2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

തെക്കൻ രാജസൂയം അഞ്ചാം രംഗം

രംഗത്ത്- ജരാസന്ധൻ, ബ്രാഹ്മണർ(മൂന്ന് ഇടത്തരം മിനുക്കുവേഷങ്ങൾ), ശ്രീകൃഷ്ണൻ, ഭീമൻ, അർജ്ജുനൻ

ശ്ലോകം-രാഗം:പന്തുവരാളി
"ജരാസുതഞ്ചാപി നിരീക്ഷ്യ രാജാ
 ദാനാർത്ഥിനോ ബ്രഹ്മകുലാവതംസാൻ
 മത്വാ തു തേഭ്യോർഹണമാശു ദത്വാ
 നത്വാ ഗിരം സാനുനയം വ്യഭാണീൽ"
{ജരാസന്ധരാജൻ യാചകന്മാരായ അവരെ കണ്ട് ബ്രാഹ്മണശ്രേഷ്ഠർ എന്നുകരുതി താമസം കൂടാതെ പൂജിച്ച് നമസ്ക്കരിച്ചിട്ട് വിനയത്തോടുകൂടി പറഞ്ഞു.}

ഇടതുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണരെ കാണുന്നതോടെ വലത്തുവശത്ത് പീഠത്തിലിരിക്കുന്ന ജരാസന്ധൻ എഴുന്നേറ്റ്, അവരെ സ്വീകരിച്ചിരുത്തി വണങ്ങിയിട്ട് പദാഭിനയം ആരംഭിക്കുന്നു.

ജരാസന്ധന്റെ പദം-രാഗം:പന്തുവരാളി, താളം:മുറിയടന്ത
പല്ലവി:
"ക്ഷോണീദേവവരന്മാരേ മാനനീയശീലന്മാരേ
 സൂനബാണസമന്മാരേ ഞാനഹോ കൈവണങ്ങുന്നേൻ"
{ബ്രാഹ്മണശ്രേഷ്ഠന്മാരേ, മാനിക്കപ്പെടേണ്ടുന്ന ഗുണശീലങ്ങളോടുകൂടിയവരേ, കാമതുല്യരൂപന്മാരേ, ഞാൻ ഇതാ കൈവണങ്ങുന്നേൻ}

പല്ലവിയുടെ അന്ത്യത്തിൽ കലാശത്തിനുവട്ടമിടുമ്പോൾ ജരാസന്ധൻ ബ്രാഹ്മണരുടെ ക്ഷാത്രതേജസ്സുകണ്ട് സംശയിക്കുകയും അവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു. ഇവിടെ കലാകാർന്മാരുടെ മനോധർമ്മാനുസ്സരണം ചോദ്യോത്തരങ്ങൾ ചെയ്യും. അനന്തരം കലാശമെടുത്തിട്ട് ജരാസന്ധൻ അനുപല്ലവി അഭിനയിക്കുന്നു.

ജരാസന്ധൻ:
അനുപല്ലവി:
"ഇന്നുനിങ്ങളെ കാൺകയാൽ വന്നുമേ പുണ്യസഞ്ചയം
 വന്നു ജന്മം സഫലമായി നന്നു നന്നു ധന്യൻ ഞാനും"
ചരണം1:
"വിക്രമിയാകുമെന്നുടെ വിക്രമം പാരിടത്തിലും
 ശക്രലോകമതിങ്കലും ശക്രവൈരിലോകത്തിലും
 ചിത്രതരം കേൾപ്പാനില്ലേ ഗോത്രസത്രാശനന്മാരേ
 ഗോത്രനാഥന്മാരെല്ലാരും അത്രവന്നു വണങ്ങുന്നു"
ചരണം2:
"എന്തൊരു വാഞ്ഛിതം നിങ്ങക്കൾന്തരമില്ലതു ചൊന്നെന്നാൽ
 എന്തെന്നാകിലും തരുന്നേൻ ചിന്തയിലില്ല സംശയം"
{ഇന്ന് നിങ്ങളെ കണ്ടതിനാൽ എനിക്ക് പുണ്യം കൈവന്നു. ജന്മം സഫലമായിവന്നു. നന്നായി, നന്നായി, ഞാൻ ധന്യനായി. പരാക്രമിയായ എന്റെ അത്ഭുതകരമായ വിക്രമം ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും പറഞ്ഞുകേൾക്കുന്നില്ലെ? ബ്രാഹ്മണശ്രേഷ്ഠന്മാരേ, രാജാക്കന്മാർ എല്ലാവരും ഇവിടെവന്ന് വണങ്ങുന്നു. നിങ്ങൾക്ക് എന്താണ് ആഗ്രഹം എന്നുപറഞ്ഞാൽ, അത് എന്തുതന്നെയായാലും തടസമില്ലാതെ തരുന്നുണ്ട്. മനസ്സിൽ അതിന് സംശയമില്ല.}

രണ്ടാംചരണത്തിന്റെ അന്ത്യത്തിൽ കലാശത്തിന് കലാശത്തിനുവട്ടമിടുമ്പോൾ ജരാസന്ധൻ വാമനാവതാരകഥ ആടിയിട്ട്, മഹാബലിയെ ചതിക്കുവാൻ ബ്രാഹ്മണവേഷത്തിലെത്തിയ വിഷ്ണുവിനെപോലെ ഈ ബ്രാഹ്മണരും തന്നെ ചതിക്കുവാൻ വന്നവരാണോ എന്ന് സംശയിക്കുന്നു. തുടർന്ന് അങ്ങിനെയല്ല എന്നുവിശ്വസിച്ചുകൊണ്ട് കലാശമെടുത്ത് അവസാനിപ്പിക്കുന്നതോടെ ജരാസന്ധൻ കൃഷ്ണബ്രാഹ്മണന്റെ കൈയ്യിലടിച്ച് സത്യചെയ്യുന്നു. അനന്തരം കൃഷ്ണബ്രാഹ്മണൻ പദം അഭിനയിക്കുന്നു.

പദം-രാഗം:അസാവേരി, താളം:ചെമ്പട
കൃഷ്ണബ്രാഹ്മണൻ:

പല്ലവി:
"വീരഭൂപതിവര ധീര കേൾക്ക വചനം"
അനുപല്ലവി:
"അരിസംഘമിതഖിലം പരിചൊടിഹ
 ചരണേ തവ ശരണം പ്രാപിച്ചതു"
("വീരഭൂപതിവര ധീര കേൾക്ക വചനം")
ചരണം1:
"ഭൂദേവന്മാരെപ്പോലെ സാദരമന്യാകാംക്ഷ
 നീതിജലധേ ഞങ്ങൾക്കില്ല
 വീതശങ്കം സപദി ദ്വന്ദയുദ്ധം തരിക
 അതു സമ്പ്രതി കുതുകം പൂണ്ടിഹ വയ-
 മധുനാ തവ സവിധം പ്രാപിച്ചിതു"
("വീരഭൂപതിവര ധീര കേൾക്ക വചനം")
ചരണം2:-രാഗം:കേതാരഗൗളം
"വിക്രമി ഭീമനിവൻ
^ ശക്രനന്ദനനിവൻ
 ചക്രപാണി കൃഷ്ണനെന്നെന്നെയും ബോധിയ്ക്ക നീ
 വിക്രമി എങ്കിൽ ബാഹുവിക്രമം കാട്ടുക രിപു
 ചക്രങ്ങളെയഖിലം കൊന്നുടനിഹ
 ശീഘ്രം സുഖമഖിലം നൽകുവൻ"
{വീരാ, രാജശ്രേഷ്ഠാ, ധീരാ, വാക്കുകൾ കേട്ടാലും. ശത്രുസംഘമെല്ലാം ഇവിടെ അങ്ങയുടെ ചരണത്തെ ശരണം പ്രാപിച്ചിരിക്കുന്നു. നീതിസമുദ്രമേ, ബ്രാഹ്മണരേപ്പോലെ മറ്റാഗ്രഹങ്ങൾ ഞങ്ങൾക്കില്ല. ശങ്കയില്ലാതെ ഇവിടെ ദ്വന്ദയുദ്ധം തരുക. അതിനാണ് കൗതുകത്തോടെ ഉടനെ അങ്ങയുടെ സമീപമെത്തിയത്. പരാക്രമിയായ ഭീമനാണിവൻ, ഇന്ദ്രപുത്രനായ അർജ്ജുനനാണ് ഇവൻ, ചക്രധാരിയായുള്ള കൃഷ്ണനാണ് ഞാൻ എന്ന് നീ മനസ്സിലാക്കുക. പരാക്രമിയാണെങ്കിൽ ഉടനെ ഇവിടെ ശത്രുക്കൂട്ടങ്ങളെയെല്ലാം കൊന്ന് കരബലം കാട്ടുക. പെട്ടന്ന് എല്ലാസുഖവും നൽകുന്നുണ്ട്.}

[^'വിക്രമി ഭീമനിവൻ' എന്നാലപിക്കുന്നതോടെ ഭീമബ്രാഹ്മണനും, 'ശക്രനന്ദനനിവൻ' എന്നാലപിക്കുന്നതോടെ അർജ്ജുനബ്രാഹ്മണനും നിഷ്ക്രമിക്കുകയും ഉടൻതന്നെ യഥാക്രമം ഭീമനും അർജ്ജുനനും പ്രവേശിച്ച് തൽസ്ഥാനങ്ങളിൽ നിൽക്കുകയും ചെയ്യുന്നു. 'കൃഷ്ണനെന്നെന്നെ' എന്നുവരെ അഭിനയിച്ചിട്ട് കൃഷ്ണബ്രാഹ്മണൻ നിഷ്ക്രമിക്കുകയും ഉടൻതന്നെ കൃഷ്ണൻ പ്രവേശിച്ച് പദാഭിനയം തുടരുകയും ചെയ്യുന്നു.]

തുടർന്ന് ജരാസന്ധൻ പദം ആടുന്നു.

പദം-രാഗം:ശങ്കരാഭരണം, താളം:മുറിയടന്ത
ജരാസന്ധൻ:

പല്ലവി:
"കിന്തു ഭോ ചൊന്നതും വാസുദേവ നീ"
അനുപല്ലവി:
"ഹന്ത തവ യദി ഭവതി ഭുജബലമധിക-
 ചടുലം സമരമയി കുരു"
ചരണം1:
"തണ്ടാർമാനിനിനാഥ നീ ഭീരുവെന്നതു
 പണ്ടെ ഞാനറിയുമല്ലോ
 അണ്ടർകോൻ തനയനിന്നതി ബാലൻ
 ചണ്ഡതരരണമതിഹ ചെയ്‌‌വാൻ
 ഇണ്ടൽ നഹി ഭീമനോടയി മമ"
{വാസുദേവാ, എടാ, നീ എന്താണ് പറഞ്ഞത്? കഷ്ടം! കരബലം നിനക്ക് അധികമായി ഉണ്ടെങ്കിൽ പെട്ടന്ന് എന്നോട് യുദ്ധം ചെയ്താലും. ലക്ഷ്മീകാന്താ, നീ ഭീരുവാണന്ന് പണ്ടേ ഞാൻ അറിയുന്നതാണ്. ഇന്ദ്രപുത്രൻ ഏറെ ബാലനാണ്. ഭീമനോട് ഘോരയുദ്ധം ചെയ്യുന്നതിന് എനിക്ക് സംശയമില്ല.}

ഭീമൻ:
ചരണം2:
"വാരണായുതബലവാനിന്നു ഞാനെന്നു
 പാരം മനസി തേ ഗർവ്വം
 വീര സമരഭുവി കാൺക ബാഹുവീര്യം മേ
 വിരവിനൊടു രവിതനയപുരമതിൽ
 പരിചൊടാക്കുവനിന്നു നിന്നെ ഞാൻ"
പല്ലവി:
"കിന്തു ഭോ ചൊന്നതും മാഗധഭൂപ"
{ആനകൾക്കുതുല്യം ബലവാനാണ് ഞാൻ എന്ന് നിനക്കിന്ന് മനസ്സിൽ ഏറ്റവും ഗർവ്വുണ്ട്. വീരാ, എന്റെ കരവീര്യം യുദ്ധഭൂമിയിൽ കണ്ടുകൊൾക. ഞാൻ ഇന്നുനിന്നെ  വഴിപോലെ കാലപുരിക്കയയ്ക്കുന്നുണ്ട്. എടാ, മഗധരാജാ, എന്താണ് പറഞ്ഞത്?}

തുടർന്ന് ജരാസന്ധൻ യുദ്ധപ്പദം ആടുന്നു. കൃഷ്ണാർജ്ജുനന്മാർ നിഷ്ക്രമിക്കുന്നു.

യുദ്ധപ്പദം-രാഗം:പന്തുവരാളി, താളം:പഞ്ചാരി
ജരാസന്ധൻ:

ചരണം1:
"അതികുതുകം മേ വളരുന്നു
 മതിയിൽ നിന്നൊടു പൊരുതുവതിന്നു
 ഹതനായീടും നീ അരനിമിഷത്തിൽ
 അതു കരുതുക പവനതനയ"
പല്ലവി:
"ഏഹി ഭോ വൃകോദര വീരനെങ്കിൽ നീ
 യാഹി ഭീരുവെങ്കിലിന്നു മൈവ തേ ഭയം"
{നിന്നോട് പൊരുതുവാനായി എന്റെ മനസ്സിൽ കൗതുകം ഏറ്റവും വളരുന്നു. വായുപുത്രാ, നീ അരനിമിഷത്തിൽ കൊല്ലപ്പെടുമെന്ന് മനസ്സിലാക്കുക. വൃകോദരാ, നീ വീരനെങ്കിൽ വന്നാലും. ഭീരുവെങ്കിൽ ഓടിപ്പോ. നിനക്കു ഭയം വേണ്ടതന്നെ.}

ഭീമൻ:
ചരണം2:
"യുധിബലമിന്നു കാട്ടുക തേ ബഹു-
 വിധങ്ങളായുള്ള വചനങ്ങളലം
 അധികമായുള്ള മമ ബലം കാൺക നീ
 നിധനം ചെയ്തീടുവൻ നിന്നെ ഇന്നു ഞാൻ"
പല്ലവി:
"ഏഹിമാഗധേന്ദ്ര ഭോ വീരനെങ്കിൽ നീ"
{ബഹുവിധങ്ങളായുള്ള വാക്കുകൾ മതി. നിന്റെ ബലം ഇന്ന് യുദ്ധത്തിൽ കാട്ടുക. എന്റെ അധികമായുള്ള ബലം നീ കണ്ടുകൊള്ളുക. ഇന്ന് ഞാൻ നിന്നെ ഹനിക്കുന്നുണ്ട്. എടാ, മാഗധേന്ദ്രാ, വീരനെങ്കിൽ നീ വാ.}

ജരാസന്ധൻ:
ചരണം3:
"കൊടിയഗദാഹതികൊണ്ടു നിന്നുടൽ
 പൊടിയതാക്കുവൻ കാണെടന്മൂഢ
 മടിയതിനില്ല മനസി മേ ശൃണു
 ഝടിതി വരിക നീ രണഭൂമിയിൽ"
("ഏഹി ഭോ വൃകോദര വീരനെങ്കിൽ നീ")
{എടാ, മൂഢാ, ശക്തിയേറിയ ഗദാപ്രഹരംകൊണ്ട് നിന്റെ ഉടൽ പൊടിയാക്കുന്നുണ്ട്, കണ്ടുകൊൾക. അതിന് എനിക്ക് മനസ്സിൽ മടിയില്ലെന്ന് അറിയുക. പെട്ടന്ന് നീ യുദ്ധഭൂമിയിൽ വരിക.}


ശേഷം യുദ്ധവട്ടം-
ജരാസന്ധൻ രണ്ടു ഗദകൾ കാട്ടിയിട്ട് ഇഷ്ടമുള്ളത് എടുത്തുകൊള്ളുവാൻ ഭീമനോട് പറയുന്നു. ഭീമൻ പരിശോധിച്ച് ഒരു ഗദ തിരഞ്ഞെടുക്കുന്നു. തുടർന്ന് ഭീമനും ജരാസന്ധനും ഗദായുദ്ധം ചെയ്യുന്നു. ഇതിൽ ഭീമൻ പരാജിതനാകുന്നതോടെ ഇരുവരും മല്ലയുദ്ധത്തിലേയ്ക്ക് കടക്കുന്നു. ഭീമൻ വളരെ പ്രയാസപ്പെട്ട് ജരാസന്ധനെ നിലത്തുവീഴ്ത്തി ഒരു കാലിൽ ചവുട്ടിപ്പിടിച്ചുകൊണ്ട് മറ്റേക്കാലിൽ പിടിച്ച് ദേഹം വലിച്ചുകീറി രണ്ടാക്കിയിടുന്നു. ഇരുഭാഗങ്ങളും കൂടിച്ചേരുകയും ജരാസന്ധൻ എഴുന്നേറ്റുവന്ന് വീണ്ടും യുദ്ധമാരംഭിക്കുകയും ചെയ്യുന്നു. ഒരിക്കൽക്കൂടി ഭീമൻ ജരാസന്ധനെ വീഴ്ത്തി രണ്ടായി പിളർന്നിടുന്നു എങ്കിലും, വീണ്ടും ജീവിച്ച് എഴുന്നേൽക്കുന്ന ജരാസന്ധൻ യുദ്ധം തുടരുന്നു. ഈ സമയം പ്രവേശിക്കുന്ന അർജ്ജുനൻ ഭീമൻ കാണത്തക്കനിലയിൽ നിന്നുകൊണ്ട് ഒരു ഇല കീറി തലയും ചുവടും തിരിച്ചിട്ട് കാട്ടുന്നു. ഇതുകണ്ട് കാര്യം മനസ്സിലാക്കുന്ന ഭീമൻ ജരാസന്ധനെ വീണ്ടും വീഴ്ത്തി വലിച്ചുകീറി പകച്ചിടുന്നു. മുൻപോലെ കൂടിച്ചേരാനാകാത്തതിനാൽ ജരാന്ധന് പ്രാണഹാനി സംഭവിക്കുന്നു.
-----(തിരശ്ശീല)-----
പിന്നീട് തിരനീക്കുമ്പോൾ ശ്രീകൃഷ്ണൻ ഭീമാർജ്ജുനന്മാർക്കൊപ്പം പ്രവേശിച്ച് ജരാസന്ധനാൽ ബന്ധിതരായ രാജാക്കന്മാരെ മോചിപ്പിക്കുന്നതായും, ജരാസന്ധപുത്രനായ സഹദേവനെ മഗധയിലെ രാജാവായി അഭിഷേകം ചെയ്യുന്നതായും, രാജസൂയത്തിനാവിശ്യമായ ധനം സഹദേവനിൽ നിന്നും സമാഹരിക്കുന്നതായും ആടുന്നു.
ശ്രീകൃഷ്ണൻ:'എന്നാൽ നമുക്കിനി  ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങുകയല്ലേ?'
ഭീമാർജ്ജുനന്മാരുടെ അനുസരണകേട്ട് ശ്രീകൃഷ്ണൻ അവർക്കൊപ്പം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: