2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

തെക്കൻ രാജസൂയം നാലാം രംഗം


രംഗത്ത്- ജരാസന്ധൻ(ഒന്നാംതരം കത്തിവേഷം), ജരാസന്ധപത്നി(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
"നിജഭുജമഹസാ വിനിർജ്ജിതാരി-
 ർമ്മഗധനരാധിപതിർമ്മഹേന്ദ്രകല്പഃ
 രതിമിവ മദനോ വിഹർത്തുകാമോ
 നിജരമണിമനുനീയ വാചമൂചേ"
{തന്റെ കരബലത്താൽ ശത്രുക്കളെ ജയിച്ചവനും മഗധരാജാവും ഇന്ദ്രതുല്യനുമായ ജരാസന്ധരാജൻ കാമോത്സുകനായിക്കൊണ്ട് കാമൻ രതിയെ എന്നപോലെ തന്റെ പത്നിയെ അനുനയിച്ചുണ്ട് പറഞ്ഞു.}

ജരാസന്ധന്റെ സൃഗാരരസപ്രധാനമായുള്ള തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോൾ പത്നിയെ ആലിംഗനം ചെയ്തുകൊണ്ട് രംഗമദ്ധ്യത്തിലൂടെ പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ജരാസന്ധൻ സാവധാനം മുന്നോട്ടുവന്ന് പത്നിയെ ഇടതുഭാഗത്തേയ്ക്ക് വിടർത്തിനിർത്തിയിട്ട്, അവളെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ജരാസന്ധന്റെ സൃഗാരപ്പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
"രാകാശശീകോമളവദനേ രാജീവദളായതനയനേ
 രാഗം മേ വളരുന്നു ഹൃദി രാജമരാളാഞ്ചിതഗമനേ"
ചരണം1:
"ക്ഷോണീപതി നികരമശേഷം ക്ഷീണതതേടി മമ ഭുജമഹസാ
 വാണീടുന്നവരരിപുരിയിൽ കാണുന്നില്ലല്ലീ സുദതി"
ചരണം2:
"കുങ്കുമരൂഷിതമാം നിന്നുടെ കുചയുഗളം മാറിലണച്ചു
 അംഗമിദം കുരു പരിരബ്ധം അംബുജഭനിഭസുരുചിരവേണി"
{പൂർണ്ണചന്ദ്രസമാനവും കോമളമായ മുഖത്തോടുകൂടിയവളേ, താമരയിതൾകൾ പോലെയുള്ള കണ്ണുകളോടുകൂടിയവളേ, രാജഹംസത്തേപ്പോലെ മനോരമായി നടക്കുന്നവളേ, എന്റെ മനസ്സിൽ പ്രേമം വളരുന്നു. മനോഹരമായ പല്ലുകളോടുകൂടിയവളേ, രാജാക്കന്മാർ എല്ലാവരും കൂട്ടമായി എന്റെ കരബലത്തോട് പരാജിതരായി ഈ പുരിയിൽ വസിക്കുന്നത് കാണുന്നില്ലേ? കാർമേഘസമാനം സുന്ദരമായ തലമുടിയോടുകൂടിയവളേ, കുങ്കുമം പുരണ്ടതായ നിന്റെ കുചങ്ങൾ രണ്ടും മാറിൽ ചേർത്ത് എന്റെ ശരീരത്തെ പുണർന്നാലും.}

ജരാസന്ധപത്നിയുടെ മറുപടിപ്പദം-രാഗം:എരിക്കലകാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
"വദനസുധാകരഗളിതാമൃതരസ-
 സദൃശം തവ വചനം വല്ലഭ"
ചരണം2:
"മദനരസം വളരുന്നയി മമ
 മദനസദൃശ പുണരുക സസുഖം"
പല്ലവി:
"രാജേന്ദ്ര മഹാരഥമകുടരാജിതപദപങ്കജവീര"
{വല്ലഭാ, മുഖമാകുന്ന ചന്ദ്രനിൽ നിന്നും പുറപ്പെട്ട അമൃതരസത്തിന് തുല്യമാണ് അങ്ങയുടെ വചനം. എന്നിൽ കാമരസം വളരുന്നു. കാമസദൃശാ, രാജേന്ദ്രാ, മഹാരഥന്മാരുടെ മകുടത്തിൽ ശോഭിക്കുന്നതായ കാൽത്തളിരുകളോടുകൂടിയവനേ, വീരാ, സസുഖം പുണർന്നാലും.}

ശേഷം ആട്ടം-
ജരാസന്ധൻ പത്നിയെ ആലിംഗനം ചെയ്ത് സുഖദൃഷിയിൽ ഇരിക്കുന്നു. ഇതിനുമുൻപായി നടന്മാരുടെ മനോധർമ്മാനുസ്സരണം നായികയുടെ സൗന്ദര്യം വർണ്ണിച്ചുകൊണ്ടുള്ള ആട്ടങ്ങളും പതിവുണ്ട്.
ജരാസന്ധൻ:(സുഖദൃഷ്ടിയിൽ ഇരിക്കവെ പെട്ടന്ന് എന്തോ ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) 'ഉം, എന്തുമാകട്ടെ' (പത്നിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കവെ വീണ്ടും ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്)'എന്ത്? എന്തായാലും അന്യൂഷിച്ച് അറിയുകതന്നെ' (പത്നിയെ വിടർത്തിനിർത്തിയിട്ട്)'അല്ലയോ പ്രിയേ, നീ അന്തപ്പുരത്തിൽ പോയി സുഖമായി വസിച്ചാലും. ഞാൻ കേട്ടശബ്ദം എന്തെന്ന് അറിഞ്ഞുവരാം'
ജരാസന്ധപത്നി വണങ്ങി നിഷ്ക്രമിക്കുന്നു.
ജരാസന്ധൻ:(പത്നിയെ അയച്ച് തിരിഞ്ഞുവന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്)'കർണ്ണങ്ങൾ പൊട്ടുമാറ് ശബ്ദം കേൾക്കുന്നതെന്ത്? പർവ്വതങ്ങൾ പറന്നുവരുകയാണോ?' (ആലോചിച്ച് മനസ്സിലാക്കിയിട്ട്)'അല്ല. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധം കൊണ്ട് പർവ്വതങ്ങളുടെ ചിറക് അറുത്തുകളഞ്ഞതിനാൽ പർവ്വതങ്ങൾ പറക്കുകയില്ല. പിന്നെ എന്ത്? സമുദ്രം സത്യത്തെലംഘിച്ച് അതിർത്തികടന്ന് വരികയാണോ?' (ചിന്തിച്ചിട്ട്)'ഏയ്, ഒരുനാളും അങ്ങിനെ വരികയില്ല. പിന്നെ എന്താണ്? എന്റെ ഗോപുരദ്വാരത്തിലുള്ള പെരുമ്പറയുടെ ശബ്ദമാണോ? ഏയ്, അങ്ങിനെ വരികയില്ല. എന്തെന്നാൽ, ഭൂമിയിലുള്ള സകല രാജാക്കന്മാരേയും ഞാൻ ബന്ധിച്ചിട്ടിരിക്കുന്നതിനാൽ യുദ്ധത്തിന് വരുന്നതിനായി ആരുംതന്നെയില്ല. പിന്നെ എന്താണ്? (ചിന്തിച്ചിട്ട്)'എന്തായാലും ഇനി പോയി അറിയുകതന്നെ' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിയശേഷം ഒരുകാൽ പീഠത്തിൽ ഉയർത്തിവെച്ച് നിന്നിട്ട് മുന്നിൽ കണ്ട്)'അതാ മൂന്നുപേർ കോട്ടമതിൽ ചാടിക്കടന്ന് എന്റെ നേരെ വരുന്നു' (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്)'മൂന്ന് ബ്രാഹ്മണരാണ്. ഇവർ എന്തേ ഇപ്രകാരം വരുവാൻ കാരണം? ആകട്ടെ, ഇനി ഇവരെ സ്വീകരിച്ച് അന്വേഷിച്ചറിയുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ജരാസന്ധൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: