2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

തെക്കൻ രാജസൂയം എട്ടാം രംഗം

രംഗത്ത്-ധർമ്മപുത്രൻ, ശ്രീകൃഷ്ണൻ, ഭീഷ്മർ(നീണ്ടവെള്ളത്താടി കെട്ടിയ രണ്ടാംതരം പച്ചവേഷം), അർജ്ജുനൻ, പൂജാബ്രാഹ്മണൻ(കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം-മുഖാരി
"തസ്മിൻ യാഗേ പ്രവൃത്തേ നരപതിഷു ഹരിപ്രസ്ഥമഭ്യാഗതേഷു
 സ്വാസ്തീർണ്ണേഷ്വസനേഷു പ്രഥിതസമരവീര്യേഷു തേഷ്വാസിതേഷു
 കാസ്മൈ താമഗ്രപൂജാമഹമിഹ കരവാണീതി ധർമ്മാത്മജോfസൗ
 നത്വാ പ്രോവാച ദേവം ഗിരമതിസുകൃതീ തത്ര ഗംഗാതനൂജം"
{ആ യാഗം ആരംഭിക്കെ ഇന്ദ്രപ്രസ്ഥത്തിൽ എത്തിചേർന്നവരും ചൊൽക്കൊണ്ട യുദ്ധവീരന്മാരുമായ രാജാക്കന്മാർ നല്ലവണ്ണം വിരിക്കപ്പെട്ട ആസനങ്ങളിൽ ഇരുന്നപ്പോൾ ഏറ്റവും പുണ്യവാനായ ധർമ്മപുത്രൻ 'ഞാനിവിടെ ആർക്കായിട്ട് അഗ്രപൂജ ചെയ്യണം' എന്നുകരുതി ഗംഗാപുത്രനായ ഭീഷ്മരെ വന്ദിച്ച് ഇപ്രകാരം പറഞ്ഞു.}

വലതുഭാഗത്തായി ശ്രീകൃഷ്ണനും ഇടതുഭാഗത്തായി ഭീഷ്മരും പീഠങ്ങളിലും, വലത്തുവശത്ത് മുന്നിലായി താഴെ പൂജാബ്രാഹ്മണനും ഇരിക്കുന്നു. ഭീഷ്മരുടെ സമീപമായി അർജ്ജുനനും രംഗമദ്ധ്യത്തിലായി ധർമ്മപുത്രനും നിൽക്കുന്നു. ഭീഷ്മപിതാമഹനെ വന്ദിച്ചിട്ട് ധർമ്മപുത്രൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മുഖാരി, താളം:പഞ്ചാരി
ധർമ്മപുത്രൻ:

പല്ലവി:
"ജഹ്നുകന്യകാതനൂജ ഭോ നിഹ്നുത സകലവിമത
 നിൻപാദനീരജയുഗളം കൈവണങ്ങുന്നു ഞാൻ"
ചരണം1:
"ഇന്നിഹ വന്നൊരു ഭൂപമണികളിൽ
 നന്ദിയോടാരെ ഞാൻ പൂജിക്കേണ്ടു മുന്നം
 നന്നായ് ചിന്തിച്ചരുൾചെയ്യേണമെന്നോടു
 മന്നവമൗലിരത്നമേ പിതാമഹ"
{ഗംഗാപുത്രാ, സകലശത്രുക്കളേയും നശിപ്പിക്കുന്നവനേ, അവിടുത്തെ പാദത്താമരകൾ രണ്ടിനേയും ഞാൻ കൈവണങ്ങുന്നു. ഇന്ന് ഇവിടെ വന്നവരായ രാജരത്നങ്ങളിൽ ആരേയാണ് ആദരവോടെ ഞാനാദ്യം പൂജിക്കേണ്ടത്? രാജാക്കന്മാരുടെ ശിരോരത്നമായുള്ളവനേ, പിതാമഹാ, നന്നായി ചിന്തിച്ചിട്ട് എന്നോട് അരുളിച്ചെയ്താലും.}

ഭീഷ്മർ:
ചരണം2:
"പത്മാവല്ലഭനായീടും ഭഗവാൻ
 പത്മനാഭനല്ലോ കൃഷ്ണനാകുന്നതും
 പത്മവിലോചനനിന്നിങ്ങിരിക്കവേ
 സത്മനി തേ രാജൻ കിന്തു സന്ദേഹവും"
പല്ലവി:
"മഹയമഹയ മധുനിഷൂദനം"
ചരണം3:
"വിശ്വരൂപനായീടുന്നതുമിവൻ
 വിശ്വനാഥനായ് പാലിക്കുന്നതിവൻ
 വിശ്വജീവസൃഷ്ടി ചെയ്യുന്നതുമിവൻ
 വിശ്വാതീതപരബ്രഹ്മമിവനല്ലോ"
ചരണം4:
"മത്സ്യകച്ഛപാദി രൂപം ധരിച്ചതും
 ചിത്സ്വരൂപനായീടുമിവനല്ലോ
 വത്സ നിന്നുടയ ഭാഗ്യം ചൊല്ലാവതോ
 സത്സഹായനിങ്ങെഴുന്നള്ളിയതോർത്താൽ"
{ലക്ഷ്മീകാന്തനായ ഭഗവാൻ പത്മനാഭൻ തന്നെയാണ് കൃഷ്ണനായിരിക്കുന്നത്. ആ താമരക്കണ്ണൻ ഇവിടെ ഇരിക്കുമ്പോൾ സന്മനസ്സായ രാജാവേ, നിനക്കിന്ന്  എന്തിന് സംശയം? മധുനിഷൂദനനായ ശ്രീകൃഷ്ണാ, ശോഭിച്ചാലും, ശോഭിച്ചാലും. വിശ്വരൂപനാകുന്നതും ഇവനാണ്. ലോകനാഥനായി പരിപാലിക്കുന്നതും ഇവനാണ്. ലോകത്തിൽ ജീവികളെ സൃഷ്ടിക്കുന്നതും ഇവനാണ്. ലോകാതീതമായ പരബ്രഹ്മം ഇവൻ തന്നെയാണ്. മത്സ്യകൂർമ്മാദികളായ രൂപം ധരിച്ചതും ചിത്സ്വരൂപനാകുന്ന ഇവൻ തന്നെയാണ്. വത്സാ, സത്ജനസഹായിയായ ഇദ്ദേഹം ഇവിടെ എഴുന്നള്ളിയത് വിചാരിച്ചാൽ നിന്റെ ഭാഗ്യം പറയാവതല്ല.}

ശേഷം ആട്ടം-
ധർമ്മപുത്രൻ ഭീഷ്മരുടെ നിദ്ദേശം മാനിച്ച് ശ്രീകൃഷ്ണനെ വണങ്ങിയിട്ട്, ബ്രാഹ്മണനെക്കൊണ്ട് യഥാവിധി കാൽകഴുകിച്ച് പൂജ ചെയ്യിക്കുന്നു. ഗായകർ ദണ്ഡകം ആലപിക്കുന്നു.

ദണ്ഡകം-
"ദേവവ്രതസ്യ ഗിരമേവം നിശമ്യ നര-
 ദേവോപി ദേവവരതുല്യൻ
 ദേവമഥ കൃഷ്ണം‌__താവദരിജിഷ്ണും__
 കേവലമസൗ സപദി പാവനസലീലമമു-
 മേവ വിരവൊടു നുതികൾ ചെയ്തു;

 പാദാരവിന്ദമവനാദായ മൂർദ്ധ്നി സഹ
 മോദേന നീതിഗുണശാലീ
 മാധവമമേയം__സാദരമമായം__
 സൂദിതസുരാരിചയമാദിപുരുഷം ഹരിയെ
 വേദവിദഹോ നുതികൾ ചെയ്തു;

 വാനോർ തദാ കുസുമമാനന്ദമോടവർകൾ
 ദീനംവെടിഞ്ഞഥ ചൊരിഞ്ഞു
 കനകനിഭചേലേ__വിനതജനപാലേ__
 മുനിനികരമഴകിനൊടു മനസി ബഹുകുതുകമൊടു
 വനജനയന നുതികൾ ചെയ്തു;

 ആലംബനം ഭുവനജാലസ്യ കൃഷ്ണമപി
 സോലന്നിരീക്ഷ്യ മുദിതാത്മാ
 കലിതമൃദുഹാസം__ജലദസമഭാസം__
 വലമഥനസദൃശനരികുലദലനശതനുജൻ
 നലമൊടു വണങ്ങി നുതിചെയ്തു"
{ഭീഷ്മരുടെ ഇപ്രകാരമുള്ള വാക്കുകൾകേട്ട് ബ്രാഹ്മണർ ദേവേന്ദ്രതുല്യനും, ശത്രുനാശകനായ ജിഷ്ണുവുമായ ശ്രീകൃഷ്ണഭഗവാനെ പൂജിച്ചു. നീതിഗുണശാലിയായ ധർമ്മപുത്രൻ അമേയനും, മാധവനും, മായമില്ലാത്തവനും, അസുരനാശകനും, ആദിപുരുഷനുമായ ശ്രീകൃഷ്ണന്റെ പാദത്താമരകളെ ശിരസ്സിൽ ചേർക്കുകയും വേദവിധിപ്രകാരം പൂജിക്കുകയും ചെയ്തു. ദേവന്മാർ അപ്പോൾ അലസതവെടിഞ്ഞ് ആനന്ദത്തോടെ പുഷ്പങ്ങൾ ചൊരിഞ്ഞു. മുനികളും മനസ്സിൽ ഏറ്റവും സന്തോഷത്തോടെ പീതാബരധാരിയും, വണങ്ങുന്ന ജനങ്ങളെ സംരക്ഷിക്കുന്നവനുമായ ആ താമരക്കണ്ണനെ ഭംഗിയായി പൂജിച്ചു. ലോകത്തിലെ സകലജീവജാലങ്ങൾക്കും ആലംബനമായുള്ളവനും, കാർമേഘവർണ്ണത്തോടെ ശോഭിക്കുന്നവനുമായ ശ്രീകൃഷ്ണനാകട്ടെ ഇതെല്ലാം സ്വീകരിച്ചുകൊണ്ട് സന്തോഷവാനായി മന്ദഹാസം പൊഴിച്ചു. ഇന്ദ്രതുല്യനും, ശത്രുക്കൂട്ടത്തെ നശിപ്പിക്കുന്നവനും, ശന്തനുപുത്രനുമായ ഭീഷ്മരും ശ്രീകൃഷ്ണനെ വണങ്ങി നന്നായി സ്തുതിച്ചു.}
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: