2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

തെക്കൻ രാജസൂയം രണ്ടാം രംഗം

രംഗത്ത്- ബലഭദ്രൻ(മുടിവെച്ച കുട്ടിത്തരം പഴുപ്പുവേഷം), ശ്രീകൃഷ്ണൻ, ഉദ്ധവൻ(കുട്ടിത്തരം പച്ചവേഷം), ദൂതൻ(കുട്ടിത്തരം മിനുക്കുവേഷം), നാരദൻ(രണ്ടാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:മോഹനം
"സഭായാമാസീന ഭഗവതി നിജാര്യേണ ഹലിനാ
 സമം മന്ത്രിവ്രതൈര്യദുകുലമഹീശൈരപി മുദാ
 തദാ ദൂതഃ കശ്ചിന്മഗധനൃപരുദ്ധൈർന്നരവരൈ-
 ർന്നിയുക്തസ്തം നത്വാ ഹരിമയമവോചൽ ഗിരമിമാം"
{ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ജേഷ്ഠനായ ബലഭദ്രനോടും മന്ത്രിമാരോടുംകൂടി സന്തോഷപൂർവ്വം സഭയിൽ ഇരിക്കുന്ന സമയത്ത് മഗധരാജാവായ ജരാസന്ധനാൽ തടവിലാക്കപ്പെട്ട രാജാക്കന്മാർ പറഞ്ഞയച്ച ഒരു ദൂതൻ പ്രവേശിച്ച് ഭഗവാനെ വന്ദിച്ച് ഇങ്ങിനെ പറഞ്ഞു.}

ഇടത്തുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ദൂതൻ വലതുഭാഗത്തായി പീഠങ്ങളിൽ ഇരിക്കുന്ന ബലരാമനേയും ശ്രീകൃഷ്ണനേയും ഉദ്ധവനേയും കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

ദൂതന്റെ പദം-രാഗം:മോഹനം, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
"ശ്രീനായക ഹരേ ശ്രീനാരദനുത ശ്രീനാരായണ ജയവിഭോ"
അനുപല്ലവി:
"ഭൂനായകന്മാർ ചൊന്നോരു വചനങ്ങൾ
 കനിവോടിങ്ങുണർത്തിപ്പാൻ ഇഹ വന്നേൻ ഞാനും"
ചരണം1:(മൂന്നാം കാലം)
"ദുഷ്ടനാകുന്ന മാഗധഭൂപതി ധൃഷ്ടതകൊണ്ടു ഭൂമിപാലകന്മാരെ
 പെട്ടന്നു ജയിച്ചു രണാങ്കണേ കെട്ടിയിട്ടു ഗിരിവ്രജകാനനേ
 അവർ കഷ്ടം വ്യസനമനുഭവിക്കുന്നു ധരിക്കേണം"
ചരണം2:
"ഇന്നുതന്നെ ജരാസന്ധനെ കൊന്നു മന്നവന്മാരെയെല്ലാരെയും
 നന്ദനന്ദന പാലിക്കേണമതിനിന്നു വൈകരുതിക്ഷണം വേഗം
 നന്ദിയോടെഴുന്നള്ളണം കൃഷ്ണ"
{ലക്ഷ്മീനായകാ, ഹരേ, ശ്രീനാരദാതികളാലും നമിക്കപ്പെടുന്നവനേ, ശ്രീനാരായണാ, പ്രഭോ, വിജയിച്ചാലും. രാജാക്കന്മാർ പറഞ്ഞ വാക്കുകൾ കനിവോടെ വന്നതാണ് ഞാൻ. ദുഷ്ടനാകുന്ന മഗധരാജാവ് ചതികൊണ്ട് രാജാക്കന്മാരെ യുദ്ധഭൂമിയിൽ പെട്ടന്ന് ജയിച്ചിട്ട് ഗിരിവ്രജകാനനത്തിൽ കെട്ടിയിട്ടു. കഷ്ടം! അവർ വ്യസനം അനുഭവിക്കുകയാണ് എന്ന് അറിഞ്ഞാലും. നന്ദനന്ദനാ, ഇന്നുതന്നെ ജരാസന്ധനെ കൊന്ന് രാജാക്കന്മാരെയെല്ലാം രക്ഷിക്കേണമേ. അതിനിന്ന് വൈകരുതേ. കൃഷ്ണാ, ഈ ക്ഷണം കൃപയോടെ വേഗം എഴുന്നള്ളീടേണം.}

പദം കലാശിച്ച് കെട്ടിച്ചാടി കുമ്പിട്ടിട്ട് ദൂതൻ തൊഴുതുമാറി നിൽക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു. ഈ സമയത്ത് കൃഷ്ണൻ നാരദന്റെ വരവ് കാണുന്നു.

ശ്ലോകം-രാഗം:ശഹാന
"ശ്രീവാസുദേവനൊടുരാജവിസൃഷ്ടദൂതൻ
 ഏവം പറഞ്ഞളവു നാരദമാമുനീന്ദ്രം
 കാർവർണ്ണനങ്ങു സമുപാഗതമന്തികേ തം
 പ്രാവോചദംബുജഭവസ്യ സുതം സമോദം"
{രാജാക്കന്മാരാൽ അയയ്ക്കപ്പെട്ട ദൂതൻ ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞ സമയത്ത് തന്റെ സമീപം വന്ന മാമുനീന്ദ്രനായ നാരദനെ സന്തോഷത്തോടുകൂടി സ്വീകരിച്ച് ശ്രീകൃഷ്ണൻ ഇങ്ങിനെ പറഞ്ഞു.}

ശ്ലോകം കലാശിക്കുന്നതോടെ നാരദൻ ഇടതുഭാഗത്തുകൂടി സ്തുതിപ്പദം ആടിക്കൊണ്ട് പ്രവേശിക്കുന്നു.


നാരദന്റെ സ്തുതിപ്പദം-രാഗം:ശഹാന, താളം:അടന്ത(മൂന്നാംകാലം)
ചരണം1:
"ദേവകീനന്ദന കൃഷ്ണ ഹരേ ജയ
 ദേവവരാനുജ ദീനദയാപര
 ശ്രീവരശൗരേ ദനുജവനദാവ മുരാരേ
 പാഹി വിഭോ ദേവ കംസാരേ"
ചരണം2:
"അംബരമണികുലദീപ രഘൂത്തമ
 കംബുഗദാധര കാരണപൂരുഷ
 അംബുജനയന രാകാശശിബിംബവദന
 അധരജിതബിംബ ഭൂരമണ"
ചരണം3:
"ജനിമൃതിഭയഹര ജലദസന്നിഭദേഹ
 ജനകസുതാമുഖ കമലദിവാകര
 ഫണിവരശയന ചരണനതജന കൃതകരുണ
 മധുമഥന കനകസുവസന"
{ദേവകീനന്ദനാ, ഹരേ കൃഷ്ണാ, വിജയിച്ചാലും. ദേവശ്രേഷ്ഠന്റെ അനുജാ, ദീനജനങ്ങളിൽ ഏറ്റവും ദയയുള്ളവനേ, ശ്രീമതേ, ശൗരേ, അസുരരാകുന്ന കാടിന് കാട്ടുതീയായുള്ളവനേ, മുരാരേ, പ്രഭോ, ദേവാ, കംസാരേ, രക്ഷിച്ചാലും. ദേവകുലത്തിന് മണിദീപമായുള്ളവനേ, രഘൂത്തമാ, ശംഖും ഗദയും ധരിക്കുന്നവനേ, കാരണപൂരുഷാ, താമരക്കണ്ണാ, ചന്ദ്രബിംബാനനാ, തൊണ്ടിപ്പഴത്തെ വെല്ലുന്ന അധരങ്ങളോടുകൂടിയവനേ, രാജാവേ, ജനനമരണഭയങ്ങളെ ഇല്ലാതെയാക്കുന്നവനേ, മേഘവർണ്ണാ, ജനകസുതയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായുള്ളവനേ, അനന്തശായീ, മധുമഥനാ, പീതാബരാ, ചരണങ്ങളിൽ നമിക്കുന്ന ജനങ്ങളിൽ കരുണചെയ്താലും.}

സ്തുതിപ്പദം കലാശിച്ച് 'കിടതകധീം,താം'മേളത്തിനൊപ്പം നാരദൻ മുന്നോട്ടുവരുന്നു. പരസ്പരം കാണുന്നതോടെ ബലഭദ്രാദികൾ എഴുന്നേറ്റ് വന്ദിച്ച് നാരദനെ ആദരവോടെ വലതുഭാഗത്തേയ്ക്ക് ആനയിക്കുന്നു. അനുഗ്രഹിച്ച്, വലതുവശത്തേയ്ക്ക് വന്ന് നാരദൻ പീഠത്തിൽ ഇരിക്കുന്നു. നാരദനെ കുമ്പിട്ടിട്ട് ശ്രീകൃഷ്ണൻ പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:മുഖാരി, താളം:അടന്ത(രണ്ടാംകാലം)
പല്ലവി:
"അരവിന്ദോത്ഭവസംഭവ
 അരവിന്ദാരുണേ തവ ചരണേ കൈവണങ്ങുന്നേൻ"
ചരണം1:
"നിന്തിരുവടിതന്നെ അന്തികേ കണ്ടതിനാൽ
 സന്തോഷം വളരുന്നു ചിന്തയിൽ മഹാമുനേ"
ചരണം2:
"എങ്ങുനിന്നെഴുന്നള്ളി മംഗലശീല നീയും
 ഭംഗിയോടരുൾചെയ്ക തുംഗതാപസമൗലേ"
ചരണം3:
"ധർമ്മനന്ദനൻ തന്നെ നന്മയോടുകണ്ടിതോ
 സമ്മതമവൻ തന്റെ സാമോദമരുൾചെയ്ക"
{ബ്രഹ്മസുതാ, അങ്ങയുടെ പദചെന്താമരകളിൽ കൈവണങ്ങുന്നേൻ. മഹാമുനേ, നിന്തുരുവടിയെ സമീപത്ത് കണ്ടതിനാൽ മനസ്സിൽ സന്തോഷം വളരുന്നു. മംഗളശീലാ, താപസശ്രേഷ്ഠാ, എവിടെനിന്നാണ് എഴുന്നള്ളിയത് എന്ന് നന്നായി പറഞ്ഞാലും. ധർമ്മപുത്രനെ നന്നായി കണ്ടുവോ? സന്തോഷത്തോടുകൂടി അവന്റെ വാർത്തകൾ പറഞ്ഞാലും.}

നാരദന്റെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത
പല്ലവി:
"ശ്രീമാധവ ജയജയ സന്തതം ശ്രീതജനസന്താന"
അനുപല്ലവി:
"ശ്രീമൻ ഭഗവൻ ശൃണുമേ ഗിരം ശിശിരകിരണവദന മുരാരേ"
ചരണം1:
"ധർമ്മപരായണ ധർമ്മതനൂജനു സമ്മതമായിന്നു ഒരു
 കർമ്മംചെയ്തീടണമായതിനിന്നു തേ സമ്മോദം കാംക്ഷിക്കുന്നു അതു
 ധർമ്മശാസ്ത്രവിഹിതം രാജസൂയം കല്മഷഹീനമല്ലോ മുകുന്ദ"
ചരണം2:
"ശങ്കരസന്നുത നിൻകൃപയാൽ മഖം ശങ്കാഹീനം സാധിപ്പാനിന്നു
 തിങ്കൾകുലജാതനാകും മഹീപതിതങ്കൽ കടാക്ഷിക്കേണം
 പങ്കജസംഭവസന്നുതപദയുഗപങ്കജദളനയന ഗോവിന്ദ"
ചരണം3:
"ഭക്തനാകുന്ന മഹീപതിതന്നുടെ ചിത്തമോദംചെയ്‌വാനായ് ഭഗവാൻ
 തത്ര ശക്രപ്രസ്‌ഥേ ചെല്ലേണം കേശവ സത്വരം ദീനബന്ധോ
 ചിത്തജകോടിസമാകൃതേ രുഗ്മിണീചിത്തകമലഭാസ്ക്കര സുരേശ"
{ശ്രീമാധവാ, സജ്ജനങ്ങൾക്ക് എപ്പോഴും കല്പവൃക്ഷമായുള്ളവനേ, ജയിച്ചാലും, ജയിച്ചാലും. ശ്രീമാനായ ഭഗവാനേ, ചന്ദ്രവദനാ, മുരാരേ, എന്റെ വാക്കുകൾ കേട്ടാലും. ധർമ്മപരായണനായ ധർമ്മപുത്രൻ ഇന്ന് സന്തോഷത്തോടുകൂടി ഒരു കർമ്മം ചെയ്യുന്നതിനായി അങ്ങയുടെ സമ്മതത്തെ കാംക്ഷിക്കുന്നു. മുകുന്ദാ, അത് ധർമ്മശാസ്ത്രവിഹിതവും പാപഹരവുമായ രാജസൂയം ആണ്. ശ്രീപരമേശ്വരനാലും നമിക്കപ്പെടുന്നവനേ, ബ്രഹ്മദേവനാലും വണങ്ങപ്പെടുന്ന പാദങ്ങളോടുകൂടിയവനേ, താമരക്കണ്ണാ, ഗോവിന്ദാ, യാഗം സംശയം തീർന്ന് നടത്തുന്നതിനായി ഇന്ന് ചന്ദ്രവംശജനായ ആ രാജാവിനെ അവിടുന്ന് കൃപയോടെ കടാക്ഷിക്കേണം. കേശവാ, ദീനബന്ധോ, കാമകോടിസുന്ദരാ, രുഗ്മിണീദേവിയുടെ മനസ്സാകുന്ന താമരയ്ക്ക് സൂര്യനായുള്ളവനേ, സുരേശാ, ഭക്തനാകുന്ന രാജാവിന്റെ മനസ്സിൽ സന്തോഷമുണ്ടാക്കുവാനായി ഭഗവാൻ പെട്ടന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് ചെന്നാലും.}

പദം കലാശിച്ച് നാരദൻ പീഠത്തിൽ ഇരിക്കുന്നു. ശ്രീകൃഷ്ണൻ ബലഭദ്രനോടായി പദം ആടുന്നു.

പദം-രാഗം:കാമോദരി, താളം:ചെമ്പട
ശ്രീകൃഷ്ണൻ:
പല്ലവി:
"ആര്യയാദവവീര ശൃണു നീ അധുനാ മമ വചനം
 ശൗര്യനിധേ കാമപാല"
അനുപല്ലവി:
"കാര്യമൊന്നിഹ ഞാൻ ഭവാനൊടു
 തരസാ പറയുന്നേനയി ധീര"
("ആര്യയാദവവീര ശൃണു നീ അധുനാ മമ വചനം ശൗര്യനിധേ കാമപാല")
ചരണം1:
"ഘോരമാഗധൻ തന്റെ നിന്ദ്യകർമ്മങ്ങളെല്ലാം
 വീര ഹേ ദൂതൻ ചൊന്നതു കേട്ടില്ലേ
 പാരാതെയവനെ ക്രൂരരണേ ഹനിപ്പാൻ മെല്ലെ ചിന്തിച്ചീടേണം
 നാരദോക്തികൾ സാരസാരമതിന്നുമൊരുത്തരം ചാരു ചൊല്ലുക
 വാരിജതുല്യവിലോചന സഹജ വാരണവരഗമന"
("ആര്യയാദവവീര ശൃണു നീ അധുനാ മമ വചനം ശൗര്യനിധേ കാമപാല")
{ജേഷ്ഠാ, യാദവവീരാ, ശൗര്യനിധേ, ബലഭദ്രാ, അവിടുന്ന് ഇപ്പോൾ എന്റെ വചനം ശ്രവിച്ചാലും. ധീരാ, ഒരു കാര്യം ഇപ്പോൾ ഞാൻ ഭവാനോട് സാദരം പറയുന്നു. ഹേ വീരാ, ഘോരനായ മാഗധന്റെ നിന്ദ്യകർമ്മളെയെല്ലാം ദൂതൻ പറഞ്ഞത് കേട്ടില്ലേ? അവനെ താമസിയാതെ ക്രൂരമായ യുദ്ധത്തിൽ നശിപ്പിക്കുവാനായി മെല്ലെ ചിന്തിക്കണം. താമരയിതളിനുതുല്യമായ കണ്ണുകളോടുകൂടിയവനേ, സഹോദരാ, ഗജശ്രേഷ്ഠനൊത്ത നടയോടുകൂടിയവനേ, നാരദന്റെ വാക്കുകളും പ്രധാനപ്പെട്ടതാണ്. അതിനും നല്ല ഒരു ഉത്തരം ഇന്ന് പറയണം.}

ബലഭദ്രൻ:
ചരണം2:
"സാദരം കേട്ടീടേണം സാധു മേ വചനങ്ങൾ
 സോദര രുചിരഗുണജാല
 സൂദനംചെയ്തു ബാധാകരം മാഗധഭൂപാലം പുനരിന്നുതന്നെ
 ജാതകുതുകം ബാധാജാതമശേഷമകന്നു മേദിനീവരധർമ്മജസവിധേ
 തരസാ വയമപി മോദേന പോകണമധുനാ"
പല്ലവി:
"വാരിദാഞ്ചിതരുചിരകളേബര വചനം മമ
 ശൃണു നീ വാരിജലോചന കൃഷ്ണ"
{സോദരാ, സത്ഗുണങ്ങളോടുകൂടിയവനേ, എന്റെ സാധുവായ വാക്കുകളെ സാദരം കേൾക്കുക. മേഘവർണ്ണാ, സുന്ദരരൂപാ, ദുഃഖമുണ്ടാക്കുന്നവനായ മഗധരാജനെ ഇന്നുതന്നെ ഉത്സാഹത്തോടെ നശിപ്പിച്ച് രാജാക്കന്മാരുടെ ദുഃഖമെല്ലാം അകറ്റിയശേഷം, വൈകാതെ സന്തോഷത്തോടുകൂടി നമുക്കിപ്പോൾ രാജശ്രേഷ്ഠനായ ധർമ്മപുത്രന്റെ സമീപത്ത് പോകണം. കാർമേഘനിറമാർന്ന സുന്ദരമായ ശരീരത്തോടുകൂടിയവനേ, താമരക്കണ്ണാ, കൃഷ്ണാ, നീ എന്റെ വാക്ക് കേൾക്കുക.}

ഉദ്ധവൻ:
ചരണം3:
"ധർമ്മജസവിധേ നാം തരസാ ചെന്നുടനങ്ങു
 തന്മതമഖിലവുമറിഞ്ഞു ചെമ്മേ പുനരുടനെ
 സമ്മോദംപൂണ്ടു പറഞ്ഞു നിർണ്ണയിച്ചീടാം
 ധർമ്മഹേതുവിധർമ്മകർമ്മകല്മഷഘ്നം മഖവും കാണാം
 സമ്മതമിഹ കിം തവ വദ മാധവ ശർമ്മം നല്കണമഖിലർക്കും"
പല്ലവി:
"ദേവദേവ ഹരേ പുരുഷോത്തമ ദേവകീനന്ദന ദേവവരാനുജ ശൗരേ"
{നമുക്ക് ഉടനെ ധർമ്മപുത്രന്റെ സമീപത്തുചെന്ന് വഴിപോലെ അദ്ദേഹത്തിന്റെ ആഗ്രഹമെല്ലാം അറിഞ്ഞിട്ട്, ധർമ്മകാരണമായ വിവിധകർമ്മങ്ങളെയും അധർമ്മനാശനത്തേയും കുറിച്ച് സംസാരിച്ച് തീരുമാനിക്കാം. യാഗവും കാണാം. മാധവാ, അങ്ങയുടെ ഇഷ്ടം എന്തെന്ന് പറഞ്ഞാലും. ദേവദേവാ, ഹരേ പുരുഷോത്തമാ, ദേവകീനന്ദനാ, ദേവേന്ദ്രാനുജാ, ശൗരേ, എല്ലാവർക്കും സുഖം നൽകണം.}

ഉദ്ധവൻ പദാഭിനയം കലാശിക്കുന്നതോടെ ഗായകർ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:കല്യാണി
"ദൂതസ്യ വാക്യമപി നാരദവാചമേവം
 ശ്രുത്വാ ബലേന ബലിനാ ച സഹോദ്ധവേന
 ആമന്ത്ര്യ കാര്യമഖിലം ജഗദേകനാഥഃ
 ശ്രീനാരദം ച നൃപദൂതമവോചദേവം"
{ദൂതന്റേയും നാരദന്റേയും വാക്കുകൾ കേട്ടിട്ട് ലോകനാഥനായ ശ്രീകൃഷ്ണൻ ബലവാനായ ബലദേവനോടും മന്ത്രിയായ ഉദ്ധവനോടും ഇപ്രകാരമെല്ലാം ആലോചിച്ചശേഷം ശ്രീനാരദനോടും രാജദൂതനോടും ഇങ്ങിനെ പറഞ്ഞു.}

ശ്രീകൃഷ്ണൻ ദൂതനോടായി പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട
പല്ലവി:
"ദേവർഷിപുംഗവ കേൾക്ക മേ ഗിരം ദേവദനുജനതപദയുഗളം"
അനുപല്ലവി:
"ഭാവുകം പാണ്ഡുനന്ദനന്മാർക്കിന്നു കേവലം വരു-
 മില്ലൊരു സംശയം ദേവതോഷമഖവും സുകരം"
ചരണം1:
"വിക്രമേണ ജയിച്ചു ധീരൻ രാജചക്രമഖിലവുമിന്നവൻ
 ശക്രസൂനുസഹായവാൻ സുരചക്രതോഷണമഖവും ചെയ്യും
 വിക്രമസഹിതാരാതിചക്രസൂദനനാര്യനും
 ചക്രപാണിയാം ഞാനും ശക്രപ്രസ്‌ഥേ വന്നിടാം"
{ദേവർഷിശ്രേഷ്ഠാ, ദേവന്മാരാലും അസുരന്മാരാലും നമിക്കപ്പെടുന്ന കാലിണകളോടുകൂടിയവനേ, എന്റെ വാക്കുകൾ കേൾക്കുക. പാണ്ഡവന്മാർക്ക് ഇന്ന് മംഗളം ഭവിക്കും. അതിന് സംശയമില്ല. ദേവകൾക്ക് സന്തോഷമുണ്ടാക്കുന്നതായ യാഗവും നല്ലതാണ്. അർജ്ജുനന്റെ സഹായത്തോടെ രാജാക്കന്മാരെ എല്ലാവരേയും പരാക്രമം കൊണ്ട് വിജയിച്ച് ധീരനായ ധർമ്മപുത്രരാജാവ് ദേവകൾക്ക് സന്തോഷകരമായ യാഗവും ചെയ്യും. പരാക്രമികളായ ശത്രുക്കളെ നശിപ്പിക്കുന്നവനായ ബലഭദ്രജേഷ്ഠനും ചക്രപാണിയായ ഞാനും ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വന്നുകൊള്ളാം.}

ചരണം കലാശിച്ച് ശ്രീകൃഷ്ണൻ വണങ്ങി നാരദനെ യാത്രയാക്കുന്നു. അനുഗ്രഹിച്ച് നാരദൻ നിഷ്ക്രമിക്കുന്നു. ശ്രീകൃഷ്ണൻ ദൂതനോടായി അടുത്ത ചരണം ആടുന്നു.

ചരണം2:
"രാജദൂതാ നീ കേൾക്കേണം ഗിരം രാജവരരോടുചൊല്ലേണം
 രാജസഞ്ചയവൈരിണം കൊന്നു രാജകുലപരിപാലനംചെയ്‌വൻ
{രാജദൂതാ, നീ എന്റെ വാക്കുകൾ കേൾക്കുക. രാജാക്കന്മാരുടെ ശത്രുവിനെ കൊന്ന് രാജകുലത്തെ പരിപാലനം ചെയ്തുകൊള്ളാമെന്ന് രാജാക്കന്മാരോട് പറയുക.}

ദൂതൻ രാമകൃഷ്ണന്മാരെ വന്ദിച്ച് നിഷ്ക്രമിക്കുന്നു. ദൂതനെ അനുഗ്രഹിച്ച് യാത്രയാക്കിയശേഷം ശ്രീകൃഷ്ണൻ ബലഭദ്രനോടായി അടുത്ത ചരണം ആടുന്നു.

ചരണം3:
"രാജവംശസഞ്ജാതരാജീവലോലനയന
 രാജന്ദ്രധർമ്മനന്ദനരാജസൂയത്തിനു മുൻപേ പോക
 രാജസമാജസവിധേ വേഗമോടു സൽഗുണജലധേ"
{രാജശ്രേഷ്ഠാ, തമരപ്പൂവിനുസമവും ലോലവുമായ കണ്ണുകളോടുകൂടിയവനേ, സൽഗുണസമുദ്രമേ, ആദ്യമായി രാജേന്ദ്രനായ ധർമ്മപുത്രന്റെ രാജസൂയത്തിനായി വേഗത്തിൽ പാണ്ഡവരുടെ സമീപത്തേയ്ക്ക് പോകാം.}

ശേഷം ആട്ടം-
ശ്രീകൃഷ്ണൻ:'എന്നാൽ ഇനി വേഗം പുറപ്പെടുകയല്ലേ?'
ബലരാമോദ്ധവന്മാർ:' അങ്ങിനെതന്നെ'
സഭപിരിഞ്ഞ് ബലരാമനും ഉദ്ധവനും നിഷ്ക്രമിക്കുന്നു.
ശ്രീകൃഷ്ണൻ:(ബലരാമോദ്ധവന്മാരെ അയച്ചുതിരിഞ്ഞുവന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി ദാരുകനെ കണ്ട്, അനുഗ്രഹിച്ചിട്ട്)'എടോ സൂതാ, എന്റെ രഥം വേഗം തയ്യാറാക്കി കൊണ്ടുവരിക' (ദാരുകനെ അനുഗ്രഹിച്ചയച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് വീണ്ടും ദാരുകനെ കണ്ട്)'കൊണ്ടുവന്നുവോ?' (തേര് നോക്കിക്കണ്ട്, പിടിച്ചിളക്കിനോക്കിയശേഷം)'നന്നായിരിക്കുന്നു' (ആത്മഗതമായി)'എന്നാൽ ഇനി ബന്ധുമിത്രാദികളോടുകൂടി പുറപ്പെടുകതന്നെ' (സൂതനോടായി)'എന്നാൽ ഇനി രഥം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം തേരിലേയ്ക്ക് ചാടിക്കയറി പുറപ്പെടുന്നതായി ഭാവിച്ച് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: