2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കിര്‍മ്മീരവധം

കോട്ടയത്തുതമ്പുരാന്റെ രണ്ടാമത്തേതും, നാല് കഥകളില്‍ വച്ച്
ഏറ്റവും പ്രൌഢവും കഠിനവുമായ ആട്ടകഥയാണ് ‘കിര്‍മ്മീരവധം’. മഹാഭാരതം വനപര്‍വ്വത്തെ അടിസ്ഥാനമാക്കി, ധര്‍മ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
കൌരവരുമായി ചൂതില്‍ തോറ്റ് രാജ്യധനാദികള്‍ നഷ്ടപ്പെട്ട
പാണ്ഡവര്‍ കുന്തീമാതാവിനെ വിദുരഗൃഹത്തിലാക്കിയിട്ട്, പാഞ്ചാലിയോടും ഗുരുവായ ധൌമ്യമഹര്‍ഷിയോടും കൂടി വനവാസത്തിനായി പുറപ്പെട്ടു. ഏതാണ്ട് എണ്‍പത്തെണ്ണായിരം ബ്രാഹ്മണരും അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലും പൊടികാറ്റും ഏറ്റ് തളര്‍ന്ന പാഞ്ചാലിയെ കണ്ട് ധര്‍മ്മപുത്രന്‍ അത്യന്തം വിഷാദിക്കുന്ന രംഗത്തോടേയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഈ അവസ്ഥയിലല്ല മറിച്ച് നമുക്കൊപ്പമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കഴിയാത്തതിനാലാണ് തനിക്ക് ദു:ഖമെന്ന് പാഞ്ചാലി ധര്‍മ്മപുത്രനെ അറിയിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് രണ്ടാം രംഗത്തില്‍ ധര്‍മ്മപുത്രന്‍ ഗുരുവായ ധൌമ്യനെ കണ്ട് ചോദിക്കുന്നു. തുടര്‍ന്ന് ധൌമ്യന്റെ ഉപദേശാനുസ്സരണം ആദിത്യസേവ ചെയ്യുന്ന ധര്‍മ്മപുത്രന്റെ മുന്‍പില്‍, സം‌പ്രീതനായ സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് അക്ഷയപാത്രം നല്‍കുന്നു. ‘എല്ലാ ദിവസവും എല്ലാവര്‍ക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ അതാതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമെ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് സൂര്യന്‍ മറയുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം ഗുരുവിനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനിസ്സരണം ബ്രാഹ്മണാദികള്‍ക്ക് ഭക്ഷണം നല്‍കുവാനായി പാത്രം പാഞ്ചാലിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പാണ്ഡവര്‍ ഭഗവത്‌ഭജനത്തോടെ കാമ്യകവനത്തില്‍ കഴിയുമ്പോള്‍ ഒരുദിവസം, ബന്ധുക്കളും ഭക്തരുമായ പാണ്ഡവരുടെ ദുരവസ്തയെ അറിഞ്ഞ് കൃഷ്ണഭഗവാന്‍ അവരെ ദര്‍ശ്ശിക്കുവാനായി കുമുദ്വതി എന്ന സന്യത്തോടുകൂടി അവിടെയെത്തി. ധര്‍മ്മപുത്രന്റെ സങ്കടങ്ങള്‍ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണന്‍ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ സ്മരിക്കുന്നു. സംഹാരമൂര്‍ത്തിയേപോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദര്‍ശ്ശനത്തെ കണ്ട് ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. ശ്രീകൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപോകുന്നു. അനന്തരം പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വൃത്താന്തമറിഞ്ഞ് അസ്വസ്തനായ ദുര്യോധനന്റെ പ്രേരണയാല്‍ ദുര്‍വ്വാസാവ് മഹര്‍ഷി പാണ്ഡവരുടെ അടുത്തെത്തുന്നു. മഹര്‍ഷിയേയും ശിഷ്യരേയും ധര്‍മ്മപുത്രന്‍ സ്വാഗതം ചെയ്ത് സ്നാനത്തിനയക്കുന്ന ഭാഗമാണ് മൂന്നാം രംഗം. ആ സമയത്ത് പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞിരുന്നു. ദുര്‍വ്വാസാവും ശിഷ്യരും സ്നാനം കഴിഞ്ഞ് എത്തുമ്പോള്‍ ഭക്ഷണം നല്‍കുവാന്‍ വഴിയില്ലല്ലൊ എന്നു ചിന്തിച്ച് പാഞ്ചാലി വിലപിക്കുന്നതാണ് നാലാം രംഗത്തില്‍. അഞ്ചാം രംഗത്തില്‍ പാഞ്ചാലിയുടെ അടുത്തേക്ക് ഭക്തവത്സലനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ എത്തുന്നു. പക്ഷേ ഭഗവാനും ‘വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരൂ’ എന്ന് പാഞ്ചാലിയോട് യാചിക്കുകയാണ് ചെയ്തത്. തന്റെ ഭക്ഷണം കഴിഞ്ഞതിനാല്‍ യാതൊന്നും ഇവിടെ ശേഷിക്കുന്നില്ല എന്നറിയിക്കുന്ന പാഞ്ചാലിയോട് ‘നോക്കു,എന്തെങ്കിലും കാണും’ എന്നുപറഞ്ഞ് കൃഷ്ണന്‍ പാത്രം കൊണ്ടുവരീക്കുന്നു. അതില്‍ പറ്റിക്കിടന്ന ശാകശകലം വാങ്ങി ഭക്ഷിച്ച് തൃപ്തനായി ശ്രീകൃഷ്ണന്‍ പെട്ടന്നുതന്നെ പോകുന്നു. ലോകനാഥനായ ഭഗവാന്‍ തൃപ്തനായതോടേ ഈ സമയം ഗംഗയില്‍ സ്നാനംചെയ്തുകൊണ്ടിരുന്ന ദുര്‍വ്വാസാവിനും ശിഷ്യര്‍ക്കും വയറുനിറഞ്ഞ് തൃപ്തി കൈവരുന്നു. ജ്ഞാനദൃഷ്ടിയാല്‍ എല്ലാം ഭഗവത്‌ലീലയാണേന്നു മനസ്സിലാക്കിയ മഹര്‍ഷി ധര്‍മ്മപുത്രരെ കണ്ട് അനുഗ്രഹിച്ച് മടങ്ങിപോകുന്നു ആറാം രംഗത്തില്‍. കുറച്ചുകാലങ്ങള്‍ക്കുശേഷം ഒരിക്കല്‍ വനത്തില്‍ വയ്ച്ച് ശാര്‍ദ്ദൂലന്‍ എന്ന ഒരു രാക്ഷസന്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടുകയും, അവനെ അര്‍ജ്ജുനന്‍ വധിക്കുന്നതുമായ കഥാഭാഗമാണ് രംഗം ഏഴില്‍ ഉള്ളത്. എട്ടാം രംഗത്തില്‍ ശാര്‍ദ്ദൂലന്റെ മരണം അറിഞ്ഞ പത്നി സിംഹിക ദു:ഖിക്കുന്നു. പ്രതികാരം ചെയ്യാനുറച്ച് സിംഹിക സുന്ദരീരൂപം(ലളിത) ധരിച്ച് പാഞ്ചാലിയെ അപഹരിക്കുവാനായി പുറപ്പെടുന്നു. പാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോയ തക്കംനോക്കി ലളിത പാഞ്ചാലിയെ സമീപിച്ച്, ഇവിടെ അടുത്തൊരു ദുര്‍ഗ്ഗാക്ഷേത്രമുണ്ടെന്നും അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വദുരിതങ്ങളും ഒടുങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു ഒന്‍പതാം രംഗത്തില്‍. തുടര്‍ന്ന് ലളിത സൂത്രത്തില്‍ പാഞ്ചാലിയെ മറ്റൊരു കാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു. കുറേ ദൂരം ചെന്നപ്പോള്‍ അപശകുനങ്ങള്‍ കണ്ട് പാഞ്ചാലി തിരികെ പോരാന്‍ ഒരുങ്ങുന്നു. സിംഹിക തനിരൂപം കൈക്കൊണ്ട് ബലാല്‍ക്കാരമായി പാഞ്ചാലിയെ എടുത്തുകൊണ്ടുപോകുന്നു. ഭയചികിതയായ പാഞ്ചാലി വിലപിക്കുന്നതാണ് പത്താം രംഗം. പതിനൊന്നാം രംഗത്തില്‍ നിലവിളി കേട്ട് ഓടിയെത്തിയ സഹദേവന്‍ പാഞ്ചാലിയെ രക്ഷപ്പെടുത്തിയിട്ട് സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നു. ഈ വിവരങ്ങള്‍ മറ്റുപാണ്ഡവരെ സഹദേവനും പാഞ്ചാലിയും ചെന്ന് അറിയിക്കുന്ന ഭാഗമാണ് പന്ത്രണ്ടാം രംഗം. പതിമൂന്നാം രംഗത്തില്‍ സിംഹിക വികൃതമാക്കപ്പെട്ട ശരീരത്തില്‍ നിന്നും നിണമൊഴുക്കിക്കൊണ്ട് തന്റെ സോദരനും രാക്ഷസപ്രമുഖനുമായ കിര്‍മ്മീരന്റെ സമീപമെത്തി സങ്കടമറിയിക്കുന്നു. ഉടനെ സോദരിയെ സമാധാനിപ്പിച്ച് അയച്ചശേഷം കിര്‍മ്മീരന്‍ അതിയായ കോപത്തോടെ സൈന്യസമേതം പാണ്ഡവരെ നശിപ്പിക്കുവാനായി പുറപ്പെട്ടു. തുടര്‍ന്ന് പതിനാലാം രംഗത്തില്‍ കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിക്കുന്നു. (പാണ്ഡവരില്‍ ഏറ്റവും കരുത്തനായ ഭീമനെ ജയിച്ചാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതുതന്നെ എന്നു വിശ്വസിച്ചായിരിക്കാം കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിച്ചത്). തുടര്‍ന്ന് നടക്കുന്ന ഘോരയുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. ദുഷ്ടരാക്ഷസനെ വധിച്ചതറിഞ്ഞ കാമ്യകവനവാസികളായ മുനിമാര്‍ വന്ന് ഭീമസേനനെ സ്തുതിചെയ്യുന്ന രംഗത്തോടെ കഥ പൂര്‍ണ്ണമാകുന്നു.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍
മഹാഭാരതത്തില്‍ വനപര്‍വ്വത്തില്‍
അനേകവര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതായ കുറേ കഥകള്‍ അവയുടെ കാലപൌര്‍വാര്യം മാറ്റി വിന്യസിച്ച്, നാടകീയമായ രീതിയില്‍ അവതരിപ്പിക്കുകയാണ് കോട്ടയത്തു തമ്പുരാന്‍ ഈ ആട്ടകഥയില്‍ ചെയ്തിരിക്കുന്നത്.

1.മഹാഭാരതത്തില്‍ ധര്‍മ്മപുത്രന്‍ സൂര്യനില്‍ നിന്നും അക്ഷയപാത്രം നേടിയശേഷമാണ് പാണ്ഡവര്‍ കാമ്യകവനപ്രവേശം ചെയ്യുന്നത്.

2.ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാര്‍ഗ്ഗമില്ലല്ലോ എന്ന് പാഞ്ചാലി ധര്‍മ്മപുത്രരോട് സങ്കടം പറയുന്നതായി മഹാഭാരതത്തില്‍ പ്രസ്താവനയില്ല.

3.ശ്രീകൃഷ്ണന്റെ കാമ്യകവനത്തിലേക്കുള്ള വരവ് കിര്‍മ്മീരവധാനന്തരം നടക്കുന്ന സംഭവമായാണ് ഭാരതത്തില്‍ പറയുന്നത്.

4.കാമ്യകവനത്തിലെത്തുന്ന ശ്രീകൃഷ്ണസമക്ഷം സങ്കടം അറിയിക്കുന്നത് പാഞ്ചാലിയാണെന്നാണ് മഹാഭാരതത്തില്‍ ഉള്ളത്. ശ്രീകൃഷ്ണന്റേയും ധര്‍മ്മപുത്രരുടേയും വിവിധ ഭാവപ്രകടനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ് തമ്പുരാന്‍ ഈ മാറ്റത്തിലൂടെ ചെയ്തത്.

5.സങ്കടം കേട്ട് ക്രുദ്ധനായ ശ്രീകൃഷ്ണന്‍ സുദര്‍ശ്ശനത്തെ വരുത്തി കൌരവനിഗ്രഹത്തിനൊരുങ്ങുന്നതായി മഹാഭാരതത്തില്‍ കാണുന്നില്ല. കൌരവരുടെ നാശം അടുത്തു എന്നു പറഞ്ഞ് പാഞ്ചാലിയെ സാന്ത്വനപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സുദര്‍ശ്ശനം എന്ന പ്രത്യേകവേഷത്തേക്കൂടി അരങ്ങിലെത്തിച്ച് രംഗം കൊഴുപ്പിക്കുകയായിരിക്കാം ഈ മാറ്റത്തിന്റെ ഉദ്ദേശ്യം.

6.ആട്ടകഥയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള ദുര്‍വ്വാസാവിന്റെ ആഗമനം പാണ്ഡവരുടെ വനവാസകാലത്തിന്റെ ഏതാണ്ട് അന്ത്യദശയില്‍ നടക്കുന്നതായാണ് ഭാരതത്തില്‍ വിവരിക്കുന്നത്. കിര്‍മ്മീരവധത്തോടെ കഥ അവസാനിപ്പിക്കുന്നതിനായിട്ടാണ് തമ്പുരാന്‍ പാത്രചരിതം കഥ ഇങ്ങിനെ ആദ്യം ചേര്‍ത്തത്.

7. ഭഗവത്‌ലീലയാല്‍ വയറുനിറഞ്ഞ് തൃപ്തനായ ദുര്‍വ്വാസാവ് ധര്‍മ്മപുത്രനെ ഭയന്ന് ഒളിച്ചു മടങ്ങുന്നതായാണ് മഹാഭാരതത്തില്‍ പറയുന്നത്.

8.കിര്‍മ്മീരസോദരിയായ സിംഹികയും അവളുടെ ഭര്‍ത്താവായ ശാര്‍ദ്ദൂലനും ആട്ടക്കഥാകാരന്റെ സൃഷ്ടികളാണ്. ഈ കഥാപാത്രങ്ങളെ ഭാരതത്തില്‍ കാണുന്നില്ല. ഈ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ തമ്പുരാന്‍, അജ്ജുനന്‍ ശാര്‍ദ്ദൂലനെ വധിക്കുന്നതായും, പ്രതികാരത്തിനായി സിംഹിക ലളിതാവേഷധാരിയായി വന്ന് പാഞ്ചാലിയെ അപഹരിക്കുന്നതായും, സഹദേവന്‍ സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നതായും, നിണമണിഞ്ഞ സിംഹിക സോദരനായ കിര്‍മീരസമീപം പോയി തന്റെ ദുരവസ്ത അറിക്കുന്നതായും ഉള്ള ഭാവോജ്വലങ്ങളായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് കിര്‍മ്മീരവൃത്താന്തത്തെ വിസ്തൃതവും, ആട്ടക്കഥയെ സംഭവബഹുലവും ആക്കിതീര്‍ത്തു.

9.ഭാരതത്തില്‍ പാണ്ഡവരുടെ വഴിമുടക്കുന്ന വെറുമൊരു പ്രാകൃതരാക്ഷസനായി മാത്രമെ കിര്‍മ്മീരനെ പറയുന്നുളളു. എന്നാല്‍ കഥകളിയില്‍ പരാക്രമിയും രാക്ഷസരാജനുമായ ഒരു വീരനായാണ് കിര്‍മ്മീരനെ അവതരിപ്പിക്കുന്നത്.

10.പാണ്ഡവര്‍ വനവാസത്തിനു പുറപ്പെട്ട് മൂന്നാംനാള്‍ കാമ്യകവനത്തിലെത്തിയെന്നും, അന്നുതന്നെ ഭീമന്‍ കിര്‍മ്മീരനെ വധിച്ചുവെന്നുമാണ് മഹാഭാരതകഥയില്‍. ജേഷ്ഠനായ ബകന്‍, സുഹൃത്തായിരുന്ന ഹിഡിംബന്‍ എന്നിവരെ വധിച്ചതിന്റെ പ്രതികാരം തീര്‍ക്കുവാനാണ് കിര്‍മ്മീരന്‍ ഭീമനോട് ഏറ്റുമുട്ടിയത്.
ആട്ടക്കഥയുടെ അവതരണത്തിലുള്ള സവിശേഷതകള്‍
‍ആദ്യന്തം ചിട്ടപ്രധാനമായ ഒരു ആട്ടക്കഥയാണ് കിര്‍മ്മീരവധം.

1.അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രധമരംഗം. മറ്റു കഥകളിലേ പോലെ ശൃഗാരമൊ,വീരമൊ അല്ല ഇതിലെ പതിഞ്ഞപദത്തിന്റെ സ്ഥായീരസം. മറിച്ച് ശോകവും കരുണവുമാണ്. എന്നാല്‍ ഇതിലെ നായകന്‍ ധര്‍മ്മപുത്രരാണെന്നുള്ളതിനാല്‍ ധീരോദാത്തഭാവം വിടാതെ വേണം ശോകം അഭിനയിക്കുവാന്‍. പാഞ്ചാലിയുടെ കരംഗ്രഹിച്ചുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മോടെയുള്ള ധര്‍മ്മപുത്രന്റെ പ്രവേശം, പദാരഭത്തിലുള്ള വിവശയായ പാഞ്ചാലിയെ നോക്കികാണല്‍, പല്ലവിക്കുശേഷമുള്ള ആട്ടവും പതിഞ്ഞ വട്ടംവെയ്ച്ചു കലാശവും, ചരണത്തിലെ ‘ഡോളായിതം’, ‘മോഹനശയനേ മണമിയലുന്നവ കുസുമാസ്തരണേ’ എന്നീ ഭാഗങ്ങളിലെ വിസ്തരിച്ചുള്ള ആട്ടം, ഇവയെല്ലാം ഈ രംഗത്തിലെ പ്രത്യേകതകളാണ്.

2.സങ്കടനിവൃത്തിക്കായി ധര്‍മ്മപുത്രന്‍ ധൌമ്യനെ ചെന്നുകാണുന്നതു മുതല്‍ ശ്രീകൃഷ്ണന്‍ വന്നുപോകുന്നതു വരേ നീളുന്നതാണ് രണ്ടാം രംഗം. ഇതിനിടയില്‍ ധര്‍മ്മപുത്രന്‍ രംഗത്ത് സ്തിതിചെയ്യുമ്പോള്‍, തിരശ്ശീല പിടിക്കാതെതന്നെ പാഞ്ചാലിയും ധൌമ്യനും പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്യും. ഇത് കഥകളിയുടെ നാട്ട്യധര്‍മ്മിയായ രംഗപരിക്രമണ സങ്കേതങ്ങളുടെ സൌന്ദര്യം വെളിവാക്കുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം വാങ്ങുന്നതുമുതല്‍ ശ്രീകൃഷ്ണ ആഗമനം വരെയുള്ള ചെണ്ടയിലെ വലന്തലമേളവും ഒരു പ്രത്യേകതയാണ്. പീഠത്തില്‍ നിന്ന് തിരതാഴത്തി പ്രത്യക്ഷനായി, ചാടിയിറങ്ങി വന്നുള്ള ശ്രീകൃഷ്ണന്റെ പ്രവേശവും സവിശേഷമാണ്. കൃഷ്ണന്റെ ‘അഥകേതുരരാതി’ എന്ന ശ്ലോകത്തിന്റെ വട്ടംവയ്പ്പും, ‘കഷ്ടമഹോ’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും, സുദര്‍ശ്ശനത്തിന്റെ മുദ്രകൂടാതെയുള്ള പദാട്ടവും നൃത്തഭംഗിയുടെ സവിശേഷതകള്‍ വെളിവാക്കുന്നവയാണ്.

3.ലളിതയുടെ പതിഞ്ഞകാലത്തിലുള്ള ‘നല്ലാര്‍കുലമണിയും’ എന്ന പദവും ‘കണ്ടാലതിമോദം’ എന്ന പദവും ചൊല്ലിയാട്ട പ്രധാനങ്ങളാണ്. ‘കണ്ടാലതിമോദം‘ എന്ന പദത്തിന്റെ ചരണാന്ത്യങ്ങളിലുള്ള ഇരട്ടികള്‍ സവിശതയുള്ളവയാണ്. ലളിതയുടെ ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്ന ചരണത്തിലെ ചൊല്ലിവട്ടംതട്ടിയുള്ള കലാശവും അടക്കവും മറ്റും സ്ത്രീവേഷങ്ങള്‍ക്ക് സാധാരണമായവ അല്ല.
നിലവിലുള്ള അവതരണരീതി
*ഏഴ്,പന്ത്രണ്ട്,പതിനഞ്ച് രംഗങ്ങളോഴിച്ച് മറ്റുരംഗങ്ങളാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കപ്പെട്ടുവരുന്നത്.
-----------------------------------

നമ്പർ     കഥാപാത്രം വേഷം തരം
1 ധർമ്മപുത്രൻ1 പച്ച ഒന്നാം




2 പാഞ്ചാലി മിനുക്ക്(സ്ത്രീ) രണ്ടാം




3 ധൗമ്യൻ മിനുക്ക്(മഹർഷി) രണ്ടാം




4 സൂര്യൻ ചുവപ്പ് കുട്ടി




5 ശ്രീകൃഷ്ണൻ പച്ച(കൃഷ്ണമുടി) ഇട




6 സുദർശനം ചുവന്നതാടി(പ്രത്യെകമായ തേപ്പ്) ഇട




7 ധർമ്മപുത്രൻ2 പച്ച രണ്ടാം




8 ദുർവ്വാസാവ് മിനുക്ക്(മഹർഷി)(ചുവന്ന മുടി, നീണ്ടതാടി) രണ്ടാം




9 ശാർദ്ദൂലൻ ചുവന്നതാടി രണ്ടാം




10 അർജ്ജുനൻ പച്ച ഇട




11 സിംഹിക കരി(പെൺ) ഒന്നാം




12 ലളിത മിനുക്ക്(സ്ത്രീ) ഒന്നാം




13 സഹദേവൻ പച്ച ഇട




14 ഭീമൻ പച്ച രണ്ടാം




15 കിർമ്മീരൻ കത്തി ഒന്നാം/രണ്ടാം




16 മഹർഷി മിനുക്ക്(മഹർഷി) കുട്ടി


 

അഭിപ്രായങ്ങളൊന്നുമില്ല: