2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

തെക്കൻ രാജസൂയം ഒൻപതാം രംഗം

രംഗത്ത്- ധർമ്മപുത്രൻ, ശ്രീകൃഷ്ണൻ, പൂജാബ്രാഹ്മണൻ, അർജ്ജുനൻ, ഭീഷ്മർ, ശിശുപാലൻ(ഒന്നാംതരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:കേദാരഗൗളം
"ചൈദ്യോപി രൂക്ഷതരചക്ഷുരതീവ രോഷാ-
 ദാദ്യസ്യ പൂജനവിധിം സ നിരീക്ഷ്യ വീര:
 സാക്ഷേപമേവമവദൽ സ്വയമുത്ഥിതസ്സൻ
 സാക്ഷാദസന്മകുടഹീരവരോ ദുരാത്മാ"
{ദുർജ്ജനാഗ്രഗണ്യനും ദുരാത്മാവുമായ ആ ശിശുപാലൻ അഗ്രപൂജയെ കണ്ടിട്ട് കോധത്താൽ അതിരൂക്ഷങ്ങളായ കണ്ണുകളോടുകൂടിയവനായി എഴുന്നേറ്റ് ആക്ഷേപത്തോടുകൂടി പറഞ്ഞു.}

ശിശുപാലന്റെ വീരരസപ്രധാനമായ തിരനോട്ടം-
ശിശുപാലന്റെ ആട്ടം-

-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോൾ പൂജാബ്രാഹ്മണൻ വലത്തുഭാഗത്തായി പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണന്റെ കാൽ കഴുകി അഗ്രപൂജചെയ്യുന്നു. ഭീഷ്മർ ഇടതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. കൃഷ്ണനുപിന്നിലായി ധർമ്മപുത്രനും ഭീഷ്മർക്കുസമീപമായി വില്ലുകുത്തിപ്പിടിച്ച് അർജ്ജുനനും നിൽക്കുന്നു. രംഗമദ്ധ്യത്തിലൂടെ എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന ആയുധധാരിയായ ശിശുപാലൻ മുന്നോട്ടുവരുന്നതോടെ ശ്രീകൃഷ്ണന് അഗ്രപൂജചെയ്യുന്നത് കണ്ട് ആശ്ചര്യപ്പെടുകയും, പെട്ടന്ന് കോപിഷ്ഠനാവുകയും ചെയ്യുന്നു.
ശിശുപാലൻ:(ധർമ്മപുത്രനെ നോക്കി പുഛിച്ചിട്ട്)'ഈ യോഗ്യന്മാർ ഇവിടെ ഇരിക്കെ ഈ നിസ്സാരനായ യാദവനേയോ നീ പൂജിക്കേണ്ടത്? എന്തു ധിക്കാരമാണിത്? ഇത് മാനമുളളവർ പൊറുക്കുമോ? നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ശിശുപാലൻ പദാഭിനയം ആരംഭിക്കുന്നു.

ശിശുപാലന്റെ പദം-രാഗം:കേദാരഗൗളം, താളം:ചെമ്പട
പല്ലവി:
"ശൃണുത ഗിരം മേ സർവ്വയൂയം"
അനുപല്ലവി:
"ധരണീപതി ധർമ്മജനിഹ ചെയ്തൊരു
 ധരണീപതിഹേളനമിന്നോർത്താൽ
 കരളതിലിന്നു മമ വളരുന്നു കോപമേറ്റം
 വിരവിലൊരു ഗോപാലം വരിച്ചതുമഗ്രേ കാൺക"
ചരണം1:
"ഗോപകുലത്തിലിവൻ വളർന്നതും പിന്നെ
 ഗോപികമാർവീട്ടിൽ വെണ്ണകവർന്നതും ചില
 ഗോപരമണിമാരെപ്പുണർന്നതും ഭൂപചിഹ്നമില്ലാത്തതും
 താപം നൽകിയതും മാതുലനു താപം പൂതനയ്ക്കങ്ങു നൽകിയതും
 കാപട്യംകൊണ്ടിവൻ വൈദർഭിയെ വേട്ടതും നല്ല
 ഭൂപന്മാരിരിക്കവേ യാദവനെപ്പൂജിക്ക
 കോfപി ചെയ്കയില്ലേവം ഭൂപതിവരരേ"
ചരണം2:
"ജാതിയിന്നതെന്നിവനറിഞ്ഞിട്ടുണ്ടോ പിന്നെ
 ജാതിധർമ്മമിവനിന്നതെന്നുമുണ്ടോ ഇന്നു
 പാതകപുണ്യങ്ങളെന്നതിവനുണ്ടോ നീതിയറിഞ്ഞിട്ടുണ്ടോ
 സ്ഥീതകർമ്മവുമുണ്ടോ പൂജനീയന്മാർ നിങ്ങളുമനുവദിച്ചിട്ടുണ്ടോ
 വീതഖേദമിവനെ ആരാനും കണ്ടിട്ടുണ്ടോ
 ജാതഗുണനെന്നതുമാരാനും കേട്ടിട്ടുണ്ടോ
 വീതമര്യാദനെന്നും സാദരം ബോധിക്കേണം"
{എല്ലാരാജാക്കന്മാരും എന്റെ വാക്കു് കേൾക്കുക. ധർമ്മപുത്രരാജൻ ഇവിടെ ചെയ്തൊരു രാജാവഹേളനം ഓർത്താൽ ഇന്ന് എന്റെ മനസ്സിൽ കോപം ഏറ്റവും വളരുന്നു. അഗ്രപൂജയ്ക്കായി ഒരു ഗോപാലനെ വരിച്ചത് നന്നായി കാണുക. രാജശ്രേഷ്ഠന്മാരേ, ഇവൻ ഗോപകുലത്തിൽ വളർന്നതും, പിന്നെ ഗോപികമാരുടെ വീട്ടിലെ വെണ്ണകവർന്നതും, ചില ഗോപികമാരെ പുണർന്നതും, ഇവന് രാജാവകാശം ഇല്ലാത്തതും, അമ്മാവനേയും പൂതനയേയും വധിച്ചതും, ചതിയിലൂടെ ഇവൻ രുഗ്മിണിയെ വിവാഹം കഴിച്ചതുമെല്ലാം അറിവുള്ള ആരെങ്കിലും, നല്ല രാജാക്കന്മാർ ഇരിക്കെ ഇപ്രകാരം ഈ യാദവനെ പൂജിക്കുമോ? ഇവൻ എന്തു ജാതിയാണന്ന് അറിഞ്ഞിട്ടുണ്ടോ? പിന്നെ ഇവന് ഇന്നജാതിധർമ്മം എന്നുണ്ടോ? ഇന്നിവന് പുണ്യപാപങ്ങൾ എന്നതുണ്ടോ? ഇവന് നീതിയും ശുദ്ധികർമ്മവും ഉണ്ടോ? പൂജനീയരും നീതിമാന്മാരുമായ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? ദുഃഖമില്ലാതെ ഇവനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഗുണവാനാണെന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇവൻ മര്യാദയില്ലാത്തവനാണെന്നും നന്നായി മനസ്സിലാക്കണം.}

ശിശുപാലൻ പദം കലാശിപ്പിക്കുന്നതോടെ ഈശ്വരദൂഷണം കേട്ട് സഹിയാഞ്ഞ് കോപിഷ്ഠനായിതീർന്ന അർജ്ജുനൻ ശിശുപാലനെ പോരിനു വിളിക്കുന്നു. അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നതോടെ ധർമ്മപുത്രനും ശ്രീകൃഷ്ണനും ബ്രാഹ്മണനും ഭീഷ്മരും രംഗത്തുനിന്നും നിഷ്ക്രമിക്കുന്നു.

പോരുവിളിപ്പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
അർജ്ജുനൻ:
പല്ലവി:
"ഗാഢമിന്നു വാടാ രണത്തിനു ചേദിഭൂപ ഖേടാ"
അനുപല്ലവി:
"ചാടുവാദമിന്നു ചെയ്ത നീ മമ പാടവങ്ങൾ കാണെടാ നൃപകീടാ"
ചരണം1:
"വളരെയുണ്ടു ഗർവ്വം നിനക്കതുകളവതിന്നു സർവ്വം
 നളിനനയനദൂഷണങ്ങൾ ചൊന്നനിൻ
 ഗളമരിഞ്ഞു കളവനില്ല സംശയം"
{നിന്ദ്യനായ ചേദിരാജാ, ഇന്ന് കടുത്തയുദ്ധത്തിനു് വാടാ. രാജകീടാ, മനോഹരമായി വാദിച്ച നീ എന്റെ പാടവങ്ങൾ കാണെടാ. നിനക്ക് വളരെ ഗർവ്വമുണ്ട്. അതെല്ലാം ഇന്ന് കളയുന്നുണ്ട്. ശ്രീകൃഷ്ണനെ ദുഷിച്ച് പറഞ്ഞ നിന്റെ കഴുത്ത് അരിഞ്ഞുകളയുന്നുണ്ട്. അതിന് സംശയമില്ല.}

ശിശുപാലൻ:
ചരണം2:
"ചണ്ഡവീരസോഢാ ബല കിം പാണ്ഡുതനയ മൂഢ
 ഭിണ്ഡിപാലതാഡനങ്ങൾകൊണ്ടു നിൻ
 കണ്ഠമിന്നു ഖണ്ഡയാമി ഷണ്ഡ"
പല്ലവി:
"ഗാഢമിന്നു വാടാ രണത്തിനു ധീരനെങ്കിൽ മൂഢ"
{ബലവാന്മാരുടെ വീര്യത്തെ സഹിക്കാൻ ശക്തിയില്ലാത്തവനേ, പാണ്ഡുപുത്രാ, മൂഢാ, എന്താണ്? ഷണ്ഡാ, അസ്ത്രങ്ങൾ കൊണ്ട് നിന്റെ കഴുത്തറുക്കുന്നുണ്ട്. മൂഢാ, ധീരനെങ്കിൽ ഇന്ന് കടുത്തപോരിനായി വാടാ.}

അർജ്ജുനൻ:
ചരണം3:
"ശക്രനന്ദനൻ ഞാനഹോ രിപുചക്രസൂദനൻ കേൾ
 ശക്രവൈരിലോകമതൊരുമിച്ചിഹ
 വിക്രമങ്ങൾചെയ്കിലുമിതു ഫലിയാ"
("ഗാഢമിന്നു വാടാ രണത്തിനു ചേദിഭൂപ ഖേടാ")
{ഹോ! ഇന്ദ്രപുത്രനായ ഞാൻ ശത്രുക്കൂട്ടങ്ങളെ നശിപ്പിക്കുന്നവനാണ്. അസുരലോകംതന്നെ ഒരുമിച്ചിവിടെ പരാക്രങ്ങൾ ചെയ്യുകിലും അത് ഫലിക്കുകയില്ലെന്ന് അറിയുക.}

ശിശുപാലൻ:
ചരണം4:
"ചിത്രമെന്നു ചൊല്ലാം മനോരഥമത്ര നിന്റെയെല്ലാം
 വൃത്രനാദിദേവവൈരിനിവഹം
 അത്ര വന്നുസമരമിന്നു ചെയ്യുമോ?"
("ഗാഢമിന്നു വാടാ രണത്തിനു ധീരനെങ്കിൽ മൂഢ")
{നിന്റെ മനോവിചാരമെല്ലാം ഏറ്റവും വിചിത്രമാണന്ന് പറയാം. അസുരക്കൂട്ടം ഇവിടെവന്ന് ഇന്ന് യുദ്ധം ചെയ്യുമോ?}

ശേഷം ആട്ടം-
അർജ്ജുനനും ശിശുപാലനും ക്രമത്തിൽ പോരുവിളിച്ച് യുദ്ധത്തിനു തയ്യാറെടുക്കവെ ശ്രീകൃഷ്ണൻ വിശ്വരൂപം ധരിക്കുന്നു(ശംഖുചക്രധാരിയായി രംഗമദ്ധ്യത്തിൽ പിന്നിലായി പീഠത്തിൽ നിന്നുകൊണ്ട് തിരതാഴ്ത്തുന്നു). ശ്രീകൃഷ്ണൻ സുദർശനചക്രം
^ ശിശുപാലന്റെ ഗളത്തിൽ ചേർത്ത് അവനെ വധിക്കുന്നു.
-----(തിരശ്ശീല)-----

[^ശ്രീകൃഷ്ണൻ സ്മരിക്കുമ്പോൾ സുദർശ്ശനം(ചുവന്നതാടിവേഷം) രംഗത്ത് പ്രവേശിക്കുകയും ശിശുപാലനെ വധിക്കുകയും ചെയ്യുന്നതായാണ് ആട്ടക്കഥയിലുള്ളത്. എന്നാൽ സാധാരണയായി അത് പതിവില്ല.]

-----(ധനാശി)-----
ധനാശിശ്ലോകം-
"പ്രശമിതഭവദാഹം ഭക്തസർവാത്ഥദേഹം
 പ്രണതസുരസമൂഹം പാലിതാശേഷമാഹം
 ശിഥിലിതനതമോഹം ശേഷവിന്യസ്തദേഹം
 കിമപി ഗരുഡവാഹം ജ്യോതിരീഡേ സദാഹം"

അഭിപ്രായങ്ങളൊന്നുമില്ല: