2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ബകവധം

മഹാഭാരതത്തില്‍ ‘സംഭവപര്‍വ്വ‘ത്തിലുള്ള ‘ജതുഗ്യഹപര്‍വ്വം’,
‘ഹിഡിംബവധപര്‍വ്വം’, ‘ബകവധപര്‍വ്വം’ എന്നീ മൂന്നുപര്‍വ്വങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഭീമസേനനെ നായകനാക്കി ശ്രീമാന്‍ കോട്ടയത്തുതമ്പുരാന്‍ രചിച്ച ആദ്യ ആട്ടകഥയാണ് ‘ബകവധം‘. ഇദ്ദേഹത്തിന്റെ മറ്റുമൂന്നു കഥകളെ അപേക്ഷിച്ച് ലാളിത്യഗുണം ബകവധത്തിനുണ്ട്.
കഥാസംഗ്രഹം.
പാണ്ഡവരും കൌരവരും ഹസ്തിനാപുരത്തില്‍ ഒന്നിച്ച്
താമസിക്കുന്നകാലത്ത് ധര്‍മ്മപുത്രരെ രാജാവായി വാഴിക്കണമെന്ന ജനഹിതം അറിഞ്ഞ് അസ്വസ്തനായ ദുര്യോധനന്‍ പുരോചനന്‍ എന്ന മന്ത്രിയെ നിയോഗിച്ച് വാരണാവതത്തില്‍ അരക്കു് മുതലായ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കളേക്കൊണ്ട് ഒരു കൊട്ടാരം പണിയിപ്പിച്ചു. എന്നിട്ട് ധൃതരാഷ്ട്രരെ കണ്ട് പാണ്ഡവരെ വല്ലവിധേനയും വാരണാവതത്തിലേക്ക് പറഞ്ഞയക്കണമെന്ന് നിര്‍ബന്ധിച്ചു. അനുജരോടൂം അമ്മയോടും കൂടി വാരണാവതത്തില്‍ പോയി താമസിക്കുവാന്‍ ധര്‍മ്മപുത്രരോട് ധൃതരാഷ്ട്രര്‍ നിര്‍ദ്ദേശിക്കുന്ന രംഗത്തോടെയാണ് കഥയാരംഭിക്കുന്നത്. താതനിര്‍ദ്ദേശാനുസ്സരണം വാരണാവതത്തിലെത്തിയ പാണ്ഡവരെ മന്ത്രിപുരോചനന്‍ സ്വീകരിക്കുന്നതാണ് രണ്ടാം രംഗം. മൂന്നാം രംഗത്തില്‍ വിദുരര്‍ അയച്ച ഒരു ഖനകന്‍(ആശാരി) പാണ്ഡവസമീപമെത്തി ദുര്യോധനന്റെ ഗൂഢോദ്ദേശത്തെ പറ്റി അവരെ ധരിപ്പിക്കുന്നു. ഇതറിഞ്ഞ്, വിദുരര്‍ പറഞ്ഞയച്ചതാണ് തന്നെയെന്നും, നിങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ ഞാന്‍ ഒരു രഹസ്യഗഹ്വരം നിര്‍മ്മിച്ചുനല്‍കാം എന്നും ആശാരി അറിയിക്കുന്നു. തുടര്‍ന്ന് ആശാരി ഗുഹനിര്‍മ്മിച്ച് പാണ്ഡവരുടേ സമ്മാനങ്ങളും വാങ്ങി പോകുന്നു. ഇതിനുശേഷം, അനേകം ചതികള്‍ ചെയ്ത ദുര്യോധനനാദികളെ ഉടന്‍ നശിപ്പിക്കണമെന്ന് ഭീമന്‍ ധര്‍മ്മപുത്രരോട് അപേക്ഷിക്കുന്നു. ആലോചനകൂടാതെ സാഹസം പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ച് ധര്‍മ്മപുത്രര്‍ ഭീമനെ ശാന്തനാക്കുന്നു. അരക്കില്ലത്തിനു തീവെച്ച് അവിടെനിന്നും ഗുഹാമര്‍ഗ്ഗം രക്ഷപ്പെട്ട് പാണ്ഡവരും കുന്തിയും ഹിഡിംബവനത്തിലെത്തുന്നു നാലാം‌രംഗത്തില്‍. ക്ഷീണിതരായ മറ്റുള്ളവര്‍ക്കുവേണ്ടി ജലം ശേഘരിക്കാന്‍ ഭീമന്‍ പോകുന്നു. അഞ്ചാം‌രംഗത്തില്‍ ജലവുമായി മടങ്ങിയെത്തിയ ഭീമസേനന്‍ എല്ലാവരും തളര്‍ന്നുറങ്ങുന്നതു കണ്ട് അവര്‍ ഉണരുന്നതിനായി കാത്തിരിക്കുന്നു. ഈ സമയം തന്റെ കാട്ടില്‍ മനുഷ്യഗന്ധം അറിഞ്ഞ ഹിഡിംബന്‍ അതന്യൂഷിക്കുവാനായി സോദരിയായ ഹിഡിംബിയെ നിയോഗിക്കുന്നു രംഗം 6ല്‍‍. ഇപ്രകാരംപാണ്ഡവസമീപമെത്തിയ ഹിടുബി തേജസ്വിയായ ഭീമസേനനെ കണ്ട് അവനില്‍ അനുരുക്തയായിതീരുന്നു. ഏഴാംരംഗത്തില്‍ സുന്ദരീരൂപം(ലളിത) ധരിച്ച് ഹിഡിംബി ഭീമസമക്ഷമെത്തി തന്റെ ഇഗിതമറിയിക്കുന്നു. ജേഷ്ടന്‍ ഇതുവരേ വിവാഹം കഴിക്കാതെയിരിക്കുമ്പോള്‍ താന്‍ ദാരസംഗ്രഹം ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് ഭീമന്‍ അവളെ നിരാകരിക്കുന്നു. എന്നാല്‍ ലളിത വീണ്ടും വീണ്ടും പ്രേമപ്രാര്‍ദ്ധന ചെയ്യുന്നു. ഇതുകണ്ട് അവിടേക്കെത്തുന്ന ഹിഡിംബന്‍ മനുഷ്യനെകാമിച്ച സഹോദരിയെ നിന്ദിച്ചിട്ട് ഭീമനെ പോരിന് വിളിക്കുന്നു. തുടര്‍ന്നുനടക്കുന്ന യുദ്ധത്തില്‍ ഭീമന്‍ ഹിഡിംബനെ വധിക്കുന്നു. ഇതോടെ ആട്ടക്കഥയുടെ പൂര്‍വ്വഭാഗം അവസാനിക്കുന്നു.
വ്യാസന്‍ പ്രത്യക്ഷപ്പെട്ട് ഹിഡിംബിയെ സ്വീകരിക്കണമെന്നും,
ഒരു പുത്രനുണ്ടാവോളം ഇവളെ അനുസരിക്കണമെന്നും ഭീമനോട് നിര്‍ദ്ദേശിക്കുന്ന എട്ടാം‌രംഗത്തോടെയാണ് കഥയുടെ ഉത്തരഭാഗം ആരംഭിക്കുന്നത്. അതനുസരിച്ച് ഭീമന്‍ ഹിഡിംബിയെ പാണിഗ്രഹണം ചെയ്യുന്നു. ഭീമനും ഹിഡിംബിയുമായുള്ള ശൃഗാരപദങ്ങളാണ് ഒന്‍പതാം രംഗം. ഭീമ-ഹിഡിംബി ദംമ്പതികള്‍ക്ക് ജനിച്ച പുത്രന്‍(ഘടോത്കചന്‍) ഭീമനോട് അനുവാദം വാങ്ങി അമ്മയുമൊത്ത് പോകുന്നഭാഗമാണ് പത്താം‌രംഗം. ഏകചക്രയെന്ന ദേശത്ത് ഒരു ബ്രാഹ്മണഗേഹത്തില്‍ ഗൃഹനാഥനായ ബ്രാഹ്മണനും പത്നിയും പുത്രനും ദീനരായി കരയുന്നതാണ് പതിനൊന്നാം രംഗത്തില്‍ നാം കാണുന്നത്. ആ ഗ്രാമത്തിലെ ബ്രാഹ്മണരെ കൊന്നൊടുക്കുന്ന ഭീകരനായ ബകരാക്ഷസന് നാട്ടില്‍ നിശ്ചയിക്കപ്പെട്ട ഊഴപ്രകാരം ഈദിവസം ഭക്ഷണമെത്തിക്കേണ്ടത് ഈ ഗൃഹത്തില്‍നിന്നുമാണ്. എന്നു മാത്രമല്ല ഇവിടെ നിന്നും ഒരംഗംകൂടി ബകന് ഭക്ഷണമായിതീരണ്ടതുണ്ട്. സമാഗതമായ ഈ ദുരവസ്ഥയേ ഓര്‍ത്താണിവര്‍ വിലപിക്കുന്നത്. ഈ സമയത്ത് പാണ്ഡവര്‍ ബ്രാഹ്മണവേഷധാരികളായി ഏകചക്രയില്‍ വസിക്കുന്നുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ ബ്രാഹ്മണഗേഹത്തിലെ രോദനം കേട്ട് കുന്തി അവിടെയെത്തി വിവരം അന്യൂഷിക്കുന്നുതാണ് പന്ത്രണ്ടാം‌രംഗം. പതിമൂന്നാം‌രംഗത്തില്‍ ബകനു ഭക്ഷണവുമായി പോകുവാന്‍ കുന്തീദേവി ഭീമനെ നിയോഗിക്കുന്നു. ഭീമന്‍ ബ്രാഹ്മണരുടെ പക്കല്‍നിന്നും ഭക്ഷണസാധനങ്ങള്‍ നിറച്ച ശകടവും വാങ്ങിപോകുന്ന ഭാഗമാണ് പതിനാലാം രംഗം. രംഗം പതിനഞ്ചില്‍ ഭീമസേനന്‍ ശകടത്തോടുകുടി കാട്ടിലെത്തി ബകനെ പോരിനുവിളിക്കുന്നു. വിളികേട്ട് എത്തുന്ന ബകനുമായി ഭീമന്‍ യുദ്ധം ചെയ്യുന്നു പതിനാറാം രംഗത്തില്‍. ഭീമന്‍ യുദ്ധത്തില്‍ ബകനെ വധിക്കുന്നു. തുടര്‍ന്ന് ബകരാക്ഷസനെ നശിപ്പിച്ച് എന്നെന്നേക്കുമായി തങ്ങളെ ആപത്തില്‍ നിന്നും രക്ഷിച്ച ഭീമസേനനെ ബ്രാഹ്മണരെത്തി സുതിക്കുന്നതോടെ ബകവധം സമ്പൂര്‍ണ്ണമാവുന്നു.
മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍
1.അരക്കില്ലത്തില്‍ വസിക്കുന്നകാലത്ത് ദുഷ്ടനായ ദുര്യോധന്റെ ദുഷ്വിത്തികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവനെ വധിക്കാന്‍ അനുമതി തരണമെന്ന് ഭീമന്‍ ധര്‍മ്മപൂത്രനോട് ആവശ്യപ്പെടുന്നതായി മൂലത്തില്‍ പ്രസ്താവാന ഇല്ല.

2.കുന്തിയുടെ അനുമതിയോടെയുള്ള ധര്‍മ്മപുത്രന്റെ നിദ്ദേശ്ശാനുസരണം ഹിഡിംബിയെ ഭീമന്‍ സ്വീകരിച്ചു എന്നാണ് മൂലത്തില്‍ കാണുന്നത്. ഭാരതത്തില്‍ ഘടോത്കചനും ഹിഡിംബിയും പിരിഞ്ഞതിനു ശേഷമാണ് വേദവ്യാസന്‍ പാണ്ഡവരുടെ സമീപമെത്തുന്നത്. തുടര്‍ന്ന് വ്യാസനാണ് അവരെ ഏകചക്രയീല്‍ കൊണ്ടുപോയി വസിക്കൂവാന്‍ ഏര്‍പ്പാട് ചെയ്യുന്നതും.
ഈ ആട്ടക്കഥയുടെ അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
തികച്ചും കളരിസമ്പൃദായമനുസ്സരിച്ച് രംഗത്ത്
അവതരിപ്പിക്കേണ്ട ഒരു കഥയാണ് ബകവധം. വിശിഷ്യ ലളിത ഭീമനെസമീപിക്കുന്ന ‘മാരസദ്യശ’ എന്ന പദം മുതല്‍ ഘടോല്‍ക്കചന്റെ രംഗംവരേയുള്ള ഭാഗങ്ങള്‍ ചൊല്ലിയാട്ട പ്രധാനങ്ങളാണ്. രാഗാലാപനത്തോടെ ആരംഭിക്കുന്ന സാരിനൃത്തം, വിളംബകാലത്തിലുള്ളതും പതിഞ്ഞ ഇരട്ടിനൃത്തങ്ങളോടു കൂടിയതുമായ ‘മാരസദ്യശ’ എന്ന പദത്തിന്റെ അവതരണം‍, ഭീമന്‍ വ്യാസനെ വണങ്ങുന്ന ‘താപസകുലതിലക’ പതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം,. ‘ബാലേവരിക’ എന്ന പതിഞ്ഞപദത്തിന്റെ അവതരണം, ‘ചെന്താര്‍ബാണ’ എന്ന ചരണാത്തെ തുടര്‍ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്‍ ഭീമന്‍ ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണം, ഘടോല്‍ക്കചന്റെ എടുത്തുകലാശത്തോടെയുള്ള പ്രവേശം, നിര്‍ഗ്ഗമനത്തില്‍ ‘സൂചിക്കിരിക്ക’ലോടുകൂടിയ  നാലിരട്ടികലാശം എന്നീ പ്രത്യേകതകള്‍ കളരിച്ചിട്ടയുടെ സൌന്ദര്യം തികഞ്ഞ അവതരണ സങ്കേതങ്ങളാണ്.
നാട്ട്യധര്‍മ്മി വിടാതെ ലോകധര്‍മ്മി കലര്‍ത്തിയുള്ള അനേകം 
പ്രത്യേകതകളുള്ള അവതരണപ്രകാരമാണ് ആശാരിക്കുള്ളത്. ആശാരിയുടെ പദത്തിന്റെ ഇടക്കലാശങ്ങളും പ്രത്യേകതകളുള്ളതാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
*രംഗം മൂന്നാം രംഗവും(ആശാരിയുടെ പ്രവേശം മുതല്‍ നിഷ്ക്രമണം അവരെയുള്ള ഭാഗം മാത്രം), 7മുതല്‍ 16വരെയുള്ള രംഗങ്ങളുമാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിച്ചുവരുന്നത്.

*ആദ്യ 2രംഗങ്ങളും, 4,5,6രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.
-----------------------------
നമ്പർ     കഥാപാത്രം വേഷം തരം
1 ധൃതരാഷ്ടർ പച്ച (ചുട്ടിക്കുപകരം കറുത്ത നീണ്ടതാടികെട്ടും) രണ്ടാം
2 ധർമ്മപുത്രൻ പച്ച രണ്ടാം
3 പുരോചനൻ മിനുക്ക്(ദൂതൻപോലെ) കുട്ടി
4 ഖനകൻ(ആശാരി) മിനുക്ക് (പ്രത്യേകതരം ) രണ്ടാം
5 ഭീമൻ1 പച്ച കുട്ടി
6 കുന്തി മിനുക്ക്(സ്ത്രീ) രണ്ടാം
7 അർജ്ജുനൻ പച്ച കുട്ടി
8 ഹിഡിംബൻ കത്തി രണ്ടാം
9 ഹിഡിംബി കരി(പെൺ) രണ്ടാം
10 ഭീമൻ2 പച്ച ഒന്നാം
11 ലളിത മിനുക്ക്(സ്ത്രീ) ഒന്നാം
12 വ്യാസൻ മിനുക്ക്(മഹർഷി) രണ്ടാം
13 ഘടോത്കചൻ കത്തി കുട്ടി
14 ഭീമൻ3 പച്ച രണ്ടാം
15 ബ്രാഹ്മണൻ മിനുക്ക് രണ്ടാം
16 ബ്രാഹ്മണസ്ത്രീ മിനുക്ക്(സ്ത്രീ) കുട്ടി
17 ബകൻ ചുവന്നതാടി ഒന്നാം
18 ബ്രാഹ്മണൻ മിനുക്ക് കുട്ടി
 
  • 3,4,5 രംഗങ്ങളിൽ നകുലൻ, സഹദേവൻ എന്നീ രണ്ട് കുട്ടിത്തരം വേഷങ്ങളും ആകാവുന്നതാണ്. എന്നാൽ ഇവർക്ക് ആടുവാൻ വകയൊന്നും ഇല്ലാത്തതിനാൽ ഒഴിവാക്കിയിരിക്കുന്നു. 
  • ബ്രാഹ്മണസ്ത്രീയ്ക്ക് ആടുവാനൊന്നും ഇല്ലാത്തതിനാൽ വേഷംകെട്ടാതെ മൂടിപുതച്ചിരുന്നും ആകാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: