2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

തെക്കൻ രാജസൂയം മൂന്നാം രംഗം

രംഗത്ത്- ധർമ്മപുത്രൻ(ഇടത്തരം പച്ചവേഷം), ഭീമൻ(ഇടത്തരം പച്ചവേഷം), അർജ്ജുനൻ(ഇടത്തരം പച്ചവേഷം), ശ്രീകൃഷ്ണൻ

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
"ശ്രീനാരദസ്യവചനേന ജഗാമ ശൗരി-
 സ്സാകം ബലേന നിലയം കുരുപുംഗവസ്യ
 ദൃഷ്ട്വാ സമാഗതമസൗ ഭഗവന്തമാരാൽ
 സാനന്ദമേവമവദൽ ഗിരമംബുജാക്ഷം"
{ശ്രീനാരദന്റെ വചനം കേട്ട് ശ്രീകൃഷ്ണൻ ബലരാമനോടുകൂടി ധർമ്മപുത്രന്റെ വസതിയിൽ ചെന്നു. തന്റെ സമീപംവന്ന ഭഗവാനെ കണ്ട് സന്തോഷത്തോടുകൂടി ധർമ്മപുത്രൻ ആ താമരക്കണ്ണനോട് പറഞ്ഞു.}

ധർമ്മപുത്രൻ വലതുഭാഗത്ത് പീഠത്തിലിരിക്കുന്നു. അദ്ദേഹത്തിനു പിന്നിലായി ഭീമനും അർജ്ജുനനും നിൽക്കുന്നു. ഇടത്തുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ധർമ്മപുത്രാദികൾ ശ്രീകൃഷ്ണനെ കുമ്പിട്ട് വലത്തുഭാഗത്തേയ്ക്ക് ആനയിക്കുന്നു. ശ്രീകൃഷ്ണൻ വലത്തുവശം വന്ന് പീഠത്തിൽ ഇരിക്കുന്നു. കെട്ടിച്ചാടി കുമ്പിട്ടശേഷം ധർമ്മപുത്രൻ പദാഭിനയം ആരംഭിക്കുന്നു.

ധർമ്മപുത്രന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
"പാലയ മധുമഥന പാലയ പുണ്യശീല ദേവകീനന്ദന"
അനുപല്ലവി:
"ലീലാലാളിതഗോപീജാല കപിശചേല
 ലോലസുവനമാല നീലനീരദാകാര"
ചരണം1:
"വിരവൊടു ഭവാനിങ്ങവന്നതിനാൽ മമ
 പരിചൊടു വന്നതിശോഭനമതു
 കരളിലധികസുഖസാധനം ഞാനും
 പാരതിലതിധന്യൻ മാരമണ കേൾ മാന്യൻ"
ചരണം2:
"പുഷ്ക്കലമായമഖവരം നീക്കമെന്നിയെ
 സപദി സാധിപ്പതിന്നു
 പുഷ്ക്കരവിലോചന ത്വല്പാദപത്മങ്ങൾ
 മൽക്കാര്യേ തുണയ്ക്കേണം"
{മധുമഥനാ, രക്ഷിച്ചാലും. പുണ്യമായശീലങ്ങൾ പാലിക്കുന്നവനേ, ദേവകീനന്ദനാ, രക്ഷിച്ചാലും. ഗോപസമൂഹത്തെ ലീലകൊണ്ട് ലാളിക്കുന്നവനേ, പീതാംബരധാരീ, ലോലവും മനോഹരവുമായ വനമാല ധരിച്ചവനേ, നീലമേഘവർണ്ണാ, കനിവോടെ ഭവാൻ ഇവിടെ വന്നതിനാൽ ഇവിടം ഏറ്റവും ശോഭനമായി. ഞാൻ ഭൂമിയിൽ ഏറ്റവും ധന്യനുമായി. ലക്ഷ്മീകാന്താ, മാന്യാ, കേട്ടാലും. താമരക്കണ്ണാ, മംഗളകരവും ശ്രേഷ്ഠവുമായ യാഗം തടസമില്ലാതെ ചെയ്യുന്നതിനായി അവിടുത്തെ പാദപത്മങ്ങൾ വണങ്ങുന്നു. എന്റെ കാര്യത്തെ തുണയ്ക്കേണമേ.}

പദം-രാഗം:സാവേരി, താളം:ചെമ്പട
ശ്രീകൃഷ്ണൻ:

പല്ലവി:
"രാജശേഖര ധർമ്മതനൂജ രാജവംശജ
 ആജമീഢ കേൾ അനുപമഗുണഗണ
 വ്യാജഹീന വചനം മമ വീര"
ചരണം1:
"രാജവീരരെയെല്ലാമാജിയിൽ ജയിച്ചിട്ടു
 പൂജിതമായീടുന്ന രാജസൂയമഖം
 നീ ജവമൊടു ചെയ്ക ഭൂജാനേ ഇന്നുതന്നെ
 രാജബിംബസദൃശരാജിതവദന"
("രാജശേഖര ധർമ്മതനൂജ........................മമ വീര")
ചരണം2:
"ചണ്ഡവൈരിനിവഹഖണ്ഡനപടുഭുജ-
 ദണ്ഡനം മാഗധന്റെ മുണ്ഡഭേദനം ചെയ്‌വാൻ
 ചണ്ഡരണാങ്കണത്തിൽ ശൗണ്ഡനാകും ഭീമനെ കോ-
 ദണ്ഡധരമർജ്ജുനം പണ്ഡിത നീയയയ്ക്ക"
("രാജശേഖര ധർമ്മതനൂജ........................മമ വീര")
{രാജശ്രേഷ്ഠാ, ധർമ്മപുത്രാ, അജമീഢരാജന്റെ വംശത്തിൽ പിറന്നവനേ, ഉപമയില്ലാത്ത ഗുണങ്ങളോടുകൂടിയവനേ, വീരാ, കളങ്കമില്ലാത്തവനേ, എന്റെ വാക്കുകൾ കേട്ടാലും. രാജാവേ, ചന്ദ്രനേപ്പോലെ തിളങ്ങുന്ന മുഖത്തോടുകൂടിയവനേ, രാജവീരരെയെല്ലാം യുദ്ധത്തിൽ ജയിച്ചിട്ട് നീ ഇന്നുതന്നെ ദിവ്യമായ രാജസൂയയാഗം ഭംഗിയായി ചെയ്താലും. പണ്ഡിതാ, ക്രൂരന്മാരായ ശത്രുക്കളെ നശിപ്പിക്കുവാൻ ശക്തമായ കൈകളോടുകൂടിയവനേ, അഹങ്കാരിയായ ജരാസന്ധനെ യുദ്ധത്തിൽനേരിട്ട് വധിക്കുവാനായി, ശക്തനായ ഭീമനെ ചാപധാരിയായ അർജ്ജുനനോടൊപ്പം നീ അയയ്ക്കുക.}

ശ്രീകൃഷ്ണൻ പദം കലാശിച്ച് പീഠത്തിൽ ഇരിക്കുന്നു. ധർമ്മപുത്രൻ ഭീമാർജ്ജുനന്മാരോടായി പദം ആടുന്നു.

ധർമ്മപുത്രൻ:
ചരണം3:
"മിത്രജനപാലക അത്രവരിക ഭീമ വൃത്രവൈരിതന്നുടെ
 പുത്രഹേ സവ്യസാചിൻ തത്ര ജരാസുതനെ ചിത്രഭാനുതന്നുടെ
 പുത്രസവിധേയാക്കി ക്ഷത്രധർമ്മം രക്ഷിയ്ക്ക
 പോക നിങ്ങളും ശ്രീവല്ലഭേന സാകം സോദരൗ"
{സുഹൃത്ത്ജനരക്ഷകനായ ഭീമാ, ഇന്ദ്രപുത്രനായ ഹേ അർജ്ജുനാ, ജരാസന്ധനെ കാലപുരിയിലേയ്ക്കയച്ച് ക്ഷത്രിയധർമ്മം പാലിക്കുക. സോദരന്മാരേ, അതിനായി ശ്രീകൃഷ്ണനോടൊപ്പം നിങ്ങളും ഇപ്പോൾ പോവുക.}

ശേഷം ആട്ടം-
പദം കലാശിച്ച് കുമ്പിടുന ധർമ്മപുത്രനെ ശ്രീകൃഷ്ണൻ അനുഗ്രഹിക്കുന്നു. തന്നെ വണങ്ങുന്ന ഭീമാർജ്ജുനന്മാരെ അനുഗ്രഹിച്ച് ശ്രീകൃഷ്ണനൊപ്പം യാത്രയാക്കിക്കൊണ്ട് ധർമ്മപുത്രൻ നിഷ്ക്രമിക്കുന്നു. ഭീമാർജ്ജുനന്മാർക്കൊപ്പം യാത്രയായി തിരിഞ്ഞ് ശ്രീകൃഷ്ണൻ വീണ്ടും മുന്നോട്ടു വരുന്നു.
ശ്രീകൃഷ്ണൻ:'ഇനി നമുക്ക് ഉടനെ ഗിരിവ്രജരാജധാനിയിലേയ്ക്ക് പോകാം. അവിടെയെത്തി ജരാസന്ധനെ കണ്ടാൽ, നമ്മളിൽ ഒരാളോട് യുദ്ധംചെയ്യാമെന്ന് സൂത്രത്തിൽ അവനെക്കൊണ്ട് സമ്മതിപ്പിക്കണം. അവൻ വലിയ ബ്രാഹ്മണഭക്തനാണ്. അതിനാൽ നമുക്ക് ബ്രാഹ്മണവേഷം ധരിച്ച് പോവുകതന്നെ.'
മൂവരും ബ്രാഹ്മണരായി വേഷം മാറുന്നതായി നടിച്ചിട്ട് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടുന്നു.
ശ്രീകൃഷ്ണൻ:(മുന്നിൽ കണ്ടിട്ട്)'അതാ വലിയ കോട്ടയോടും ഗോപുരങ്ങളോടും കൂടിയ മഗധരാജധാനി കാണുന്നു' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)' ഇതാ ഗോപുരവാതിൽക്കൽ വലുതായ പെരുമ്പറകാണുന്നു. ഇനി നമുക്കിത് കൊട്ടി ഉടയ്ക്കുകതന്നെ.' (പെരുമ്പറ അടിച്ചുടച്ചശേഷം) 'നമുക്ക് ഈ ഗോപുരവാതിലിൽക്കൂടി ഉള്ളിൽ കടക്കണ്ട. ശത്രുപുരത്തിലേയ്ക്ക് നേരായവാതിലിലൂടെ കടന്നുകൂടാ. അതിനാൽ നമുക്ക് കോട്ടമതിൽചാടി അപ്പുറത്തേയ്ക്ക് കടക്കുകതന്നെ.'
മൂവരുംചേർന്ന് വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട് ഓരോരുത്തരായി മതിലിൽ(പീഠത്തിൽ) കയറി മറുവശത്തേയ്ക്ക് ചാടിയിറങ്ങുന്നു.
ശ്രീകൃഷ്ണൻ:'ഇനി നേരേപോയി രാജാവിനെ കാണുകതന്നെ'
മൂവരുംചേർന്ന് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: