2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ആട്ടക്കഥാകാരന്‍

കോട്ടയത്ത് തമ്പുരാന്‍

വടക്കന്‍‌ക്കോട്ടയത്ത് രാജവംശത്തില്‍ (പഴശ്ശിക്കോവിലകം)
പിറന്ന ശ്രീമാന്‍ കോട്ടയത്ത് തമ്പുരാന്റെ പേരോ ജീവിതകാലമൊ ഇന്നോളം തിട്ടപ്പെടുത്താനായിട്ടില്ല. കേവലം ഐതീഹ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തെപറ്റി പ്രചരിച്ചിട്ടുള്ളത്. പണ്ഡിതരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ നാമം ‘വീരവര്‍മ്മ’യെന്നാണെന്നും ജീവിതകാലം ഏ.ഡി.പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണേന്നും അഭിപ്രായപ്പെടുന്നു. ബകവധം, കിർമ്മീരവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം എന്നിവയാണ്  തമ്പുരാനാൽ വിരചിതമായ ആട്ടകഥകൾ.

കോട്ടയത്തുതമ്പുരാനെപറ്റികേട്ടിരിക്കുന്ന ഐതീഹ്യകഥകള്‍

വെട്ടത്തുകോവിലകത്തുനിന്നും പഴശ്ശികോവിലകത്തേക്ക്
ദത്തുവന്ന മഹാവിദുഷിയായ ഒരു തമ്പുരാട്ടിയുടെ പുത്രനാണ് ആട്ടക്കഥാകാരന്‍. ഇദ്ദേഹം കുട്ടിക്കാലത്ത് ഒരു പമ്പരവിഡ്ഢിയായിരുന്നു. അതില്‍ ഖിന്നയായ മാതാവ് കുട്ടിയെ ‘കുമാരധാര’യില്‍ കൊണ്ടിട്ടു. അവിടെനിന്നും എങ്ങിനെയോ ര‍ക്ഷപ്പെട്ട് തമ്പുരാന്‍ പണ്ഡിതനും കവിയുമായി തിരിച്ചെത്തിയത്രെ.
വീരവര്‍മ്മതമ്പുരാന്‍ ഒരു നടന്‍കൂടിയായിരുന്നത്രെ. 
കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രവേഷവും കാലകേയവധത്തില്‍ ഉര്‍വ്വശീവേഷവും അദ്ദേഹംതന്നെ കെട്ടിആടിയിട്ടുണ്ടേന്ന് പറയുന്നു.
‘ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് കൊള്ളാം’
എന്നും, ‘കല്യാണസൌഗന്ധികം രചിച്ചത് ഒരു സ്ത്രിയാണേന്നുതോന്നും’ എന്നും, ‘കിര്‍മ്മീരവധം കടുകട്ടിയായിപ്പോയി. അതിനാല്‍ അതിന് ഉണ്ണിതന്നെയൊരു വ്യാഘ്യാനംകൂടി തയ്യാറാക്കണം’ എന്നും, പണ്ഡിതമതിയായ അമ്മതമ്പുരാട്ടി തമ്പുരാനോട് പറഞ്ഞുവത്രെ. ഒടുവില്‍ അദ്ദേഹം കാലകേയവധം എഴുതികാട്ടിയപ്പോള്‍ ‘ഇത് കളിക്ക് ചൊല്ലിയാടിച്ചോളൂ’ എന്നും തമ്പുരാട്ടി നിര്‍ദ്ദേശിച്ചത്രെ.
ഗോവിന്ദന്‍ എന്നുപേരായ ഒരു പരദേശിബ്രാഹ്മണനായിരുന്നു
അദ്ദേഹത്തിന്റെ ഗുരു. കഥകളിയുടെതന്നെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളികാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെകണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു. യഥാസമയം കളിയ്ക്കുവിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരു..................”
‘ഗോവിന്ദമാദ്യം ഗുരൂം’ എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഷിയാന്‍ തുടങ്ങി. ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആഗ്യം കാട്ടിയതിനാല്‍ അതനുസ്സരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടകഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്. അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണത്രെ മേളപ്പദത്തിന്റെ ആവിര്‍ഭാവം.

അഭിപ്രായങ്ങളൊന്നുമില്ല: