2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

തെക്കൻ രാജസൂയം ഒന്നാം രംഗം

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), രുഗ്മിണി(കുട്ടിത്തരം സ്ത്രീവേഷം), സത്യഭാമ(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:മുഖാരി
"ശ്രീവല്ലഭോ നിശി രമാസദൃശൈരുദാരൈർ-
 ദ്ദാരൈർന്നിജൈസ്സഹ രതീം കൃതവാംസ്തദാനീം
 ആലോക്യ കാന്തിരഹിതം ശശിനം പ്രഭാതേ
 ലീലാവിയോഗവിധുരേ ദയിതേ ജഗാദ"
{മഹാലക്ഷ്മിക്കു് തുല്യകളും ശ്രേഷ്ഠകളുമായ തന്റെ ഭാര്യമാരോടുകൂടി ശ്രീകൃഷ്ണൻ രാത്രിയിൽ രമിച്ചു. പിന്നീട് പ്രഭാതത്തിലെ കാന്തികുറഞ്ഞ ചന്ദ്രനെകണ്ട് വിരഹത്തെയോർത്ത് ദുഃഖിക്കുന്നവരായ ഭാര്യമാരോട് പറഞ്ഞു.}

രുഗ്മിണിയുടേയും സത്യഭാമയുടേയും കൈകോർത്തുപിടിച്ചുകൊണ്ട് പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ സാവധാനം മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലുമായി നിർത്തിയിട്ട്, ഇരുവരേയും വെവ്വേറെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:മുഖാരി, താളം:ചമ്പ(ഒന്നാം കാലം)
പല്ലവി:
"മദിരാക്ഷി മമ ജീവനായികേ രുഗ്മിണി
 മദഭിലഷിതം സർവ്വം സത്യഭാമേ നീയും"
ചരണം1:
"സുദതി സുരഭിലസുവേണി സുകോകിലസമമൃദുവാണി
 സുശീലേ കാമിനി ശശധരസമമുഖി നനു ശൃണു"
ചരണം2:
"ശശിബിംബമിതു കാൺക ശൈലവരേ ചരമേ
 മസൃണതരതാരതതിയും കാൺക ധന്യേ"
{സുന്ദരീ, എന്റെ ജീവനായികേ, രുഗ്മിണീ, സത്യഭാമേ, മനോഹരമായ പല്ലുകളോടുകൂടിയവളേ, മനോഹരമായ നല്ല തലമുടിയോടുകൂടിയവളേ, നല്ല കുയിലിനുതുല്യം മൃദുവായ ശബ്ദത്തോടുകൂടിയവളേ, സുശീലേ, കാമിനീ, ചന്ദ്രസമമുഖീ, നിങ്ങൾ കേട്ടാലും. പർവ്വതശ്രേഷ്ഠനിൽ അസ്തമിക്കുന്നതായ ഈ ചന്ദ്രബിംബത്തെ കണ്ടാലും. ധന്യേ, വെളിച്ചം കുറഞ്ഞ നക്ഷത്രങ്ങളേയും കണ്ടാലും.}

രുഗ്മിണീസത്യഭാമമാരുടെ മറുപടിപ്പദം-രാഗം:നീലാബരി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
"വാരിജവിലോചന വചനം മേ ശൃണു നീ
 വീര നിൻ വിരഹം ഞാൻ വിഷഹേ കഥമിദാനീം"
ചരണം1:
"ചന്ദ്രവദന നീയും സാനന്ദമിന്നു മമ
 പന്തൊക്കും കുളിർകൊങ്ക പുണർന്നു മരുവേണം
 ചെന്താർബാണനുമെന്നിൽ ചെമ്മേ വാമനാകുന്നു"
("വാരിജവിലോചന വചനം മേ...............................കഥമിദാനീം")
ചരണം2:
"കമ്രതരരൂപ ഹേ കാന്ത കരുണാരാശേ
 താമ്രപല്ലവാധരരസമിന്നു തരിക
 താമ്രചൂഡതതിയും കൂജനംചെയ്യുന്നഹോ"
("വാരിജവിലോചന വചനം മേ...............................കഥമിദാനീം")
ചരണം3:
"ദിനമണിരുചി മന്ദം ദിശിദിശി വിലസുന്നു
 മനസി മേ വളരുന്നൂ മാധവ താപം
 കനിവൊടു പരിരംഭണം കണവ നീ ചെയ്തീടണം"
("വാരിജവിലോചന വചനം മേ...............................കഥമിദാനീം")
{താമരക്കണ്ണാ, അവിടുന്ന് എന്റെ വാക്ക് ശ്രവിച്ചാലും. വീരാ, നിന്റെ വിരഹം ഞാനിപ്പോൾ എങ്ങിനെ സഹിക്കും? ചന്ദ്രവദനാ, അങ്ങ് ആനന്ദത്തോടുകൂടി ഇന്ന് എന്റെ പന്തിനൊക്കുന്ന കുളിർമുലകളെ പുണർന്നിരിക്കുക. കാമദേവൻ എന്നെ കൂടുതൽ ദുഃഖിതയാക്കുന്നു. സുന്ദരരൂപാ, ഹേ കാന്താ, കാരുണ്യസമുദ്രമേ, ചെന്തളിർസമമായ ചുണ്ടിലെ രസം ഇന്ന് തരിക. ഹോ! കുയിൽക്കൂട്ടവും കൂജനം ചെയ്യുന്നു. സൂര്യന്റെ രശ്മി ദിക്കുകളിൽ മെല്ലെ പരക്കുന്നു. മാധവാ, എന്റെ മനസ്സിൽ ദുഃഖം വളരുന്നു. കണവാ, നീ കനിവോടെ ആലിംഗനം ചെയ്താലും.}

ശേഷം ആട്ടം-
ശ്രീകൃഷ്ണൻ:
(പത്നിമാരെ ആലിംഗനം ചെയ്ത് സന്തോഷിപ്പിച്ചശേഷം)'അല്ലയോ പ്രിയതമമാരേ, നേരം വളരെ ആയിരിക്കുന്നു. ഇനി എനിക്ക് പ്രഭാതകൃത്യങ്ങൾ അനുഷ്ടിച്ചശേഷം രാജ്യകാര്യങ്ങൾ ആലോചിക്കുവാനായി സഭയിലേയ്ക്ക് പോകേണ്ടതുണ്ട്. അതിനാൽ ഞാൻ ഇപ്പോൾ പോകട്ടെ. നിങ്ങൾ സന്തോഷത്തോടുകൂടി വസിച്ചാലും.'
രംഗാരംഭത്തിലേതുപോലെ പത്നിമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് ശ്രീകൃഷ്ണൻ സാവധാനം പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: