2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

നിവാതകവച കാലകേയവധം

കോട്ടയത്തു തമ്പുരാന്‍ നാലാമതായി രചിച്ചിട്ടുള്ള
ആട്ടകഥയാണ് ‘നിവാതകവച കാലകേയവധം’. മഹാഭാരതം ആരണ്യപര്‍വ്വത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വ്വം’ എന്ന അദ്ധ്യായത്തെ ആധാരമാക്കിക്കൊണ്ട്, അര്‍ജ്ജുനനെ നായകനാക്കിയിട്ടാണ് ഇത് രചിച്ചിരിക്കുന്നത്. ആദ്യാവസാനം കളരിചിട്ടയിലുള്ളതും കണക്കൊത്ത തൌര്യത്രിക സൌന്ദര്യ നിറഞ്ഞുനില്‍ക്കുന്നതുമായ ആട്ടകഥയാണിത്.

കഥാസംഗ്രഹം
പരമശിവനില്‍നിന്നും പാശുപതാസ്ത്രം നേടിയ പുത്രനെ
കാണുവാനുള്ള ആഗ്രത്താല്‍, ഉടനെ അര്‍ജ്ജുനനെ കൂട്ടികൊണ്ടുവരുവാന്‍ ഇന്ദ്രന്‍ മാതലിയെ നിയോഗിക്കുന്നതാണ് ആദ്യരംഗം. രണ്ടാം രംഗത്തില്‍ ഇന്ദ്രസാരഥി അര്‍ജ്ജുനസമീപം വന്ന് താന്‍ ആരെന്നുള്ള വിവരവും, ഇന്ദ്രന്റെ സന്ദേശവും അറിയിക്കുകയും, അര്‍ജ്ജുനനേയും കൂട്ടി ദേവലോകത്തേക്ക് ഗമിക്കുകയും ചെയ്യുന്നു. ദേവസഭയിലെത്തുന്ന അര്‍ജ്ജുനനെ ഇന്ദ്രന്‍ സ്വീകരിച്ച്, അര്‍ദ്ധാസനം നല്‍കി ആദരിക്കുന്ന ഭഗമാണ് രംഗം മൂന്നില്‍. നാലാം‌രംഗത്തില്‍ അര്‍ജ്ജുനന്‍ ഇന്ദ്രാണിയെ സന്ദര്‍ശിക്കുന്നു. തുടര്‍ന്ന് അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗലോകം ചുറ്റിനടന്ന് കാണുന്നു. ഈ സമയത്ത് വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാര്‍ ദേവലോകത്തുവന്ന് ദേവസ്ത്രീകളെ അപഹരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ഈ കോലാഹലം കേട്ട് അവിടെയെത്തുന്ന അര്‍ജ്ജുനന്‍ അസുരരോട് യുദ്ധം ചെയ്ത്, അവരെ വധിക്കുന്നതാണ് അഞ്ചാം രംഗം. ആറാം രംഗത്തില്‍ വിജയശ്രീലാളിതനായ അര്‍ജ്ജുനനെ കണ്ട്, അവനില്‍ മോഹമുദിച്ച ഉര്‍വ്വശി ഈ കാര്യം സഖിയെ അറിയിക്കുന്നു. തന്റെ അഭിലാഷം നേരിട്ടുചെന്ന് അവനെ അറിയിക്കുവാന്‍ സഖി ഉര്‍വ്വശിയോട് നിര്‍ദ്ദേശിക്കുന്നു. അതനുസ്സരിച്ച് ഉര്‍വ്വശി രഹസ്യമായി അര്‍ജ്ജുനനെ സമീപിച്ച് തന്റെ ഇംഗിതം വെളിപ്പെടുത്തുന്നതാണ് ഏഴാം രംഗം. വളരെ കേണപേക്ഷിച്ചിട്ടും അര്‍ജ്ജുനന്‍ തന്റെ ഇച്ഛക്ക് വഴിപ്പെടുന്നില്ലായെന്നുകണ്ട് നിരാശയും കോപവും വര്‍ദ്ധിച്ച ഉര്‍വ്വശി, ‘ഷണ്ഡനായി തീരട്ടെ’യെന്ന് അര്‍ജ്ജുനനെ ശപിക്കുന്നു. ശാപമേറ്റ് തളര്‍ന്നു വീഴുന്ന അര്‍ജ്ജുനനെ വിവരമറിഞ്ഞ് അവിടെയെത്തുന്ന ഇന്ദ്രന്‍ ആശ്വസിപ്പിക്കുന്നു. അജ്ഞാതവാസക്കാലം ഒരുവര്‍ഷം മാത്രമെ ഉര്‍വ്വശിയുടെ ശാപം അനുഭവിക്കേണ്ടതുള്ളു എന്ന പിതൃവചനം അര്‍ജ്ജുനന്റെ ദു:ഖമകറ്റുന്നു. തുടര്‍ന്ന് സഹോദര വിയോഗത്താല്‍ ദു:ഖിക്കാതെയിരിക്കുവാനായി, അര്‍ജ്ജുനന്റെ വര്‍ത്തമാനങ്ങള്‍ ധര്‍മ്മപുത്രനെ അറിയിക്കുവാന്‍ ഇന്ദ്രന്‍ രോമേശമഹര്‍ഷിയെ ഭൂമിയിലേക്കയക്കുന്നു. ഇന്ദ്രനില്‍ നിന്നും ദിവ്യാസ്ത്രങ്ങളും ചിത്രസേനനെന്ന ഗന്ധര്‍വ്വനില്‍ നിന്നും സഗീതാദികലകളും അഭ്യസിച്ചുകൊണ്ട് അര്‍ജ്ജുനന്‍ കുറച്ചുകാലം സ്വര്‍ഗ്ഗത്തില്‍ വസിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ ഇന്ദ്രന്‍ ഗുരുദക്ഷിണാരൂപേണ ദേവശത്രുക്കളായ നിവാതകവചന്മാരെ നിഗ്രഹിക്കണമെന്ന് അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നു എട്ടാം‌രംഗത്തില്‍. ഒന്‍പതാം രംഗത്തില്‍ അര്‍ജ്ജുനന്‍ സമുദ്രതീരത്തുചെന്ന് അതിനടിയില്‍ വസിക്കുന്ന നിവാതകവചന്മാരെ പോരിനുവിളിക്കുന്നു. പോരിനുവിളികേട്ടുവന്ന് യുദ്ധംചെയ്യുന്ന നിവാതകവചനെ അര്‍ജ്ജുനന്‍ വധിക്കുന്നതാണ് പത്താം‌രംഗം. പതിനൊന്നാം‌രംഗത്തില്‍ ഒരു മനുഷ്യന്‍ നിവാതകവചനെ നിഗ്രഹിച്ചകാര്യം ഒരു രാക്ഷസന്‍ കാലകേയനെ അറിയിക്കുന്നു. സുഹൃത്തുക്കളായ നിവാതകവചന്മാരുടെ മരണത്തിന് കാരണക്കാരനായ അര്‍ജ്ജുനനോട് പ്രതികാരം ചെയ്യാനായി കാലകേയന്‍ പുറപ്പെടുന്നു. അര്‍ജ്ജുനെ വന്ന് എതിരിട്ട മായാവിയായ കാലകേയന്റെ മോഹനാസ്ത്രത്താല്‍ അര്‍ജ്ജുനന്‍ ബോധരഹിതനായി വീഴുന്നു പന്ത്രണ്ടാം‌രംഗത്തില്‍‍. അന്ത്യരംഗത്തില്‍ ശ്രീപരമേശ്വരനാല്‍ നിയുക്തനായ നന്ദികേശ്വരന്‍ യുദ്ധക്കളത്തിലെത്തി അര്‍ജ്ജുനന്റെ മോഹാലസ്യം തീര്‍ത്ത് രക്ഷിക്കുന്നു. തുടര്‍ന്ന് അര്‍ജ്ജുനനും നന്ദികേശ്വരനും ചേര്‍ന്ന് കാലകേയനെ പോരിനുവിളിച്ച് യുദ്ധംചെയ്ത്, അവനെ വധിക്കുന്നു.

മൂലകഥയില്‍നിന്നുള്ള വെതിയാനങ്ങള്‍
മഹാഭാരതത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വ്വ’ത്തില്‍ 
രംഗവിഭജനം നടത്തിയും, വിവിധരസാവിഷ്ക്കരണങ്ങള്‍ക്ക് അവസരങ്ങളോരുക്കിക്കൊണ്ടും, വേഷവൈവിധ്യവും സംഭവവൈചിത്ര്യവും പ്രകടമാക്കത്തക്കരീതിയിലുമുള്ള ചില പുതിയ സന്ദര്‍ഭങ്ങള്‍ വിഭാവനം ചെയ്തുകൊണ്ടുമാണ് തമ്പുരാന്‍ ഈ ആട്ടക്കഥ തയ്യാറാക്കിയിരിക്കുന്നത്.

1.മൂലകഥയില്‍ ഇന്ദ്രന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്കുക്ഷണിക്കുന്ന വിവരം മാതലിപറഞ്ഞല്ലാ അര്‍ജ്ജുനന്‍ ആദ്യമായി അറിയുന്നത്. ഇന്ദ്രന്‍ ഹിമാലയത്തിലെത്തി തപസ്സിനായി പുറപ്പെട്ട അര്‍ജ്ജുനനെ കണ്ട് ആഭിനന്ദിക്കുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ക്ഷണിക്കുകയും അതുനുമുന്‍‌പായി ശ്രീപരമേശ്വരനെ തപസ്സുചെയ്ത് വരങ്ങള്‍ സമ്പാദിക്കുവാന്‍ നിദ്ദേശിക്കുന്നതായും ഭാരതത്തില്‍ പറയുന്നുണ്ട്. ഇന്ദ്രന് പുത്രനിലുള്ള അഭിമാനവും, അവനെ കാണാനുള്ള അതിയായ ആകാംക്ഷയും പ്രകടിപ്പിക്കുവാനുള്ള സാധ്യത ആദ്യരംഗത്തിലും, അപരിചിതനായ ഒരുവന്റെ പ്രശംസകേട്ട് അര്‍ജ്ജുനന് ‘സലജ്ജോഹം’ ആടുവാനുള്ള അവസരം രണ്ടാം‌രംഗത്തിലും സൃഷ്ടിക്കുകയാണ് ആട്ടകഥാകൃത്ത് ഈ മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഇതു കൂടാതെ മൂലകഥയിലുള്ളതിലും പ്രാധാന്യം മാതലിയെന്ന കഥാപാത്രത്തിന് കൈവരുത്തുവാനും, മൂന്നാം രംഗത്തിലെ പിതൃപുത്ര സമാഗമം കൂടുതല്‍ നിര്‍വൃതിദായകമാക്കിതീര്‍ക്കുവാനും ഈ ചെറിയ വെതിയാനത്താല്‍ സാധ്യമായി.

2.സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിക്കാന്‍ വന്ന വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരേ അര്‍ജ്ജുനന്‍ ഹനിച്ചതായ വൃത്താന്തം മൂലകഥയില്‍ ഇല്ല. തമ്പുരാന്‍ ഈ ചുവന്നതാടി വേഷങ്ങളെ പ്രവേശിപ്പിച്ച് ഇവിടെ ഒരു യുദ്ധരംഗം ഘടിപ്പിച്ചതിന്റെ ലക്ഷ്യം കഥാഗതി ഒന്നു ചടുലമാക്കുക എന്നതായിരിക്കാം. ഇതിലൂടെ തമ്പുരാന്‍ തുടര്‍ച്ചയായി വരുന്ന പതിഞ്ഞകാലത്തിലുള്ള രംഗങ്ങളുടെ വിരസത ഒഴിവാക്കുക മാത്രമല്ല, ആദ്യഭാഗത്തെ അര്‍ജ്ജുനവേഷം കെട്ടുന്ന നടന് തന്റെ ഊര്‍ജ്ജം നന്നായി ചിലവഴിച്ച് ചടുലമായ ഒരു യുദ്ധരംഗം ചെയ്ത് പിന്‍‌വാങ്ങുവാനുള്ള അവസരവുമാണ് ഒരുക്കുന്നത്.

3.ഉര്‍വ്വശിക്ക് പ്രണയം അഥവാ കാമം ഉളവായിട്ട് മാത്രം അര്‍ജ്ജുനനെ സമീപിച്ചതായിട്ടല്ല ഭാരതത്തില്‍ പറയുന്നത്. ദേവസഭയില്‍ വെച്ച് അര്‍ജ്ജുനന്റെ നോട്ടം ഉര്‍വ്വശിയില്‍ പതിയുന്നതായി കണ്ട ഇന്ദ്രന്‍, ചിത്രസേനന്‍ വഴി അര്‍ജ്ജുനന്റെ സമീപത്തേക്കു ചെല്ലുവാന്‍ ഉര്‍വ്വശിയെ പ്രേരിപ്പിക്കുന്നതായും, അങ്ങിനെ സ്വതേ കാമവിവശയായ ഉര്‍വ്വശി അര്‍ജ്ജുനനെ സമീപിക്കുന്നതായുമാണ് മഹാഭാരതത്തില്‍ പ്രസ്താപിച്ചിരിക്കുന്നത്.
വജ്രകേതു, വജ്രബാഹുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അര്‍ജ്ജുനനില്‍ കാമമുളവായി ഉര്‍വ്വശി വിജയനെ സമീപിക്കുന്നതായാണ് ആട്ടകഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

4.മഹാഭാരതത്തില്‍ നിവാതകവചന്മാരും കാലകേയന്മാരും അനേകകോടികളായി വര്‍ണ്ണിക്കുന്ന അസുരപ്പടകളാണ്. ആട്ടകഥയില്‍ രംഗപ്രയോഗ സൌകര്യാര്‍ത്ഥം ഇവരെ പ്രതിനിധീകരിക്കുന്ന ഓരോ അസുരനായകന്മാരായി നിവാതകവചനേയും കാലകേയനേയും അവതരിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

5.നിവാതകവചരെ ഒരു മാനുഷന്‍ വധിച്ചതായുള്ള വിവരമറിഞ്ഞ് കാലകേയന്മാര്‍ അര്‍ജ്ജുനനോട് യുദ്ധത്തിനുവരുന്നതായല്ല ഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്. നിവാതകവചരെ നിഗ്രഹിച്ച് മടങ്ങുംവഴി കണ്ട വലിയ കോട്ട, കാലകേയന്മാരുടേതാണെന്ന് മാതലിയില്‍ നിന്നും മന‍സ്സിലാക്കിയ അര്‍ജ്ജുനന്‍ അവരേയും നശിപ്പിക്കുവാന്‍ തീര്‍ച്ചയാക്കി, എന്നാണ് മഹാഭാരതത്തില്‍ കാണുന്നത്.

6.കാലകേയനുമായുള്ള യുദ്ധത്തില്‍ മോഹാലസ്യപ്പെട്ടുവീണ അര്‍ജ്ജുനനെ ഉണര്‍ത്തി ശക്തനാക്കാനായി നന്ദികേശ്വരന്‍ വരുന്നതായി മൂലകഥയില്‍ കാണുന്നില്ല. ഒരു വെള്ളത്താടി വേഷത്തേക്കൂടി അരങ്ങിലെത്തിക്കുക എന്നതാവാം ഈ മാറ്റത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ മാറ്റത്തിലൂടെ കഥാന്ത്യത്തില്‍ നായക കഥാപാത്രത്തിന്റെ പ്രഭാവത്തില്‍ ഒരു ക്ഷതം സംഭവിച്ചു എന്ന് പറയാതെ തരമില്ല.

ആട്ടകഥയുടെ വതരണത്തിലെ പ്രധാന സവിശേഷതകള്‍

1.ആദ്യരംഗത്തിലെ മാതലിയുടെ ‘തേരുകൂട്ടിക്കെട്ടല്‍’, ഭംഗിയുള്ള ഒരു നൃത്തപ്രകാരത്തിലൂടെ രംഗത്തില്‍ തേരിന്റെ ഒരു ചിത്രം വരച്ചുകാട്ടുന്ന ആട്ടമാണ്.

2.പരമശിവനില്‍നിന്നും പാശുപതാസ്ത്രം നേടിയ അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി മാതലി എത്തുന്ന ഭാഗം മുതല്‍ മാതലിയുടെ പദം തീരുവോളമുള്ള ആലവട്ടമേലാപ്പുകളോടുകൂടിയുളള അര്‍ജ്ജുനന്റെ അചഞ്ചലമായ വീരഭാവത്തിലുള്ള‍ ഇരിപ്പും, ഓരോമാത്രയിലും തൌര്യത്രികസൌന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ‘സലജ്ജോഹം’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും നടന്റെ അഭ്യാസബലത്തിന്റെ മാറ്റുരക്കപ്പെടുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ്.

3.അര്‍ജ്ജുനന്‍ എന്ന കഥാപാത്രത്തിന് ഗാഭീര്യം നല്‍കിക്കൊണ്ട് ആദ്യഭാഗത്തില്‍ അടന്ത-ചെമ്പ താളങ്ങളും ഉത്തരഭാഗത്തില്‍ പഞ്ചാരി-ചെമ്പ താളങ്ങളും ആവര്‍ത്തിച്ച് വരുന്നു.

4.അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള ‘ജനക തവദര്‍ശനാല്‍’ എന്ന പദത്തിന്റെ അടന്തതാളത്തിലുള്ള സവിശേഷമായ ഇരട്ടിയും, ഇന്ദ്രാണിയോടുള്ള പദത്തിലെ ‘സുകൃതികളില്‍ മുമ്പനായ്’ എന്നിടത്തെ അഷ്ടകലാശവും കണക്കൊത്ത നൃത്തവിശേഷങ്ങളാണ്.

5.പതിഞ്ഞ കാലത്തിലുള്ളതും വിപ്രലംഭസൃഗാരത്തിന്റെ ഉദാത്തമാതൃകയുമായ ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’, ‘സ്മരസായക ദൂനാം’ എന്നീ ഉര്‍വ്വശിയുടെ പദങ്ങള്‍ അത്യന്തം ചിട്ടപ്രധാനങ്ങളും അഭിനയപ്രധാനങ്ങളുമാണ്. കോട്ടയത്തുതമ്പുരാന്റെ നൃത്തരചനാവൈഭവത്തിന്റെ പരമസാഭല്യമായി കണക്കാക്കുന്ന ഈ ഉര്‍വ്വശീവേഷം എക്കാലത്തും ആദ്യാവസാന സ്ത്രീവേഷക്കാര്‍ക്ക് തങ്ങളുടെ അഭ്യാസനൈപുണ്യത്തിനുള്ള ഒരു വെല്ലുവിളിയാണ്.

6.ഇന്ദ്രന്‍ അര്‍ജ്ജുനനോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്ന രംഗത്തിലെ പഞ്ചാരിതാളത്തിലുള്ള തോങ്കാരങ്ങള്‍ സവിശേഷഭംഗിയാര്‍ന്ന നൃത്തപ്രകാരമാണ്.

ഇപ്പോഴുള്ള അവതരണരീതി

അര്‍ജ്ജുനന്‍ വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരോട് യുദ്ധം ചെയ്ത് അവരെ വധിക്കുന്ന അഞ്ചാം‌രംഗം വളരെ അപൂര്‍വ്വമായിമാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു. ഇതൊഴിച്ച് എല്ലാ രംഗങ്ങളും ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടു വരുന്നവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: