2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കല്യാണസൌഗന്ധികം

കോട്ടയത്ത് തമ്പുരാന്റെ ആട്ടകഥകളില്‍ മൂന്നാമത്തേതും,
കവിതാഗുണംകൊണ്ടും ജനപ്രിയതകൊണ്ടും പ്രഥമസ്ഥാനത്തുള്ളതുമായ ആട്ടകഥയാണ് കല്യാണസൌഗന്ധികം. മഹാഭാരതം വനപര്‍വ്വത്തില്‍, അര്‍ജ്ജുനന്‍ ദിവ്യാസ്ത്രസമ്പാദനാര്‍ത്ഥം തപസ്സിനുപോയ സമയത്തുനടക്കുന്ന സംഭവങ്ങള്‍, ഭീമനെ നായകനാക്കി അവതരിപ്പിച്ചിരിക്കുന്നു ഈ ആട്ടകഥയില്‍.
കഥാസംഗ്രഹം
പാണ്ഡവരുടെ വനവാസകാലത്ത് അര്‍ജ്ജുനന്‍
ദിവ്യാസ്ത്രസമ്പാദനാര്‍ത്ഥം തപസ്സിനുപോയ സമയത്ത് ഒരു ദിവസം, ദുര്യോധനന്റെ ചതികളെ ഓര്‍ത്ത് രോഷാകുലനായിതീര്‍ന്ന ഭീമസേനന്‍ ജേഷ്ഠനായ ധര്‍മ്മപുത്രനെ സമീപിക്കുന്നതാണ് ആദ്യരംഗം. ഉടന്‍ തന്നെ നൂറ്റുവരെ സംഹരിച്ച് രാജ്യം വീണ്ടെടുക്കണം എന്നും, അതിനു താന്‍ ഒരുത്തന്‍ മതി എന്നും, അതിനു തന്നെ അനുവദിക്കണമെന്നും ഭീമന്‍ വാദിക്കുന്നു. ധര്‍മ്മിഷ്ഠനും ശാന്തശീലനുമായ യുധിഷ്ഠിരന്‍, ‘സാഹസബുദ്ധികൊണ്ട് ധര്‍മ്മം കൈവെടിയരുത് ‘എന്ന് ഉപദേശിച്ച് ഭീമനെ ശാന്തനാക്കുന്നു. തപസ്സിനുപോയ അര്‍ജ്ജുനനെകുറിച്ചുള്ള വൃത്താന്തങ്ങള്‍ അറിയാതെ വ്യാകുലപ്പെട്ടിരിക്കുന്ന ധര്‍മ്മപുത്രാദികളുടെ സമീപത്തേക്ക് ഇന്ദ്രസന്ദേശവുമായി രോമേശമഹര്‍ഷി എത്തുന്നതാണ് രണ്ടാം രംഗത്തില്‍. അജ്ജുനന്റെ തപസ്സില്‍ പ്രീതനായി ശ്രീപരമേശ്വരന്‍ പാശുപതാസ്ത്രം നല്‍കിയതും, അച്ഛന്റെ ക്ഷണപ്രകാരം സ്വര്‍ഗ്ഗത്തിലെത്തിയ അര്‍ജ്ജുനന്റെ പരാക്രമങ്ങളുമെല്ലാം മഹര്‍ഷി പാണ്ഡവരെ അറിയിക്കുന്നു. തുടര്‍ന്ന് ദുരിതശമനാര്‍ത്ഥം പാണ്ഡവര്‍ രോമേശനൊപ്പം വിശിഷ്ടരായ മഹര്‍ഷിമാരുടെ ആശ്രമങ്ങളിലും, പുണ്യതീര്‍ത്ഥങ്ങളിലും സന്ദര്‍ശനം ചെയ്ത് സഞ്ചരിക്കുന്നു. ഇങ്ങിനെ തീര്‍ത്ഥാടനം ചെയ്ത് അഗസ്താദിമഹർഷിമാരുടെ ആശ്രമങ്ങളും കടന്ന് പരശുരാമാശ്രമത്തിലെത്തി ഭാർഗ്ഗവരാമന്റെ അനുഗ്രഹം വാങ്ങുന്നു മൂന്നാം രംഗത്തില്‍. നാലാം രംഗത്തില്‍ പാണ്ഡവര്‍ തീർത്ഥാടനം ചെയ്ത ദ്വാരകാപുരിക്കടുത്തുള്ള പ്രഭാസതീര്‍ത്ഥക്കരയിലും എത്തിയതായറിഞ്ഞ ശ്രീകൃഷ്ണന്‍ അവരെ കാണുവാനാ‍യി സപരിവാരം പുറപ്പെടുന്നു. രംഗം അഞ്ചില്‍ കാണുവാന്‍ വന്ന കൃഷ്ണനോട് തങ്ങളുടെ അവസ്ഥയെപറ്റി ധര്‍മ്മപുത്രന്‍ പരിദേവനം ചെയ്യുന്നു. അവരെ സമാശ്വസിപ്പിച്ച് ശ്രീകൃഷ്ണന്‍ മടങ്ങി പോകുന്നു. കാനനത്തില്‍ സഞ്ചരിക്കുന്ന പാണ്ഡവരേയും പാഞ്ചാലിയേയും കണ്ട ജടാസുരന്‍ അവരെ ചതിയില്‍ കുടുക്കുവാന്‍ തീരുമാനിക്കുന്നഭാഗമാണ് ആറാം രംഗം. രംഗം ഏഴിൽ  ബ്രാഹ്മണവേഷം ധരിച്ച ജടാസുരന്‍ ധര്‍മ്മപുത്രനെ സമീപിച്ച് അവരുടെയൊപ്പം സഞ്ചരിക്കുവാന്‍ ആഗ്രഹമറിയിക്കുന്നു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ അതിന് അനുവദിക്കുകയും ചെയ്യുന്നു. അങ്ങിനെ പാണ്ഡവര്‍ക്കൊപ്പം കൂടിയ ജടാസുരന്‍ ഭീമന്‍ കൂടെയില്ലാത്ത തക്കം നോക്കി സ്വരൂപം ധരിച്ച്, ധര്‍മ്മപുത്രനേയും പാഞ്ചാലിയേയും നകുലസഹദേവന്മാരേയും തട്ടികൊണ്ടുപോകുന്നു. അസുരന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന സഹദേവന്‍ വിവരങ്ങള്‍ ഭീമനെ അറിയിക്കുന്നു ഭീമസേനന്‍ എത്തി എല്ലാവരേയും രക്ഷിക്കുന്നു എട്ടാംരംഗത്തില്‍‍. തുടര്‍ന്ന് നടക്കുന്ന യുദ്ധത്തില്‍ ഭീമന്‍ ജടാസുരനെ വധിക്കുന്നു. വനയാത്ര തുടരുന്നതിനിടയില്‍ തളര്‍ച്ച നേരിടുന്നതിനാല്‍ പാഞ്ചാലി ഭീമനോട് ആവലാതിപ്പെടുന്നു ഒൻപതാം രംഗത്തില്‍‍. ഉടനെ ഭീമന്‍ പുത്രനായ ഘടോത്കചനെ സ്മരിക്കുന്നു. പത്താം രംഗത്തില്‍താതസമീപമെത്തുന്ന  ഘടോത്കചന്‍, കൌരവരെ നശിപ്പിക്കുവാന്‍ താന്‍ ഒരുത്തന്‍ മതിയാകും എന്ന് അറിയിക്കുന്നു. പുത്രനോട് അതിനു കാലമായില്ലായെന്ന് ഭീമന്‍ അറിയിക്കുന്നു. തുടര്‍ന്ന് ഭീമനിര്‍ദ്ദേശം അനുസ്സരിച്ച് ഘടോതകചന്‍ പാണ്ഡവരേയും പാഞ്ചാലിയേയും തന്റെ ചുമലിലേറ്റി ബദര്യാശ്രമത്തിലെത്തിക്കുന്നു. ഇതോടെ ആട്ടകഥയുടെ പൂര്‍വ്വഭാഗം അവസാനിക്കുന്നു.പാണ്ഡവര്‍ ഗന്ധമാദനപര്‍വ്വത സമീപം താമസിക്കുന്ന കാലത്ത് ഒരിക്കല്‍ ഭീമന്‍ പാഞ്ചാലിയുമായി പ്രേമസല്ലാപം നടത്തുന്ന പതിനൊന്നാം രംഗത്തോടെയാണ് ഉത്തരഭാഗം ആരംഭിക്കുന്നത്. ആസമയത്ത് കാറ്റില്‍ പറന്നുവന്ന സൌഗന്ധിക പുഷ്പം ദ്രൌപതിയുടെ മനം കവരുന്നു. ഇത്തരം കുറേ പുഷ്പങ്ങള്‍ കിട്ടണം എന്ന തന്റെ ആഗ്രഹം പാഞ്ചാലി ഭീമനെ അറിയിക്കുന്നു. ഭീമന്‍ പുഷ്പങ്ങള്‍ തേടി കാറ്റിന്റെ ഗതി നോക്കി വനത്തിലേക്ക് യാത്രയാകുന്നു. ഇങ്ങിനെ സഞ്ചരിച്ച് കദളീവനത്തിലെത്തിലെത്തുന്നു. ഭീമന്റെ കാടുതല്ലിതകര്‍ത്തുള്ള വരവിന്റെ കോലാഹലം അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഹനുമാനെ ഉണര്‍ത്തുന്നു പന്ത്രണ്ടാം രംഗത്തിൽ. തന്റെ അനുജനായ ഭീമസേനന്റെ വരവാണ് തപോഭഗത്തിനു കാരണം എന്ന് മനസ്സിലാക്കുന്ന ജിതേന്ദ്രിയനായ ഹനുമാന്‍ ഭീമനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. ഉടനെ ഹനുമാന്‍ ഒരു വൃദ്ധവാനരനായി മാറി ഭീമന്റെ മാര്‍ഗ്ഗത്തില്‍ കിടക്കുന്നു. മാര്‍ഗ്ഗത്തില്‍ നിന്നും മാറികിടക്കാന്‍ ആവശ്യപ്പെടുന്ന ഭീമനോട് ഹനുമാന്‍, തനിക്ക് അതിന് ആവതില്ലായെന്നും വിലംഘിച്ച് പൊയ്ക്കൊള്ളുവാനും അറിയിക്കുന്നു. വാനരവര്‍ഗ്ഗത്തിലുള്ള് തന്റെ പൂവ്വജനെ ഓര്‍ത്ത് ഭീമന്‍ വൃദ്ധവാനരനെ കവച്ചുവെച്ചു പോവാന്‍ മടിക്കുന്നു. ഭീമന്‍ വിലങ്ങത്തില്‍ കിടക്കുന്ന വാനരന്റെ വാല്‍ തന്റെ ഗദകൊണ്ട് നീക്കിവെച്ചിട്ട് പോകുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വാലിലെ രോമം ഇളക്കാന്‍ പോലും ഭീമനാല്‍ ആവുന്നില്ല എന്നു മാത്രമല്ല ഗദ തിരിച്ചെടുക്കാനും കഴിയാതെ തളര്‍ന്നു വീഴുന്നു. അപ്പോള്‍ ഇത് വെറും ഒരു വാനരനല്ല ഏതോ ദിവ്യനാണ് എന്ന് ഭീമന് ബോദ്ധ്യപ്പെടുന്നു. ‘അങ്ങ് ആരാണ്?’ എന്ന് ഭീമന്‍ വിനീതനായി ചോദിക്കുമ്പോള്‍ ഹനുമാന്‍ സ്വരൂപം വെളിപ്പെടുത്തുന്നു. തന്റെ ജേഷ്ഠനാണിതെന്ന് മനസ്സിലാക്കിയ ഭീമന്‍ ഹനുമാനെ വണങ്ങി ക്ഷമാപണം നടത്തുന്നു. തുടര്‍ന്ന് ഭീമന്റെ ആഗ്രഹപ്രകാരം അഞ്ജനാപുത്രന്‍ തന്റെ സമുദ്രലംഘന സമയത്തെ രൂപം കാട്ടികൊടുക്കുകയും, കൌരവരെ യുദ്ധത്തില്‍ നേരിടുമ്പോള്‍ താന്‍ അര്‍ജ്ജുനന്റെ കൊടിയില്‍ ഇരുന്ന ശത്രുസംഹാരം നടത്താമെന്ന് വാഗ്ദാനം നല്‍കുകയും, സൌഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള വഴിപറഞ്ഞു കൊടുക്കുകയും ചെയ്ത് ഭീമനെ യാത്രയാക്കുന്നു. പിന്നെയും വടക്കോട്ട് സഞ്ചരിച്ച ഭീമന്‍ കുബേരന്റെ ഉദ്യാനത്തിലെത്തുന്നു പതിമൂന്നാം രംഗത്തില്‍‍. ഉദ്യാനത്തില്‍ കടന്ന് പൂപറിക്കുവാന്‍ ശ്രമിച്ച ഭീമനെ ഉദ്യാനപാലകരായ മണിചരന്‍ തുടങ്ങിയ രാക്ഷസര്‍ എതിര്‍ക്കുന്നു. ഇവരുടെ തോല്‍വി അറിഞ്ഞ് വന്ന ക്രോധാവേശന്‍ എന്ന യക്ഷന്‍ ഭീനുമായി പോര് നടത്തുന്നതാന് പതിനാലാം രംഗം. ക്രോധാവേശനേയും ജയിച്ച് ധാരാളം സൌഗന്ധികങ്ങളുമായി ഭീമന്‍ മടങ്ങി പോവുന്നു. വായുപുത്രന്‍ പാഞ്ചാലീസമീപം തിരിച്ചെത്തി സമ്പാദിച്ച സൌഗന്ധികങ്ങള്‍ സമ്മാനിക്കുകയും ജേഷ്ഠനായ ഹനുമാനെ സന്ധിച്ച വിവരം ധരിപ്പിക്കുകയും ചെയ്യുന്ന അന്ത്യരംഗത്തോടെ കഥ പൂര്‍ണ്ണമാകുന്നു.
മൂലകഥയില്‍ നിന്നുള്ള വെതിയാനങ്ങള്‍
മഹാഭാരതം വനപര്‍വ്വത്തില്‍ അര്‍ജ്ജുനന്‍
ദിവ്യാസ്ത്രസമ്പാദനാര്‍ത്ഥം തപസ്സിനു പോയ കാലഘട്ടത്തിലെ പല കഥകള്‍ പുനക്രമീകരിച്ചാണ് ആട്ടക്കഥ നിര്‍മ്മിച്ചിരിക്കുന്നത്.

1.‘സൌഗന്ധികാഹരണ‘കഥക്കുശേഷമാണ് ഭാരതത്തില്‍ ‘ജടാസുരവധപര്‍വ്വം’ പ്രസ്താവിക്കുന്നത്.
2.മൂലകഥയിലും ആട്ടകഥയിലും ഭീമന് ഹനുമാന്റെ വാല്‍ ഇളക്കുവാന്‍ സാധിച്ചില്ല എന്നേ പറഞ്ഞിട്ടുള്ളു. എന്നാല്‍ അവതരണത്തില്‍ ഭീമന്റെ ഗദ ഹനുമാന്റെ വാലില്‍ കുടുങ്ങിപോയതായി കാണിക്കും.
3.ഭീമൻ സൗഗന്ധികം തേടിപോയശേഷം ചിലദുർനിമിത്തങ്ങൾ കാണകയാൽ പരിഭ്രാന്തനായ ധർമ്മപുത്രൻ പരിവാരസമേതം ഭീമൻ പോന്നപാത പിന്തുടർന്ന് കുബേരനഗരിയിൽ എത്തുന്നതായും, അവിടെ യക്ഷരേയും മറ്റും വധിച്ചിരിക്കുന്നതുകണ്ട് ഇങ്ങിനെയുള്ള സാഹസങ്ങൾക്ക് പെട്ടന്ന് ഇറങ്ങിപുറപ്പെടരുത് എന്ന് ഭീമസേനനെ ഉപദേശിക്കുന്നതായും, തുടർന്ന് കുബേരന്റെ സൽക്കാരം സ്വീകരിച്ച് അർജ്ജുനൻ മടങ്ങിവരുന്നതുംകാത്ത് എല്ലാവരും അവിടെ തന്നെ വസിച്ചതായുമാണ് ഭാരതത്തിൽ കഥ. ആട്ടകഥാകരൻ ഇതൊന്നും പരാമർശ്ശിച്ചിട്ടില്ല. ഭീമൻ മടങ്ങിയെത്തി പാഞ്ചാലിക്ക് സൗഗന്ധികങ്ങൾ നൽകി സന്തോഷിപ്പിക്കുന്നതായി മാത്രമെ ആട്ടക്കഥയിൽ ഉള്ളു.

ആട്ടക്കഥയുടെ അവതരണത്തിലുള്ള പ്രത്യേകതകള്‍
*ആദ്യരംഗത്തിലെ ഭീമന്റെ ‘ശൌര്യഗുണ നീതി ജലധേ’ എന്ന പദം ചൊല്ലിയാട്ട പ്രധാനമായുള്ളതാണ്. കല്ലുവഴി ചിട്ടയനുസ്സരിച്ച് ഈ പദത്തില്‍ ഭീമന്‍ അഷ്ടകലാശവും ചവുട്ടുന്നുണ്ട്.
*പത്താം രംഗത്തിലെ ‘പാഞ്ചാലരാജ തനയേ‘ എന്ന പതിഞ്ഞകാലത്തിലുള്ള പദവും ചിട്ടപ്രധാനമായുള്ളതാണ്. കഥകളിയിലെതന്നെ ഏറ്റവും തൌര്യത്രികസൌന്ദര്യം തികഞ്ഞ ശൃഗാരപദമാണ് ഇത്. ഇതിന്റെ അന്ത്യത്തിലെ 24 താളവട്ടം ദൈര്‍ഘ്യമുള്ള ഇരട്ടി അസാധാരണമായ ഒന്നാണ്. ദൈര്‍ഘ്യം കൊണ്ടും, സാങ്കേതിക മെന്മയാലും, സൌന്ദര്യാദി ഗുണങ്ങളാലും അനുപമായ ഒരു നൃത്തശില്പമാണ് ഈ ഇരട്ടി.
*കപ്ലിങ്ങാടന്‍ സമ്പൃദായമനുസ്സരിച്ച്, തന്റെ സോദരനായ ഭീമന്റെ വരവുകാണുന്ന ഹനുമാന്റെ പദമായ ‘ആരിഹ വരുന്നതിവനാരും’ എന്നതില്‍ ‘മനസി മമ കിമപിബത’ എന്നിടത്ത് ഹനുമാന്‍ അഷ്ടകലാശം ചവുട്ടും.
ഇപ്പോഴത്തെ അവതരണരീതി
*ഭീമന്റെ സൃഗാരപദമുൾക്കൊള്ളുന്ന ഉത്തരഭാഗാരംഭമായുള്ള പതിനൊന്നാം രംഗംമുതല്‍ ഭീമന്‍ ഹനുമാനെ കണ്ട് പിരിയുന്ന പന്ത്രണ്ടാം രംഗം വരേയുള്ള ഘണ്ഡമാണ് ഇപ്പോള്‍ അധികമായി രംഗത്ത് അവതരിപ്പിച്ചുവരുന്ന ഭാഗം.  
*'ശൗര്യഗുണം' എന്ന ആദ്യരംഗവും അപൂര്‍വ്വമായി അവതരിപ്പിക്കപ്പെടാറുണ്ട്.  
*മറ്റുരംഗങ്ങളൊന്നും ഇപ്പോള്‍ രംഗത്ത് അവതരിപ്പിച്ചു വരുന്നില്ല. എന്നാല്‍ ഇവയിൽ പലരംഗങ്ങളും കളരിയില്‍ ചൊല്ലിയാടിക്കുന്നവയാണ്. 

കഥാപാത്രങ്ങളുടെ വിവരങ്ങൾ

നമ്പർ     കഥാപാത്രം വേഷം തരം
1 ഭീമൻ1 പച്ച ഇട




2 ധർമ്മപുത്രൻ പച്ച കുട്ടി/ഇട




3 രോമേശൻ മിനുക്ക്(മഹർഷി) രണ്ടാം

4

പരശുരാമൻ

മിനുക്ക്(മഹർഷി)

ഇട

5

ശ്രീകൃഷ്ണൻ

പച്ച(കൃഷ്ണമുടി)

കുട്ടി




6 ജടാസുരൻ ചുവന്നതാടി ഇട




7 ജടാസുരൻ(ബ്രാഹ്മണൻ) മിനുക്ക്(ബ്രാഹ്മണൻ) ഇട




8 ഭീമൻ2 പച്ച ഒന്നാം




9 പാഞ്ചാലി മിനുക്ക്(സ്ത്രീ) രണ്ടാം




10 ഘടോത്ക്കചൻ കത്തി കുട്ടി




11 ഹനൂമാൻ വെള്ളത്താടി ഒന്നാം




12 കുബേരഭൃത്യർ മിനുക്ക്(ദൂതൻ) കുട്ടി




13 ക്രോധവശൻ ചുവന്നതാടി ഇട

അഭിപ്രായങ്ങളൊന്നുമില്ല: