകുഞ്ഞുങ്ങൾ വസിക്കുന്നു. കാമന്റെ വില്ലിലെ ഞാണിന്റെ മധുരനാദം പോലെ ഉദ്യാനത്തിൽ നിന്നും കുയിൽനാദം കേൾക്കുന്നു. താമരക്കണ്ണാ, ഏറ്റവും മനോഹരമായ വള്ളിക്കുടിൽ ഇതാ. കാമകേളിചെയ്യുന്നതിനായി നമുക്ക് പെട്ടന്ന് പോകാം.}

ശേഷം ആട്ടം-
പത്നിമാരെ ഇരുവരേയും ആലിംഗനം ചെയ്ത് സ്വൽപ്പസമയംസുഖമായി ഇരുന്നതിനുശേഷം അംബരീഷൻ അവരെ അന്തപ്പുരത്തിലേയ്ക്ക് അയയ്ക്കുന്നു. പത്നിമാർ രാജാവിനെ വണങ്ങി നിഷ്ക്രമിക്കുന്നു.
അംബരീഷൻ:(പത്നിമാരെ അനുഗ്രഹിച്ച് അയച്ചശേഷം ആത്മഗതമായി)'ഈ ലൗകീകസുഖങ്ങൾ എല്ലാം എത്ര നിസാരങ്ങളാണ്. ലോകനാഥനായ വിഷ്ണുഭഗവാന്റെ പാദഭക്തി തന്നെയാണ് മനുഷ്യർക്ക് ഏറ്റവും ഉത്തമമായുള്ളത്. കുലഗുരുവായുള്ള വസിഷ്ഠമഹർഷിയെ കണ്ടിട്ട് വളരെ നാളുകളായി. നാളെത്തന്നെ ആശ്രമത്തിൽ ചെന്ന് അദ്ദേഹത്തെ ദർശ്ശിച്ച് അനുഗ്രഹം വാങ്ങുകതന്നെ.'
അംബരീഷൻ സാവധനം പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: