2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

തെക്കൻ രാജസൂയം പുറപ്പാട്, മേളപ്പദം

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച കുട്ടിത്തരം പച്ചവേഷം), രുഗ്മിണി(കുട്ടിത്തരം സ്ത്രീവേഷം), സത്യഭാമ(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി
"ലോലംബതുല്യരുചിരാകൃതിരാത്തമോദം
 നീലാംബരേണ നിജമന്ത്രിവരൈരുദാരൈഃ
 ആലംബനോഹി ജഗതാമരവിന്ദനേത്ര-
 സ്സോലം നിജേ പുരവരേ വവൃതേ മഹാത്മാ"
{കറുത്തനിറമാർന്നതും മനോഹരവുമായ രൂപത്തോടുകൂടിയവനും ലോകത്തിനൊക്കെ ആധാരനായുള്ളവനും താമരക്കണ്ണനും മഹാത്മാവുമായ ശ്രീകൃഷ്ണൻ ബലഭദ്രനോടും പത്നിമാരോടും മന്ത്രിമാരോടുംകൂടി ആനനന്ദത്തോടുകൂടി സ്വന്തം പുരത്തിൽ വസിച്ചു.}

പദം-രാഗം:കാമോദരി, താളം:ചെമ്പട
"സാമോദം സാരസനേത്രൻ രേമേ നിജപുരേ
 ഭാമാവദനകുമുദസോമായിതനനഘൻ
 ശ്യാമളമഞ്ജുളകായൻ കാമസ്വരൂപൻ
 പാദപല്ലവവിനതപാതകവിമോചനൻ
 യാദവകുലതിലകൻ മാധവനമേയൻ
 വൃഷ്ണിവരവീരരൊടും കൃഷ്ണനത്യുദാരൻ
 കുണ്ഡലമണ്ഡിതഗണ്ഡൻ ചണ്ഡവൈരിഖണ്ഡനൻ
 ലോലലോലവനമാലിപാലിപാലിതമുനിനിവഹൻ
 ചാരുപീതാംബരധരൻ വാരിജനാഭൻ"
{സത്യഭാമയുടെ മുഖമാകുന്ന ആമ്പൽപ്പൂവിന് ചന്ദ്രനായുള്ളവനും, അനഘനും, കറുത്തതും കോമളവുമായ ശരീരത്തോടുകൂടിയവനും, കാമസ്വരൂപനും, പദതളിരിൽ വന്ദിക്കുന്നവരെ പാപങ്ങളിൽനിന്നും മോചിപ്പിക്കുന്നവനും, യാദവകുലത്തിന് തിലകമായുള്ളവനും, അമേയനും, മാധവനും, ഏറ്റവും ദയാലുവായുള്ളവനും, കുണ്ഡലങ്ങളാൽ തിളങ്ങുന്ന കവിളുകളോടുകൂടിയവനും, ഘോരവൈരികളെ നശിപ്പിക്കുന്നവനും, ലോലലോലമായ വനമാല ധരിക്കുന്നവനും, പാലിക്കപ്പെടുന്നവരായ മുനികളോടുകൂടിയവനും, മനോഹരമായ പീതാബരം ധരിക്കുന്നവനും, താമരക്കണ്ണനുമായ ശ്രീകൃഷ്ണൻ വീരന്മാരായ വൃഷ്ണിശ്രേഷ്ഠന്മാരോടൊത്ത് സന്തോഷത്തോടുകൂടി വസിച്ചു.}

നിലപ്പദം-
"ദേവദേവ ഹരേ കൃപാലയ ദേവദേവ ഹരേ
 ദേവ രിപുവനദാവ ജയ വസുദേവനന്ദന പാഹി സതതം
 വാരിജദളനിഭലോചന ശൗരേ
 വാരണതാപവിമോചന രണദാരിതഘോരദശാനന"
{ദേവദേവാ, ഹരേ, കൃപാലയാ, ദേവദേവാ, ഹരേ, ദേവാ, ശത്രുക്കളാകുന്ന കാടിന് കാട്ടുതീയായുള്ളവനേ, ജയിച്ചാലും. വസുദേവപുത്രാ, താമരയിതൾക്കൊത്ത കണ്ണുകളോടുകൂടിയവനേ, ശൗരേ, ഗജേന്ദ്രനെ ദുഃഖത്തിൽനിന്നും രക്ഷിച്ചവനേ, ഘോരനായ രാവണനെ യുദ്ധത്തിൽ വധിച്ചവനേ, ദേവദേവാ, സദാ രക്ഷിച്ചാലും.}

മേളപ്പദം-('മഞ്ജുതര' എന്ന അഷ്ടപദിക്ക് പകരമായുള്ളത്)
അനുപല്ലവി:
"തുഹിനകരസദ്ദൃശമുഖി തുഹിനഗിരികന്യേ
 മഹിതസുരവരനികരപൂജിതേ ധന്യേ"
പല്ലവി:
"മഹിഷഹാരിണീ പാഹി മാത്തുരധീശേ "
ചരണം1:
"ജലദരുചിരാംഗി ധൃതഖേടകകൃപാണേ
 വലവൈരിവൈരിവരസഞ്ചയനിഷൂദനേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം2:
"കനകരുചിരുചിരതരമൃദുളചേലേ
 വനജഭവഭവവിനുതദിവ്യലീലേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം3:
"മഞ്ജുമണിമഞ്ജീരശിഞ്ജിതസുചരണേ
 മഞ്ജുളശുകാംഗനാമധുരതരവചനേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം4:
"കുണ്ഡലയുഗാഞ്ചിതസുഗണ്ഡയുഗളേ
 ചണ്ഡികേ കുരു മംഗളം സർവ്വമംഗളേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
{ചന്ദ്രസദൃശമുഖീ, ഹിമവാന്റെ കന്യകേ, മഹാത്മാക്കളായ ദേവശ്രേഷ്ഠന്മാരാൽ പൂജിക്കപ്പെടുന്നവളേ, ധന്യേ, മഹിഷാസുരനെ നശിപ്പിച്ചവളേ, മാത്തുരിൽ അധിവസിക്കുന്നവളേ, രക്ഷിച്ചാലും. കാർമേഘനിറമാർന്ന മനോഹരമെനിയോടുകൂടിയവളേ, ഗദയും വാളും ധരിക്കുന്നവളേ, ശത്രുശ്രേഷ്ഠന്മാരെ നശിപ്പിക്കുന്നവളേ, സ്വർണ്ണത്തിന്റെ ശോഭയേക്കാൾ ശോഭിക്കുന്നതായ പട്ട് ഉടുത്തവളേ, ബ്രഹ്മപുത്രനാലും വന്ദിക്കപ്പെടുന്നവളേ, ദിവ്യലീലകളാടുന്നവളേ, മനോഹരവും രത്നാലംകൃതവുമായ കാൽച്ചിലമ്പുകൾ കിലുങ്ങുന്നതായ നല്ല പാദങ്ങളോടുകൂടിയവളേ, പെൺകുയിലിന്റെ മനോഹരമായ ഗാനം പോലെ ഏറ്റവും മധുരമായ ശബ്ദത്തോടുകൂടിയവളേ, കുണ്ഡലങ്ങളാൽ തിളങ്ങുന്നതായ നല്ല കവിളുകളോടുകൂടിയവളേ, ചണ്ഡികേ, സർവ്വമംഗളേ, മംഗളത്തെ ചെയ്താലും.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: