2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

സന്താനഗോപാലം പതിനൊന്നാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി, ബ്രാഹ്മണബാലന്മാർ, ശ്രീകൃഷ്ണൻ, അർജ്ജുനൻ

ശ്ലോകം-രാഗം:പുറനീര
"ധൃത്വാ വിപ്രകുമാരകാനഥ ഹരീം നത്വാ ദയാവാരിധിം
 ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ
 പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
 ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലി:"
{അനന്തരം ദയാസമുദ്രമായ മഹാവിഷ്ണുവിനെ നമസ്ക്കരിച്ച് ബ്രാഹ്മണകുമാരന്മാരേയും വാങ്ങി ശ്രീകൃഷ്ണനോടുകൂടി രഥത്തിലേറി ഭൂമിയിൽ തിരിച്ചെത്തിയ അർജ്ജുനൻ കൃതാർത്ഥതയോടെ ബ്രാഹ്മണശ്രേഷ്ഠന്റെ ഭവനത്തിൽ ചെന്ന് വിനത്തോടെ കൈകൂപ്പിക്കൊണ്ട് ഇങ്ങിനെ പറഞ്ഞ് അദ്ദേഹത്തിന് പുത്രന്മാരെ നിൽകി.}

ഇടത്തുഭാഗത്തുകൂടി ശ്രീകൃഷ്ണനോടും ബ്രാഹ്മണബാലരോടും കൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന അർജ്ജുനൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദുഃഖിതരായ ബ്രാഹ്മണനേയും പത്നിയേയും കണ്ട്, കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:പുറനീര, താളം:ചെമ്പട(രണ്ടാം കാലം)
അർജ്ജുനൻ:
പല്ലവി:
"നമസ്തേ ഭൂസുരമൗലേ ക്ഷമസ്വാപരാധം
 സമസ്തേശ്വര കൃപയാൽ ലഭിച്ചു നിൻപുത്രന്മാരെ"
ചരണം:1
"പുത്രശോകാർത്തനായോരത്ര ഭവാന്റെ വാക്യ-
 ശസ്ത്രങ്ങൾ കൊണ്ടു മർമ്മവിദ്ധനായഹം പിന്നെ
 സത്വരം പിതൃപതിപത്തനസ്വർഗ്ഗങ്ങളിൽ
 ആസ്ഥയാ തിരഞ്ഞു കണ്ടെത്തീലാ ബാലന്മാരെ"
ചരണം2:
"ത്രിഭുവനങ്ങളിലെങ്ങും ലഭിയാഞ്ഞു ബാലന്മാരെ
 വിഭയമഗ്നിയിൽച്ചാടി ദഹിപ്പാൻ തുടങ്ങുന്നേരം
 കപടമാനുഷൻ കൃഷ്ണൻ കൃപയോടേ വന്നരികിൽ
 സപദി സാർദ്ധമെന്നോടും പ്രാപിച്ചു വിഷ്ണുലോകം"
ചരണം3:
"പരമപൂരുഷൻതന്റെ പരിസരഫണിതല്പേ
 പരിചിൽ വിളങ്ങും ബാലന്മാരെ വാങ്ങി മോദാൽ
 തരസാ പോന്നിതു ഞങ്ങളുരുതരപുണ്യരാശേ
 പരിതോഷേണ കണ്ടാലും സഹധർമ്മ പത്നിയോടും"
ചരണം4:
"അഗ്രജനിതുരണ്ടാമൻ സദ്ഗുണവാൻ തൃതീയൻ
 നിഷ്ക്കളങ്കൻ ചതുർത്ഥൻ അഞ്ചാമനേഷബാലൻ
 ഭാഗ്യവാരിധേ തവ പുത്രന്മാർ പത്തിനേയും
 വ്യഗ്രത തീർത്തു പരിഗ്രഹിച്ചാലും തന്നീടുന്നേൻ"
{ബ്രാഹ്മണശ്രേഷ്ഠാ, നമസ്ക്കാരം. അപരാധം ക്ഷമിച്ചാലും. സർവ്വേശ്വരന്റെ കൃപയാൽ അങ്ങയുടെ പുത്രന്മാരെ ലഭിച്ചു. പുത്രശോകാർത്തനായ ഭവാന്റെ വാക്ശരങ്ങളേറ്റ് മർമ്മം പിളർന്നവനായ ഞാൻ ഇവിടെനിന്നും പെട്ടന്ന് പോയിട്ട് പിന്നെ യമപുരിയിലും സ്വർഗ്ഗത്തിലും ബാലന്മാരെ നന്നായി തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. മൂന്നുലോകങ്ങളിലെങ്ങും ബാലന്മാരെ ലഭിക്കായ്കൽ ഞാൻ നിർഭയം അഗ്നിയിൽ ചാടി ദഹിക്കുവാൻ തുടങ്ങുമ്പോൾ കപടമാനുഷനായ ശ്രീകൃഷ്ണൻ കൃപയോടെ അരുകിൽ വന്ന് എന്നേയും കൂട്ടി വിഷ്ണുലോകത്തെ പ്രാപിച്ചു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ സമീപത്ത് സർപ്പമെത്തയിൽ വിളങ്ങുന്ന ബാലന്മാരെ സാദരം വാങ്ങി സന്തോഷത്തോടുകൂടി ഞങ്ങൾ പെട്ടന്ന് ഇവിടെ വന്നു. പുണ്യത്തിന്റെ അപാരമായ സമുദ്രമേ, സഹധർമ്മപത്നിയോടുകൂടി സന്തോഷത്തോടെ കണ്ടാലും. ഇതാ ജേഷ്ഠപുത്രൻ, ഇത് രണ്ടാമൻ, ഇത് സദ്ഗുണവാനായ മൂന്നാമൻ, ഇത് നിഷ്ക്കളങ്കനായ നാലാമൻ, ഇതാ അഞ്ചാമത്തെ ബാലൻ. ഭാഗ്യസമുദ്രമേ, അങ്ങയുടെ പുത്രന്മാർ പത്തിനേയും തന്നീടുന്നു. വ്യഗ്രത തീർത്ത് ഏറ്റുവാങ്ങിയാലും.}

"നമസ്തേ ഭൂസുരമൗലേ"(ബ്രാഹ്മണപത്നി-വെള്ളിനേഴി ഹരിദാസൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ, ശ്രീകൃഷ്ണൻ-കലാ:കുട്ടികൃഷ്ണൻ)
കുട്ടികളെയെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങി പത്നിയെ ഏൽപ്പിച്ചശേഷം ബ്രാഹ്മണൻ പദം അഭിനയിക്കുന്നു.

ബ്രാഹ്മണൻ:
ചരണം5:-രാഗം:ഭൂപാളം, താളം:ചെമ്പട(രണ്ടാം കാലം)
"ജയിക്ക ജയിക്ക കൃഷ്ണ ജയിക്ക ഫൽഗുന വീര
 കനക്കും ശോകത്താൽ മുന്നം അധിക്ഷേപിച്ചതിലൊന്നും
 നിനയ്കൊല്ലാ മനക്കാമ്പിൽ അനർഗ്ഗളഭുജവീര്യ
 നിനയ്കുന്നവർക്കും നിന്നെ ഭവിക്കും ഭ്രൂരിമംഗളം"
{കൃഷ്ണാ, ജയിച്ചാലും, ജയിച്ചാലും. വീരനായ അർജ്ജുനാ, ജയിച്ചാലും. കനത്ത ദുഃഖത്താൽ മുൻപ് അധിക്ഷേപിച്ചതുകൊണ്ട് മനസ്സിൽ ഒന്നും വിചാരിക്കരുതേ. തടവില്ലാത്ത കരവീര്യത്തോടുകൂടിയവനേ, മഹാഭാഗ്യത്തിന്റെ സമുദ്രമേ, അങ്ങയെ സ്മരിക്കുന്നവർക്കുപോലും മുകുന്ദന്റെ അനുഗ്രഹത്താൽ മേൽക്കുമേൽ മഗളം ഭവിക്കും.}

"ജയിക്ക ഫൽഗുന വീര" (ബ്രാഹ്മണപത്നി-കലാ:അരുൺ, ബ്രാഹ്മണൻ-കലാ:വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്, ശ്രീകൃഷ്ണൻ-കലാ:അരുൺ കുമാർ)
"നിനയ്കുന്നവർക്കും നിന്നെ" (ബ്രാഹ്മണപത്നി-കോട്ട:ശിവരാമൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ, ശ്രീകൃഷ്ണൻ-കലാ:ഗോപി)
ശേഷം ആട്ടം-
ബ്രാഹ്മണൻ:
'അറിയാതെ ചെയ്ത തെറ്റുകൾക്ക് എന്നോട് ക്ഷമിക്കുകയില്ലെ? മനസ്സിൽ ഒന്നും വിചാരിക്കരുതേ'
കൃഷ്ണാർജ്ജുനന്മാർ:'ഒന്നും വിചാരിക്കുകയില്ല.'
ബ്രാഹ്മണൺ:'ആ വിഷ്ണുഭഗവാൻ എന്തിണാവോ എന്റെ കുട്ടികളെ എല്ലാം ഒളിച്ചുവെച്ചത്? ഞാൻ വല്ല മഹാപാപവും ചെയ്തിരിക്കുമോ?'
ശ്രീകൃഷ്ണൻ:'ഇല്ല, അതല്ല. ഞങ്ങളെ ഇരുവരേയും ഒരുമിച്ച് കാണുവാനായി അവിടുന്നുചെയ്ത ഒരു സൂത്രമായിരുന്നു ഇത്'
ബ്രാഹ്മണൻ:'ഹോ! അപ്രകാരമാണോ. പുണ്യപുരുഷന്മാരേ, ദുഃഖസാഗരത്തിൽ പെട്ട് നീന്തിക്കുഴഞ്ഞ എന്നെ ഇപ്പോൾ ഭവാന്മാർ പിടിച്ചുകയറ്റി സന്തോഷസാഗരത്തിലേയ്ക്ക് തള്ളിയിരിക്കുന്നു. ഇതിനുപകരമായി ഞാൻ എന്താണ് ചെയ്യുക?'
അർജ്ജുനൻ:'ഒന്നും വേണ്ട. അങ്ങയുടെ അനുഗ്രഹം മാത്രം മതി'
ബ്രാഹ്മണൻ:'നിങ്ങളുടെ കീർത്തി സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ലോകത്തിൽ വിലസട്ടെ' (ഇരുവരേയും അനുഗ്രഹിച്ചിട്ട് കൃഷ്ണനോടായി)'ഞങ്ങളിൽ എന്നും കരുണയുണ്ടാകേണമേ'
ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ'
ബ്രാഹ്മണൻ:(വന്ദിച്ച് പോകാൻ ഒരുങ്ങുന്ന ശ്രീകൃഷ്ണനെ തടുത്തിട്ട്)'നിൽക്കൂ, നിൽക്കൂ, അല്ലയോ കൃഷ്ണാ, ഈ കുട്ടികളെയെല്ലാം ഇവിടെ കൊണ്ടുവന്നുവിട്ടിട്ട് പൊയ്ക്കളയരുതേ. എല്ലാവരേയും വേണ്ടതുപോലെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അതിനുള്ള ഭാരം എനിക്കല്ല, അങ്ങേയ്ക്ക് തന്നെയാണ്.'
ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ. എന്നും എന്റെ കൃപാകടാക്ഷം നിങ്ങളിൽ ഉണ്ടാകും'
ശ്രീകൃഷ്ണനും അർജ്ജുനനും വന്ദിക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിക്കുകയും കുട്ടികളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണാർജ്ജുനന്മാരും അവരെ യാത്രയാക്കിക്കൊണ്ട് ബ്രാഹ്മണകുടുംബവും നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----

2 അഭിപ്രായങ്ങൾ:

ജയലക്ഷ്മി പറഞ്ഞു...

പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട്. കഥകളി കാണാന്‍ ഇഷ്ടമാണ് എന്നതിലുപരിയായി ആട്ടക്കഥയുമായി ഉള്ള ബന്ധം പണ്ടെപ്പോഴോക്കെയോ പാടി കേട്ട കുറച്ചു പദങ്ങളില്‍ ഒതുങ്ങുന്നത് കൊണ്ട് മറുപടികളും സംശയങ്ങളും തുലോം വിരളം. എങ്കിലും ഈ പരിശ്രമത്തെയും ആത്മാര്‍ത്ഥയെയും അഭിനന്ദിക്കാതെ വയ്യ.
ആശംസകള്‍...

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ജയലക്ഷ്മി,
നന്ദി...