2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

അംബരീഷചരിതം രണ്ടാം രംഗം

രംഗത്ത്-അംബരീഷൻ, വസിഷ്ഠൻ(രണ്ടാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കാമോദരി
"നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണം
 നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബം
 സപ്രശ്രയം നൃപതിരാശ്രമമേത്യ ശാന്തം
 സ പ്രസ്തുതസ്തുതി വസിഷ്ഠമൃഷിം വവന്ദേ"
{വൈരം ഉപേക്ഷിച്ച മൃഗങ്ങളാൽ ആശ്രയിക്കപ്പെടുന്നതായും ഇടതൂർന്നുനിൽക്കുന്ന വൃക്ഷങ്ങളാൽ സൂര്യരശ്മികൾ മറയ്ക്കപ്പെടുന്നതായും ശാന്തമായുമിരിക്കുന്ന ആശ്രമത്തെ പ്രാപിച്ചിട്ട് അംബരീഷരാജാവ് വസിഷ്ഠമഹർഷിയെ സവിനയം വന്ദിച്ച് സ്തുതിച്ചു.}

ഇടത്തുഭാഗത്തുകൂടി 'കിടതധീം,താം' മേളത്തിനൊപ്പം പ്രവേശിക്കുന്ന അംബരീഷൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
"പത്മജന്മനന്ദന ഗുരോ പരമാത്മരൂപചിന്തന"
അനുപല്ലവി:
"പത്മബന്ധുകുലത്തിനു നിൻപാദ-
 പത്മങ്ങളല്ലോ ദൈവതം മഹാമുനേ"
ചരണം1:
"ഭൂരിപുണ്യവസതേ നീയല്ലോ പുരോഹിതനായ് വാഴുന്നു
 പാരിലെന്തതിദുർല്ലഭം ഞങ്ങൾക്കു
 പാർത്തുകാൺകിലധുനാ കൃപാലോ"
ചരണം2:
"ഭാഗധേയനിലയൻ ഭഗീരഥഭൂമിപാലതിലകൻ
 നാകവാഹിനിയെ തപസാ നര-
 ലോകമാനയിച്ചതും കൃപ തവ"
ചരണം3:
"പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായി വരുവാൻ
 കിന്നു കാര്യമതെന്തെന്നടിയനോടി-
 ന്നരുൾചെയ്ക വിഭോ മഹാമുനേ"
{ബ്രഹ്മപുത്രാ, ഗുരോ, പരമാത്മസ്വരൂപത്തിനെ ഉപാസിക്കുന്നവനേ, മഹാമുനേ സൂര്യവംശത്തിന് അങ്ങയുടെ പാദപത്മങ്ങളാണല്ലൊ ദൈവമായുള്ളത്. പുണ്യങ്ങളുടെ ഇരിപ്പിടമായവനേ, കൃപാലോ, അങ്ങാണല്ലോ പുരോഹിതനായി വാഴുന്നത്. പിന്നെ ഇവിടെ ചിന്തിച്ചുനോക്കിയാൽ ഞങ്ങൾക്ക് ലോകത്തിൽ ഏറ്റവും ദുർലഭ്യമായിട്ടെന്ത്? ഭാഗ്യശാലിയും രാജതിലകനുമായ ഭഗീരഥൻ സ്വർഗംഗയെ തപസ്സുചെയ്ത് ഭൂമിയിലേയ്ക്ക് കൊണ്ടുവന്നതും അങ്ങയുടെ കൃപമൂലമാണല്ലോ. പ്രഭോ, മഹാമുനേ, അനന്തശായിയായ മുകുന്ദൻ പ്രസന്നനായിത്തീരുവാൻ ചെയ്യേണ്ട കാര്യം എന്താണേന്ന് അടിയനോട് അരുൾചെയ്താലും}

വസിഷ്ഠന്റെ പദം-രാഗം:സുരുട്ടി, താളം:മുറിയടന്ത
പല്ലവി:
"ഭാനുവംശാവതംസ ഭാഷിതം ശൃണു മേ"
ചരണം1:
"സത്തമ ഭവാനുടയ സപ്താംഗങ്ങളാകവേ
 നിത്യമുദിതങ്ങളായി നിവസിച്ചീടുകയല്ലീ"
{സൂര്യവംശശ്രേഷ്ഠാ, എന്റെ വാക്കുകൾ ശ്രവിച്ചാലും. ഉത്തമാ, ഭവാന്റെ സപ്താംഗങ്ങൾ(രാജാവ്, മന്ത്രി, സഖാവ്, ഭണ്ഡാരം, സൈന്യം, കോട്ട, രാജ്യം) എല്ലാം എന്നും സന്തോഷമായിരിക്കുന്നില്ലെ?}
അംബരീഷൻ:'അപ്രകാരം തന്നെ'

വസിഷ്ഠൻ:
 ചരണം2:
"ലോകരഞ്ജനം നിങ്ങൾക്കേകമാകിയ ധർമ്മം
 വ്യാകുലതയെന്നിയേ വിരവിലതു ചെയ്യുന്നോ"
{ലോകത്തെ സന്തോഷിപ്പിക്കലാണ് നിങ്ങളുടെ ഒരേഒരു ധർമ്മം. വിഷമമില്ലാതെ ഭംഗിയായി അത് ചെയ്യുന്നില്ലേ?}
അംബരീഷൻ:'അങ്ങയുടെ കൃപകൊണ്ട് ഒരു വിഷമവുമില്ലാതെ ചെയ്യുന്നു'

വസിഷ്ഠൻ:
ചരണം3:
"ആദിപുരുഷൻ തന്റെ മോദമാശു വരുവാൻ
 ദ്വാദശീവ്രതമതു സാദരം ചരിക്ക നീ"
ചരണം4:
"ഛത്മമെന്നിയേ പാദപത്മസേവചെയ്കിലോ
 പത്മനാഭൻ തന്നുടെ ആത്മാനമപി നൽകും"
{ആദിപുരുഷനായ മഹാവിഷ്ണുവിനെ സന്തോഷിപ്പിക്കുവാനായി നീ സാദരം ദ്വാദശീവ്രതം ആചരിക്കുക. കളവില്ലാതെ പാദപത്മത്തെ സേവചെയ്താൽ പത്മനാഭൻ തന്റെ പരമാത്മസ്വരൂപത്തേക്കൂടി നൽകും.}

ശേഷം ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു. അനുഗ്രഹിച്ചശേഷം വസിഷ്ഠൻ ദ്വാദശീവ്രതം അനുഷ്ഠിക്കേണ്ടവിധം അംബരീഷന് ഉപദേശിക്കുന്നു. മഹർഷിയെ വീണ്ടും വണങ്ങി അംബരീഷനും, അംബരീഷനെ യാത്രയാക്കിക്കൊണ്ട് വസിഷ്ഠനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: